30 January Monday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

സ്വയംവരമുണ്ടായ കഥ

സുരേഷ് ഗോപി

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ സ്വയംവരത്തിന് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍, ഗൗരവപൂര്‍വം സിനിമയെ കാണുന്ന പ്രേക്ഷകര്‍ക്കുള്ള ഈടുവയ്‌പായി മാറുന്ന ഗ്രന്ഥം. അടൂര്‍ സ്വയംവരമുണ്ടാക്കിയ കഥ മാത്രമല്ല വിവരിക്കുന്നത്. സിനിമയെ അതിന്റെ  ഗഹനതയില്‍ കാണുന്ന പഠനവും കാലത്തെ കീഴടക്കാന്‍ സിനിമയ്ക്ക് സാധ്യമായതിന്റെ കാരണങ്ങളും തേടുന്നു. സ്വയംവരത്തിനുമുമ്പ് ചിത്രീകരണം ആരംഭിച്ച കാമുകിയെന്ന ചലച്ചിത്രത്തെക്കുറിച്ച്‌ അടൂര്‍ പുസ്തകത്തില്‍ ആദ്യമായി വെളിപ്പെടുത്തുന്നു. നിര്‍മാതാവ് മുങ്ങിയതോടെ സിനിമ നിലച്ചു. കാമുകിയാണ് ആദ്യം റിലീസ് ചെയ്തതെങ്കില്‍ ഒരുപക്ഷേ ഇന്നത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉണ്ടാകുമായിരുന്നില്ല. സംസ്ഥാന ചലച്ചിത്രപുരസ്കാര നിര്‍ണയത്തില്‍ തഴയപ്പെട്ട സ്വയംവരം രാഷ്ട്രീയമായി ആക്രമിക്കപ്പെട്ടതിന്റെ വെളിപ്പെടുത്തലും ശ്രദ്ധേയം.

മലയാള സിനിമയിലെ ആദ്യ ആധുനിക സിനിമയെന്ന പരികൽപ്പന ഗ്രന്ഥകര്‍ത്താക്കള്‍ സ്വയംവരത്തിനു ചാര്‍ത്തുന്നു. സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയും സ്വയംവരവും തമ്മിലുള്ള താരതമ്യമാണ്  പി കെ രാജശേഖരന്‍ നടത്തുന്നത്. ബൈജു ചന്ദ്രന്‍ 50 വര്‍ഷം മുമ്പുള്ള സാംസ്കാരിക കേരള അന്തരീക്ഷത്തെ വരച്ചിട്ട് സിനിമയുടെ മൂല്യപരിശോധന നടത്തുന്നു. സി എസ് വെങ്കിടേശ്വരന്‍, ഡോ. സുരഞ്ജന്‍ ഗാംഗുലി, ഐ ഷണ്‍മുഖദാസ്, വിനോദ് സുകുമാരന്‍, സണ്ണി ജോസഫ് എന്നിവരുടെ നിരീക്ഷണങ്ങളും ശ്രദ്ധേയം. സിനിമ ഇറങ്ങിയ കാലത്ത് സമീക്ഷയില്‍ അടക്കം അച്ചടിച്ചുവന്ന ലേഖനങ്ങള്‍ പുസ്തകത്തില്‍ സമാഹരിച്ചിട്ടുണ്ട്. എം വി ദേവന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സി എന്‍ കരുണാകരന്‍ തുടങ്ങിയവര്‍ വരച്ച ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

 

ധൈഷണികതയുടെ സർഗപ്രതിരോധം

പി കെ അനിൽകുമാർ

സത്യാനന്തരകാലത്തിൽ  ജ്വലിക്കുന്ന സർഗാത്മകതകൊണ്ട് ചരിത്രത്തെ ഖനിജം ചെയ്തെടുക്കുന്ന ലേഖന സമാഹാരമാണ് സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച നന്ദകുമാർ കടപ്പാലിന്റെ ‘രാഗം ദ്വേഷം രാഷ്ട്രീയം'.  മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ മാനവിക വെളിച്ചത്തിൽ വർത്തമാന സമസ്യകളെ ധൈഷണിക ജാഗ്രതയോടെ നോക്കുകയാണ്  ഈ പുസ്തകം. ദർശനങ്ങളെയും വിവിധ ചിന്താസരണികളെയും സാഹിത്യത്തെയും സങ്കലനപ്പെടുത്തിയുള്ള സാംസ്കാരിക രാഷ്ട്രീയ പഠനമാണ്‌ എഴുത്തുകാരൻ വീണ്ടെടുക്കുന്നത്.

ഡെക്കാമെറോൻ കഥകളുടെ ദർശനപരിസരത്തിൽ നിന്നുകൊണ്ടാണ് ദുരിതകാലത്തെ രാഷ്ട്രീയമെന്ന ലേഖനത്തിൽ കോവിഡ് മഹാമാരിയുടെ സാമൂഹ്യ  -രാഷ്ട്രീയ മാനങ്ങൾ അപഗ്രഥിക്കുന്നത് "ആശയങ്ങൾ എറിഞ്ഞുകളയുക, ആൾരൂപത്തിന് അകമ്പടിയാകുക... നമ്മുടെ ആരാധന പലപ്പോഴും അർഥമില്ലാത്ത അനുയാത്ര ആകുന്നു.’- ഗാന്ധിജിയെക്കുറിച്ചുള്ള  കുറിപ്പിൽ എഴുതിയ ഈ നിരീക്ഷണം ചരിത്രസത്യമാണ് വിളംബരം ചെയ്യുന്നത്. സാമൂഹ്യജനാധിപത്യത്തിലേക്ക് എത്ര ദൂരമെന്ന ലേഖനം ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന ഭീതിദമായ  കാലത്തിന്റെ വിമോചനമന്ത്രമാണ്. അംബേദ്കറുടെ ഓർമകളെ വീണ്ടെടുക്കുന്നതിലൂടെ പൗരബോധത്തിൽ ജനാധിപത്യത്തിന്റെ സ്മൃതിസുഗന്ധങ്ങൾ ലേഖകൻ നിറയ്ക്കുന്നു. മർദനയന്ത്രമായി മാറുന്ന ഭരണകൂടത്തിന്റെയും കോർപറേറ്റുകളുടെയും അധിനിവേശത്തിനെതിരെ പ്രതിരോധത്തിന്റെ കാവലാളാകേണ്ട മാധ്യമങ്ങൾ എവിടെയെത്തി നിൽക്കുന്നുവെന്ന് വാക്കുകളുടെ ഉപചാരങ്ങൾക്കപ്പുറമെന്ന ലേഖനം പരിശോധിക്കുന്നു.

വസ്തുനിഷ്ഠമായ വിശകലനവും ആഴമേറിയ ചരിത്രബോധവും മാർക്സിയൻ രീതിശാസ്ത്രത്തിന്റെ സമ്മോഹനമായ പ്രയോഗവും മൗലികമായ നിരീക്ഷണങ്ങളും തിടമ്പേറ്റിയ ഈ പുസ്തകം ഈ കെട്ടകാലത്തിൽ അമൂർത്തമായ സർഗരാഷ്ട്രീയ പ്രതിരോധമാണ്.

 

അപമാനിതയല്ല; സൂര്യകാന്തി

രാജേഷ് കടന്നപ്പള്ളി

"ജീവന്റെ ചോര കിനിയുന്ന അക്ഷരങ്ങൾ’ കൃഷ്ണൻ നടുവലത്തിന്റെ കവിതകളെ ഇങ്ങനെ വിശേഷിപ്പിക്കാം. "പൂമ്പാറ്റ സൂര്യകാന്തിയോടിങ്ങനെ’- കാവ്യസമാഹാരം ഇതിനെ അന്വർഥമാക്കുന്നു. പ്രകൃതി, പ്രണയം, പ്രതിരോധം ഇവയുടെ അലയൊലികളാണ് കവിതകളുടെ അകക്കാമ്പ്. കണ്ണീരടർന്ന അനുഭവങ്ങളും അതിജീവനത്തിന്റെ ആശ്വാസവും പ്രകൃതിയുടെ വൃദ്ധിക്ഷയങ്ങളുമെല്ലാം  സമന്വയിക്കുന്ന സൗന്ദര്യാനുഭൂതിയാണ് ഓരോ കവനങ്ങളും. അവഗണിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ അടയാളമായി സൂര്യകാന്തി പരിലസിക്കുന്നു.  മനുഷ്യരാശിക്കായി കണ്ണിമ ചിമ്മാതെ കാക്കുന്ന കവികുലത്തിന്റെ മഹിമയുടെ വാഴ്ത്തുപാട്ടാണ് കിളിപ്പാട്ട്.

മരണത്തിനുപോലും തോൽപ്പിക്കാൻ കഴിയാത്ത ജീവിതഗാഥയുടെ ആവർത്തനമാണ്  കരുതൽ. പ്രളയ മഹാമാരിക്കാലങ്ങളിൽ  മനുഷ്യരെ ചേർത്തുപിടിച്ച നന്മയുടെ കരങ്ങളെക്കുറിച്ചാണ് കവി പാടുന്നത്. "പൊണ്ണോർച്ച’ ത്യാഗോജ്വലമായ സ്ത്രീജീവിതത്തിന്റെ ആഖ്യാനമാണ്. പലതരത്തിലും നിരാശപ്പെടുത്തുന്ന ജീവിതമാണ് "ഒരാൾ’ എന്ന കവിതയിൽ ആവിഷ്കരിക്കപ്പെടുന്നത്.  ജൈവികതയുടെ വിളംബരമാണ് മാടായിപ്പാറ. പ്രകൃതിയുടെ വിശുദ്ധിയും അതു പകരുന്ന അനുഭൂതിയും കവിതയിൽ കാണാം. മഹാമാരിയുടെ താണ്ഡവം ആവിഷ്കരിക്കുന്ന കവിതകളാണ് അതിഥിത്തൊഴിലാളികൾ, കൊറോണ... തുടങ്ങിയവ. മതവും ദൈവവും വിശ്വാസവും ഓടിയൊളിക്കപ്പെട്ടതാണ് "കൊറേണ’യുടെ ഇതിവൃത്തം. ആരാധനാലയങ്ങളുടെ വാതിൽ കൊട്ടിയടയ്‌ക്കപ്പെടുകയും ദൈവങ്ങൾ പടിയിറങ്ങുകയും ചെയ്ത കാലചിത്രങ്ങൾ കവി കാട്ടിത്തരുന്നു. മണ്ണ് - മറ്റൊരു ശ്രദ്ധേയ രചനയാണ്. അനുഭൂതിദായകവുമായ അറുപതോളം കവിതയാണ് സമാഹാരത്തിൽ.  കാൽപ്പനിക സൗരഭ്യം തുളുമ്പുന്ന ഭാഷ.

 

പെൺ കാമനകളുടെ പ്രകാശം

പ്രദീപ് പനങ്ങാട്

ലോക പെൺകവിതയുടെ സമാഹാരമാണ് വിനിമയയുടെ എതിരൊലി. സമകാലിക ലോകത്ത് സ്ത്രീ നേരിടുന്ന വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കവിതകളാണ്‌ ഇത്. ദേശീയവും സ്വത്വപരവുമായ പ്രതിസന്ധികൾ, ലിംഗപരമായ വിവേചനങ്ങൾ, ശരീര ആവിഷ്കാരത്തിന്റെ സാധ്യതകൾ വംശീയമായ പാർശ്വവൽക്കരണങ്ങൾ തുടങ്ങി നിരവധി ഉള്ളടക്കം ഈ സമാഹാരം മുന്നോട്ടുവയ്‌ക്കുന്നു. കാൽപ്പനികതയുടെ തിളങ്ങുന്ന ആവരണങ്ങൾകൊണ്ടല്ല, ആന്തരിക സംഘർഷങ്ങളുടെ ജൈവപാളികൾകൊണ്ടാണ് ഓരോ കവിതയും നിർമിച്ചിരിക്കുന്നത്. അത് സംവേദനത്തിന്റെ സാധ്യതകളെ വിപുലമാക്കുകയും ചെയ്യുന്നു. കവിത പ്രതിരോധവും പ്രതിവായനയുമാണെന്ന് ഈ കവികൾ വിളംബരം ചെയ്യുന്നു.

ഇരുപത്തഞ്ച് മലയാളി പെൺകവികളുടെയും 30 അന്യഭാഷാ  പെൺകവികളുടെയും രചനകൾ എതിരൊലിയിൽ ഉണ്ട് ഓരോ കവിയും വിഭിന്നരൂപ പരീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്. ഗദ്യത്തിന്റെ അനന്തസാധ്യതകളും കാവ്യഭാഷയുടെ സവിശേഷ ആവിഷ്കാരവും പ്രത്യക്ഷമാണ്. കാവ്യരൂപത്തിലെ ഈ പരീക്ഷണങ്ങൾ ലോക കവിതയുടെ ഭൂമികയിൽനിന്നുകൊണ്ട് പരിശോധിക്കാനുള്ള അവസരംകൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. അന്യഭാഷാ കവിതകളുടെ വിവർത്തനം സ്വതന്ത്രവും സവിശേഷവുമാണ്.

എതിരൊലിയെക്കുറിച്ച് പ്രസാധകർ ഇങ്ങനെ എഴുതുന്നു, "എതിരൊലി ഉണർത്തുപാട്ടാണ്: തളർന്നുറങ്ങുന്ന സ്ത്രീകളെയും അവരെ കണ്ടില്ലെന്ന്‌ കടന്നുപോകുന്ന സമൂഹത്തെയും ഉണരാൻ നേരമായെന്ന്‌ അറിയിക്കുന്ന മാറ്റൊലിചെത്തം. " ഈ കവിതകൾക്ക് അത്തരം ധർമം നിർവഹിക്കാൻ കഴിയുമെന്ന് വായനയിലൂടെ അനുഭവപ്പെടുന്നു. പെൺകവിതയുടെ സമകാലിക സാധ്യത ഈ സമാഹാരം മുന്നോട്ടുവയ്‌ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top