27 April Saturday

നിലവിളിച്ചോടുന്ന സത്യങ്ങൾ

അനിൽകുമാർ എ വി anilavdbi@gmail.comUpdated: Sunday Jan 29, 2023

2002ലെ ഗുജറാത്ത്‌ വംശഹത്യയിൽ, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അനിഷേധ്യമായ പങ്ക്‌ വെളിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററി കേന്ദ്ര ഗവൺമെന്റ്‌ വിലക്കിയിരിക്കുകയാണ്‌. ഇതിനെ ശക്തമായി വിമർശിച്ചിരിക്കുകയാണ്‌ വിഖ്യാത  മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്‌.  മോദിയെയോ സർക്കാരിനെയോ പാർടിയെയോ വിമർശിക്കുന്ന  ഒന്നും  പൊറുപ്പിക്കില്ലെന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. ഇന്ത്യക്കാർക്ക്‌ ഇപ്പോൾ ഡോക്യുമെന്ററി ലഭ്യമല്ല. എന്നാൽ അതിന്റെ  സ്രോതസ്സുകൾ ശ്രദ്ധിക്കൂ.   മുൻ ബ്രിട്ടീഷ്‌  വിദേശ സെക്രട്ടറിയും സർക്കാരിലെ മന്ത്രിതലത്തിലുള്ള പ്രമുഖരുമാണ്‌  തുറന്നടിച്ചിരിക്കുന്നത്‌. അത്‌ തുടച്ചുനീക്കാനുള്ള കേന്ദ്രശ്രമം സെൻസർഷിപ് മാത്രമല്ല. മാധ്യമങ്ങൾ ഇപ്പോഴേ സ്വയം സെൻസറിങ്ങിലാണ്‌. എന്തെങ്കിലും പ്രത്യേകം ചെയ്യാൻ സർക്കാരിന്‌ മാധ്യമങ്ങളോട്‌ നിർദേശിക്കേണ്ടതില്ല. വാർത്തകൾ പുറത്തുവരാൻ മാധ്യമങ്ങൾ തന്നെ അനുവദിക്കുന്നില്ലെന്നതാണ്‌ വാസ്‌തവം. അതാണ്‌ വൻ ദുരന്തം. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ ഏറ്റവും മോശം  അവസ്ഥയിലാണ്‌  മാധ്യമപ്രവർത്തനമെന്നും സായ്‌നാഥ്‌ പറഞ്ഞു. റിപ്പബ്ലിക്‌ ദിനത്തിന്‌ അടുത്ത ദിവസങ്ങളിലാണ്‌  ബിബിസി ഡോക്യുന്റെറി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ രണ്ടു എപ്പിസോഡായി ലോകം കണ്ടത്‌. ആ പശ്‌ചാത്തലത്തിലാണ്‌ വിശ്രൂത ചലച്ചിത്രകാരൻ കമൽ ഹാസൻ,   ഒരു റിപ്പബ്ലിക് അതിന്റെ പൂർണമായ അർഥം കൈവരിക്കുന്നത് എല്ലാ മനുഷ്യരെയും തുല്യമായി പരിഗണിക്കുമ്പോഴാണെന്ന്‌ പ്രഖ്യാപിച്ചത്‌.

രാകേഷ് ശർമ ഒരുക്കിയ  ‘ദി  ഫൈനൽ സൊല്യൂഷൻ’ ഗുജറാത്ത് വംശഹത്യാ ഡോക്യുമെന്ററിയിൽ   നാലു വയസ്സുകാരൻ കാമറയിൽ പറയുന്നത്,   ചെറുമനസ്സിൽ പതിഞ്ഞ സംഭവങ്ങളാണ്. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നില്ല, പേടി എന്താണെന്നറിയില്ല. ആ വാക്കുകളിലൂടെയാണ് രണ്ടു മണിക്കൂറിലേറെ നീളമുള്ള  ഡോക്യുമെന്ററിയുടെ  തുടക്കം.‘ ചമൻപുരയിൽ അവർ തീയിട്ടു. മുത്തച്ഛനെയും അമ്മായിയെയും എന്റെ  കൺമുന്നിൽ  കൊലപ്പെടുത്തി.  രക്ഷിക്കാൻ ചെന്ന  അച്ഛന്റെ  വിരലുകൾ അറ്റുവീണു. സ്ത്രീകളെ വിവസ്ത്രരാക്കിയാണ് വധിച്ചത്,  അമ്മായിയോടും ആ ക്രൂരതകാട്ടി. പുരുഷന്മാരെ  അങ്ങനെ  ചെയ്‌തില്ല‐ അതു പറഞ്ഞശേഷം ആ ബാലൻ ചേർത്തു: "എനിക്ക് കടലാസുകൊണ്ട് വീടും പൂക്കളും ഉണ്ടാക്കാനറിയാം’. ‘ദി  ഫൈനൽ സൊല്യൂഷൻ’  അക്കമിട്ടു നിരത്തി പൊള്ളിച്ചതൊന്നും ബിബിസി ഡോക്യുമെന്ററിയിലില്ല. എന്നാൽ മറവികളിൽ കുഴിച്ചുമൂടി  ഇല്ലാതാക്കാൻ  ഇടയുണ്ടായിരുന്ന  വസ്‌തുതകൾ   വലിച്ച്‌ പുറത്തിട്ടിരിക്കുന്നു. അതിലെ പല രംഗങ്ങളും വെളിപ്പെടുത്തലുകളും ഭയാനകങ്ങളാണ്‌. വംശീയ ഉന്മൂലനവും  കലാപം അഴിച്ചുവിട്ട്‌   നിരപരാധികളെ വധിക്കുമ്പോഴും തീർത്തും നിഷ്‌ക്രിയരായിരുന്നു നിയമപാലകർ.  ചിലേടങ്ങളിൽ മതഭ്രാന്തർക്ക്‌ ഊർജംനൽകിയ  പൊലീസ്‌ രാജ്യത്തിന്റെ  പ്രതിച്ഛായ ലോകമെമ്പാടും ഇകഴ്‌ത്തിക്കെട്ടി.   മേലാവിലെ കർക്കശ ഉത്തരവാണ്‌ കാരണമെന്ന് പല ഉന്നതോദ്യോഗസ്ഥരും രഹസ്യമായി ചെവിയിലൂതിയതായി ഡോക്യുമെന്ററിയിലുണ്ട്. സഹജീവികളെ അരിഞ്ഞുതള്ളുകയും കൊടുംകുറ്റവാളികൾ എളുപ്പത്തിൽ രക്ഷപ്പെടുകയും സത്യത്തിനൊപ്പംനിന്നവരെ  കാരാഗൃഹത്തിൽ തള്ളുകയുംചെയ്ത കാട്ടുനീതി ഇന്ത്യക്കാരെ  നാണംകെടുത്തുന്നതാണ്. ബിബിസി  ഡോക്യുമെന്ററി   തെരുവുകളിലും കലാലയങ്ങളിലും പ്രദർശിപ്പിക്കാൻ  പുരോഗമന യുവജന‐വിദ്യാർഥി സംഘടനകൾ  മുമ്പോട്ടുവന്നത്‌ പ്രതീക്ഷാനിർഭരമാണ്‌.  എന്നാൽ ശശി തരൂരും അനിൽ ആന്റണിയും മറ്റും  സംഭവത്തിന്റെ ഗൗരവമറിയാതെ കുട്ടിക്കളിയിലും. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ നടത്തിയ നരഹത്യകൾ  സംബന്ധിച്ച്‌ എഴുതിയവരിൽ പ്രധാനി ശശി തരൂരാണ്‌. ആ പുസ്തകത്തിന് ആസ്പദമായ ആദ്യ  പ്രസംഗം   ഓക്‌സ്‌ഫഡ്‌  സർവകലാശാലയിലായിരുന്നു. ബംഗാൾ ക്ഷാമത്തിന് കാരണക്കാരനായ വിൻസ്‌റ്റൺ ചർച്ചിലിനെ മാസ് മർഡററായി ചിത്രീകരിക്കുന്ന അതിലെ പ്രധാന ഊന്നലിനെതിരെ ബ്രിട്ടീഷ് ഗവൺമെന്റോ അവിടത്തെ മാധ്യമങ്ങളോ ഒന്നു തൊണ്ടയനക്കുകപോലും ചെയ്‌തില്ല. പ്രഭാഷണവും പുസ്തകവും ബ്രിട്ടനിലും യൂറോപ്പിലുമാണ് വിപുലമായി സ്വീകരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും. മുക്കാൽ നൂറ്റാണ്ട്‌ മുമ്പത്തെ കൊളോണിയലിസത്തിന്റെ ക്രൂരതകൾ  ഇന്ത്യക്കാരന് വീണ്ടും ആഗോളതലത്തിൽ ചർച്ചാവിഷയമാക്കാമെങ്കിൽ,   ഇരുപതു വർഷംമുമ്പ് ഇന്ത്യയിൽ നടന്ന   വർഗീയ കലാപത്തെപറ്റി  വിദേശ മാധ്യമത്തിന് സംസാരിച്ചുകൂടെന്നും അത് ഇന്ത്യക്കാരെ കാണാനനുവദിക്കുകയില്ലെന്നുമുള്ള മനഃശാസ്‌ത്രം അസഹിഷ്‌ണുതയാണ്‌.

ജാഫ്രിയുടെ നിസ്സഹായത

ഗുജറാത്തിൽ ഫാസിസ്റ്റുകൾ ചുട്ടുകൊന്ന കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രിയുടെ ഓർമകൾകൂടി കുഴിച്ചുമൂടുകയാണ് കേന്ദ്രത്തെ പിന്തുണച്ച കാവി മണമുള്ള കോൺഗ്രസ്. ജനങ്ങൾ അഭയം തേടിയതറിഞ്ഞ് കലാപകാരികൾ തന്റെ വീട് വളഞ്ഞപ്പോൾ(അഹമ്മദാബാദ്‌ പൊലീസ്‌ കമീഷണർ ഓഫീസിന്‌ രണ്ടു കിലോമീറ്റർ അകലെമാത്രമാണ്‌ വീട്‌) സഹായത്തിന്‌  ജാഫ്രി അന്ന് ഒട്ടുമിക്ക പ്രധാന  കോൺഗ്രസ് നേതാക്കളെയും വിളിച്ചെങ്കിലും ഒരാൾപോലും അനങ്ങിയില്ല. അതേ മൗനത്തിലായിരുന്നു ബിജെപി സർക്കാരും. നൂറിലധികം ഫോൺ കോളുകളാണ്‌  വിളിച്ചത്‌. മുഖ്യമന്ത്രി നരേന്ദ്ര മോദിയോടും  ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയോടും  കേണപേക്ഷിച്ചു. ഒടുവിൽ  തന്നെ കൊന്നോളൂ എന്നും അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും വിട്ടേക്കൂവെന്നും പറഞ്ഞ് കലാപകൾക്കാരികൾക്ക് ഇരയായ ധീരത. ബിബിസി ഡോക്യുമെന്ററിയിൽ കോൺഗ്രസിന്റെ ഈ ചതിയും ദൃക്സാക്ഷി ഇംതിയാസ് പഠാൻ വിവരിച്ചതായി കാണാം. ജാഫ്രിക്കും വംശഹത്യക്കിരയായവർക്കും നീതി കിട്ടാൻ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കാലത്തും  കോൺഗ്രസ് തുനിഞ്ഞിട്ടില്ല.

സ്വേച്ഛാധിപതികളും    മതഭരണങ്ങളും  തീവ്രവർഗീയ പ്രസ്ഥാനങ്ങളും  ചരിത്രം പലവിധത്തിൽ  തമസ്കരിക്കുകയും വക്രീകരിക്കുകയുമാണ്‌. ഇന്ത്യയിൽ ആർഎസ്‌എസ്‌ കാർമികത്വത്തിലാണ്‌ ആ  ഗൂഢപ്രവർത്തനം. പക്ഷേ, എത്ര പിടിച്ചടക്കിയാലും സത്യവും വസ്‌തുതകളും തളിർത്തുവരുമെന്നാണ്‌  ചരിത്രത്തിന്റെ  പാഠം. ആ ശ്രേണിയിലെ അവസാനത്തെ തെളിവാണ്‌ ഗുജറാത്ത് ഉന്മൂലനം മുൻനിർത്തിയുള്ള  നിഗൂഢതകളിലേക്ക്‌ വിരൽചൂണ്ടിയ ബിബിസിയുടെ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’  ഡോക്യുമെന്ററി. ബ്രിട്ടീഷ് ഔദ്യോഗിക രഹസ്യ റിപ്പോർട്ട്‌  ആസ്പദമാക്കിയാണ്  അതിന്റെ നിർമിതി.     

രണ്ടു  ദശാബ്ദത്തിനിടെ വംശഹത്യ സംബന്ധിച്ച് മാധ്യമങ്ങളിലൂടെയും മനുഷ്യാവകാശപ്രവർത്തകരുടെ അന്വേഷണ റിപ്പോർട്ടുകളിലൂടെയും റാണാ അയൂബിനെപ്പോലുള്ള പത്രപ്രവർത്തകരുടെയും പഠനങ്ങളിലൂടെയും പുറത്തുവന്ന കാര്യങ്ങൾതന്നെയാണ് ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിൽ. ബ്രിട്ടീഷ് സർക്കാർ  തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ട്‌  അവലംബിച്ചാണെന്ന  ബിബിസിയുടെ വെളിപ്പെടുത്തലാണ് പുതിയ ട്വിസ്‌റ്റ്‌. യുട്യൂബിലും ട്വിറ്ററിലും ലഭ്യമായിരുന്ന   ഡോക്യുമെന്ററി  ലിങ്ക് സർക്കാർ നിർദേശപ്രകാരം പിൻവലിക്കപ്പെട്ടെങ്കിലും ഗൂഗിളിലൂടെ പ്രചരിക്കുന്നുണ്ട്. ഗുജറാത്ത് കലാപം സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞ വസ്തുതകളുടെ   ക്രോഡീകരണമോ പുനരവലോകനമോ മാത്രമായ ഡോക്യുമെന്ററിക്കെതിരായ  ഗവൺമെന്റിന്റെയും ബിജെപി അനുകൂലികളുടെയും നിരോധന നടപടികളും പ്രതികരണങ്ങളുമാണ് വംശഹത്യ  വീണ്ടും ചർച്ചയാക്കിയത്.

ഗുജറാത്ത് വംശഹത്യാ വേളയിലെ ബിബിസിയുടെ പഴയ ഫൂട്ടേജുകളും എൻഡിടിവിപോലുള്ള ഇന്ത്യൻ ചാനലുകളുടെ ആർക്കൈവൽ  ഫൂട്ടേജുകളും ഉപയോഗിച്ച്‌ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് കലാപത്തിൽ പങ്കാളിത്തമുണ്ടെന്ന് ബിബിസി കണ്ടെത്തി. കലാപത്തിൽ  നിഷ്‌ക്രിയ  കാഴ്ചക്കാരായി പൊലീസ് നോക്കിനിൽക്കുന്ന ദൃശ്യങ്ങളുടെ പിൻബലം അതിൽ പ്രധാനം.    നിരപരാധിത്വം പ്രകടിപ്പിക്കാൻ മോദി  അനുവദിച്ച ചില   അഭിമുഖങ്ങളും മോദി അനുകൂലികളായ സ്വപൻ ദാസ് ഗുപ്തയെപ്പോലുള്ളവരുടെ കൂടിക്കാഴ്‌ചകളും ഡോക്യുമെന്ററിയിലുണ്ട്. ഇന്ത്യൻ  പ്രതികരണം  തേടിയിരുന്നുവെന്നും അത് നൽകിയില്ലെന്നും ഡോക്യുമെന്ററിയുടെ തുടക്കത്തിൽ വ്യക്തമാക്കി.  ഗവൺമെന്റ് മാത്രമല്ല,  സമീപിച്ച മുപ്പതോ ളം വ്യക്തികളും ജീവൻ അപകടത്തിലാകുമോ എന്ന ഭയംകൊണ്ട് പ്രതികരിക്കാൻ സന്നദ്ധമായിട്ടില്ലെന്നാണ് ആ കാർഡിൽ  വായിക്കുന്നത്. അതേക്കാൾ കൗതുകകരം, ഡോക്യുമെന്ററി നിർമാണത്തിൽ ഇന്ത്യക്കാരാരുമില്ലെന്ന് ബിബിസി പരസ്യപ്പെടുത്തിയെന്നതാണ്.

ഡോക്യുമെന്ററിയിൽ കുറ്റാരോപിതർക്ക്‌  അനുകൂലമായ  ചില പ്രധാനികളും  വാദം ഉന്നയിക്കുന്നുണ്ട്. കലാപശേഷം മോദിതന്നെ ന്യായീകരണങ്ങൾ നിരത്തി, ബിബിസി പ്രതിനിധിക്ക്‌ അഭിമുഖങ്ങളും നൽകി. തന്നെ മനുഷ്യാവകാശങ്ങൾ പഠിപ്പിക്കാൻ ബ്രിട്ടീഷുകാർ  ഇറങ്ങിപ്പുറപ്പെടേണ്ടെന്ന്‌ ബിബിസി  റിപ്പോർട്ടറോട് രോഷാകുലനാകുന്ന മോദിയുടെ ഒച്ചയും മുഴങ്ങുന്നുണ്ട്. ആദ്യ എപ്പിസോഡ്‌ ജനുവരി 17-ന് ബ്രിട്ടനിൽ സംപ്രേഷണം ചെയ്തു. അടുത്ത ദിവസം  ഇന്ത്യൻ  വിദേശ വകുപ്പ്  വിയോജിപ്പും പ്രതിഷേധവും ഉയർത്തി. കലാപം തടയാൻ അന്നത്തെ  മുഖ്യമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചില്ലെന്നും വർഗീയധ്രുവീകരണത്തിലൂടെ  തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ തുനിഞ്ഞുവെന്നും സാക്ഷിമൊഴികളെെയും   റിപ്പോർട്ടുകളൈയും ആസ്‌പദമാക്കി  അടിവരയിടുന്ന ഡോക്യുമെന്ററിയോടുള്ള വിയോജിപ്പ്  വിദേശ വക്താവ് അരീന്ദം ബാഗ്ചി വാർത്താസമ്മേളനത്തിലൂടെയാണ് വ്യക്തമാക്കിയത്‌. 

വംശഹത്യ  സംബന്ധിച്ച എല്ലാ ഭാഷ്യങ്ങളും പരിഗണിച്ച്‌ ഏറ്റെടുത്ത നിഷ്‌പക്ഷ  അന്വേഷണമാണ് ഡോക്യുമെന്ററിയുടേതെന്നാണ് ബിബിസി വ്യക്തമാക്കിയത്. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെയും ഇൻവെസ്റ്റിഗേറ്റീവ് ഡോക്യുമെന്ററി സിനിമയുടെയും ദൗത്യം സംബന്ധിച്ച് സാമാന്യ ധാരണയുള്ളവർക്കും കലാപ നാൾവഴി  പിന്തുടർന്നവർക്കും അനുകൂലിക്കാനാകാത്ത വാദങ്ങളാണ് ഡോക്യുമെന്ററിക്കെതിരെ ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളിലൂടെ കേൾക്കുന്നത്. വിമർശങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും വിമർശകരെ ആക്രമിക്കുകയും ചെയ്യുന്നതിൽ മോദി ഗവൺമെന്റ്‌  രാജ്യാന്തരതലത്തിൽ  കുപ്രസിദ്ധി നേടിയിട്ടുണ്ട്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡർ പോലുള്ള അന്താരാഷ്ട്ര  ഏജൻസികൾ മാധ്യമ സ്വാതന്ത്ര്യം പലവിധത്തിൽ ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഇടംനൽകാൻ തുടങ്ങിയതും കഴിഞ്ഞ വർഷങ്ങളിലാണ്. ബിബിസി ഡോക്യുമെന്ററിക്കെതിരെ രൂക്ഷമായി പ്രതികരിച്ച സർക്കാരും ക്യാമ്പയിൻ നടത്തുന്ന ഇന്ത്യാ ടുഡേയെപ്പോലുള്ള മാധ്യമങ്ങളും സെൻസർഷിപ്പിനുവേണ്ടിയാണ് യഥാർഥത്തിൽ വാദിക്കുന്നത്.

പശു എന്ന മാംസഭുക്ക്‌

കുഴിച്ചുമൂടാൻ കഴിയാത്ത  അനുഭവങ്ങളും സാക്ഷ്യങ്ങളും ആയിരക്കണക്കിനുണ്ട്‌. സത്യം ഭയപ്പെടുന്നവർക്ക്‌ ഡോക്യുമെന്ററി നിരോധിക്കാം,  വൈദ്യുതി വിച്ഛേദിക്കാം,  തുരുതുരാ കല്ലെറിയാം. എന്നാൽ  മനുഷ്യർ അനുഭവിച്ചത് റദ്ദുചെയ്യാനോ  കാഴ്ചകൾ മായ്‌ച്ചുകളയാനോ  സാധിക്കില്ല. ബിബിസിയുടെ രണ്ടാം എപ്പിസോഡ് സമകാലീന ഇന്ത്യയിൽ ആഴത്തിൽ വേരോടുന്ന ഹിംസാത്മകതയുടെയും  അപരവൽകരണത്തിന്റെയും ശത്രു‐ മിത്രം ദ്വന്ദ്വത്തിന്റെയും  തെളിഞ്ഞ മുഖമാണ്‌.  ‘ഗോമാതാവ്‌’ മുൻനിർത്തിയുള്ള പശു രാഷ്ട്രീയവും അതിന്റെ വളർച്ചയും വികാസവും അക്രമാസക്തമായാണ്‌ വാലാട്ടുന്നത്‌. ആ മൃഗത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും എത്രയോ. അഖ്‌ലാഖും അലിമുദ്ദീൻ അൻസാരിയുമടക്കമുള്ളവർ. ആൾക്കൂട്ട വധങ്ങളിൽനിന്നുയർന്ന നിലവിളികൾ. അക്രമികളിൽ ചിലർ  അറസ്‌റ്റിലാകുന്നതും വൈകാതെ പുറത്തിറങ്ങുന്ന അവരെ  മാലയിട്ട് സ്വീകരിക്കുന്നതും ഞെട്ടിപ്പിക്കുന്നതാണ്‌. കശ്മീരിന്റെ  പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിശദ  റിപ്പോർട്ടിങ്ങുണ്ട്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാനുള്ള നീക്കത്തിന് പിന്നിലെ മനഃശാസ്‌ത്രം കൃത്യമായി  വിശദമാക്കുന്നു.  ഡൽഹി കലാപ  ദൃശ്യങ്ങളും ജാമിയ മിലിയ അതിക്രമങ്ങളും കാണിക്കുന്നുമുണ്ട്. 23 കാരനായ  ഫൈസാന്‌  പൊലീസ് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ, അയാളുടെ ദാരുണാന്ത്യം,  74 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന ഗർഭിണിയായ സഫൂറ സർഗാരിന്റെ നിസ്സഹായമായ വാക്കുകളും. അപ്പോഴും  ഏകപക്ഷീയമായ അവതരണമല്ല. കാവിപ്പടയുടെ ഭാഗത്തിനൊപ്പവും ആളുകളുണ്ട്‌.   പൗരത്വ നിയമം മുൻനിർത്തിയുള്ള  അമിത് ഷായുടെ പാർലമെന്റ്‌  പ്രസംഗം കേൾക്കാം.  കപിൽ സിബൽ അതിന്‌ മറുപടി നൽകുന്നുമുണ്ട്‌.   മാധ്യമ നൈതികത ഉയർത്തിപ്പിടിക്കുന്ന   ഡോക്യൂമെന്ററി എന്നർഥം.

പശുക്കശാപ്പ് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന്‌   ഗുജറാത്തിലെ   താപി ജില്ലാ  കോടതി ജഡ്ജി എസ് വി  വ്യാസ് പ്രഖ്യാപിച്ചത്‌  ഗോപൂജയുടെ തത്ത്വശാസ്‌ത്രം ഔദ്യോഗികമായി അരക്കിട്ടുറപ്പിക്കുന്നതാണ്‌. കാലിക്കടത്തു  കേസിൽ യുവാവിന്‌  ജീവപര്യന്തം ശിക്ഷ വിധിച്ചായിരുന്നു  നിരീക്ഷണം. പശുവിന്റെ ഒരു തുള്ളി രക്തം പോലും വീഴാത്ത ദിവസമേ  ഭൂമിക്ക് ക്ഷേമം ഉണ്ടാകൂ. ചാണകംകൊണ്ട് നിർമിച്ച വീടുകളെ അറ്റോമിക് റേഡിയേഷൻ ബാധിക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്‌.  മരുന്നു കണ്ടുപിടിക്കാത്ത പല രോഗങ്ങൾക്കും ഗോമൂത്രം ഉപയോഗിക്കാം. പശുവിന് വംശനാശം സംഭവിച്ചാൽ പ്രപഞ്ചമാകെ ഇല്ലാതാകുമെന്നും സംസ്‌കൃത ശ്ലോകം ഉദ്ധരിച്ച് കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top