25 March Saturday

സൗഹൃദ തങ്കം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jan 29, 2023

ജോജിക്ക്‌ ശേഷം അതേ സൗഹൃദ കൂട്ടായ്‌മയിൽ നിന്നൊരു ചിത്രംകൂടി  വ്യാഴാഴ്‌ച പ്രേക്ഷകരിലേക്ക്‌ എത്തി. ദിലീഷ്‌ പോത്തൻ, ഫഹദ്‌ ഫാസിൽ, ശ്യാം പുഷ്‌കർ കൂട്ടുകെട്ട്‌ നിർമിച്ച്‌ ശ്യാം പുഷകർ തിരക്കഥയൊരുക്കിയ ‘തങ്കം.’ ഷഹീദ്‌ അറഫാത്താണ്‌ സംവിധായകൻ. വിനീത്‌ ശ്രീനിവാസനും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ള കഥപാത്രങ്ങളുടെ വൈകാരിക യാത്രയാണ്‌. സംവിധായകൻ ഷഹീദ്‌ അറഫാത്ത്‌ സംസാരിക്കുന്നു.

എന്താണ്‌ തങ്കം

ഒരു ക്രൈം ഡ്രാമ സ്വഭാവത്തിലുള്ള സിനിമയാണ്‌ തങ്കം. പാൻ ഇന്ത്യൻ എന്ന വാക്ക്‌ ഉപയോഗിക്കുന്നില്ല. എന്നാൽ,  മലയാളത്തിനപ്പുറം തമിഴടക്കം ഇന്ത്യൻ അംശം അടങ്ങിയ സിനിമയാണ്‌. ഒരു കുറ്റകൃത്യം നടക്കുകയും തുടർന്ന്‌ അതിനെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളുടെ യാത്രയാണ്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും ഭാഷകളുമെല്ലാം കടന്നു വരുന്നുണ്ട്‌. അതേസമയം, സ്ഥിരം ക്രൈം ത്രില്ലറിന്റെ ജോണറിലല്ല സിനിമ. ട്വിസ്റ്റിന്‌ പുറത്ത്‌ ട്വിസ്റ്റ്‌ വച്ചിരിക്കുന്ന സിനിമയല്ല. ഒളിപ്പിച്ചുവച്ചിരിക്കുന്നത്‌ കണ്ടെത്തുകയെന്നതിനപ്പുറം കഥാപാത്രങ്ങളുടെ വൈകാരികമായ ബന്ധങ്ങളിലാണ്‌ പ്രധാന്യം നൽകിയിരിക്കുന്നത്‌. കഥാപാത്രം പ്രേക്ഷകർക്കൊപ്പം യാത്ര ചെയ്യുന്ന തരത്തിലുള്ള നരേറ്റീവ്‌ നൽകാനാണ്‌ ശ്രമിച്ചിരിക്കുന്നത്‌. യാത്രയ്‌ക്കിടയിൽ ത്രില്ലർ സ്വഭാവം ഉടലെടുക്കുന്നുണ്ട്‌. അത്‌ ആളുകളിൽ  ഒരു ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യും. ഈ ഉദ്വേഗവും ആളുകളുടെ വൈകാരികമായ യാത്രയും ചേർത്തുവയ്‌ക്കുന്ന തരത്തിലാണ്‌ പരിചരണം.

കൂട്ടായ്‌മയിൽനിന്നുണ്ടായ സിനിമ

സിനിമയുടെ നിർമാതാക്കളായ ദിലീഷ്‌ പോത്തൻ, ഫഹദ്‌ ഫാസിൽ, തിരക്കഥാകൃത്ത്‌ കൂടിയായ ശ്യാം പുഷ്‌കർ എന്നിവരുമായി വർഷങ്ങളായ സൗഹൃദമാണുള്ളത്‌. ദിലീഷിനൊപ്പം അസിസ്റ്റന്റ്‌ ഡയറക്ടറായിരുന്നു. കണ്ട്‌ വളർന്ന സിനിമകളിൽനിന്നാണ്‌ ഞാൻ പഠിക്കുന്നത്‌. ക്ലീഷേ ഘടകങ്ങൾ മറികടക്കാനും രസകരമായ വഴികൾ ലഭിക്കുന്നതും ഇതിലൂടെയാണ്‌. ഒരു പുതുമയുള്ള എഴുത്താണ്‌ ശ്യാമിന്റേത്‌. ദിലീഷ്‌ പോത്തന്റെ സഹായവും അനുഭവവും വലിയരീതിയിൽ ഗുണം ചെയ്‌തു. ഇത്രയും കാലത്തെ സൗഹൃദത്തിൽ നിന്നുണ്ടായ സിനിമ കൂടിയാണ്‌ തങ്കം. ഇവരെല്ലാം മുഴുവൻ സമയം കൂടെയുണ്ടാകുമെന്ന ധൈര്യവും തങ്കം ചെയ്യാൻ കരുത്തായിട്ടുണ്ട്‌. സിനിമയുടെ ആശയം പരസ്‌പരം കൈമാറിയും അതിൽ അഭിപ്രായങ്ങൾ പങ്കുവച്ചുമെല്ലാമാണ്‌ സിനിമ പൂർത്തിയാക്കിയത്‌.  ഇതിലൂടെയാണ്‌ സിനിമയുടെ ഏറ്റവും നല്ല ഫലം ലഭിച്ചതെന്നാണ്‌ വിശ്വാസം. ഈഗോയും മറ്റു പ്രശ്‌നങ്ങളുമില്ലാതെ നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന കൂടിച്ചേർന്നുള്ള ശ്രമങ്ങൾ  ഓരോ ഘട്ടത്തിലും ഗുണം ചെയ്‌തിട്ടുണ്ട്‌. കുമ്പളങ്ങി നൈറ്റ്‌സിനു മുമ്പ്‌ തന്നെ ആലോചനയിലുണ്ടായിരുന്ന സിനിമയാണ്‌. 2020 മേയിൽ ചിത്രീകരണം തുടങ്ങാനായിരുന്നു  തീരുമാനിച്ചിരുന്നത്‌. എന്നാൽ കോവിഡ്‌ തടസ്സമായി. അപ്പോഴാണ്‌ ഇതേ ടീമിനൊപ്പം ജോജി ചെയ്യുന്നത്‌. അതിൽ കോ–-ഡയറക്‌ടറായി. തങ്കം ഒതുക്കി നിർത്തി എടുക്കാൻ കഴിയുന്ന സിനിമയല്ല. 60–-70 സീനാണ്‌ സിനിമയിലുള്ളതെങ്കിലും 65 ലൊക്കേഷനിലായാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. വലിയ പരിശ്രമത്തിലൂടെ പൂർത്തിയാക്കിയ സിനിമയാണ്‌. 

വിനീത്‌, ഫഹദ്‌ പിന്നെയും വിനീത്‌

പ്രധാന കഥാപാത്രങ്ങളില്ലൊന്ന്‌ ചെയ്യാൻ വിനീത്‌ ശ്രീനിവാസനെയാണ്‌ ആദ്യം തീരുമാനിച്ചത്‌.  കഥാപാത്രത്തിനു ഏറ്റവും അനുയോജ്യനായ ആൾ വിനീതാണ്‌. പക്ഷേ, ചിത്രീകരണം തുടങ്ങാൻ ആലോചിച്ച സമയത്ത്‌ വിനീത്‌ ഹൃദയത്തിന്റെ തിരക്കിലായി. അപ്പോൾ ഫഹദ്‌ ഫാസിലിനെ വച്ച്‌ ചെയ്യാൻ ആലോചിച്ചു. പക്ഷേ, സിനിമ തുടങ്ങുമ്പോഴേക്കും വിനീത്‌ എത്തി. കഥാപാത്രത്തിന്റെ വൈകാരികമായ തലം നന്നായി അവതരിപ്പിക്കാൻ കഴിയുന്ന ഒരാൾ എന്ന നിലയിലാണ്‌ ബിജു മേനോനിൽ എത്തിയത്‌. അപർണ ബാലമുരളിയെ നേരത്തേ  തീരുമാനിച്ചിരുന്നു. തമിഴിൽ സിനിമ ചെയ്യുന്നതിനിടയ്‌ക്കും ഇവിടെ വന്ന്‌ അഭിനയിച്ചു. മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്‌ ഗിരീഷ്‌ കുൽക്കർണിയാണ്‌. അദ്ദേഹത്തിന്റെ പ്രകടനം വലിയൊരു ഘടകമാണ്‌. കൊച്ചുപ്രേമൻ ചേട്ടൻ  ചെയ്‌ത അവസാന സിനിമയാണ്‌. സിനിമയുടെ ചിത്രീകരണത്തിനിടെ ശ്വാസംമുട്ടൽ വന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാലും  അദ്ദേഹം ചിത്രീകരണം തടസ്സപ്പെടാതിരിക്കാൻ സഹകരിച്ചിരുന്നു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top