25 April Thursday

പ്രത്യാശയുടെ പ്രകാശം

ശശി മാവിൻമൂട്‌Updated: Sunday Nov 28, 2021

മനുഷ്യവിലാപങ്ങളിലേക്കാണ് മണമ്പൂർ രാജൻബാബുവിന്റെ കവിതകൾ സഞ്ചരിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ ശക്തി സർഗശക്തിയാണെന്നു കരുതുന്ന മണമ്പൂരിന്റെ അമ്പത്‌ കവിതകളുടെ സമാഹാരമാണ് ‘ഭൂമിയുടെ ഗൃഹപാഠം.’ കെടുതികളുടെ  കാലത്തു ജീവിക്കുമ്പോഴും പ്രത്യാശയുടെ പ്രകാശം എത്തിനോക്കുന്നത് നിനച്ചിരിക്കാതെ കവിത പിറക്കുന്ന നിമിഷങ്ങളിലാണെന്ന്  കവി.

ശീർഷക കവിതയായ ‘ഭൂമിയുടെ ഗൃഹപാഠ'ത്തിന്റെ ആദ്യവരികളിങ്ങനെ:  ‘അനേകജന്മങ്ങൾ കുടിച്ച കണ്ണീർ നിൻ, കവിളിൽ ചാലിട്ട വടുക്കളായ് നില്പൂ...'.  പെണ്ണിന്റെ കണ്ണീർജീവിതം ഹൃദയസ്‌പർശിയായി ഈ കവിത കുറിച്ചിട്ടിരിക്കുന്നു.  സർവംസഹയായ സ്‌ത്രീയുടെ ജീവിതം തന്നെയാണ് ‘ഭൂമിയുടെ ഗൃഹപാഠം.' ഇവളിലൂടെയാണ് ധര ഉയിർപ്പതും എഴുന്നുനിൽപ്പതും ദിനവും സൂര്യനെ പ്രദക്ഷിണം ചെയ്യാൻ പ്രഥമപാഠങ്ങൾ പഠിച്ചുപോവതു'മെന്ന് കവി ഓർമിക്കുന്നു. സ്‌ത്രീലിംഗമില്ലാത്ത പദങ്ങൾ, പരിഭാഷ, ഭൂമിപുത്രി, ഇവൾ, അടുക്കളച്ചുമർ, ഉന്മാദവിപഞ്ചിക, ഉത്തരം എന്നീ കവിതകളും  സ്‌ത്രീപക്ഷത്തുതന്നെ.  

തിന്മയുടെ അന്ധകാരം പരത്തുന്നവർ തന്റെ ജീവിതത്തിൽ കടന്നുവരാതിരിക്കാൻ  ഉമ്മറവാതിൽ അടച്ചിടുകയാണ്‌ ‘ഉമ്മറവാതിൽ’ എന്ന കവിതയിൽ. തിന്മയുടെ കൂരിരുട്ടും നന്മയുടെ നറുവെളിച്ചവും തമ്മിൽ ഏറ്റുമുട്ടുന്ന കവിതകളാണ് ലെയ്സർകാവ്യം, കഥ ജീവിതം, പ്രളയം വരാതിരിക്കുന്നതെങ്ങനെ, തപം, സ്വപ്‌നസ്ഥലി, വസന്തം വന്ന വഴി, പ്രചോദനം, സ്വർഗനരകങ്ങൾ എന്നിവ. ‘മായയാം പരലോകം വേണ്ട; ഇവിടം സ്വർഗമായ് പുലരാനൊന്നിക്കാം' (സ്വർഗനരകങ്ങൾ) എന്ന് കവി അർഥശങ്കയ്‌ക്കിടയില്ലാതെ പറയുന്നു.   

കവികുലഗുരുവായ ശ്രീനാരായണഗുരുവിന്റെ ആന്തരചൈതന്യ വിസ്മയത്തെക്കുറിച്ചാണ് ‘ഗുരു' എന്ന ആദ്യകവിത. ഗിരീഷ് പുത്തഞ്ചേരിയെ അനുസ്‌മരിക്കുന്ന ‘പിന്നെയും പിന്നെയും', ആശാനെയും വൈലോപ്പിള്ളിയെയും ഓർമിക്കുന്ന ‘വിജിഗീഷു', സുഗതകുമാരിയെക്കുറിച്ചുള്ള ‘സുഗതകുമാരി', അയ്യപ്പപണിക്കരെ അനുസ്‌മരിക്കുന്ന ‘വെളുപ്പിന്റെ ഇരുൾപ്പാട്ടുകാരൻ' എന്നിവയെല്ലാം ശ്രദ്ധേയമാണ്.

പ്രതിബദ്ധതയാണ് ഈ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകം കവിതകളിലൂടെ തുറന്നിടുകയാണ് കവി. ആശയത്തെ ആയുധം കൊണ്ട് കീഴ്പ്പെടുത്തുന്ന ലോകത്തിൽ വിപ്ലവകാരിക്ക് മരണമില്ലെന്ന് ‘മരണത്തിന്റെ മരണം' സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ ചിഹ്നം, പാവങ്ങൾ, നുണമരത്തിലെ ഇലകൾ എന്നീ കവിതകൾ ഇതിനോടു ചേർന്നു നിൽക്കുന്നു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top