25 April Thursday

ജീവിതമെന്ന യാത്ര

എസ് കിരൺബാബുUpdated: Sunday Aug 28, 2022

യാത്രയെന്നാൽ  മനുഷ്യരെ സംബന്ധിച്ചിടത്തോളം  ജീവിതം തന്നെയാണ്. ജീവിക്കുക എന്നതിൽ കവിഞ്ഞ് ജീവിതത്തിന് മറ്റൊരു ലക്ഷ്യവുമില്ലെന്ന് നമ്മളെ പഠിപ്പിക്കുന്നതും  യാത്രകളാണ്. അത്തരത്തിൽ കാഴ്ചയുടെ കാണാപ്പുറങ്ങളിലേക്ക് കൗതുകത്തോടെ കടന്നുചെല്ലുകയും അതിനെ അതിഭാവുകത്വമില്ലാതെ ആസ്വാദക മനസ്സിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് ഒ പി സുരേഷിന്റെ "ഏകാകികളുടെ ആൾക്കൂട്ടം'.

സ്വന്തം ജീവിതമാണ് എഴുത്തുകാരൻ   ഇവിടെ  അക്ഷരങ്ങൾ കൊണ്ട്  വരച്ചിടുന്നത് . ചിത്രകൂടത്തിലേക്കും കുടജാദ്രിയിലേക്കും ഹോങ്കോങ്ങിലേക്കും കോഴിക്കോട്ടേക്കുമുള്ള യാത്രകളാണ് ആദ്യഭാഗത്ത്.തുടർന്നുള്ള   "ഇരുട്ടുമരവും പെങ്ങളും, സുജാത' തുടങ്ങിയ ഭാഗങ്ങൾ  ആർദ്രമായ അനുസ്മൃതികളാണ്.  അവതാരികയിൽ സി വി ബാലകൃഷ്ണൻ പറയുംപോലെ "വൈവിധ്യമായ കാഴ്ചകളുടെയും ആഹ്ലാദകരവും വൃഥിതവുമായ അനുഭവങ്ങളുടെയും ഒരു ശ്രേണിയാണ് ഏകാകികളുടെ ആൾക്കൂട്ടം'.

ചിത്രകൂടത്തിലേക്കുള്ള യാത്രയ്ക്കിടെ ഒരു സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റരുതെന്ന് ശഠിച്ച അജ്ഞാനികളായ മൂന്ന് ബ്രഹ്മചാരികളെ ജ്ഞാനിയായ ഡ്രൈവർ തീക്ഷ്ണ വചനങ്ങൾകൊണ്ട് നേരിടുന്ന  ഭാഗമാണ് ഏറ്റവും ഹൃദ്യം. യാത്രയ്ക്കൊടുവിൽ എഴുത്തുകാരൻ ആരാധനയോടെ നൽകിയ അധിക പണം നിഷേധിച്ച ശേഷം  ആ ഓട്ടോ ഡ്രൈവർ ഇപ്രകാരം പറഞ്ഞു-- "നിങ്ങൾക്കിത് ഒരു ദിവസത്തെ യാത്ര. എനിക്കിത് എന്നത്തേയും അന്നം. സത്യമുള്ളതേ തിന്നൂ സർ'.  കൃത്യമായ ലക്ഷ്യം മുന്നിൽ കണ്ട്  എല്ലാ യാത്രകളും തുടങ്ങാനാകില്ലെന്നും  വിദഗ്ധമായി ആസൂത്രണം ചെയ്യാത്ത ചില യാത്രകൾ  അവിസ്മരണീയമാകുമെന്നും തെളിയിക്കുന്നതാണ് "ഹോങ്കോങ്:  ചില രാത്രി വെളിച്ചങ്ങൾ എന്ന ഭാഗം'. ബാല്യകാല സ്വപ്നങ്ങളിൽ വർണന നിറച്ച കൂട്ടുകാരിയുടെ കഥയാണ്  സുജാത.   2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരനാണ് ഒ പി സുരേഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top