16 April Tuesday

വന്യജീവി–- മനുഷ്യ സംഘർഷം: ശാശ്വത പരിഹാരമില്ല

ശരത്‌ കൽപ്പാത്തി sarathkalpathy@gmail.comUpdated: Sunday Jan 29, 2023

വന്യജീവി–- മനുഷ്യ സംഘർഷം  ഉടലെടുക്കുന്നതും അതിനുള്ള പരിഹാരമാർഗങ്ങളും പലതവണ വനംവകുപ്പും സർക്കാരും സ്വകാര്യ എൻജിഒകളും പഠനം നടത്തി. കാര്യമായ ചലനമൊന്നും പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടായില്ല. അപകടകാരികളായ വന്യമൃഗങ്ങളെ പിടികൂടുന്ന ദൗത്യങ്ങളിൽ സ്ഥിരംസാന്നിധ്യമാണ് വനംവകുപ്പിലെ ചീഫ് വെറ്ററിനറി ഓഫീസറായ ഡോ. അരുൺ സഖറിയ.

മൃഗങ്ങളെക്കുറിച്ച് കൃത്യമായി പഠനം നടത്തി അവയുടെ സ്വഭാവവും അതിജീവനവുമെല്ലാം അടുത്തറിഞ്ഞയാളാണ് അദ്ദേഹം. വയനാടിനെ വിറപ്പിച്ച പിഎം രണ്ട് (പന്തല്ലൂർ മഖ്‌ന 2), പിടി ഏഴ് (പാലക്കാട് തസ്കർ ഏഴ്), വയനാട്ടിലെ കടുവ തുടങ്ങിയവയെ അടുത്തകാലത്ത് പിടികൂടാനുള്ള ദൗത്യത്തിന് ചുക്കാൻപിടിച്ചു. മൃഗത്തെ നിരീക്ഷിച്ച് ആരോഗ്യവും സ്വഭാവവും മനസ്സിലാക്കി മയക്കുവെടിവച്ചു പിടികൂടാൻ പ്രത്യേക കഴിവുണ്ട്. പാലക്കാട്ടെ ദൗത്യത്തിനുശേഷം അരുൺ സഖറിയ സംസാരിക്കുന്നു:

വന്യജീവി–-മനുഷ്യ സംഘർഷം 

പിടി ഏഴിനെയോ പിഎം രണ്ടിനെയോ പിടിച്ചതുകൊണ്ട് വന്യജീവി –-മനുഷ്യ സംഘർഷം കുറയുമെന്ന് കരുതുന്നില്ല. കുറച്ചുനാളത്തേക്ക് പ്രദേശത്ത് അൽപ്പം സമാധാനമുണ്ടാകും. പ്രശ്നമുള്ളവയെ പ്രത്യേകം കണ്ടെത്തി പഠിച്ചുപരിഹാരം കാണുക എന്നതേയുള്ളൂ. സംഘർഷം പല രീതിയിലാണ്. ഓരോ മൃഗങ്ങളുടെയും സ്വഭാവം, താമസം, പ്രദേശം ഇതെല്ലാം വ്യത്യസ്തമായിരിക്കും. മനുഷ്യൻ ജീവിക്കാൻ തുടങ്ങിയകാലംമുതൽ അല്ലെങ്കിൽ കൃഷി തുടങ്ങിയതുമുതൽ വന്യജീവി –-മനുഷ്യ സംഘർഷമുണ്ട്. 14,000 വർഷംമുമ്പ് ഒന്നിച്ചുകഴിഞ്ഞവർ പിന്നീട് ജീവിക്കാനായി ശത്രുക്കളായി. അധികാരികളായി.

മൃഗങ്ങളുടെ എണ്ണം 

കടുവയുടെ കാര്യത്തിൽ വയനാടിന്റെ സാഹചര്യം നോക്കുമ്പോൾ എണ്ണം കൂടിയിട്ടുണ്ട്. ഇരതേടലിന്റെ എണ്ണം വർധിച്ചിട്ടുണ്ട്. ഓരോന്നിനെയും മറികടന്ന് പുറത്തേക്ക് വരുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. പതിയെ സന്തുലിതാവസ്ഥയിലേക്ക് വരും. ഇതിനപ്പുറത്ത് മൃഗങ്ങൾ പഠിക്കുന്നുണ്ട്. ഒറ്റയ്ക്കുവരുന്നത് അപകടമാണെന്ന് തോന്നുന്നതിനാൽ മൂന്നോ നാലോ പേരടങ്ങുന്ന കൂട്ടമായാണ് ആനകൾ പുറത്തുവരുന്നത്. മോഴകളാണ് പ്രശ്നമുണ്ടാക്കുന്നതിൽ ഭൂരിഭാഗവും. ഈ സാഹചര്യങ്ങൾ ഓരോ തവണയും പഠിച്ചുപരിഷ്കരിച്ച് പരിഹാരം കാണുക എന്നതുമാത്രമാണ് മുന്നിലുള്ളത്. വയനാട്ടിൽ ആദ്യമെത്തുമ്പോൾ കടുവകളുടെ എണ്ണം പതിനഞ്ചാണ്. ഇപ്പോൾ 158ൽ ഏറെയുണ്ട്. 34–-36 എണ്ണത്തെ മയക്കുവെടിവച്ച് പിടിക്കേണ്ടിവന്നിട്ടുണ്ട്.

ഏറ്റവുമധികം വന്യമൃഗശല്യം 

അടുത്തിടെ കൂടുതൽ പ്രശ്നങ്ങൾ പ്രോജക്ട് ചെയ്യപ്പെട്ടുവെന്നുമാത്രം. വയനാട് പോലൊരു സ്ഥലത്ത് വർഷങ്ങളായി വന്യജീവി–- മനുഷ്യ സംഘർഷമുണ്ട്. ആളുകളുടെ മാനസികാവസ്ഥയിൽ വ്യത്യാസം വരുന്നു. സഹ അസ്തിത്വത്തിന്റെ പ്രശ്നം വരുന്നു. ഇതെല്ലം ഘടകങ്ങളാണ്. അതിർത്തികൾ ഉണ്ടായതോടെ ശല്യം എന്നതായി. പാലക്കാടിന്റെയോ മറ്റു ജില്ലകളുടെയോ സ്ഥിതി മറ്റൊന്നാണ്.

ശാശ്വതപരിഹാരം

ശാശ്വത പരിഹാരമില്ല എന്നതാണ് സത്യം. നാഗരികത തുടങ്ങിയതുമുതൽ ഉള്ളതാണ് സംഘർഷം. വരവ് കുറയ്ക്കാൻ എന്തുചെയ്യാം എന്നതുമാത്രമാണുള്ളത്. ഓരോ സംഘർഷവും പ്രത്യേകം പഠിച്ചശേഷം രേഖകൾ തയ്യാറാക്കി സ്ഥലങ്ങൾക്കും സാഹചര്യത്തിനും അനുസരിച്ചുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നതുമാത്രമാണ് ഇപ്പോഴത്തെ പരിഹാരം. സാധാരണ വൈദ്യുതിവേലിയും റെയിൽ വേലിയുമെല്ലാം ആന മറികടക്കാൻ പഠിച്ചു. തൂക്കുവേലി ഇപ്പോൾ വിജയിക്കുന്നുണ്ട്.

ആനയിറക്കം 

എല്ലാ ആനകളും സംഘർഷമുണ്ടാക്കുന്നവയല്ല. ചിലത് ഭക്ഷണംതേടി ഇറങ്ങുമ്പോൾ തടസ്സങ്ങൾ മറികടക്കുന്നത് സംഘർഷത്തിലേക്ക് നയിക്കുന്നു. പിടി ഏഴ് സംഘർഷശീലമുള്ള ആനയാണ്. വരവ് തടയുന്നത് കൂടുതൽ അക്രമാസക്തനാക്കും. പിടികൂടാതെ പറ്റില്ലെന്ന് മനസ്സിലായതിനെത്തുടർന്നാണ് നടപടികളിലേക്ക് കടന്നത്. പിഎം രണ്ടുവർഷത്തോളം തമിഴ്‌നാട്ടിൽ ജനവാസമേഖലയിൽ സംഘർഷമുണ്ടാക്കി. നൂറോളം വീട്‌ തകർത്തു. മൂന്നുപേരെ കൊന്നു. അതിനാൽ അവിടെനിന്ന് പിടികൂടി മറ്റൊരിടത്ത് വിട്ടു. 

പിടി -7 ദൗത്യം

ഇതുവരെ ഉള്ളതിൽ മികച്ച ഓപ്പറേഷനായിരുന്നു ധോണിയിലേത്. ആനയുടെ സ്വഭാവം, സഞ്ചാരപഥം, സ്ഥിരംതാവളങ്ങൾ എന്നിവ പഠിച്ചിരുന്നു. നല്ല ടീം വർക്ക് ആയിരുന്നു. ജീവനക്കാരുടെ സഹകരണവും മികച്ചുനിന്നു. രണ്ടുവർഷമായുള്ള ആനയുടെ മുഴുവൻ വിവരങ്ങളുമുണ്ട്. മയക്കുന്നു, വണ്ടിയിൽ കയറ്റുന്നു, കൂട്ടിലാക്കുന്നു, പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിൽ ദൗത്യം അവസാനിച്ചു.

ഇഷ്ടമേഖല

കാടായിരുന്നു ഏറ്റവും ഇഷ്ടമുള്ള മേഖല. കാടുകയറുകയായിരുന്നു ലക്ഷ്യം. വെറ്ററിനറി എടുത്തത് ഇതിനുവേണ്ടിയായിരുന്നു. പിന്നീട് വനംവകുപ്പിലെത്തി. കാട് കയറൽ ആയിരുന്നു എന്റെയും സഹോദരൻ ഡോ. അനിൽ സഖറിയയുടെയും ജീവിതത്തിലെ പ്രധാന സന്തോഷങ്ങൾ. ഇപ്പോഴും മൃഗങ്ങൾക്കിടയിൽ തുടരുകയെന്നത് സന്തോഷമാണ്. അവർക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top