19 April Friday

രതീഷിയൻ മാനുഷികത

വിനിത പാർവതിUpdated: Sunday Aug 28, 2022

ഭൂതകാലത്തെ വലിഞ്ഞുമുറുക്കുന്ന നോവുള്ള ഓർമകളെ വർത്തമാനകാല യാഥാർഥ്യങ്ങളുമായി കോർത്തിണക്കി മനുഷ്യനന്മയുടെ, മാനുഷികതയുടെ സാർവത്രികത പറയുന്നതാണ് കെ എസ്‌ രതീഷിന്റെ കഥകൾ. സ്വന്തം ചുറ്റുപാടിനും സാമൂഹ്യാവസ്ഥയ്‌ക്കും ഊന്നൽനൽകി കഥയിൽനിന്ന്‌ ജീവിതം ചോർന്നുപോകാതുള്ള ഒഴുക്കാണത്‌. മാനുഷികതയുടെ പച്ചപ്പും കുളിരും നിറഞ്ഞുനിൽക്കുന്ന ഓരോ കഥയും നമ്മുടെതന്നെ ജീവിതത്തിൽനിന്ന്‌  കാച്ചിക്കുറുക്കിയതാണ്‌. യഥാർഥത്തിൽ രതീഷിന്റേത്‌ കഥയല്ല, പച്ചയായ ജീവിതംതന്നെയാണ്‌.  

കെ എസ് രതീഷിന്റെ ഏറ്റവും പുതിയ സമാഹാരം തന്തക്കിണർ ഈ രതീഷിയൻ മാനുഷികത കൂടുതൽ വ്യക്തമാക്കുന്നു. കിണറാഴത്തിൽ ഓർമകളുടെ നോവ് കോരിയെടുക്കുന്ന തന്തക്കിണർ, ബാലമന്ദിരത്തിലെ കയ്പൻ അനാഥത്വത്തിൽ പട്ടി പാത്രത്തിലെ മീനുരുളയുടെ പങ്കുപറയുന്ന പട്ടി പങ്കു, ബ്രണ്ടൻ സായിപ്പ് ബാക്കിവച്ച പ്രണയത്തുകയിലെ ഏഴു സന്താനങ്ങൾ പങ്കുവയ്ക്കുന്ന സഹോദരബന്ധത്തിന്റെ സ്മൈലികളും സന്ദേശങ്ങളും തരുന്ന ബ്രണ്ടൻ മക്കൾസ്,  അരിഷ്ടതയുടെയും ഒറ്റപ്പെടലിന്റെയും നോവുകൾ ഏറ്റുവാങ്ങുന്ന ജോമിയുടെ സിഗരറ്റ് പുക, വായനക്കാരെയും പൊള്ളിക്കുന്ന ഒറ്റാൾത്തെയ്യം എന്നിവ സമാഹാരത്തിലെ 10 കഥയിൽ ചിലതു മാത്രം. വായനക്കാർ ഈ കഥകളിലെ അവനോടൊപ്പം, അവളോടൊപ്പം അല്ലെങ്കിൽ അവരോടൊപ്പം പൊട്ടിക്കരയുകയും  പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. എഴുത്തിന്റെ തനത്‌ ക്രാഫ്‌ടിനൊപ്പം അനുഭവങ്ങളുടെ കോരിക്കുടിക്കാവുന്ന കിണർ സ്വന്തമായുള്ള ഒരാൾ പറയുന്നത്‌ വെറും കഥയാകില്ലല്ലോ. അതുകൊണ്ടാണ്‌ ഭ്രാന്തമായ ആവേശത്തോടെ തന്തക്കിണർ കൈയിലെടുക്കുന്നത്‌. 

ജീവിതഗന്ധിയായ കഥകളിലേക്കുള്ള മലയാളത്തിന്റെ സജീവമായ മടങ്ങിപ്പോക്കാണ്‌ കെ എസ്‌ രതീഷിന്റെ കഥകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top