19 April Friday

ആ ഊന്നുവടി ഒരു വടക്കൻ ചരിത്ര സെൽഫി

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Sep 26, 2021

ഗാന്ധിജി ചെറുമകൻ കനു ഗാന്ധിക്കൊപ്പം കടൽത്തീരത്ത്‌ വര: സനൽ

ഗാന്ധിജിയെക്കുറിച്ചുള്ള ഓർമകളിൽ  ആ വട്ടക്കണ്ണടയ്‌ക്കൊപ്പം ഊന്നുവടിയുമുണ്ട്‌.  തലമുറയ്‌ക്കുമേൽ തെളിഞ്ഞ ദൃശ്യമായി നിരന്തരം പതിഞ്ഞ ഗാന്ധി ഇമേജിലെ വടിക്ക്‌, അത്യുത്തര കേരളവുമായി ചരിത്ര ബന്ധമുണ്ട്‌. കർണാടകയിലെ വിശ്രുത കവി, മഞ്ചേശ്വരത്തെ ഗോവിന്ദ പൈയുടെ സമ്മാനമാണ്‌   ഉപ്പുസത്യഗ്രഹ കാലത്തെ ഗാന്ധിജിയുടെ കൈയിലെ ഊന്നുവടി. മറ്റൊരു ഗാന്ധിജയന്തിക്കാലത്ത്‌, ഒരു വടക്കൻ ചരിത്ര സെൽഫി...

മഞ്ചേശ്വരത്ത്‌ ഗോവിന്ദപൈ ജനിച്ച വീട്‌. ഇപ്പോൾ സർക്കാർ ഏറ്റെടുത്ത്‌ ‘ഗിളിവിണ്ടു’ എന്ന പേരിൽ സംരക്ഷിക്കുന്നു

മഞ്ചേശ്വരത്ത്‌ ഗോവിന്ദപൈ ജനിച്ച വീട്‌. ഇപ്പോൾ സർക്കാർ ഏറ്റെടുത്ത്‌ ‘ഗിളിവിണ്ടു’ എന്ന പേരിൽ സംരക്ഷിക്കുന്നു

ഗാന്ധിജിയെ എങ്ങനെ വരയ്‌ക്കാമെന്നതിനേക്കാളും എളുപ്പമാണ് ഗാന്ധിജിയെ എങ്ങനെ ഓർക്കാമെന്നത്. ശിശുസഹജമെങ്കിലും ദാർശനികമായ ചിരി, വിരിഞ്ഞ നെറ്റി, മുടിയില്ലാത്ത തല, വട്ടക്കണ്ണട, പിന്നെ ആ അർധനഗ്നഗാത്രത്തെ താങ്ങുന്ന ഊന്നുവടിയും. ഇത്രയും ലളിതസുന്ദരവും ഗംഭീരവുമായ ദൃശ്യം മനസ്സിൽ പതിപ്പിച്ച ലോക നേതാവ് വേറെയാരുണ്ട്‌?

ഗാന്ധി ഇമേജിനെ നമ്മുടെ മനസ്സുമായി നിരന്തരം ചേർത്തുവയ്‌ക്കുന്ന ഊന്നുവടിയുടെ കഥയാണ്; അല്ല ചരിത്രമാണ് ഇനി പറയുന്നത്.

ദണ്ഡി കടപ്പുറത്ത്‌ ഉപ്പുകുറുക്കാനുള്ള ചരിത്രയാത്രയുടെ സമയത്താണ് ഗാന്ധിജിയുടെ വടി പ്രഖ്യാതമാകുന്നത്. ആ ഊന്നുവടി, അനീതിയുടെ പ്രത്യയശാസ്‌ത്രത്തിനുമേൽ ചൂണ്ടിയ വടിയായി, പിൽക്കാല രാഷ്ട്രീയം വ്യാഖ്യാനം ചമച്ചു. കവിതയും കഥകളുമായി. ഗാന്ധിജിയുടെ വട്ടക്കണ്ണടയും വടിയും ആ പുഞ്ചിരിയും നഗ്നമേനിയും ഒരു സമരപ്രതീകമായി. ആ പ്രതീകത്തിലേക്കുള്ള വടക്കൻ കേരളത്തിന്റെ ചെറിയ (വലിയ) സംഭാവനയെക്കുറിച്ച്‌ എത്രപേർക്കറിയാം?

മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദ പൈയാണ്, എണ്ണയിട്ട് മിനുക്കിയ 54 ഇഞ്ച് ചൂരൽ വടി ഗാന്ധിജിക്ക്,  സമ്മാനിച്ചത്. ആ വടിയൂന്നിയാണ്, അറുപതുകാരനായ ഗാന്ധിജി, 1930 മാർച്ച് 12ന് കാക്കാ കലേക്കർ (ഗോവിന്ദ പൈയുടെ ഉറ്റസുഹൃത്ത്) ഉൾപ്പെടെ 78 പേരുമായി ദണ്ഡിയിലേക്ക് നിയമം ലംഘിക്കാൻ പുറപ്പെട്ടത്. സബർമതി ആശ്രമത്തിൽനിന്ന്‌ 240 മൈൽ അകലെ ദക്ഷിണ ഗുജറാത്തിലെ ദണ്ഡിയിലെത്താൻ 24 ദിവസമെടുത്തു. ആ യാത്രയിൽ ഊന്നിയ വടികൂടിയാണ് ഗാന്ധിയെന്ന ദൃശ്യത്തെ ചേതോഹരമാക്കിയത്‌. വടിയുടെ തുഞ്ചത്തുപിടിച്ച്‌ കുസൃതിയോടെ ചെറുമകൻ കനു ഗാന്ധി കടപ്പുറത്ത്‌ ഓടുന്ന ചിത്രം ഓർമയില്ലേ. ഗാന്ധിജിയുടെ രാഷ്ട്രീയത്തിലേക്കുള്ള നിഷ്‌കളങ്കമായ ഓർമയുടെ പാലംകൂടിയാണ്‌ അത്‌.

ഗാന്ധി ദൃശ്യത്തിലും ചരിത്രത്തിലും വട്ടക്കണ്ണടയ്‌ക്കും വടിക്കുമുള്ള പ്രാധാന്യം പേഴ്‌സിലെ കറൻസിയിൽ തൊട്ട്‌ തുടങ്ങുന്നതാണ്‌. ഗാന്ധിയപ്പൂപ്പന്റെ ചിത്രം വരച്ച് അഭിമാനംകൊള്ളുന്ന ഏറ്റവും പുതിയ കുട്ടിയെപ്പോലും ആ ദൃശ്യം ആവേശിതമാക്കുന്നു; മനോഹരമാക്കുന്നു. ദക്ഷിണ കന്നടയിലും കാസർകോട്ടും മലയോരത്ത് തഴച്ചുവളരുന്ന മൂർഖൻ ചൂരൽ ചെടിയുടെ ദണ്ഡാണ്‌   ഊന്നുവടിയായത്‌. കരിയിട്ട്‌ മിനുക്കിയാൽ, വടിയിൽ പൊട്ടുകൾ തെളിയും; അത്യുത്തര കേരളത്തിൽ അത്രയൊന്നും രേഖപ്പെടുത്താത്ത സ്വാതന്ത്ര്യസമര സ്‌മൃതികൾപോലെ.

ആ വടി മഞ്ചേശ്വരത്തുനിന്ന്‌

ഗിളിവിണ്ടുവിലെ ഗോവിന്ദ പൈ പ്രതിമയ്‌ക്കരികിൽ സൂക്ഷിച്ച ഊന്നുവടികൾ

ഗിളിവിണ്ടുവിലെ ഗോവിന്ദ പൈ പ്രതിമയ്‌ക്കരികിൽ സൂക്ഷിച്ച ഊന്നുവടികൾ

മലയാളത്തിന്‌ വള്ളത്തോൾ എങ്ങനെയോ, അതുപോലെയാണ്‌ കന്നടയ്‌ക്ക്‌ ഗോവിന്ദ പൈ. സാഹിത്യത്തിലും ദേശഭക്തിയിലും കഥകളിയടക്കമുള്ള കലകളിലും മലയാളത്തിൽ വള്ളത്തോൾ ചെയ്‌തതുതന്നെ ഗോവിന്ദ പൈ കന്നട ദേശത്തോടും ഭാഷയോടും കലയോടും ചെയ്‌തു. ദേശാഭിമാന പ്രചോദിതമായ കവിതകൾ, ലേഖനങ്ങൾ; കൂടാതെ ക്ലാസിക്ക്‌ കലയായ യക്ഷഗാനത്തിന്റെ വീണ്ടെടുക്കൽ ശ്രമങ്ങളും.  

ഗോവിന്ദ പൈ, ചടങ്ങുകളിലും മറ്റും കൂടെ കരുതാറുള്ള പ്രൗഢിയേറും ചൂരൽ ദണ്ഡാണ്‌ ഗാന്ധിക്ക്‌ കൈമാറിയത്‌. കവി കയ്യാർ കിഞ്ഞണ്ണറൈ കന്നടയിൽ എഴുതിയ ഗോവിന്ദ പൈയുടെ ജീവചരിത്രത്തിൽ ഇതുസംബന്ധിച്ച്‌ പരാമർശമുണ്ട്‌. തുളു, കന്നട ഭാഷാ ഗവേഷകൻ വെങ്കട്ടരാജ പുണിഞ്ചിത്തായ ഈ പുസ്‌തകം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി. അതിൽ ഇങ്ങനെ പറയുന്നു:

‘സബർമതിയിലെ അംഗമായിരുന്ന കാകാ കാലേൽക്കർക്ക്‌ ഗോവിന്ദ പൈയുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ഈ ചരിത്രസംഭവത്തിനു വഴിതെളിച്ചത്. രാഷ്ട്രഭാഷാ പ്രചാരണത്തിന്  ഭാരതപര്യടനം നടത്തുന്നതിനിടെ കാകാ കാലേൽക്കർ പഴയകാല സ്‌നേഹിതനെ കാണാൻ മഞ്ചേശ്വരത്തെ വീട്ടിലെത്തി.  ഒരു ദിവസം താമസിച്ചുമടങ്ങുമ്പോൾ, പൈ പഴയ ഊന്നുവടി പാരിതോഷികമായി നൽകി. അത് പൈയുടെ കാരണവർ ഉപയോഗിച്ചിരുന്ന അമൂല്യവസ്‌തുവായിരുന്നു. ഗാന്ധി 1930ലെ  ഉപ്പുസത്യഗ്രഹത്തിനു പോകുമ്പോ‍ൾ കാലേക്കർ ഈ വടി അദ്ദേഹത്തിന് കൈമാറി. ആ നീളമുള്ള വടിയും കുത്തിയാണ് ഗാന്ധി ആ ചരിത്രയാത്ര ചെയ്‌തത്. ഗാന്ധിയുടെ വസ്‌തു സംഗ്രഹാലയത്തിൽ (ദേശീയ ഗാന്ധി മ്യൂസിയം ആൻഡ്‌ ലൈബ്രറി, രാജ്‌ഘട്ട്‌, ഡൽഹി) ഇന്നും ആ വടി കാണാം’.  

മറ്റൊരു വാദവുംകൂടി, കന്നട ഭാഷാസ്‌നേഹികൾ പറയുന്നുണ്ട്‌.  കയ്യാറിന്റെ പുസ്‌തകത്തിലെ പരാമർശം ശരിയല്ലെന്നും  വാദമുണ്ട്‌. അത്‌ ഇങ്ങനെ: ഗാന്ധിജി രണ്ടുതവണ മംഗളൂരുവിലേക്ക്‌ ട്രെയിൻ മാർഗം വരുന്നുണ്ട്‌. രണ്ടാം വരവിന്‌ തൊട്ടുമുമ്പാണ്‌ ഗാന്ധിക്ക് ഗോവയിൽനിന്ന്‌ പോർച്ചുഗൽ സർക്കാരിന്റെ, പോർച്ചുഗീസ്‌ ഭാഷയിലുള്ള കത്ത് കിട്ടുന്നത്. അതിന്റെ പരിഭാഷയ്‌ക്കായി, 22 ഭാഷ  അറിയാമായിരുന്ന, ഗാന്ധിയൻകൂടിയായ ഗോവിന്ദ പൈയെ കാണാൻ ഗാന്ധിജി തീരുമാനിക്കുന്നു. മംഗളൂരുവിൽ ട്രെയിൻ ഇറങ്ങിയ ഗാന്ധിജി പരിപാടികളിൽ പങ്കെടുത്തശേഷം, ഗോവിന്ദ പൈയുടെ മംഗളൂരു കൊടിയാൽബയലിൽ നവഭാരത് സർക്കിളിലെ വീട്ടിൽ എത്തുന്നു. ഗാന്ധിജിയെ സ്വീകരിച്ചിരുത്തി, കത്തിലെ വിവരങ്ങൾ മനസ്സിലാക്കുന്നു. മടങ്ങുമ്പോൾ ഗോവിന്ദ പൈ  ഊന്നുവടി സമ്മാനിക്കുന്നു.

ഈ വാദത്തിനു പക്ഷേ, ചരിത്രപരമായ വസ്‌തുതകളുടെ പിൻബലമില്ലെന്നാണ്‌ മഞ്ചേശ്വരം ഗോവിന്ദ പൈ സ്‌മാരകസമിതി സെക്രട്ടറി കെ ആർ ജയാനന്ദ പറയുന്നത്‌. കലേക്കർക്ക്‌ കൈമാറിയ വടി, സബർമതിയിൽ എത്തിച്ചെന്നത്‌ ചരിത്രസത്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാകാ കലേ‍ൽക്കർ മുഖേന സബർമതിയിൽ നേരിട്ടുചെന്നാണ്‌ ഗാന്ധിക്ക്‌, ഗോവിന്ദ പൈ ഊന്നുവടി നൽകിയെന്നൊരു വാദവും കന്നട ഭാഷാപ്രവർത്തകർ ഉന്നയിക്കുന്നുണ്ട്‌.

മഞ്ചേശ്വരത്തെ രാഷ്‌ട്രകവി

രാജ്‌ഘട്ടിലെ ഗാന്ധി ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ച ഗാന്ധിജിയുടെ വടി (ഉപ്പുസത്യഗ്രഹവേളയിൽ ഉപയോഗിച്ചത്‌)

രാജ്‌ഘട്ടിലെ ഗാന്ധി ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ച ഗാന്ധിജിയുടെ വടി (ഉപ്പുസത്യഗ്രഹവേളയിൽ ഉപയോഗിച്ചത്‌)

മഹാകവി വള്ളത്തോളിനൊപ്പം മദ്രാസ്‌ സർക്കാർ,  രാഷ്ട്രകവി പട്ടംനൽകി ആദരിച്ച ബഹുപ്രതിഭ. വിശ്രുത കന്നട കവി, പക്ഷേ, ജന്മംകൊണ്ട്‌ മലയാളി. കന്നട ദേശാഭിമാനം പ്രോജ്വലിപ്പിച്ച കവിയുടെ ജന്മനാട്‌ മലയാളദേശമാണെന്നത്‌ മറ്റൊരു മഹത്തായ വൈരുധ്യം.

1883 മാർച്ച് 23നു ജനിച്ച ഗോവിന്ദ പൈ 1963 സെപ്തംബർ ആറിന് അന്തരിച്ചു. മദ്രാസ് ക്രിസ്‌ത്യൻ കോളജിൽ ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണന്റെ സഹപാഠികൂടിയാണ്‌. ബിഎ പഠനം, അച്ഛന്റെ മരണത്തോടെ ഉപേക്ഷിച്ച്‌ മടങ്ങി. അവസാനവർഷ പരീക്ഷക്കാലമായിരുന്നു അത്‌. എഴുതിയ ഇംഗ്ലീഷ്‌ പരീക്ഷയിലെ ഉയർന്ന മാർക്കിന്‌ അദ്ദേഹത്തിന്‌ സർവകലാശാല സ്വർണ മെഡലും കിട്ടി. ഇരുപത്തിരണ്ടിലേറെ ഭാഷ കൈകാര്യം ചെയ്‌തു. അയ്യായിരത്തിലേറെ കൃതികളെഴുതി.

ഗിളിവിണ്ടു 

ഗോവിന്ദ പൈയുടെ ഉജ്വലമായ കവിതാസമാഹാരമാണ്‌ ‘ഗിളിവിണ്ടു’ അഥവാ തത്തക്കൂട്ടം. മഹാകവി ജനിച്ച മഞ്ചശ്വരത്തെ വീട്‌ സർക്കാർ ഏറ്റെടുത്ത്‌ അതിന്‌ ഗിളിവിണ്ടു എന്നാണ്‌ പേരിട്ടത്‌. കർണാടകത്തിലെയും കേരളത്തിലെയും സാംസ്‌കാരിക പ്രവർത്തകരുടെ തീർഥാടന സ്ഥലംകൂടിയാണ്‌ ഇത്‌. കാസർകോട്‌ കലക്ടർ ചെയർമാനായ സ്‌മാരക സമിതിക്കാണ്‌ നടത്തിപ്പുചുമതല. കവിയുടെ 125–-ാം പിറന്നാളിനോട്‌ അനുബന്ധിച്ച്‌ 2008ൽ എൽഡിഎഫ്‌ സർക്കാരാണ്‌ കവിയുടെ ചിരസ്‌മരണയ്‌ക്കായി ഭവനം പുനരുദ്ധരിച്ചത്‌. കേരള, കർണാടക സർക്കാരുകളുടെ പിന്തുണയോടെ രണ്ടുകോടിയുടെ വികസനം ഇപ്പോൾ  നടക്കുന്നു. യക്ഷഗാന മ്യൂസിയം, ആംഫി തിയറ്റർ, ഗ്രന്ഥശാല, കലാമൂല്യമുള്ള വസ്‌തുക്കളുടെയും കൈയെഴുത്തുപ്രതികളുടെയും സംരക്ഷണം എന്നിവയും ഇപ്പോൾ ഗിളിവിണ്ടുവിലുണ്ട്‌. ഗാന്ധിക്ക്‌ പൈ കൈമാറിയ, വടിയുടെ ഒപ്പമുണ്ടായിരുന്നവ ഇപ്പോൾ ഗിളിവിണ്ടുവിൽ സൂക്ഷിച്ചിട്ടുണ്ട്‌.

 

വർഗീയതയുടെ പിച്ചിൽ ഗാന്ധിജിയുടെ ബൗൺസർ

ക്രിക്കറ്റ്‌ അടക്കമുള്ള കായിക വിനോദങ്ങളെ വർഗീയത സ്വാധീനിക്കുന്നത്‌ തിരിച്ചറിയുകയുംഅതിനെതിരെ  ശക്തമായ നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തിരുന്നു  ഗാന്ധിജി

എം സി വസിഷ്‌ഠ്‌

മോനിയ എന്നായിരുന്നു മഹാത്മാഗാന്ധിയുടെ ബാല്യത്തിലെ വിളിപ്പേര്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ശോഭിച്ചിരുന്ന  ക്രിക്കറ്റർ എന്നാണ്‌ മോനിയയെ സഹപാഠിയും ബാല്യകാല സുഹൃത്തുമായ രതിലാൽ ഘെലാഭായ് മേത്ത രേഖപ്പെടുത്തിയത്‌.

1874ൽ ഗാന്ധികുടുംബം പോർബന്തറിൽനിന്ന് രാജ്കോട്ടിലേക്ക് മാറി. രാജ്കോട്ട് ആൽഫ്രഡ് ഹൈസ്‌കൂളിൽ പഠിക്കവെ  ക്രിക്കറ്റിലോ മറ്റ് കായിക വിനോദങ്ങളിലോ വ്യായാമ പരിപാടികളിലോ ഗാന്ധിജി പങ്കെടുത്തില്ല.  നാണവും മറ്റ് ആൺകുട്ടികളുമായി ചേരാനുള്ള വിമുഖതയുമാണ് കാരണമെന്ന് ഗാന്ധിജി ആത്മകഥയിൽ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെത്തിയപ്പോൾ ക്രിക്കറ്റ്   ഉപേക്ഷിച്ചു. ശരീരക്ഷമത നൽകുമെങ്കിലും മാനസികമായ ഉത്തേജനത്തിന് ക്രിക്കറ്റ് ഉതകില്ലെന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന കർഷകർക്ക് ഈ കളി ഒരു പ്രയോജനവും ചെയ്യില്ലെന്നും അദ്ദേഹം വിലയിരുത്തി. (കൗശിക് ബന്ദോപാധ്യായ, മഹാത്മാ ഓൺ ദി പിച്ച്–- പേജ് 51)

1915ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തി. ദരിദ്രരാജ്യത്തിന്‌ യോജിക്കാത്ത ക്രിക്കറ്റിനുപകരം ചെലവുകുറഞ്ഞ കായികമത്സരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു അപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായം.

1920ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമ്പോഴേക്കും ക്രിക്കറ്റ് ബോംബെയിലും മദ്രാസിലും കൽക്കട്ടയിലും ക്രിക്കറ്റ്‌ ആഴത്തിൽ വേരൂന്നിയിരുന്നു. ബോംബെയിലെ ജനപ്രിയമായ പെന്റാംഗുലർ ടൂർണമെന്റുപോലുള്ളവ, ബ്രിട്ടീഷ് അനുകൂല വികാരമുണ്ടാക്കാൻമാത്രമേ ഉപകരിക്കൂ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

1930കളിലെ ഉപ്പുസത്യഗ്രഹത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം പുതിയ വഴിത്തിരിവിലെത്തി. നിയമലംഘന പ്രസ്ഥാനം ക്രിക്കറ്റിനെയും  സ്വാധീനിച്ചു. ബോംബെയിൽ ക്വാഡ്രാംഗുലർ ടൂർണമെന്റ്‌ നാലുവർഷം മുടങ്ങി. 1934ലാണ്‌ അത്‌ പുനരാരംഭിച്ചത്‌.  

ക്രിക്കറ്റിലെ വർഗീയവൽക്കരണത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമായിരുന്നു. 1940 ഡിസംബർ ആറിന്, പത്രക്കുറിപ്പിലാണ് ഗാന്ധിജി നിലപാട് അറിയിച്ചത്.

 ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റായിരുന്നു ബോംബെ ജിംഖാന ഗ്രൗണ്ടിലെ പെന്റാംഗുലർ ടൂർണമെന്റ്. ഇതിന്റെ ആദ്യരൂപമായിരുന്നു പ്രസിഡൻസി മത്സരങ്ങൾ. ബോംബെ ജിംഖാന ആയിരുന്നു മത്സരവേദി. ജിംഖാന ഗ്രൗണ്ടിൽ 1877ൽ ആരംഭിച്ച മത്സരം ബോംബെ ജിംഖാനയും പാർസികളുടെ ടീമും തമ്മിലായിരുന്നു. 1907ൽ പ്രസിഡൻസി മത്സരങ്ങൾ ബോംബെ ട്രയാംഗുലർ എന്നറിയപ്പെടാൻ തുടങ്ങി. യൂറോപ്യന്മാർ ഉൾപ്പെട്ട ബോംബെ ജിംഖാന, പാർസികൾ ഉൾപ്പെട്ട  ടീം എന്നിവയ്‌ക്കൊപ്പം ഹിന്ദു ജിംഖാന ചേർന്നതോടെ ത്രികോണമത്സരങ്ങളായി. 1912ൽ മുഹമ്മദൻ ജിംഖാനകൂടി ഉൾപ്പെട്ടതോടെ ബോംബെ ക്വാഡ്രാംഗുലർ എന്നറിയപ്പെട്ടു. 1937ൽ ദി റസ്റ്റ് എന്ന പേരിൽ ബുദ്ധമതക്കാരും ജൂതന്മാരും ഇന്ത്യൻ ക്രിസ്‌ത്യാനികളും ഉൾപ്പെട്ട ടീമുമെത്തി, പെന്റാംഗുലർ ടൂർണമെന്റായി.  

‘ബോംബെയിലെ പൊതുസമൂഹം തങ്ങളുടെ കായികതാല്പര്യങ്ങൾ പുനക്രമീകരിക്കേണ്ടതുണ്ട്. സ്‌പോർട്സിലെ വർഗീയത എതിർക്കപ്പെടണം. സ്‌കൂളുകളും കോളേജുകളും തമ്മിലുള്ള മത്സരങ്ങളുടെ യുക്തി മനസ്സിലാക്കാം. എന്നാൽ, ഹിന്ദു, പാർസി, മുസ്ലിം എന്നിങ്ങനെ വിഭജിച്ച് ടൂർണമെന്റുകൾ നടത്തുന്നത് യോജിക്കാനാകില്ല. സ്‌പോർട്സിലെ വർഗീയതയുടെ എല്ലാ അംശങ്ങളും തുടച്ചുനീക്കണം. രക്തരൂഷിതമായ രണ്ടാം ലോകയുദ്ധ സമയത്ത് ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് അർഥശൂന്യമാണ്'–- ഗാന്ധിജിയുടെ ഈ പ്രസ്‌താവനയെ പിന്തുണച്ചവരും വിമർശിച്ചവരുമുണ്ടായി.

ഇന്ത്യൻ സമൂഹത്തെ വിഭജിക്കാൻ ശേഷിയുള്ള മാരക പ്രത്യയശാസ്‌ത്രമായാണ് ഗാന്ധിജി വർഗീയതയെ കണ്ടത്. ക്വിറ്റ് ഇന്ത്യാ സമരം പെന്റാംഗുലർ ടൂർണമെന്റിനെയും ബാധിച്ചു. 1942–-43 കാലത്ത് നിർത്തിവയ്‌ക്കപ്പെട്ട ടൂർണമെന്റ് പുനരാരംഭിച്ചെങ്കിലും 1946ൽ എന്നെന്നേക്കുമായി അവസാനിച്ചു.

അതേസമയം, ഗാന്ധിജി ക്രിക്കറ്റിന്റെ ശത്രുപക്ഷത്തും ആയിരുന്നില്ല. ഇന്ത്യയിൽ ക്രിക്കറ്റ് ജനകീയമാകുന്നത് അദ്ദേഹം നിരീക്ഷിച്ചിരുന്നു.  

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top