20 April Saturday

ബുള്ളറ്റ്‌ ഡയറീസ്‌

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Jan 29, 2023

ആദ്യ ചിത്രം സിനിമാലോകത്ത്‌ ചർച്ചയാവുക, ഐഎഫ്‌എഫ്‌കെയിലും ചലച്ചിത്രോത്സവങ്ങളിലും  അവാർഡുകളും അംഗീകാരങ്ങളുംനേടുക... ശ്രദ്ധേയമായ നേട്ടത്തിനുടമയാകാൻ സാധിച്ച സംവിധായകനാണ്‌ സന്തോഷ്‌ മണ്ടൂർ. സന്തോഷ്‌ എന്ന പേരിന്‌ സന്തോഷം ചാർത്തുന്ന സിനിമാ പ്രവേശം . ‘പനി’ എന്ന സന്തോഷിന്റെ ആദ്യ സിനിമ  2019–-ലെ അന്താരാഷ്‌ട്ര കേരള ചലച്ചിത്രോത്സവത്തിൽ (ഐഎഫ്‌എഫ്‌കെ) ഫിപ്രസി അവാർഡ്‌ നേടി. രണ്ടാമത്തെ സിനിമ ‘ബുള്ളറ്റ്‌ ഡയറീസ്‌’  തിയറ്ററിലെത്തുകയാണ്‌. പുതിയ സിനിമയെക്കുറിച്ച്‌ സംവിധായകൻ സന്തോഷ്‌ മണ്ടൂർ സംസാരിക്കുന്നു.

വണ്ടിയോടുള്ള പാഷനും ഇമോഷനും

കേരളീയ വീടുകളിൽ ഇന്ന്‌ വാഹനം ഒന്നല്ല അതിലധികമാണ്‌. വാഹനം ജീവിതത്തിലെ, കുടുംബത്തിലെ ഒരംഗംപോലെയാകുന്ന അനുഭവങ്ങൾ വിരളമല്ല. അത്തരമൊരു പാഷന്റെ കഥയാണീ ചിത്രം. ഇന്നത്തെ യുവാക്കൾക്ക്‌ വണ്ടിയൊരു പാഷനാണ്‌. വല്ലാത്തൊരു ആത്മബന്ധമാണ്‌ പലർക്കുമത്‌. ബുള്ളറ്റ്‌  പാഷനായ ചെറുപ്പക്കാരൻ, അതിനെ ഇമോഷനായി കാണുന്ന മറ്റൊരു യുവാവ്‌–-ഇതിലൂടെയാണ്‌ കഥാവികാസം.  കട്ടപ്പനയിൽ നിന്ന്‌ കണ്ണൂരിലേക്ക്‌ കുടിയേറുന്ന   ബൈക്ക്‌ മെക്കാനിക്കാണ്‌ കഥാനായകനായ ചെറുപ്പക്കാരൻ.  ഈ വേഷത്തിൽ  ധ്യാൻ ശ്രീനിവാസനെത്തുന്നു. യഥാർഥമായ രണ്ട്‌ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ സിനിമ. കഥയും തിരക്കഥയും സംഭാഷണവും  ഞാൻ തന്നയാണ്‌.  നായിക പ്രയാഗ മാർടിൻ. രഞ്ജി പണിക്കർ, സുധീർ കരമന, ശ്രീകാന്ത്‌ മുരളി, ഷാലു റഹീം, ശ്രീലക്ഷ്‌മി, സേതുലക്ഷ്‌മി തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. കണ്ണൂർ ആലക്കോട്‌, കരുവഞ്ചാൽ, മടിക്കേരി, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആദ്യ സിനിമ വിഷയാധിഷ്‌ഠിതമായിരുന്നു. അതിൽനിന്ന് മാറി റിയലിസ്‌റ്റിക്കായ ചിത്രമാണ്‌ ബുള്ളറ്റ്‌ ഡയറീസ്‌. ബി ത്രി ആൻഡ്‌ ക്രിയേഷൻസാണ്‌ നിർമാണം. കൈതപ്രമാണ്‌ ഗാനരചന. കാൽപ്പനികവും ഉള്ളലിവുണർത്തുന്നതുമാണിതിലെ പാട്ടുകൾ.

പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ആദ്യ ചിത്രം

പനിക്ക്‌ 2019ൽ സംസ്ഥാന ചലച്ചിത്ര അവാർഡിൽ  സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു. മധു അമ്പാട്ടിന്‌ കാമറയ്‌ക്കും പുരസ്‌കാരമുണ്ടായി. 2019–-ൽ കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച മലയാള സിനിമയ്‌ക്കുള്ള ഫിപ്രസി അവാർഡും പനിക്കായിരന്നു. ന്യൂഡൽഹി ഇന്റർനാഷണൽ ഫെസ്‌റ്റിവലിൽ മികച്ച ചിത്രമെന്ന ബഹുമതിയും  ഇറാൻ ഇന്റർനാഷണൽ ഫെസ്‌റ്റിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും കിട്ടി. പി എ ബക്കർ ഫൗണ്ടേഷൻ മികച്ച ചിത്രത്തിനും നവാഗത സംവിധായകനുള്ള പുരസ്‌കാരവും പനിയെ തേടിയെത്തി. 2020–-ലെ മികച്ച ഫോക്‌ലോർ സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടോളം അന്താരാഷ്‌ട്ര  മേളകളിലേക്കും കന്നി സിനിമ തെരഞ്ഞെടുക്കപ്പെട്ടുവെന്ന അഭിമാനവുമുണ്ട്‌.

പനിപോലെ പൊള്ളിച്ച സിനിമ

തമിഴ്‌നാട്ടിലെ തേനി, കമ്പം, അരുൾപെട്ടി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ തുടരുന്ന ദുരാചാരമായ ‘തലൈകൂത്തൽ’ ആയിരുന്നു പനിയുടെ പ്രമേയം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമായി അതിന്നും തുടരുന്നുണ്ട്‌. അവശരും വൃദ്ധരുമായ മാതാപിതാക്കളെ മക്കൾ ഒരു ചടങ്ങിലൂടെ വധിക്കുന്നതാണീ ആചാരം. നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ആഘോഷമായാണീ പരിപാടി.   മക്കളുടെ ആർത്തിയുടെയും ദുരയുടെയും ഭാഗമായും ഇന്നിത്‌ അരങ്ങേറുന്നുണ്ട്‌. പത്രവാർത്തയിലൂടെയാണീ പനിപോലെ പൊള്ളിക്കുന്ന വിഷയത്തിൽ എത്തിയത്‌. അങ്ങേയറ്റം ഞെട്ടിക്കുന്ന ഈ  ക്രൂരതയ്‌ക്കെതിരെ മനഃസാക്ഷി ഉണർത്താൻ പനിക്കായി എന്നതാണ്‌ ലഭിച്ച അംഗീകാരങ്ങൾ സൂചിപ്പിക്കുന്നത്‌.

ഇനി ഫാമിലി എന്റർടെയിനർ

ഇപ്പോൾ മൂന്നാമത്തെ സിനിമയുടെ പണിപ്പുരയിലാണ്‌. മുൻനിര  ഹാസ്യതാരത്തെ നായകനാക്കി സമ്പൂർണ കുടുംബ ചിത്രമാണ്‌ മനസ്സിലുള്ളത്‌. കഥയും തിരക്കഥയയുമായി. ചിത്രീകരണത്തിലേക്ക്‌ ഉടൻ നീങ്ങാമെന്ന പ്രതീക്ഷയിലാണ്‌.

ഡോക്യുമെന്ററികളിലൂടെ അരങ്ങേറ്റം

പയ്യന്നൂരിനടുത്ത്‌ മണ്ടൂർ സ്വദേശിയായ സന്തോഷ്‌   ടി പി ഗോവിന്ദൻ, ജയരാജ്‌, അശോക്‌ ആർ നാഥ്‌, സഞ്ജീവ്‌ ശിവൻ, എം ജി ശശി ,മധു കൈതപ്രം എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചാണ്‌ സിനിമയിൽ സജീവമാകുന്നത്‌. ‘ലോസ്‌റ്റ്‌ സ്‌പേയ്‌സ്‌ ’എന്ന ഡോക്യുമെന്ററിയാണ്‌ ആദ്യ സ്വതന്ത്ര സൃഷ്‌ടി. തുടർന്ന്‌ ടെലിഫിലിമും ബയോപിക്‌ചറും ഡോക്യുമെന്ററികളുമായി  നിരവധി സൃഷ്‌ടികൾ തയ്യാറാക്കി .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top