18 April Thursday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

അടഞ്ഞ സദാചാരബോധത്തിലേക്ക് തുറന്നുവച്ച ആത്മകഥ

മധുപാൽ

ഒരാൾ മരിക്കാതിരിക്കാൻ പാലിക്കുന്ന ചില നിയമങ്ങളുണ്ട്. അത്തരമൊരു നിയമമായി വേണം ട്രാൻസ്ജെൻഡർ ആക്ടിവിസത്തെ കണക്കാക്കാൻ. ജീവിതം അതിന്റെ എല്ലാ അർഥത്തിലും പൊട്ടി പോകുമ്പോൾ ഒരാൾ എടുക്കുന്ന തീരുമാനത്തെ അടുക്കിയെടുക്കാൻ ചില സാമ്പ്രദായിക ചിട്ടകളെ ഉടച്ചുവാർക്കേണ്ടതുണ്ട്. അത്തരമൊരു ഉടച്ചുവാർപ്പിന് നിന്നുകൊടുത്ത ഒരാളുടെ ആത്മകഥയാണ്‌ അമയ പ്രസാദിന്റെ ‘പെണ്ണായ ഞാൻ’. ട്രാൻസ് കമ്യൂണിറ്റി  നേരിടുന്ന നിയമപ്രശ്നങ്ങളെയും ശാരീരിക, മാനസിക, വൈകാരിക, മനശാസ്ത്ര പ്രശ്നങ്ങളെയും അഡ്രസ് ചെയ്യാൻ ഇനിയും മറ്റൊരുവിധമായ സാക്ഷരത നാം ആർജിക്കേണ്ടിയിരിക്കുന്നു. ഇത്തരം അടഞ്ഞ സദാചാരബോധത്തിലേക്ക് തുറന്നുവച്ച ആത്മകഥാ പാഠങ്ങളാണ് അമയയുടെ കുറിപ്പുകൾ. ഈ ആത്മകഥാ പുസ്തകം വെറുമൊരു ബയോപിക് രേഖയൊന്നുമല്ല. അതിൽ കമ്യൂണിറ്റിയെക്കുറിച്ചുള്ള ഗൗരവതരമായ  നിരീക്ഷണങ്ങളുമുണ്ട്. നിലനിൽക്കുന്ന എല്ലാ അവഗണനകളെയും വരച്ചുകാട്ടുകവഴി ഒരുതരത്തിലുള്ള സ്വാതന്ത്ര്യം പ്രാപിക്കൽ കൂടിയാണ് ഇവിടെ സംഭവിക്കുന്നത്. ട്രാൻസും പൊതുബോധവും എന്ന രണ്ടാംഭാഗം കേരളത്തിലെ ട്രാൻസ് സമൂഹം നേരിടുന്ന പ്രതിസന്ധികളെയാണ് ചൂണ്ടിക്കാട്ടുന്നത്.  ഇടതുപക്ഷ സർക്കാർ ട്രാൻസിനെ സമുദ്ധരിക്കാൻ നടത്തുന്ന ശ്രമങ്ങളെ സർക്കാരും ട്രാൻസും എന്ന കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മീയതയും ട്രാൻസും എന്ന കുറിപ്പിൽ ട്രാൻസ് കമ്യൂണിറ്റിയുടെ ചില ആചാരങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുമുണ്ട്.

 

ടുണീഷ്യയിലെ പെണ്ണുങ്ങൾ

ഹംസ അറയ്ക്കൽ

ജന്മദേശത്ത് അവധിക്കാലം ചെലവഴിക്കാനെത്തിയ ടുണീഷ്യൻ വംശജനും ഫ്രാൻസിൽ ചരിത്രാധ്യാപകനുമായ തൗഫീഖ് അഭിമുഖീകരിക്കുന്ന  അപരവൽക്കരണമാണ് ഹബീബ് സാലിമി എഴുതിയ "ടുണീഷ്യയിലെ പെണ്ണുങ്ങൾ" എന്ന   നോവലിന്റെ ഇതിവൃത്തം. ഡോ. എൻ ഷംനാദിന്റേതാണ്  മൊഴിമാറ്റം. വിപ്ലവപൂർവ ടുണീഷ്യയിലെ മനുഷ്യരുടെ അസ്വസ്ഥതകളെയും ജീവിത നൈരാശ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് നോവൽ. 2010ലെ അറബ് വസന്തത്തിനുമുമ്പ് എഴുതപ്പെട്ടതാണ്  ഈ കൃതി എന്നതിനാൽ വായനയ്‌ക്ക്  പ്രസക്തിയും പ്രാധാന്യവുമുണ്ട്. ബസാതീൻ കോളനിയിലെ ഏതാനും കുടുംബങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥ. നീണ്ട വർഷങ്ങൾക്കുശേഷം സ്വന്തം സഹോദരങ്ങളെയും കുടുംബങ്ങളെയും കാണാൻ എത്തുന്ന തൗഫീഖിന്റെ അനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മൂന്ന്‌ വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളിലൂടെ ടുണീഷ്യയുടെ  ആത്മാവിന്റെ മുറിവുകളെ  വെളിപ്പെടുത്തുകയാണ് കഥാകാരൻ.  തൊഴിലില്ലായ്മയും അഴിമതിയും  പൊലീസ് അടിച്ചമർത്തലുകളും കുടുംബ നൈരാശ്യവും മതവൽക്കരണവും സൃഷ്ടിച്ച ഭയപ്പാടിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവരാണ് ഇതിലെ മിക്ക കഥാപാത്രവും. യൂറോപ്യൻ സംസ്കാരത്തിൽ ഭ്രമിച്ചുപോയവരും അതിന്റെ അപകടകരമായ അധിനിവേശത്തെ പ്രതിരോധിക്കുന്നവരും  പുസ്തകത്തിൽ കളം നിറഞ്ഞാടുന്നു. മറ്റേതൊരു ഇസ്ലാമിക രാജ്യത്ത് ഉള്ളതിനേക്കാൾ സ്ത്രീകൾക്ക് കൂടുതൽ പൗരസ്വാതന്ത്ര്യം അനുവദിച്ച നാടായിരുന്നു ടുണീഷ്യ. എന്തുകൊണ്ടാണ് അതിന്‌ മാറ്റം സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ് നോവലിസ്റ്റ്.

 

നോവൽ ശാഖയ്ക്ക് പുതിയൊരനുഭവം

മനോഹരൻ മോറായി

ചരിത്രപുരുഷൻമാരെയും പുരാണങ്ങളിലെ നായകരെയും അവലംബിച്ചുള്ള ആഖ്യായികകൾ മലയാളത്തിൽ അപൂർവമല്ല. നാടൻപാട്ടിലൂടെ നാട്ടുമനസ്സിൽ കുടിയേറിയ അങ്കച്ചേകവൻമാരെ പുനരാവിഷ്‌കരിച്ച നോവലുകൾ അധികമില്ല. പന്ന്യന്നൂർ ഭാസിയുടെ ‘തച്ചോളി ഒതേനൻ പുരാവൃത്തം’ ആ അർഥത്തിൽ മലയാള നോവൽ ശാഖയ്ക്ക് പുതിയൊരു അനുഭവമാകും. നാടടക്കി വാണ തമ്പുരാക്കൻമാരും മണ്ണിനും പെണ്ണിനും ഉടമകളെന്ന് ധരിച്ചുവശായ കൊച്ചുതമ്പുരാക്കൻമാർക്കുമിടയിൽ മണ്ണിൽ പണിയെടുക്കുന്ന മഹാഭൂരിപക്ഷത്തിന് നിവർന്നുനിൽക്കാൻ പോലുമാകാത്ത കാലം. കോഴിക്കോട്ടെ കടത്തനാട്ട് മാണിക്കോത്ത്‌ ഉപ്പാട്ടിത്തമ്പുരാട്ടിയുടെ പാട്ടിൽ ലയിച്ചുപോയ പുതുപ്പണം വാഴുന്നോരുടെ തരളഹൃദയ വർണനയോടെയാണ് നോവൽ ആരംഭിക്കുന്നത്. വാഴുന്നോർക്ക് ഉപ്പാട്ടിത്തമ്പുരാട്ടിയിലുണ്ടായ മൂന്ന്‌ മക്കളിൽ രണ്ടാമനാണ് ഒതേനൻ. വാഴുന്നോർ വീട്ടുസംബന്ധം ഉപേക്ഷിച്ചുപോയപ്പോൾ അനാഥരാക്കപ്പെട്ട മുന്ന്‌ മക്കളെ പോറ്റിവളർത്താൻ ഉപ്പാട്ടി പാടുപെട്ടു. അമ്മയുടെ ദുരിതങ്ങൾ കണ്ടുവളർന്ന ഒതേനന്റെ മനസ്സിൽ അരുതായ്‌മകൾക്കെതിരായ പകയും കനംവച്ചു. രണ്ട്‌ തേങ്ങ എടുത്തതിന് കുലച്ചിൽകൊണ്ട് അമ്മയുടെ വയറ്റിൽ തല്ലിയ പാട്ടക്കാരൻ കണ്ണക്കുറിപ്പിനെ ഉറുമിയാൽ തുണ്ടംതുണ്ടമാക്കിയാണ് ഒതേനൻ അനീതികൾക്കെതിരെ അങ്കം കുറിച്ചത്. മതിലൂർ ഗുരുക്കളുടെ ശിഷ്യൻ മായൻകുട്ടി ഒളിച്ചിരുന്ന് നെറ്റിയിൽ വെടിയുതിർക്കുംവരെയുള്ള ഒതേനന്റെ സംഭവബഹുലമായ വീരഗാഥ അന്യാദൃശ്യമായ ഭാഷാഭംഗിയോടെയാണ് നോവലിൽ വിവരിക്കുന്നത്.

 

നവകേരളത്തിലേക്ക്‌ ഒരു ലേഡീസ് കംപാര്‍ട്ട്മെന്റ്

എന്‍ പി ചന്ദ്രശേഖരന്‍

ബിജു മുത്തത്തിയുടെ പുസ്തകം, ലേഡീസ് കംപാര്‍ട്മെന്റ് പുറത്തുവന്നു; കച്ചവടഭ്രാന്തിലേക്കും ജനവിരുദ്ധതയിലേക്കും വഴിതെറ്റിയ ടെലിവിഷന്‍മേഖലയില്‍നിന്ന് മലയാളത്തിന്‌  കൈവന്ന തിരുത്തല്‍പ്പുസ്തകമായി. കേരള എക്സ്പ്രസ് കൈരളി ന്യൂസ് ചാനലിന്റെ അഭിമാനപരിപാടി. അതിലൂടെ മിനി സ്ക്രീനിലെത്തിയ 41 സ്ത്രീജീവിതങ്ങളാണ് പുസ്തകത്തില്‍—പെണ്മലയാളത്തിന്റെ കഴിഞ്ഞ പതിറ്റാണ്ടിലെ പോരാട്ടത്തിന്റെ വ്യക്തിപ്പതിപ്പുകള്‍; സഹനത്തിന്റെ, സമരത്തിന്റെ, അതിജീവനത്തിന്റെയും സാക്ഷ്യപത്രങ്ങള്‍; നവകേരളത്തിനുള്ള പെണ്‍പ്രതീകങ്ങള്‍. ആണ്‍നോട്ടത്തിന്‌ കുപ്രസിദ്ധമായ ടെലിവിഷന്‍ ക്യാമറയ്ക്ക് മാനവികതയുടെ കണ്ണുകള്‍, അശ്ലീലതകൊണ്ടും അസഭ്യതകൊണ്ടും ദുരർഥസൃഷ്ടികൊണ്ടും അപവാദങ്ങള്‍കൊണ്ടും അപകീര്‍ത്തിപ്പെടുത്തല്‍കൊണ്ടും ജയിക്കുക എന്ന വ്യാപാരമന്ത്രത്തിന് ധീരമായ തിരുത്ത്, ചരിത്രത്തിന്റെ ബോധേന്ദ്രിയവും കാലത്തിന്റെ വിമതേന്ദ്രിയവും ഉണര്‍ത്തി മൂല്യബോധമുള്ള സാംസ്കാരികപ്രവര്‍ത്തനമായി എങ്ങനെ ടെലിവിഷന്‍പ്രവര്‍ത്തനം മാറ്റാനാകും എന്ന അന്വേഷണം, സർവോപരി തെളിമലയാളത്തിന്റെ വീണ്ടെടുപ്പ്. രവീന്ദ്രന്റെയും കെ ജയചന്ദ്രന്റെയും വ!ഴിയിലാണ് ബിജു എന്ന് അവതാരികയില്‍ ദീദി ദാമോദരന്‍. വസ്തുതയാണത്. ദേശാഭിമാനിയും കൈരളിയും ആ മാധ്യമങ്ങളുടെ ആശയഭൂമികയും പഠനക്കളരികളായ ഒരാള്‍ അങ്ങനെയാകാതെ വയ്യല്ലോ. കിരണ്‍ ഗോവിന്ദിന്റെ മുഖചിത്രവും ചിത്രങ്ങളും മികച്ച സംവിധാനവും. ലേഡീസ് കംപാര്‍ട്ട്മെന്റ് ഏതൊരു മലയാളിക്കും ഒരു സാംസ്കാരിക പാഠപുസ്തകം.

 

പ്രണയത്തിൽ പൊതിഞ്ഞ രാഷ്ട്രീയ നോവൽ

നിയാസ് പി മൂന്നിയൂര്

ഒരു രാജ്യത്തിന്റെ പേടിപ്പെടുത്തുന്ന ഭൂതകാലത്തെ വേറൊരു രാജ്യത്തിന്റെ വർത്തമാനകാലത്തിലേക്ക്‌ കൊണ്ടുപോകുന്ന മനോഹരമായ നോവലാണ് ഫർസാനയുടെ "എൽമ'. ചരിത്രവും യാഥാർഥ്യങ്ങളും പ്രണയവും അവയ്ക്കുള്ളിൽ ഒളിപ്പിച്ച മൂർച്ചയുള്ള പുതിയകാല രാഷ്ട്രീയ നിലപാടുകളുടെയും മിശ്രിതമാണ്‌ ഈ നോവൽ. സ്നേഹവും വാത്സല്യവും നൽകി ചേർന്നുനിന്നവർ ഓരോരുത്തരായി തന്നിൽനിന്ന് പടിയിറങ്ങിപ്പോയ ഒരു പെൺകുട്ടി. തന്റെ പൂർണത അവരിലാണെന്ന് തിരിച്ചറിയുന്ന നേരങ്ങളിലും അവരുടെ ഓർമകളിലൂടെ തന്നെത്തേടി  സഞ്ചരിക്കുന്ന വഴികളിലുമാണ് ‘എൽമ' എന്ന നോവൽ തളിർത്ത് വികസിക്കുന്നത്. വെറുപ്പിന്‌ എതിരായ പോരാട്ടം അതിനേക്കാൾ കരുത്തുറ്റ മനുഷ്യഹൃദയങ്ങളുടെ പരിണയം കൊണ്ടുതന്നെയാകണമെന്ന് അടിവരയിടുകയാണ് നോവൽ രംഗങ്ങൾ. ജർമനിയും ഇന്ത്യയുമായാണ് നോവൽ പശ്ചാത്തലം. രണ്ടിടത്തെയും സാംസ്കാരിക വൈവിധ്യവും വികസിതരീതിയും വരികൾക്കിടയിൽ തെളിഞ്ഞുകാണുന്നുമുണ്ട്. ജർമനിയിൽ ആയിരിക്കെ ഹിറ്റ്‌ലറുടെ ഓഷ്വിറ്റ്സ് തടങ്കൽ പാളയം മനസ്സിൽ മായാത്ത ചിത്രങ്ങളായി പതിഞ്ഞിരുന്നു എൽമയിൽ. ഇന്ത്യയിൽ എത്തുമ്പോൾ ഗുജറാത്തിന്റെ ചിത്രങ്ങൾ ഹൃദയത്തിലെ ദുരന്ത ഗാലറികൾ കൂടുതൽ സങ്കീർണമാക്കി. വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഫർസാനയുടെ നോവൽ  രാഷ്ട്രീയം പറയുന്നുണ്ട്. മാനുഷികതയുടെ, മാനവികതയുടെ, സ്നേഹത്തിന്റെ, അലിവിന്റെ, ചേർത്തുപിടിക്കലിന്റെ രാഷ്ട്രീയമാണ്‌ അത്. മനുഷ്യബന്ധങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, പൗരോഹിത്യം എന്നീ സംജ്ഞകളെ നോവൽ സമീപിച്ച രീതി ഏറെ കാലോചിതമാണ്. ഹൃദ്യമായ മനുഷ്യബന്ധങ്ങൾ യാഥാർഥ്യം ആകുന്നിടത്താണ് സാമൂഹ്യ നവീകരണവും വ്യക്തിത്വ വികസനവും സാധ്യമാകുന്നത്‌ എന്നാണ് നോവലിന്റെ ഭാഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top