03 December Thursday

മെയ്‌ഡേ ബുക്ക്‌‌സ്റ്റോർ അതിജീവിക്കുന്ന അക്ഷരങ്ങൾ

സുധൻവ ദേശ്‌പാണ്ഡെ വിവ: രാജീവ് മഹാദേവൻUpdated: Sunday Sep 27, 2020

പടിഞ്ഞാറൻ ഡൽഹിയിലെ ശാദിപുരിൽ 2012ലെ  മെയ്ദിനത്തിൽ ആരംഭിച്ച മെയ്‌ഡേ ബുക്ക്‌‌സ്റ്റോറിന്റെ കോവിഡ്‌ കാലത്തെ അതിജീവനത്തെക്കുറിച്ച്‌

 

ഡൽഹിയിൽ എത്ര പുസ്‌തകശാലകളുണ്ട്? കൃത്യമായൊരുത്തരം ആർക്കുമറിയാൻ വഴിയില്ല.   ടെക്‌സ്റ്റ്‌ ബുക്കുകളും  അക്കാദമിക് ബുക്കുകളും  മാത്രം വിൽക്കുന്ന ആയിരത്തോളം പുസ്‌തകശാലകൾ  എണ്ണിയെടുക്കാനായേക്കും. ഫുട്പാത്തിൽ കച്ചവടം നടത്തുന്നവരുടെ എണ്ണമെടുത്താലും കാണും നൂറോ ആയിരമോ.പുസ്‌തകം തൂക്കി വിൽക്കുന്നവരുടെയും ത്രില്ലറുകൾ ഒരേനിരക്കിൽ വിൽപ്പന നടത്തുന്നവരുടെയും എണ്ണമെടുത്താലും അത്രയധികമുണ്ടാകും. ഇപ്പറഞ്ഞ എണ്ണങ്ങളെല്ലാം ഇപ്പോൾ ആയിരത്തിലും നൂറിലുംനിന്ന്, വിരലിലെണ്ണാവുന്നവയായി ചുരുങ്ങിയിരിക്കുന്നു. ബൾഗേറിയയ്‌ക്കൊപ്പം ജനസംഖ്യയുള്ള ഡൽഹിയിൽ, പെരുമ പോലും അവകാശപ്പെടാൻ കഴിയുന്ന ഒരു പുസ്‌തകശാലപോലുമില്ല എന്നർഥം.
 

മെയ്ഡേ ബുക്ക്‌‌ സ്റ്റോറിന്റെ പിറവി

 

പടിഞ്ഞാറൻ ഡൽഹിയിലുള്ള ശാദിപുരിൽ  പുസ്‌തകശാല തുടങ്ങാൻ തീരുമാനിച്ചപ്പോൾ, അതൊരു ബുദ്ധിമോശമാണെന്ന്‌  പരിസരവാസികൾക്ക്‌ തോന്നിയത് സ്വാഭാവികം. വരുമാനം കുറഞ്ഞ മധ്യവർഗക്കാരും തൊഴിലാളികളും കൂടുതലുള്ള സ്ഥലം. ആഡംബര വസ്‌ത്ര, ആഭരണക്കടകളോ മുന്തിയ റസ്റ്റോറന്റുകളോ കലാ-പ്രദർശനശാലകളോ ഗ്രോസറി സ്റ്റോറുകളോ ഒന്നുമില്ല.  ചുരുക്കത്തിൽ പുസ്‌തകക്കടയിലേക്ക് വെറുതെയെങ്കിലും ഒന്നെത്തി നോക്കാൻ ആളില്ല. ഞങ്ങളുടെ അയൽപക്കത്ത്‌  തുന്നൽക്കടയിലും  മെഡിക്കൽ സ്റ്റോറിലും  തട്ടുകടയിലും വരുന്നവർ അബദ്ധത്തിൽപ്പോലും  തിരിഞ്ഞുനോക്കില്ല. പക്ഷേ, അവരിപ്പോൾ സന്തുഷ്ടരാണ്. കാരണം ഞങ്ങളുടെ കസ്റ്റമേഴ്സ് അവർക്ക് നല്ല കച്ചവടം കൊടുക്കുന്നുണ്ട്, പ്രത്യേകിച്ച് തട്ടുകടയിൽ.  
 
ഞങ്ങളുടെ കച്ചവടത്തിന്റെ പ്രധാന ചാലകശക്തി  വിശേഷാൽ പരിപാടികളാണ്.  ശാദിപുരിലേക്ക് ഞങ്ങൾ ഒറ്റയ്‌ക്കല്ല ചേക്കേറിയത്. ജനനാട്യമഞ്ച്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സ്‌കൂൾ ടീച്ചേർസ് ഫെഡറേഷൻ ഓഫ്  ഇന്ത്യ എന്നിവ ചേർന്ന്‌  സ്ഥലം വിലയ്‌ക്കുവാങ്ങി. നാലുനിലക്കെട്ടിടത്തിൽ ഓരോ നില  പങ്കിട്ടെടുത്തു.  ജനനാട്യമഞ്ച്, സ്റ്റുഡിയോ സഫ്‌ദർ എന്ന സ്വതന്ത്രകലാ സങ്കേതം സ്ഥാപിച്ചു. അവിടെയെത്തുന്നവർ  ബുക്ക്സ്റ്റോറിൽ കടന്നുവന്നു, തിരിച്ചും.
 
1989 ജനുവരി ഒന്നിന്, നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കെ, രാഷ്ട്രീയ പ്രതിയോഗികൾ കൊലപ്പെടുത്തിയ ജനനാട്യമഞ്ചിന്റെ നായകൻ സഫ്‌ദർ ഹാശ്‌മിയുടെ ഓർമയാണ് സ്റ്റുഡിയോ സഫ്‌ദർ. സഫ്‌ദറിന്റെ ജന്മദിനമായ ഏപ്രിൽ പന്ത്രണ്ടിന് ഞങ്ങൾ സ്റ്റുഡിയോ സഫ്‌ദർ ഉദ്‌ഘാടനം ചെയ്‌തു. മെയ്ദിനം അടുത്തുവരികയായിരുന്നു. അതിനാൽ മെയ് ഒന്നിന് പുസ്‌തകശാല ഉദ്‌ഘാടനം ചെയ്യാനും  മെയ്‌ഡേ ബുക്ക്‌‌സ്റ്റോർ എന്നതിന്‌ പേരിടാനും തീരുമാനിച്ചു.  ഇടതുപക്ഷ പുസ്‌തകശാലയും അതിനോട് ചേർന്നൊരു കോഫിഷോപ്പും എന്നതായിരുന്നു. കഫെ പ്രത്യേക അവസരങ്ങളിൽ-  മാത്രമായി പരിമിതപ്പെട്ടപ്പോൾ, പുസ്‌തകശാല ഡൽഹിയിലെ ധൈഷണിക മണ്ഡലത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.
 

വേറിട്ടൊരു പുസ്‌തകയിടം

 
കണിശമായി തെരഞ്ഞെടുക്കപ്പെട്ട പുസ്‌തകങ്ങൾ മാത്രം സൂക്ഷിക്കുന്ന   ഞങ്ങൾ രണ്ടുതരം പക്ഷഭേദങ്ങൾ കാണിക്കുന്നുണ്ട്. അത് ഞങ്ങളുടെ നയമാണ്, അവ പരസ്‌പര പൂരകങ്ങളും. ഒന്ന്‌, സ്വതന്ത്ര പ്രസാധകരുടെ പുസ്‌തകങ്ങൾ  വിൽപ്പനയ്‌ക്കെടുക്കുന്നു, രണ്ട്‌, ഇടതുപക്ഷ എഴുത്തുകാരുടെ കൃതികളും  ബന്ധപ്പെട്ട വിഷയങ്ങളും ഏറ്റെടുക്കുന്നു. മുഖ്യധാരയിലുള്ള പുതിയ പുസ്‌തകങ്ങളോ ബെസ്റ്റ്‌ സെല്ലറുകളോ ഞങ്ങളുടെ പക്കലില്ല, ഉറപ്പ്‌.  സൗത്ത് ഡൽഹിയിലെ ആഡംബര പ്രദേശങ്ങളിലെത്തിപ്പെടുന്നതിനേക്കാൾ എളുപ്പം, പൊതുഗതാഗത സംവിധാനത്തിൽ ശാദിപുരിൽ എത്താം. ഇവിടെയെത്തുന്നവർക്ക് തീർച്ചയായും ആവേശം പകരുന്ന അനുഭവം തന്നെയാകും ഇവിടം സമ്മാനിക്കുക.
  
അങ്ങനെയിരിക്കെ യാദൃച്ഛികമായി ഒരു സംഭവമുണ്ടായി. ഒരു സുഹൃത്ത്, പരേതനായ അച്ഛന്റെ പുസ്്‌തകശേഖരം കൈമാറാനാഗ്രഹിക്കുന്നു എന്നറിയിച്ചു. അയാളുടെ അച്ഛൻ പ്രൊഫസറായിരുന്നു. മറ്റനേകം പുസ്‌തകങ്ങളോടൊപ്പം ചരിത്ര, സാമൂഹ്യശാസ്‌ത്ര പുസ്‌തകങ്ങളുടെ ബൃഹദ്‌ശേഖരം.  അയാളോട് അതെല്ലാം ഏതെങ്കിലും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യാൻ നിർദേശിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ ജോലിചെയ്‌ത യൂണിവേഴ്സിറ്റിയിലെ ലൈബ്രറി അവ സന്തോഷപൂർവം ഏറ്റെടുത്തേക്കുമെന്നും ഞാൻ സൂചിപ്പിച്ചു. ഇല്ല, എല്ലാ ലൈബ്രറികൾക്കും പ്രശ്‌നം സ്ഥലപരിമിതിയാണ്‌, അവർക്ക് പുസ്‌തകം നൽകൽ എളുപ്പമല്ല. പുസ്‌തകശേഖരം  സംഭാവന നൽകാൻ അയാൾ തയ്യാറായി എന്ന് മാത്രമല്ല, വായിക്കപ്പെട്ട പുസ്‌തകങ്ങളുടെ  ഒരു വിഭാഗം തുടങ്ങിയാൽ നന്നാകുമെന്നും നിർദേശിച്ചു.
 
എത്ര കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമായാൽപ്പോലും, അത്രയും പുസ്‌തകങ്ങൾ വിലയ്‌ക്കെടുക്കുന്നതിനു തക്ക സാമ്പത്തിക പിൻബലം ഞങ്ങൾക്കുണ്ടായിരുന്നില്ല.  മറ്റു പലരും ഇതുപോലെ പുസ്‌തകം സംഭാവന നൽകാൻ സന്നദ്ധരായിരിക്കുമെന്ന് ആ സുഹൃത്ത് പറഞ്ഞു.  അയാൾ  സുഹൃദ് വലയത്തിലുള്ളവർക്ക് പുസ്‌തകം സംഭാവന ചെയ്യാനുള്ള സന്നദ്ധത ആരാഞ്ഞ്‌  ഇമെയിൽ അയച്ചു.  എന്നെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് ആ മെയിൽ പല തവണ ഫോർവേഡ് ചെയ്യപ്പെട്ടു. വലിയ വിഭാഗം ആളുകൾ പുസ്‌തകസംഭാവനയ്‌ക്ക്‌ സന്നദ്ധരായി മുന്നോട്ടുവന്നു.
 
മെയ് ഒന്ന് സമാഗതമായി. ആ ദിവസം ഞങ്ങൾ ചെറുതല്ലാത്ത ഉത്സവ പ്രതീതി തന്നെ സൃഷ്‌ടിച്ചു. 2012 മെയ്‌ദിനത്തിൽ പുസ്‌തകങ്ങളും സംഗീതവും ആശയങ്ങളും കോഫിയും ഒത്തുചേർന്ന അന്തരീക്ഷത്തിൽ ഞങ്ങൾ ഈ മഹത്തായ അക്ഷരജൈത്രയാത്രയ്‌ക്ക്‌ തുടക്കം കുറിച്ചു. പുസ്‌തകപ്രേമികളുടെ സവിശേഷ സന്ദർശന കേന്ദ്രമായി ഇവിടം.
 
വായിക്കപ്പെട്ട പുസ്‌തകങ്ങളുടെ ശേഖരം ചെറുപ്പക്കാരെ കൂടുതലായി ആകർഷിച്ചു. ആദ്യമാദ്യം  വായിക്കപ്പെട്ട പുസ്‌തകങ്ങൾ മാത്രം തെരഞ്ഞെടുത്തിരുന്ന അവർ, പതിയെ പുതിയ പുസ്‌തകങ്ങൾ തെരഞ്ഞു. പിന്നീട്‌ അസംഖ്യം വിദ്യാർഥികൾ വളന്റിയർമാരായെത്തി, പുസ്‌തകങ്ങൾ ക്രമീകരിക്കാനും  വില രേഖപ്പെടുത്താനും പരിപാടികൾ സംഘടിപ്പിക്കാനും സഹായിച്ചു.
 

മഹാമാരിയുടെ പ്രഹരം

 
  ഏഴു വർഷത്തിൽ കഴിഞ്ഞ വർഷം വിൽപ്പനയിൽ  നാമമാത്രമായെങ്കിലും ചെറിയൊരു ലാഭത്തിലെത്തി. ആ തുക വിനിയോഗിച്ച്  ബുക്ക്‌‌സ്റ്റോർ എയർ കണ്ടീഷൻ  ചെയ്യാൻ ശ്രമം തുടങ്ങി. മഹാമാരി എല്ലാം തകിടം മറിച്ചു. ഞങ്ങളും മൂന്നു മാസത്തോളം അടച്ചിട്ടു. പിന്നീട് ഓൺലൈൻ ഓർഡറുകൾ വന്നപ്പോൾ, ജൂൺ അവസാനം തുറന്നു.  ഇപ്പോൾ, ആഴ്‌ചയിൽ ഒരാളെങ്കിലും ബുക്ക്‌‌സ്‌റ്റോറിലെത്തിയാൽ  സന്തോഷം.  ഇത് തീർച്ചയായും പ്രതീക്ഷിക്കപ്പെട്ടത്‌ തന്നെ.  കസ്റ്റമേഴ്‌സിൽ ഭൂരിഭാഗവും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന വിദ്യാർഥികളും യുവജനങ്ങളുമാണ്.
 
രണ്ടു കാരണങ്ങളാലാണ് ഞങ്ങൾ ഇപ്പോഴും അതിജീവിക്കുന്നത്. ഒന്ന് ഈ സ്ഥലം ഞങ്ങളുടെ സ്വന്തമായതുകൊണ്ടു തന്നെ വാടക നൽകേണ്ടതില്ല. മറ്റൊന്ന് https://mayday.leftword.com എന്ന വെബ്‌സൈറ്റിലൂടെ  കച്ചവടം മന്ദഗതിയിലെങ്കിലും നടക്കുന്നുണ്ട്.
 മഹിളാ അസോസിയേഷൻ ഓഫീസ് മൂന്നു മാസമായി അടഞ്ഞുകിടപ്പാണ്.  ഡൽഹി കലാപത്തിന്റെ ദുരിതമനുഭവിക്കുന്നവർക്കും  മഹാമാരിയിൽ തൊഴിൽ നഷ്‌ടപ്പെട്ടവർക്കും ആശ്വാസമെത്തിക്കാനുള്ള യത്നങ്ങളിലാണവർ. എസ്‌ടിഎഫ്‌ഐ  ഓഫീസും മാസങ്ങളായി അടഞ്ഞു കിടക്കുന്നു. ജനനാട്യമഞ്ച്  എല്ലാ കലാപരിപാടികളും ഓൺലൈൻ ആയിട്ടാണ് ഇപ്പോൾ ചെയ്യുന്നത്.  റിഹേഴ്‌സലുകൾക്കും അവതരണങ്ങൾക്കുമായി ഉപയോഗിക്കുമായിരുന്ന സ്റ്റുഡിയോ സഫ്‌ദറും  അടഞ്ഞു കിടക്കുന്നു.
 

ഇനിയെന്ത്?

 
ഭാവിയെന്താണ് കരുതി വച്ചിരിക്കുന്നത്? എന്തായാലും എനിക്ക് ചിലത് പറയുവാനുണ്ട്.
 
ഒന്ന്: അച്ചടിക്കപ്പെട്ട പുസ്‌തകം, ബൃഹത്തായൊരു ജനസഞ്ചയത്തെ പരസ്‌പരം കൂട്ടിയിണക്കുന്ന മനുഷ്യ നിർമിതമായ ആദ്യ ഉൽപ്പന്നം; അതെവിടേക്കും  പോകില്ല. അനലോഗ് കാലത്തെ ഫിലിമുകളോ, ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ടേപ്പുകളോ,  പേജറുകളോ പോലെ വംശനാശം സംഭവിക്കാതെ നൂറ്റാണ്ടുകളായി പുസ്‌തകങ്ങൾ തുടരുന്നു. അച്ചടിയുടെ സങ്കേതങ്ങൾ മാറിമറിഞ്ഞെങ്കിലും,   നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതിൽനിന്നും ഏറെയൊന്നും വ്യത്യസ്‌തമല്ല ഇന്നും പുസ്‌തകം.
  
രണ്ട്: ബിഗ് ഡാറ്റയും, അതിലേക്ക് ചൂഴ്‌ന്നിറങ്ങുന്ന അതിനൂതനവും സങ്കീർണവുമായ അൽഗോരിതങ്ങളും നമ്മുടെ ഓൺലൈൻ തെരയലുകളെ നൂറു  ശതമാനവും സംതൃപ്തരാക്കിയേക്കാം. എന്നാൽ, വിവരസാങ്കേതികവിദ്യാപ്രപഞ്ചം എല്ലായ്‌പ്പോഴും കോലാഹലങ്ങൾ നിറഞ്ഞതും, വിവരങ്ങൾ അമിതമായി കുത്തിനിറയ്‌ക്കപ്പെട്ടതുമാകയാൽ; ഇവയിലൊന്നും പെടാതെ കാലത്തെ അതിജീവിച്ച അതിവിശിഷ്ടങ്ങളായ ചില പുസ്‌തകങ്ങൾ ഏതെങ്കിലുമൊരു പുസ്‌തകശാലയുടെ കോണിൽ നിങ്ങളെ കാത്തുകാത്തിരിപ്പുണ്ടാകും. ഇത് തന്നെയാണ്   പുസ്‌തകശാലകളുടെ പ്രാധാന്യവും.
 
 അവസാനമായി; നമുക്ക് നമ്മുടെ നഗരങ്ങളെ പുനർവിഭാവനം ചെയ്യണം. മഹാമാരിയും അടച്ചുപൂട്ടലുകളും ദശലക്ഷങ്ങളെ വീട്ടിലുറപ്പിച്ചു കഴിഞ്ഞു. തൊഴിലാളികളെ വീട്ടിലിരുത്തി ജോലി ചെയ്യിക്കുന്നതാണ് എന്തുകൊണ്ടും അഭികാമ്യമെന്ന്  വൻകിട സ്ഥാപനങ്ങൾ  മനസ്സിലാക്കിക്കഴിഞ്ഞു.
  
 ഈ മഹാമാരിക്കുശേഷം  നഗരങ്ങളിൽ സവിശേഷമായ പുസ്‌തകശാലകൾ ഉയർന്നു വരുന്നുവെങ്കിൽ, അതൊരു മഹത്തായ സാമൂഹ്യ ധർമം നിറവേറ്റിയിരിക്കുന്നു എന്നു കരുതേണ്ടി വരും. 
 
(അവലംബം: https://scroll.in - Sep 12, 2020)
 
സുധാൻവ ദേശ്പാണ്ഡെ ലെഫ്‌റ്റ്‌വേർഡ്‌ ബുക്‌സിന്റെ മാനേജിങ് എഡിറ്ററാണ്. സഫ്‌ദർ ഹശ്മി സ്ഥാപിച്ച ജനനാട്യമഞ്ചിൽ ദീർഘകാലം നടനും, സംവിധായകനുമായിരുന്നു. HallaBol: The Death and Life of Safdar Hashmi എന്ന പുസ്‌തകത്തിന്റെ രചയിതാവാണ്. Mayday Bookstore ൽ നിന്നും ഓൺലൈനായി പുസ്തകങ്ങൾ https://mayday.leftword.com/ വഴി ഓർഡർ ചെയ്യാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top