30 September Saturday

"കണക്കുകൂട്ടൽ' പിഴയ്ക്കാത്ത ഇമ്മിണി ബല്യൊരാൾ

എസ്‌ കിരൺബാബു kiran4ufrnds@gmail.comUpdated: Sunday May 28, 2023

ജോബി ഫോട്ടോ: അരുൺരാജ്‌

അഭിനയത്തിലായാലും ജീവിതത്തിലായാലും "കണക്കുകൂട്ടൽ' പിഴയ്ക്കാത്ത കലാകാരനാണ് ജോബി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ, അമ്പതോളം സിനിമകൾ, നൂറോളം നാടകങ്ങൾ, രാജ്യത്തും വിദേശത്തുമായി മൂവായിരത്തോളം സ്റ്റേജ് ഷോകൾ.  2017ൽ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം എന്നിങ്ങനെ പോകുന്നു കൈവരിച്ച നേട്ടങ്ങൾ. കെഎസ്എഫ്ഇയിൽ ഉത്തരവാദിത്വപ്പെട്ട ചുമതലയിലിരിക്കുമ്പോഴും രക്തത്തിൽ അലിഞ്ഞുചേർന്ന കലയെ വിടാൻ  ഒരുക്കമായിരുന്നില്ല.  രാത്രി ഉറക്കമിളച്ച് സ്റ്റേജ് ഷോകളും നാടകങ്ങളും ചെയ്ത് പിറ്റേന്ന് രാവിലെ  ഓഫീസിൽ പോയിട്ടുണ്ട്. ട്രെയിനിലും ബസിലുമൊക്കെയാണ് അന്നൊക്കെ ഉറക്കം. അഭിനയത്തോട് വല്ലാത്ത അഭിനിവേശമാണ്  ഈ ‘ചെറിയ’ വലിയ മനുഷ്യന്. 25 വർഷത്തെ സേവനത്തിനുശേഷം  31 ന് കെഎസ്എഫ്ഇ  തിരുവനന്തപുരം റീജിയൻ അർബൻ സീനിയർ മാനേജർ തസ്തികയിൽ വിരമിക്കുന്ന ജോബി  കലാരംഗത്ത്‌ സജീവമാകാൻ ഒരുങ്ങുകയാണ്. 

1990കളിൽ മിമിക്രിയെന്ന കലാരൂപത്തെ ജനകീയമാക്കുന്നതിൽ ജോബിയും സംഘവും നൽകിയ സംഭാവന ചെറുതല്ല. അനുകരണകലയുടെയും ഇന്നത്തെ കോമഡി സ്കിറ്റിന്റെയുമൊക്കെ തുടക്കക്കാർ ജോബിയുടെ തലമുറക്കാരാണ്.  പിന്നീട് ജയറാം, സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെ മുൻനിര നടന്മാരോടൊപ്പമെല്ലാം  മിമിക്രി ഷോകൾ ചെയ്തു. സുഹൃത്തുക്കളുമായി ചേർന്ന് നിയോഗം എന്ന പേരിൽ ഒരു നാടകപഠനകേന്ദ്രവും സ്ഥാപിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ ഡോ. തോമസ് മാത്യുവിന് ഒപ്പം  വ്യത്യസ്തമായ കുറെ  ‌നാടകങ്ങൾ ചെയ്തു. കൊറോണ വൈറസായും ഡെങ്കിപ്പനി പരത്തുന്ന കൊതുകായുമൊക്കെ വേഷമിട്ടു.  കൊവിഡ് പടർന്നപ്പോഴേ ജനങ്ങളിൽ അവബോധമുണ്ടാക്കുന്നവിധം കോവിഡിനെക്കുറിച്ച് നാടകം അവതരിപ്പിക്കാൻ കഴിഞ്ഞു. സ്വപ്നങ്ങളും ജീവനത്തിലെയും അഭിനയത്തിലെയും കൂട്ടലും കിഴിക്കലുകളും  ദേശാഭിമാനിയോട് പങ്കുവയ്ക്കുന്നു.

ഇത് പുനപ്രവേശനം

"കലാരംഗത്തേക്കുള്ള എന്റെ രണ്ടാം വരവാണിത്. വിരമിച്ചശേഷം നാടകങ്ങളിലും സിനിമയിലും സജീവമാകണം. എന്റെ പരിമിതിയും കഴിവുമെല്ലാം വ്യക്തമായി അറിയാം. വ്യത്യസ്തമായ കുറച്ച് വേഷങ്ങൾ ചെയ്യണമെന്നുണ്ട്. 1999ൽ കെഎസ്എഫ്ഇയിൽ ജോലി ലഭിച്ചശേഷം അഭിനയത്തിൽ ശ്രദ്ധിക്കാനായില്ല. ധനസ്ഥാപനമായതിനാൽ കൂടുതൽ ദിവസം അവധിയെടുക്കൽ പ്രയാസമായിരുന്നു. എന്നാൽ, കലാകാരൻ എന്നതിനൊപ്പം നല്ല ജീവനക്കാരനെന്ന പേര് സമ്പാദിക്കാനായി. കോട്ടയം, എറണാകുളം ജില്ലകളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. എല്ലാ വിജയത്തിനു പിന്നിലും വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും കൂട്ടുകാരുടെയും വലിയ പിന്തുണയുണ്ട്. അതാണ് ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യവും’.

യൂണിവേഴ്സിറ്റി കോളേജ് പഠനം

നാടകത്തിലൂടെയാണ് കലാജീവിതത്തിന് തുടക്കം. സ്കൂളിൽ പഠിക്കുമ്പോൾ മിമിക്രിയും  മോണോ ആക്ടുമൊക്കെ ചെയ്‌തു. 1980ൽ ജില്ലാ കലോത്സവത്തിൽ മികച്ച നടനായി.  ബിരുദപഠനത്തിന് യൂണിവേഴ്സിറ്റി കോളേജിൽ എത്തിയതാണ് വഴിത്തിരിവായത്. 1987ൽ സർവകലാശാലാ കലോത്സവത്തിൽ കലാപ്രതിഭയായി. തുടർന്നാണ് ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. ബാലചന്ദ്രമേനോനൊപ്പമുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.  അതിനുശേഷം ദൂരദർശനിൽ നിരവധി സീരിയലുകൾ. ഡോ. ടോം ജേക്കബ് സംവിധാനം ചെയ്ത പകിട പകിട പമ്പരം എന്ന സീരിയലിലെ കഥാപാത്രവും  പ്രേക്ഷകപ്രശംസ നേടി. താഴ്വാര പക്ഷികൾ, ഓകെ കിട്ടു, താവളം തുടങ്ങിയ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചു.  യൂണിവേഴ്സിറ്റി കോളേജ് പഠനശേഷം  ലോ കോളേജിൽ  ചേർന്നു.  റസൂൽ പൂക്കുട്ടി അന്ന് സഹപാഠിയായിരുന്നു. 1988ൽ  നായകനാക്കി  പ്രമുഖ സംവിധായകൻ സിനിമ ചെയ്യാൻ പദ്ധതിയിട്ടെങ്കിലും പിന്നീട് സാമ്പത്തിക പ്രശ്നത്തെ തുടർന്ന് മുടങ്ങി. മറ്റൊരു  ചിത്രത്തിൽ അഭിനയിക്കാമെന്ന് ഏറ്റിരുന്നതിനാൽ മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത വിഷ്ണുലോകം എന്ന ചിത്രത്തിലെ സുപ്രധാന വേഷം നഷ്ടമായി. നിരവധി സീരിയലുകൾക്കും സിനിമകൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും  പ്രിയപ്പെട്ടത് ലുട്ടാപ്പി എന്ന കാർട്ടൂൺ കഥാപാത്രത്തിന് ശബ്ദം നൽകിയതാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ കുട്ടികളിൽ ഒരാൾക്ക് ശബ്ദം നൽകി. മണ്ണാങ്കട്ടയും കരിയിലയും എന്നചിത്രത്തിലെ അഭിനയത്തിനാണ് 2017ൽ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം.

കുടുംബമാണ് ഊർജം

ഭാര്യ സൂസൻ എല്ലാ പിന്തുണയുമായി കൂടെയുള്ളതാണ് ജീവിതത്തിന്റെ ഊർജം.  രണ്ട് മക്കൾ. മൂത്തയാൾ സിദ്ധാർഥ്, ഇളയവൻ ശ്രേയസ് ഓട്ടിസ്റ്റിക്കാണ്. വ്യക്തമായി സംസാരിക്കാനോ ശ്രദ്ധിക്കാനോ കഴിയില്ല. ഭാര്യയാണ് അവന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്.

സ്വപ്‌നങ്ങൾ ഏറെയുണ്ട്

ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കേന്ദ്രം തുടങ്ങാനും ആലോചനയുണ്ട്. ഇതിനുള്ള പണം കണ്ടെത്തുന്നതാണ് വലിയ കടമ്പ.  അനാഥരായ കുട്ടികൾക്കും വയോജനങ്ങൾക്കുമായി ഒരു സ്ഥാപനം തുടങ്ങണമെന്നും ആഗ്രഹമുണ്ട്. കുട്ടികൾക്കായി അഭിനയക്കളരി, യു ട്യൂബ് ചാനൽ, ജൈവ കൃഷി തുടങ്ങി നിരവധി പദ്ധതികൾ മനസ്സിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top