17 August Wednesday

ചരിത്രം പറയുന്നു മാപ്പില്ല

എം അഖിൽUpdated: Sunday Nov 28, 2021

ഗാന്ധി വധക്കേസിന്റെ വിചാരണയ്ക്കായി വി ഡി സവർക്കറും മറ്റ് കുറ്റാരോപിതരും ചെങ്കോട്ടയിലെ പ്രത്യേക കോടതിയിൽ

ഇന്ത്യൻ വർഗീയതയുടെ ആധാരശിലയായ ഹിന്ദുത്വ എന്ന ആശയം ആവിഷ്‌കരിച്ച വി ഡി സവർക്കറെ വീരപുരുഷനാക്കാനുള്ള സംഘപരിവാർ ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സത്യത്തിൽ ആരായിരുന്നു സവർക്കർ? ജനങ്ങളാകെ സ്വാതന്ത്ര്യ സമരത്തിൽ തിളച്ചു മറിഞ്ഞ ഘട്ടത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്നയാൾ. കൊളോണിയൽ ഭരണകൂടത്തിന്‌ നിരന്തരം മാപ്പെഴുതിക്കൊടുത്ത്‌ ജയിൽ മോചനം തരപ്പെടുത്തിയ തീവ്രഹിന്ദുത്വവാദി. ഗാന്ധിഘാതകൻ ഗോഡ്‌സെയുടെ മാനസഗുരു

ഡൽഹി. 2021 ഒക്ടാബർ 12: ഉദയ്‌ മാഹുർക്കർ, ചിരായു പണ്ഡിറ്റ്‌ എന്നിവർ എഴുതിയ ‘വീർ സവർക്കർ: ദ മാൻ ഹു കുഡ്‌ ഹാവ്‌ പ്രിവന്റഡ്‌ പാർടിഷൻ’ എന്ന പുസ്‌തകത്തിന്റെ പ്രകാശനവേദി. 

പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് തന്റെ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: ‘‘സവർക്കർ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോട്‌ മാപ്പപേക്ഷിച്ചെന്ന രീതിയിൽ ചില നുണപ്രചാരണങ്ങൾ നടക്കുന്നുണ്ട്‌. യഥാർഥത്തിൽ സവർക്കർ അപേക്ഷ നൽകിയത്‌ തനിക്ക്‌ വേണ്ടി മാത്രമല്ല; ജയിലിലുള്ള മുഴുവൻ ആളുകൾക്കും വേണ്ടിയായിരുന്നു. മഹാത്മാഗാന്ധിയുടെ അപേക്ഷ പ്രകാരമാണ്‌ സവർക്കർ ആന്തമാൻ ജയിലിൽനിന്ന്‌ സ്വതന്ത്രനാകാൻ ബ്രിട്ടീഷ്‌ സർക്കാരിന്‌ ദയാഹർജി കൊടുത്തത്‌.’’

വിനായക്‌ ദാമോദർ സവർക്കർ സംഘപരിവാർ അവകാശപ്പെടുന്നതുപോലെ ‘വീർ സവർക്കർ’ ആണോ അതോ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ തുടർച്ചയായി മാപ്പപേക്ഷകൾ നൽകി ജയിൽമോചിതനായ അവസരവാദിയാണോ എന്ന സംവാദത്തിലേക്ക്‌ ഒരിക്കൽക്കൂടി വാതിൽ തുറക്കുകയായിരുന്നു ഈ പ്രസംഗം.

ഗാന്ധിജിയുടെ നിർദേശപ്രകാരമാണ്‌ സവർക്കർ ബ്രിട്ടീഷ്‌ അധികാരികൾക്ക്‌ മാപ്പെഴുതിയതെന്ന രാജ്‌നാഥ്‌സിങ്ങിന്റെ വാദം തുടക്കത്തിലേ പൊളിഞ്ഞുപോകുന്നുണ്ട്‌. മഹാത്മാഗാന്ധിയുടെ 90 വാല്യങ്ങളുള്ള സമ്പൂർണ കൃതികളിൽ പത്തൊമ്പതിടത്ത്‌ സവർക്കറിനെക്കുറിച്ച്‌ പരാമർശമുണ്ട്‌. ഇവയൊന്നിൽപ്പോലും ഗാന്ധിജി മാപ്പപേക്ഷ നൽകാൻ സവർക്കറെ ഉപദേശിച്ചതായി ഒരു സൂചനയുമില്ല.

 1911 മുതൽ 1950 വരെയുള്ള കാലയളവിൽ വിവിധ ഗവൺമെന്റുകൾക്ക്‌ സവർക്കർ നൽകിയ മാപ്പപേക്ഷകളും ഉറപ്പുകളും പരിശോധിച്ചാൽ സംഘ്‌പരിവാറിന്റെ അവകാശവാദങ്ങളുടെ കള്ളം പൊളിയും. എ ജി നൂറാനിയുടെ ‘സവർക്കർ ആൻഡ്‌ ഹിന്ദുത്വ: ദി ഗോഡ്‌സെ കണക്‌ഷൻ’ എന്ന പുസ്‌തകത്തിൽ സവർക്കർ നൽകിയ മാപ്പപേക്ഷകളെ ഇഴകീറി പരിശോധിക്കുന്നുണ്ട്‌.

തുടർച്ചയായ മാപ്പ്‌ അപേക്ഷകൾ

1911 ജൂലൈയിലാണ്‌ സവർക്കർ ആന്തമാൻ ജയിലിൽ എത്തിയത്‌. ഒരുവർഷം കഴിയുംമുമ്പ്‌ തന്നെ ആദ്യ മാപ്പപേക്ഷ നൽകി. ഈ അപേക്ഷ ലഭ്യമല്ലെങ്കിലും 1913 നവംബർ 14ന്‌ അയച്ച അടുത്ത മാപ്പപേക്ഷയിൽ ആദ്യത്തെ അപേക്ഷയുടെ കാര്യം ഓർമിപ്പിക്കുന്നുണ്ട്‌.

1913 നവംബർ 14ന്‌ സവർക്കർ അയച്ച അപേക്ഷയിലെ അവസാനഖണ്ഡികയിൽ ഇങ്ങനെ പറയുന്നു: ‘സർക്കാർ അപാരമായ ദയാവായ്‌പിനാൽ എന്നെ മോചിപ്പിച്ചാൽ ഭരണഘടനാപരമായ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ശക്തനായ വക്താവായി ഞാൻ മാറും. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടണമെങ്കിൽ ഇംഗ്ലീഷ്‌ ഗവൺമെന്റിനോട്‌ കൂറുണ്ടായിരിക്കണമെന്നത്‌ പ്രധാന ഉപാധിയാണല്ലോ?

ഞങ്ങൾ ജയിലുകളിൽ കഴിയുന്നിടത്തോളം ആയിരക്കണക്കിന്‌ വീടുകളിൽ യഥാർഥ സന്തോഷം ഉണ്ടാകുകയില്ല. ഞങ്ങളെ വിട്ടയച്ചാൽ ജനങ്ങൾ സന്തുഷ്ടരായി സർക്കാരിന്‌ ജയ്‌ വിളിക്കും. പൊറുക്കാനും തിരുത്താനും മനസ്സുള്ള സർക്കാരാണ്‌ ഇതെന്ന്‌ ജനങ്ങൾ തിരിച്ചറിയും. എന്നെ മാതൃകയാക്കി വഴിതെറ്റിപ്പോയ രാജ്യത്തിനകത്തും പുറത്തുമുള്ള ചെറുപ്പക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടും. എനിക്കുണ്ടായ മാറ്റം മനഃസാക്ഷിക്കുണ്ടായ മാറ്റമായതിനാൽ സർക്കാരിനെ ഏത്‌ രീതിയിലും സഹായിക്കാൻ തയ്യാറാണ്‌. ഭാവിപ്രവർത്തനങ്ങളിലും ഈ മാറ്റം പ്രതിഫലിക്കും. എന്നെ മോചിപ്പിച്ചാൽ ഒരുപാട്‌ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്‌. എന്നാൽ, എന്നെ ജയിലിൽതന്നെ ഇട്ടാൽ ഒന്നും ഉണ്ടാകാനിടയില്ല. പ്രതാപികൾക്ക്‌ മാത്രമേ ദയ പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളു. സർക്കാരെന്ന രക്ഷാകർത്താവിന്റെ വീട്ടുപടിക്കലേക്ക്‌ അല്ലാതെ ധൂർത്തനായ ഒരു പുത്രൻ എങ്ങോട്ടാണ്‌ മടങ്ങേണ്ടത്‌? ഈ വസ്‌തുതകൾ കണക്കിലെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.’ 

ആന്തമാനിൽനിന്നും സവർക്കറെ പിന്നീട്‌ രത്നഗിരി ജയിലിലേക്കും പിന്നീട്‌ പുണെ യർവാദാജയിലിലേക്കും മാറ്റുന്നുണ്ട്‌. 1924 ജനുവരിയിൽ  ജയിൽ മോചിതനായി. രത്നഗിരി ജില്ല വിട്ടുപോകരുത്‌, രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടരുത്‌ തുടങ്ങിയ ഉപാധികളോടെയായിരുന്നു മോചനം. തനിക്ക്‌ നിയമാനുസൃത വിചാരണയ്‌ക്കുള്ള അവസരം കിട്ടിയെന്നും ലഭിച്ച ശിക്ഷ നീതിപൂർവമാണെന്നും കൂടി സവർക്കർ സമ്മതിച്ചു. അത്തരം ഒരു ‘സമ്മതം’ നൽകിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ വിട്ടയക്കുമായിരുന്നു. എന്നാൽ, അത്‌ നൽകാത്തത്‌ കൊണ്ട്‌ അധികൃതർ അസംതൃപ്‌തരാകേണ്ടെന്ന ചിന്തയായിരുന്നു സവർക്കറെ നയിച്ചതെന്ന്‌ കൃഷ്‌ണൻ ദുബൈയും വെങ്കിടേഷ്‌ രാമകൃഷ്‌ണനും 1995ൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

1925 ഫെബ്രുവരിയിൽ നോർത്ത്‌  വെസ്‌റ്റ്‌ ഫ്രോൺടിയർ പ്രോവിൻസിലെ കോഹാത്തിൽ ഉണ്ടായ വർഗീയസംഘർഷത്തെക്കുറിച്ച്‌ സവർക്കർ എഴുതിയ ലേഖനത്തിലെ പരാമർശങ്ങളിൽ ഗവൺമെന്റിന്‌ അതൃപ്‌തി ഉണ്ടായതിനെ തുടർന്നായിരുന്നു അടുത്ത ഖേദപ്രകടനം. 1925 മെയ്‌ എട്ടിന്‌ സവർക്കറിന്റെ ലേഖനത്തിൽ അതൃപ്‌തി രേഖപ്പെടുത്തി ബോംബെ ഗവൺമെന്റ്‌ ആഭ്യന്തരവകുപ്പ്‌ ആക്‌റ്റിങ്‌ ഡെപ്യൂട്ടി സെക്രട്ടറി കത്ത്‌ നൽകി. ഉപാധികൾ ഏർപ്പെടുത്തിയാണ്‌ സവർക്കറെ വിട്ടയച്ചിട്ടുള്ളതെന്നും അവ ലംഘിക്കപ്പെട്ടാൽ മോചനതീരുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും സർക്കാർ മുന്നറിയിപ്പ്‌ നൽകി.

പരിഭ്രാന്തനായ സവർക്കർ ഉടനടി മറുപടി നൽകി: ‘മോചന ഉപാധികളെക്കുറിച്ച്‌ എനിക്ക്‌ ആദ്യം ലഭിച്ച ധാരണ തെറ്റായിരുന്നു. സർക്കാരിന്റെ മുന്നറിയിപ്പ്‌ കിട്ടിയതിന്‌ ശേഷമാണ്‌ ഉപാധികൾ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞത്‌. മെയ്‌ എട്ടിനാണ്‌ സർക്കാരിൽ നിന്നും മുന്നറിയിപ്പ്‌ ലഭിച്ചിട്ടുള്ളത്‌. അതിന്‌ മുമ്പുള്ള എന്റെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും വന്നിട്ടുള്ള കാര്യങ്ങൾ മോചന ഉപാധികളെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്‌. ഭാവിയിലുള്ള എന്റെ എല്ലാ നടപടികളും ഉപാധികൾ കൃത്യമായി പാലിക്കുന്ന രീതിയിലാകും.’  

ഗവൺമെന്റിന്‌ അതൃപ്‌തിയുണ്ടാക്കിയ വിവാദലേഖനത്തിൽ ഒരിടത്ത്‌ ‘സ്വരാജ്‌’ എന്ന വാക്ക്‌ ഉപയോഗിച്ചതിന്‌ വലിയ വിശദീകരണവും സവർക്കർ നൽകി. ‘ലേഖനത്തിന്റെ മൂന്നാംഖണ്ഡികയിൽ അവസാനഭാഗത്ത്‌ ഒരിടത്ത്‌ മാത്രമാണ്‌ സ്വരാജ്‌ എന്ന വാക്ക്‌ പ്രയോഗിച്ചിട്ടുള്ളത്‌. സ്വരാജിനെക്കുറിച്ച്‌ ഞാനോ മറ്റുള്ളവരോ എന്ത്‌ ചിന്തിക്കുന്നുവെന്ന്‌ വ്യക്തമാക്കുന്ന രീതിയിൽ അല്ല ആ വാക്ക്‌ ഉപയോഗിച്ചിട്ടുള്ളതെന്ന്‌ മനസ്സിലാക്കണം. ഖിലാഫത്തിനെക്കുറിച്ച്‌ മിസ്‌റ്റർ ഗാന്ധി എത്ര അതിശയോക്തിപരമായി ആണ്‌ ചിന്തിക്കുന്നതെന്ന്‌ വ്യക്തമാക്കാനാണ്‌ അതിലൂടെ ഉദ്ദേശിച്ചത്‌’–- സവർക്കർ പറഞ്ഞു. ഭാവിയിൽ ഗവൺമെന്റിന്‌ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ വേണ്ടി തന്റെ എല്ലാ പ്രധാനപ്പെട്ട പ്രസംഗങ്ങളുടെയും സംക്ഷിപ്‌തരൂപം ജില്ലാമജിസ്‌ട്രേട്ടിന്‌ കൈമാറാനും സവർക്കർ ജാഗ്രത പുലർത്തി.

1948 ഫെബ്രുവരി 22ന്‌ ബോംബെ ആർതർറോഡ്‌ ജയിലിൽ നിന്ന്‌ ബോംബെ പൊലീസ്‌ കമീഷണർക്ക്‌ അയച്ച കത്തിൽ എല്ലാ രാഷ്ട്രീയപ്രവർത്തനങ്ങളും മതിയാക്കാമെന്ന്‌ സവർക്കർ ഉറപ്പുനൽകി. ‘ഞാൻ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയോ മുഹമദീയ വിഭാഗക്കാർക്ക്‌ എതിരെ അക്രമം നടത്താൻ പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ജീവിതത്തിലുടനീളം ഞാൻ യഥാർഥ ഇന്ത്യൻ ദേശീയതയുടെ വക്താവായിരുന്നു. എന്നാൽ, ഹിന്ദുക്കൾ സ്വയം പ്രതിരോധിക്കുകയെന്ന എന്റെ ആഹ്വാനം മുസ്ലിമുകൾക്ക്‌ എതിരെ അക്രമം നടത്താനുള്ള ആഹ്വാനമോ പ്രേരണയോ ആയി തെറ്റിദ്ധരിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്‌. അത്തരം വ്യാഖ്യാനങ്ങൾ തെറ്റായതും അനാവശ്യവുമാണ്‌. എനിക്ക്‌ ഇപ്പോൾ 65 വയസ്സായി. ഹൃദ്‌രോഗവും തളർച്ചയും കാരണം മൂന്ന്‌വർഷമായി അധികവും കിടപ്പിലാണ്‌. എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ഭാവിയിൽ ഞാൻ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ,സാമുദായിക പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന്‌ ഉറപ്പുനൽകുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കപ്പെട്ടാൽ സർക്കാർ തീരുമാനിക്കുന്ന കാലം ഈ ഉറപ്പ്‌ പാലിക്കും’.

ഗോഡ്‌സെയുടെ ദുഃഖം

എ ജി നൂറണിയുടെ ‘സവർക്കർ ആൻഡ്‌ ഹിന്ദുത്വ:  ദി ഗോഡ്‌സെ കണക്‌ഷൻ’ എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷ

എ ജി നൂറണിയുടെ ‘സവർക്കർ ആൻഡ്‌ ഹിന്ദുത്വ: ദി ഗോഡ്‌സെ കണക്‌ഷൻ’ എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷ

ഗാന്ധിവധത്തിന്റെ വിചാരണ നടക്കുന്ന അവസരത്തിൽ നാഥുറാം വിനായക്‌ ഗോഡ്‌സെയുമായി പരമാവധി അകലം പുലർത്താൻ സവർക്കർ നടത്തിയ ഭഗീരഥപ്രയത്നങ്ങൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. കേസിലെ പ്രതികളായ ദത്താത്രേയ പർച്ചൂറേ, ഗോപാൽഗോഡ്‌സെ എന്നിവർക്കായി ഹാജരായ അഡ്വ. പി എൽ  ഇനാംദാർ ‘സ്റ്റോറി ഓഫ്‌ റെഡ്‌ഫോർട്ട്‌ ട്രയൽ’ എന്ന പുസ്‌തകത്തിൽ ആ ‘നാടകം’ ഇങ്ങനെ വിശദീകരിക്കുന്നു.

‘വിചാരണ പൂർത്തിയാകുംവരെ സവർക്കർ തന്റെ അടുത്ത്‌ തന്നെ ഇരുന്നിരുന്ന നാഥുറാമിനെ തിരിഞ്ഞുനോക്കിയില്ല. ഒരു വാക്ക്‌ ഉരിയാടിയില്ല. മറ്റ്‌ പ്രതികൾ പരസ്‌പരം സംസാരിക്കുകയും കുറിപ്പുകൾ കൈമാറുകയും ചെയ്‌തിരുന്നു. എന്നാൽ, സവർക്കർ പ്രതിമ പോലെ മൗനം പാലിച്ചിരുന്നു. തനിക്ക്‌ എതിരായ ഗൂഢാലോചനക്കുറ്റം പ്രതിരോധിക്കാൻ ഈ രീതിയിൽ പെരുമാറണമെന്ന്‌ അദ്ദേഹം നേരത്തെ തീരുമാനമെടുത്തിരുന്നതായി എനിക്ക്‌ തോന്നി. താത്യാറാവു(സവർക്കർ)വിന്റെ  ഈ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചതായി നാഥുറാം (ഗോഡ്‌സെ) എന്നോട്‌ പലവട്ടം പറഞ്ഞിട്ടുണ്ട്‌. താത്യാറാവുവിന്റെ ഒരു വിരൽസ്‌പർശത്തിനോ വാക്കിനോ അനുകമ്പയോടുള്ള നോട്ടത്തിനോ നാഥുറാമിന്റെ ഉള്ളം തുടിച്ചിരുന്നു. ഷിംലാ ഹൈക്കോടതിയിൽ അവസാനമായി കണ്ട അവസരത്തിലും നാഥുറാം ഈ വേദന ഞാനുമായി പങ്കിട്ടിരുന്നു’–-അഡ്വ. ഇനാംദാർ ഓർമിച്ചു.

ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തനിക്ക്‌ പങ്കില്ലെന്ന്‌ സ്ഥാപിക്കാൻ വികാരവിവശനായി വാദിക്കുന്ന സവർക്കറിന്റെ ചിത്രവും ഇനാംദാർ ആത്മകഥയിൽ വരച്ചിട്ടിട്ടുണ്ട്‌. ‘താൻ ആത്മാർഥമായി ആരാധിച്ചിരുന്ന വ്യക്തിയുടെ മരണത്തിന്‌ തന്നെ കുറ്റംചുമത്തിയ സ്വതന്ത്രസർക്കാരിന്റെ നടപടി അപലപനീയമാണെന്ന്‌ ഒരു പ്രഭാഷകന്റെ ചാതുര്യത്തോടെ സവർക്കർ വാദിച്ചു. എഴുതി തയ്യാറാക്കിയ പ്രസ്‌താവന വായിക്കുന്നതിനിടയിൽ അദ്ദേഹം കവിളുകൾ തുടയ്‌ക്കുന്നത്‌ ഞാൻ കണ്ടു. സവർക്കർ തീർച്ചയായും പരിഭ്രാന്തനായിരുന്നു. വിചാരണ പുരോഗമിക്കുംതോറും അദ്ദേഹം കൂടുതൽ കൂടുതൽ അസ്വസ്ഥനായി’–- ഇനാംദാർ വിവരിച്ചു.

ചരിത്രത്തെ തിരുത്തി സവർക്കറെ പീഠത്തിൽ പ്രതിഷ്‌ഠിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക്‌ തടസ്സം സവർക്കർ സ്വന്തം കൈയാൽ എഴുതിയ മാപ്പ്‌ അപേക്ഷകൾ തന്നെയെന്ന്‌ സാരം.

‘ആ കൃത്യം വിജയകരമായി നിറവേറ്റിയേ പറ്റൂ’

ഗാന്ധി വധം‐ ചിത്രകാരൻ ടോം ജെ വട്ടക്കുഴിയുടെ പെയിന്റിങ്‌

ഗാന്ധി വധം‐ ചിത്രകാരൻ ടോം ജെ വട്ടക്കുഴിയുടെ പെയിന്റിങ്‌

ഗാന്ധിവധക്കേസിന്റെ വിചാരണയിൽ സവർക്കർ സാങ്കേതികപ്പിഴവിനാൽ ശിക്ഷയിൽനിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ഒരു കുറ്റകൃത്യത്തിൽ കൂട്ടുപങ്കാളിയെ ശിക്ഷിക്കണമെങ്കിൽ അയാൾക്കെതിരായ തെളിവുകൾ സ്വതന്ത്രമായ സ്ഥിരീകരണമുള്ളതായിരിക്കണം. മാപ്പുസാക്ഷി ദിഗംബർ ബാഡ്‌ജെയുടെ സവർക്കറെ കുറ്റപ്പെടുത്തുന്ന മൊഴി, നിയമപരമായി സ്വതന്ത്ര സ്ഥിരീകരണം ഇല്ലാത്തതാണ്‌ എന്നതിന്റെ പേരിൽ സവർക്കർ ശിക്ഷയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു. ജഡ്‌ജി ആത്മാചരൺ, ബാഡ്‌ജെയെ സത്യസന്ധനായ സാക്ഷിയായാണ്‌ കണക്കാക്കിയത്‌. ‘‘അയാൾ നേരായവിധമാണ്‌ മൊഴി നൽകിയത്‌. ചോദ്യംചെയ്യലിൽനിന്ന്‌ അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതേയില്ല. ഒറ്റ ചോദ്യത്തിനും ഉത്തരം കൊടുക്കാതിരുന്നില്ല. ഒന്നിനും മറപിടിച്ചില്ല. നേരെ വാ നേരെ പോ എന്ന മട്ടായിരുന്നു.’’

കൊലപാതകി നാഥുറാം ഗോഡ്‌സെയുടെയും സുഹൃത്ത്‌ നാരായൺ ആപ്‌തെയുടെയും കൂടെ താൻ ജനുവരി 17ന്‌ സവർക്കറുടെ വസതി സന്ദർശിച്ചതായി ബാഡ്‌ജെ മൊഴി നൽകി. സവർക്കറെ കണ്ട്‌ മടങ്ങുമ്പോൾ, ‘പോയി ജയിച്ചുവരൂ’ എന്ന്‌ സവർക്കർ പറഞ്ഞതായും ബാഡ്‌ജെ പ്രസ്‌താവിച്ചു. മടങ്ങുമ്പോൾ ബാഡ്‌ജെയോട്‌ ആപ്‌തെ പറഞ്ഞുവത്രെ: ‘‘നൂറുവർഷം ജീവിക്കണം എന്ന ഗാന്ധിയുടെ അവധി തീർന്നെന്നും ആ കൃത്യം വിജയകരമായി നിറവേറ്റിയേ പറ്റൂ എന്നും സവർക്കർ തീർത്തുപറഞ്ഞു.’’

(എ ജി നൂറാനിയുടെ ‘സവർക്കർ ആൻഡ്‌ ഹിന്ദുത്വ: ദി ഗോഡ്‌സെ കണക്‌ഷൻ’ എന്ന പുസ്‌തകത്തിൽനിന്ന്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top