19 April Friday

ലോകമേ തറവാട്‌ നമ്മളോട്‌ പറയുന്നത്‌

പി സുധാകരന്‍ psudhakaran@gmail.comUpdated: Sunday Nov 28, 2021

പുന്നപ്ര‐വയലാർ സമരത്തെക്കുറിച്ചുള്ള ബാര ഭാസ്‌കരന്റെ ചിത്രപരമ്പര

സാധാരണ ഗ്രൂപ്പ്‌ ഷോയെ കാണുന്ന ലാഘവത്തോടെ ലോകമേ തറവാടിനെ കാണാനാവില്ല. അത് പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ ബാഹുല്യം കൊണ്ട്  മാത്രമല്ല. ഓരോ ആര്‍ട്ടിസ്റ്റും ഒരു സോളോ ഷോ നടത്തുകയാണിവിടെ എന്ന  തോന്നല്‍ ഈ പ്രദര്‍ശനം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ  കലാചരിത്രത്തിലെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിഫലനങ്ങള്‍ ഇവയില്‍ കാണാനും സാധിക്കും. നമ്മുടെ കലാരംഗം എത്രമാത്രം സമ്പന്നമാണ് എന്നറിയാനും

സമകാലീന കേരളകല കേരളത്തിന് പുറത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടത് 2005ൽ ബോസ് കൃഷ്‌ണമാചാരി ക്യൂറേറ്റ്ചെയ്‌ത ‘ഡബിൾ എൻഡേർസ്’ പ്രദർശനത്തിലൂടെ ആയിരുന്നു. കേരളത്തിലെ കലാരംഗം, പ്രത്യേകിച്ചും കേരളത്തിനകത്തും പുറത്തുമുള്ള കലാസമൂഹം, തലമുറഭേദമെന്യേ ഒരു കുടക്കീഴിൽ അണിനിരന്ന ആ പ്രദർശനം കലയിലെ മലയാളി സാന്നിധ്യത്തെ ദേശീയതലത്തിൽ ഊട്ടിയുറപ്പിച്ചു. രണ്ടറ്റവും കൂർത്ത നമ്മുടെ ചുണ്ടൻവള്ളങ്ങളുടെ പേരിൽ നിന്നാണ്‌ മൂർച്ചയുള്ള ആ പേര്‌ ഉരുത്തിരിഞ്ഞത്‌.  

പതിനാറു വർഷത്തിനിപ്പുറം 267 കലാപ്രവർത്തകരെ  അണിനിരത്തി ലോകമേ തറവാട് എന്ന പ്രദർശനം ഒരുക്കുമ്പോൾ കലയും കാലവും ഏറെ മാറിയിരിക്കുന്നു. 69 പേരെ ഉൾപ്പെടുത്തി നടത്തിയ ആദ്യ പ്രദർശനം മുംബൈ, ഡൽഹി, ബംഗളൂരു, കൊച്ചി എന്നീ മഹാനഗരങ്ങളിലാണ് യാത്ര ചെയ്‌തതെങ്കിൽ, ബോസ് തന്നെ രൂപകൽപ്പനചെയ്‌ത കൊച്ചി മുസിരിസ് ബിനാലെയുടെ ചുവടുപിടിച്ചുള്ള ലോകമേ തറവാട്‌  ആലപ്പുഴയിലാണ്. മഹാമാരിക്കാലം കലാസമൂഹത്തിന്റെ അസ്‌തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന  അവരുടെ ഏകാന്തതയെ മറികടക്കാൻ സഹായിക്കുക എന്ന ലക്ഷ്യംവച്ചാണ്‌  കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ  പ്രദർശനം ഒരുക്കിയത്.   

 പ്രൊഫഷണൽ ഗ്യാലറികളോ മ്യൂസിയമോ ഒന്നുമില്ലാത്ത നഗരം. പരിമിതമായ സൗകര്യങ്ങളെ എങ്ങിനെ നൂറു ശതമാനം പ്രൊഫഷണൽ ആയി ഉപയോഗപ്പെടുത്താം എന്ന് ലോകമേ തറവാട്  കാണിച്ചു തരുന്നു. യങ് ബ്രിട്ടീഷ് മൂവ്മെന്റിൽ ലണ്ടനിലെ ഡോക്‌യാർഡിലെ പണ്ടകശാലകളെ ഡാമിയൻ ഹിർസ്റ്റ് പരിവർത്തിപ്പിച്ചതുപോലെയാണിതെന്ന്‌  കലാനിരൂപകനും കലാചരിത്രകാരനുമായ ജോണി എം എൽ നിരീക്ഷിക്കുന്നു.  

‘ഒരുപക്ഷേ ഇതൊരു റെക്കോർഡ് പ്രദർശനം തന്നെയാണ്. ഇത്രയും ബൃഹത്തായ സർവേ ഷോകൾ മ്യൂസിയം സൗകര്യങ്ങൾക്ക് പുറത്ത് നടന്നിട്ടുണ്ടാവില്ല. പഴയ എടുപ്പുകളെ  വിപുലമായ മ്യൂസിയം സ്‌പേസ് ആക്കി മാറ്റാനും ബിനാലെയുടെ വൈപുല്യവും അന്തസ്സും നൽകി മലയാളി ആർടിസ്റ്റുകളെ  അവതരിപ്പിക്കാനും ബോസിന്‌  കഴിഞ്ഞു.' ജോണി പറഞ്ഞു.

ലോകമേ തറവാട് എന്ന പേര്

വള്ളത്തോൾ കവിതയിൽനിന്നെടുത്ത പേരിനു ഇവിടെ കൂടുതൽ സാംഗത്യമുണ്ട്. വർഗീയത വൻ ഭീഷണി ഉയർത്തുമ്പോൾ മതനിരപേക്ഷ ഇടങ്ങൾ സൃഷ്‌ടിക്കുക എന്ന കാഴ്‌ചപ്പാടിൽ നിന്നാണ് ലോകമേ തറവാട് എന്ന വിശ്വമാനവ സങ്കൽപ്പത്തിലേക്ക്  പ്രദർശനം എത്തുന്നത്. ലോകം മുഴുവനും   തറവാടാക്കിയ മലയാളിയെത്തന്നെയാണ് നമ്മൾ ഇവിടെ കാണുന്നത്‌.  എൺപതിലധികം കലാപ്രവർത്തകർ കേരളത്തിൽ നിന്നുള്ളവരാണെങ്കിൽ ബാക്കിയുള്ളവർ കേരളത്തിന് പുറത്തുനിന്നാണ്‌. അതിൽ പതിനാറോളം പേർ വിദേശത്തുള്ളവർ.   

സ്റ്റുഡിയോ ഇല്ലാത്തവർ, തീൻമേശമേലും എഴുത്തുമേശമേലും വച്ച് ചിത്രം വരയ്‌ക്കുന്നവർ, വരച്ച ചിത്രങ്ങൾ എടുത്തുവയ്‌ക്കാൻ ഇടമില്ലാതെ കട്ടിലിനടിയിൽ ചുരുട്ടിവയ്‌ക്കുന്നവർ... മുഴുനേരവും കലാസപര്യയിൽ ഏർപ്പെട്ടവരും അതുപോലെ തന്നെ കോഴിക്കോട്ടെ ശാന്തച്ചേച്ചിയെപ്പോലെ  കോഴിമുട്ട വിറ്റും കൂലിപ്പണിചെയ്‌തും ജീവിക്കുകയും അതിനിടയിൽ കലാപ്രവർത്തനത്തിനും സമയം കണ്ടെത്തുന്നവർ. പക്ഷേ ആലപ്പുഴയിലെ ഏഴിടങ്ങളിലായി ഒരുക്കിയ ഈ പ്രദർശനത്തിൽ ഇവർ തമ്മിൽ വേർതിരിവില്ല. 

എന്തുകൊണ്ട് ആലപ്പുഴ

മലയാളികൾക്ക് മാത്രമായി പ്രദർശനം എന്ന ചിന്ത മനസ്സിൽ വന്നപ്പോൾ  മുൻമന്ത്രി തോമസ് ഐസക്കാണ് ആലപ്പുഴയെ വേദിയാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതും സർക്കാർ സഹായം വാഗ്ദാനം ചെയ്യുന്നതും. ഗ്യാലറികൾ ഒന്നുമില്ലെങ്കിലും പാണ്ടികശാലകളെ ഗ്യാലറികളാക്കി മാറ്റാം എന്നതും ആലപ്പുഴ വേദിയാകുന്നതിനു കാരണമായി.  അതൊരു വെല്ലുവിളികൂടിയാണ്. ഒന്നര ലക്ഷം ചതുരശ്ര അടി ഫാൾസ് വാൾ ഉണ്ടാക്കിയാണ് ചിത്രങ്ങളും ശിൽപ്പങ്ങളും വീഡിയോകളും അടക്കം എല്ലാ സൃഷ്ടികളും അർഹിക്കുന്ന പ്രാധാന്യത്തോടെ   വിന്യസിച്ചത്. 

 എടുത്തുപറയേണ്ട സവിശേഷത സ്‌ത്രീസാന്നിധ്യമാണ്‌.  56 കലാകാരികളാണ്  സൃഷ്ടികൾ പ്രദർശിപ്പിക്കുന്നത്.  സജിത ആർ ശങ്കർ, ജയ പി എസ്, രാധാ ഗോമതി, ജലജ പി എസ്, രതീദേവി തുടങ്ങി കവിതാ ബാലകൃഷ്ണൻ,  പൊൻമണി തോമസ്  ആമി ആത്മജ,  ആഷാ നന്ദൻ, ഇ എൻ ശാന്തി, ലക്ഷ്‌മി മാധവൻ, മോന എസ് മോഹൻ, മെർലിൻ മോളി തുടങ്ങിയവർ.   

രാധാ ഗോമതി മൊബൈൽ ആപ്ലിക്കേഷനിൽ വരച്ച രേഖാചിത്രങ്ങളുടെ പരമ്പര, ‘അലക്‌സ വിൻ ദിസ് വാർ' സ്‌ത്രീക്കും പുരുഷനുമിടയിലുള്ള സംഘർഷങ്ങളുടെയും പ്രണയത്തിന്റെയും രതിയുടെയുമെല്ലാം ആവിഷ്‌കാരമാണ്. എന്നാൽ ജലജയാകട്ടെ അംബേദ്കർ, ശ്രീനാരായണ ഗുരു തുടങ്ങിയ ബിംബങ്ങളെ ഉപയോഗിച്ച് സമൂഹം എങ്ങിനെ ഒരേ ദർശനത്തെ വിരുദ്ധധ്രുവങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്നു എന്ന് രേഖപ്പെടുത്തുന്നു.  

സ്‌മിത ജി എസ് വാതിലുകൾ കൊട്ടിയടക്കപ്പെട്ട ലോക്ക്ഡൗൺ കാലത്തെ ഏകാന്തതയെ, അതിന്റെ വിഹ്വലതകളെ ഒരേസമയം വിഭ്രാന്തവും മോഹനവുമായ വനങ്ങൾ സൃഷ്ടിച്ചാണ് മറികടക്കുന്നത്. വർണാഭമാമെങ്കിലും വനചിത്രങ്ങളിൽ നിറയുന്നത്‌ ഏകാന്തതയാണ്, വിഷാദമാണ്, ചിലപ്പോഴെങ്കിലും ഭീതിയും. ബിന്ദി രാജഗോപാലിന്റെ ചിത്രങ്ങളിലെ ഭൂവിതാനങ്ങൾ തീർത്തും സൗമ്യമായ  ഭാവമാണ് ആവിഷ്‌കരിക്കുന്നത്.   

എന്നാൽ ആലപ്പുഴക്കാരൻ കൂടിയായ ബ്ലോഡ്സോ ആർട്ടിക്കിൾ 19 എന്ന പേരിൽ ഒരുക്കിയ ഫൈബർ ഗ്ലാസ് ശിൽപ്പങ്ങൾ അശോകസ്‌തംഭത്തിനുമേൽ മാസ്‌ക്‌ അണിഞ്ഞ മനുഷ്യരൂപങ്ങളെ ചിത്രീകരിക്കുന്നു. വിവിധ വർണങ്ങളിലുള്ള മാസ്‌ക്‌ അണിഞ്ഞ ഒരുപോലുള്ള 19 ശില്പങ്ങൾ. ഇവിടെ മാസ്‌ക്‌ നിർബന്ധിതമായ നിശ്ശബ്‌ദതയാണ്.  ബ്ലൗസ് തുണികൾ കൊണ്ട് തീർത്ത സ്‌പെക്‌ട്രം എന്ന പടുകൂറ്റൻ ചിത്രവും  യഥാർഥ്യത്തിന്റെ നേർക്കാഴ്‌ചയാണ്.  മാറുമറക്കാനുള്ള സ്‌ത്രീയുടെ അവകാശത്തിനായുള്ള സമരവും  മുലക്കരവും തുടങ്ങി ഇന്ന് തൊഴിലിടങ്ങളിൽ സ്‌ത്രീ നേരിടുന്ന പ്രശ്നങ്ങളിലേക്കു  ഇത് നമ്മളെ കൊണ്ടുപോകുന്നു.

 സാമൂഹ്യ പ്രശ്നങ്ങൾ  പല ഇൻസ്റ്റലേഷനുകളിലുമുണ്ട്‌.  ലോക്ക്‌ഡൗൺ കാലത്ത്  വീട്ടിലേക്കു മടങ്ങുംവഴി തീവണ്ടി കയറി  മരിച്ച കുടിയേറ്റത്തൊഴിലാളികളുടെ ഓർമയാണ്‌ വിപിൻ ധനുർധരന്റെ റെയിൽപാതയും വിഡിയോയും. എന്നാൽ വിത്തുകളെ മുളപ്പിക്കുന്ന പ്രകൃതിയും കൃഷിയുടെയും വിത്തിന്റെയും ഉടമയായ കർഷകനുമാണ് സി എഫ് ജോണിന്റെ ഇൻസ്റ്റലേഷനിൽ.     

ഇതുമായി ചേർത്ത് വായിക്കാവുന്നതാണ് മുരളി ചീരോത്തിന്റെ വീഡിയോ പ്രതിഷ്‌ഠാപനവും ചിത്രങ്ങളും. തീർത്തും സൂക്ഷ്‌മമായ തലത്തിൽ ഒരു സ്ഥലത്തിന്റെ ചരിത്രവും അതിന്റെ പാരിസ്ഥിതിക മൂല്യവും മനസ്സിലാക്കാൻ, നമ്മൾ കെട്ടുകഥകൾക്കും കേട്ടുകേൾവികൾക്കും  അപ്പുറത്തേക്ക് പോകണം. ഒരേ സമൂഹത്തിൽ വേരുകളുള്ള, പ്രാദേശികമായി അറിയപ്പെടുന്ന വ്യക്തികളിലൂടെ അവർ താമസിക്കുന്ന സ്ഥലവും അതിന്റെ ഭൗമസാംസ്‌കാരിക ഭൂപ്രകൃതിയും പുനർനിർമിക്കുക അല്ലെങ്കിൽ റീമാപ്പ് ചെയ്യുക എന്ന ശ്രമത്തിൽ നിന്നുമാണ്  മൂന്ന് വീഡിയോകളുടെയും പിറവി. ഒരേ സമൂഹത്തിൽ  വേരുകളുള്ള മൂന്ന് ജീവിതങ്ങളെയും പാരമ്പര്യങ്ങളെയുമാണ് ഇവ പ്രതിഫലിപ്പിക്കുന്നത്. ഇതുവഴി പുരാവൃത്തങ്ങളെ മഹത്വവൽക്കരിക്കാതെ സൂക്ഷ്‌മചരിത്രത്തിന്റെ  മൂന്ന് പ്രവാഹങ്ങൾ പുനരുജ്ജീവിപ്പിക്കുന്നു. ഇതിന്റെ തന്നെ തുടർച്ചയാണ്  മുരളിയുടെ ചിത്രങ്ങളും. ‘ശരീരത്തിന്റെ രാഷ്‌ട്രീയത്തിൽനിന്നും നഗരജീവിതത്തിന്റെ ഉൽക്കണ്ഠകളിൽനിന്നും മാറി എന്റെ ചിത്രങ്ങൾ ഇപ്പോൾ മനുഷ്യത്വത്തെ അതിന്റെ വിശാലമായ വീക്ഷണകോണിലൂടെയാണ് നോക്കിക്കാണുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, ഇക്കോസോഫിക്കൽ ആശങ്കകളിൽനിന്ന്‌ മാറി ഈ ചിത്രങ്ങളിൽ ഞാൻ നമുക്ക് ചുറ്റുമുള്ള സൂക്ഷ്‌മലോകത്തേക്കാണ്  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,' എന്ന് കലാകാരൻ പറയുന്നു. 

വിവേക് വിലാസിനിയുടെ രണ്ടു സീരീസ് ചിത്രങ്ങൾ   കടുത്ത ചായം പൂശിയ വീടുകളും, നഗരത്തിലെ പൊടികൊണ്ടെഴുതിയ  ചിത്രങ്ങളും ഒരേ സമയം പാരിസ്ഥിതികമായ ആശങ്കയും പലപ്പോഴും മലയാളിയുടെ വീടെന്ന സ്വപ്‌നത്തിന്റെ അനുപാതരാഹിത്യവും വെളിപ്പെടുത്തുന്നു.

 മലയാളിയുടെ വീടെന്ന ആസക്തി തന്നെയാണ് ഭാഗ്യനാഥിന്റെ വൃത്തരൂപത്തിലുള്ള ബൃഹദ്‌ ചിത്രത്തിലും തെളിയുന്നത് 

 കേരളത്തിന്റെ ചരിത്രത്തിലേക്കാണ് ബാര ഭാസ്‌കരൻ ‘ചേമ്പേഴ്സ് ഓഫ് അമേസിങ്‌ മ്യൂസിയം' എന്ന തന്റെ പത്ത് ചിത്രങ്ങളിലൂടെ  നമ്മളെ കൊണ്ടുപോകുന്നത്. സമരമുഖങ്ങളിൽ ഒരിക്കലും നമ്മൾ കാണാതെപോയവർക്കുള്ള ഒരു ആദരം കൂടിയാണിവ. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ  ചരിത്രം കഴിഞ്ഞ കുറച്ചു കാലമായി ഭാസ്‌കരന്റെ പ്രധാന ഫോക്കസ് ആണ്. 

ബിനാലെ നവമാധ്യമങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ ഇവിടെ പെയിന്റിങ്ങുകൾക്കും ശില്പങ്ങൾക്കും പ്രധാന്യം  ലഭിക്കുന്നുണ്ട്. മാത്രവുമല്ല ലഭ്യമായ ഇടങ്ങളിൽ കാഴ്‌ചയുടെ താളം തെറ്റിക്കാതെ എങ്ങിനെ  സൃഷ്‌ടികൾ വിന്യസിക്കും എന്നതിനുകൂടി ഉദാഹരണമാണ് ഈ പ്രദർശനം. പ്രമുഖ ശില്പി കെ എസ് രാധാകൃഷ്‌ണന്റെ ശില്പങ്ങൾ വിവിധ ഇടങ്ങളിലാണ്  വിന്യസിച്ചത്‌.  

എ രാമചന്ദ്രനും അക്കിത്തം നാരായണനും ഡഗ്ലസും വത്സൻ കൊല്ലേരിയും ഈനാസും ബാബു സേവ്യറും ഷിബു നടേശനും ജിതേഷ് കല്ലാട്ടും ടി എം അസീസും ഗോപീകൃഷ്‌ണനും സക്കീർ ഹുസൈനും പ്രദീപ് പുത്തൂരും പുഷ്‌കിനും ജ്യോതിബാസുവും ജിജിയും ബിനോയും അബുൾ കലാം ആസാദും ഷിനോദ് അക്കരപ്പറമ്പിലും അനിൽ ദയാനന്ദും ശ്രീജ പള്ളവും സുരേന്ദ്രൻ നായരും ടി വി സന്തോഷും, കെ കെ മുഹമ്മദും പി എസ് സദാനന്ദനുമടക്കം കേരളീയ കലയുടെ  പരിച്ഛേദം തന്നെയാണ് ഈ പ്രദർശനം. പരമ്പരാഗത കല മാത്രമല്ല ഫോട്ടോഗ്രഫിയും കാർട്ടൂണുമെല്ലാം ഇവിടെ പ്രദർശനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് കാർട്ടൂണിസ്റ്റ്‌ ഉണ്ണിയുടെ കാർട്ടൂണുകളും രേഖാചിത്രങ്ങളും. 

 സാധാരണ ഗ്രൂപ്പ്‌ ഷോയെ കാണുന്ന ലാഘവത്തോടെ ലോകമേ തറവാടിനെ കാണാനാകില്ല. അത് പങ്കെടുക്കുന്ന ആർട്ടിസ്റ്റുകളുടെ ബാഹുല്യം കൊണ്ട് മാത്രമല്ല. ഓരോ ആർട്ടിസ്റ്റും ഒരു സോളോ ഷോ നടത്തുകയാണിവിടെ എന്ന തോന്നൽ ഈ പ്രദർശനം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കലാചരിത്രത്തിലെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിഫലനങ്ങൾ ഇവയിൽ കാണാനും സാധിക്കും. നമ്മുടെ കലാരംഗം എത്രമാത്രം സമ്പന്നമാണ് എന്നറിയാനും.

ഒരു കൊച്ചു നഗരത്തിൽ ഇത്രയും വലിയ ഒരു പ്രദർശനം എത്തുമ്പോൾ കലയുമായി വലിയ അടുപ്പമൊന്നും ഇല്ലാത്ത ഒരു സമൂഹത്തെക്കൂടിയാണ് നമ്മൾ കലയിലേക്കു കൈപിടിച്ച് നടത്തുന്നത്‌.  ധാരാളം പേർ കുടുംബവുമായി ഈ പ്രദർശനം കാണാൻ എത്തുന്നു, കല ആസ്വദിക്കുന്നു.  ദിവസവും ക്ലാസ് കഴിഞ്ഞാൽ ഏതെങ്കിലും ഒരു കൂട്ടുകാരിയെയും കൂട്ടി ഈ പ്രദർശനം കാണാൻ വരുന്ന നഴ്സിങ്‌ വിദ്യാർഥിനിയെക്കുറിച്ച് പറഞ്ഞത്  കലാകാരനും സംഘാടകനുമായ താജ് ബക്കറാണ്. ഓരോ ദിവസവും ഈ പ്രദർശനം അവർക്കു ഒരു പുതിയ അനുഭവമാണ്.  

ഇതിന്റെ നേട്ടം പല തലത്തിലാണ്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തെ ലോകത്ത് കൂടുതൽ ശ്രദ്ധേയമാക്കാൻ ഇത് സഹായിക്കും എന്നുറപ്പാണ്. അതുപോലെ തന്നെ കലാപ്രവർത്തകരുടെ സ്വീകാര്യതയും അതിലൂടെ അവരുടെ വിപണിയും ഇത് വിപുലമാക്കും. ഇവിടെ പ്രദർശിപ്പിച്ച പലരുടെയും സൃഷ്ടികൾ മോശമല്ലാത്ത വിലയ്‌ക്ക് വിറ്റുപോകന്നു എന്നത്   നിസ്സാര കാര്യമല്ല. 

 കലാരംഗത്തെ  അടിസ്ഥാന സൗകര്യങ്ങളുടെ പരാധീനതകൾ കൂടി പ്രദർശനം വെളിപ്പെടുത്തുന്നു. കാറ്റും മഴയുമൊന്നും ബാധിക്കാത്ത തരത്തിൽ കെട്ടിടങ്ങളെ രൂപപ്പെടുത്തിയെടുക്കുക  എളുപ്പമല്ല. ഫാൾസ് വാളുകൾ വെച്ച് താൽക്കാലിക ഗ്യാലറികൾ ഉണ്ടാക്കുന്നതും  ശ്രമകരം. ഏറെയൊന്നും ഉപയോഗപ്രദമല്ലാത്ത ഇടങ്ങളെയും എങ്ങിനെ നല്ല പ്രദർശന ഇടങ്ങളാക്കാം എന്നുകൂടി ഈ പ്രദർശനം നമുക്ക് കാണിച്ചുതരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top