15 December Monday

ഓണം പൊന്നോണം

അശ്വതി ജയശ്രീ aswathyjayasree55@gmail.comUpdated: Sunday Aug 27, 2023

“ഇതാണ്‌ ഞങ്ങൾക്ക്‌ ശരിക്കും ഓണം. അല്ലലില്ലാത്ത, സന്തോഷംമാത്രമുള്ള ഓണം’– -മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി ഏറ്റുവാങ്ങിയ 11 അംഗ സംഘ ഹരിതകർമ സേനാംഗങ്ങൾക്ക്‌ പറയാനുള്ളത്‌ ഇതുമാത്രം. ബുധനാഴ്ച തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന ചടങ്ങിൽ സമ്മാനജേതാക്കളായ പാർവതി, രാധ, ബിന്ദു, ഷീജ, ലീല, ലക്ഷ്മി, ചന്ദ്രിക, ശോഭ, കാർത്യായനി, കുട്ടിമാളു, ബേബി എന്നിവർ ഒരുമിച്ച്‌ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്‌, ആന്റണി രാജു എന്നിവരിൽനിന്ന്‌ സമ്മാനത്തുക ഏറ്റുവാങ്ങി.

“നിങ്ങൾക്കൊന്നും സർക്കാരിൽനിന്ന്‌ പണം കിട്ടില്ല. അത്‌ നോക്കി കൊതിക്കണ്ട’’– -ഇങ്ങനെ പറഞ്ഞവരൊക്കെ ഞങ്ങൾ ഒരുമിച്ച്‌ സമ്മാനത്തുക ഏറ്റുവാങ്ങിയത്‌ ടിവിയിൽ കണ്ടു. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും കണ്ണീരിനൊപ്പം അവർ ഒരുമിച്ച്‌ പറയുന്നു. മാലിന്യം ശേഖരിക്കുന്നവരായതിനാൽ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട്‌. യൂസർ ഫീ ചോദിക്കുമ്പോൾ അസഭ്യം കേട്ടിട്ടുണ്ട്‌. ഇന്ന്‌ അവരൊക്കെത്തന്നെ ചേച്ചിമാരേ... എന്ന്‌ വിളിച്ചുവരുന്നു. അതിന്‌ സർക്കാരിനോടും ഭാഗ്യക്കുറി വകുപ്പിനോടും നന്ദി പറയാനും അവർ മറന്നില്ല. ഹരിതകർമസേനയിൽനിന്ന്‌ ലഭിക്കുന്ന ചെറിയ വരുമാനംകൊണ്ടാണ്‌ അവരുടെ എല്ലാ ഓണാഘോഷങ്ങളും. ഇത്തവണ പക്ഷേ അങ്ങനെയല്ല. ഏറ്റവും സാധാരണക്കാരായ 11 കുടുംബമാണ്‌ ഇത്തവണത്തെ ഓണം പൊന്നോണമാക്കുന്നത്‌. മൺസൂൺ ബമ്പർ ഫലം വന്നപ്പോൾ കേരളമൊട്ടാകെ സന്തോഷത്തിലായി. ഏറ്റവും അർഹമായ കൈകളിലേക്ക്‌ ബമ്പർ തുക എത്തുന്നുവെന്നതായിരുന്നു അതിന്റെ  പ്രധാനകാരണം. പച്ച കോട്ടിട്ട്‌ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിന്റെ തെരുവുകളിൽ മാലിന്യം ശേഖരിക്കുന്ന ആയിരക്കണക്കിനു പേർക്ക്‌ പ്രചോദനമായിരുന്നു മലപ്പുറം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ സഹപ്രവർത്തകരുടെ വിജയം.

ഭാഗ്യക്കുറി ജീവിതങ്ങൾ മാറ്റിമറിയ്ക്കുമെന്നതിന്‌ തെളിവുകൂടിയാണിത്‌. ദിവസങ്ങൾക്കുമുമ്പ്‌ ചെറുവരുമാനത്തിൽമാത്രം ജീവിച്ചവർ ലക്ഷാധിപകളായി. ഏകദേശം ആറരക്കോടി രൂപയാണ്‌ സംഘത്തിന്‌ സമ്മാനമായി കിട്ടിയത്‌. “സന്തോഷം എങ്ങനെ പറയണമെന്നറിയില്ല. സമ്മാനം വാങ്ങാൻ തിരുവനന്തപുരംവരെ വരാനായി. പുതിയ നാട്‌ കാണാനായി. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം സമയം ചെലവഴിക്കാനായി. അവരൊക്കെയുള്ള വേദിയിൽ സംസാരിക്കാനായി. ഇത്രവേഗം പണം കിട്ടുമെന്ന്‌ ഞങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിന്‌ സർക്കാരിന്‌ നന്ദി’–-സംഘാംഗമായ ലീല പറഞ്ഞു. വീടുവയ്ക്കാനും കടം വീട്ടാനുമൊക്കെ 11 കുടുംബത്തിന്‌ താങ്ങായി ഭാഗ്യക്കുറിയുടെ ഈ “ഭാഗ്യം’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top