25 April Thursday

ചമയം: പട്ടണം റഷീദ്‌

ഷംസുദ്ദീൻ കുട്ടോത്ത്‌ shamsudheenkuttoth@gmail.comUpdated: Sunday Sep 26, 2021

സിനിമയുടെ അണിയറയിൽ  മാത്രം ഒതുങ്ങിനിന്ന മേക്കപ്പ്‌ കലാകാരൻ ഇന്ന്‌ തമിഴ്‌നാട്ടിൽ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. തലൈവി എന്ന ചിത്രത്തിൽ ജയലളിതയായി അഭിനയിച്ച കങ്കണ റണൗത്തിനും അരവിന്ദ്‌ സ്വാമിക്കും(എം ജി ആർ) നാസറി(കരുണാനിധി)നും ചമയമിട്ട പട്ടണം റഷീദ്‌ എന്ന ‘ഒപ്പണൈ കലൈഞ്‌ജരെ’ ആദരിച്ചിട്ട്‌ മതിവരുന്നില്ല  തമിഴ്‌ സിനിമാപ്രേമികൾക്ക്‌

എ എൽ വിജയ്‌ സംവിധാനംചെയ്‌ത ‘തലൈവി’യാണ്‌ തമിഴകത്തെ പ്രധാനചർച്ച. ജയലളിതയുടെയും എം ജി ആറിന്റെയും ജീവിതം പറയുന്ന തലൈവിയിൽ  കങ്കണ റണൗത്തിന്‌ ചമയമിട്ട  ‘ഒപ്പണൈ കലൈഞ്‌ജർ’ തമിഴകത്തിന്റെ  ആദരം പിടിച്ചുപറ്റിയിരിക്കുന്നു. ‘മദ്രാസപ്പട്ടിണം’ അടക്കം എ എൽ വിജയിന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും മേക്കപ്‌മാനായ മലയാളത്തിന്റെ സ്വന്തം പട്ടണം  റഷീദുതന്നെയാണ്‌ കങ്കണയെ തലൈവിയാക്കി മാറ്റിയത്‌. മലയാളം, തമിഴ്‌, തെലുഗു, കന്നട, ഇംഗ്ലീഷ്‌, ഹിന്ദി, സംസ്‌കൃതം, അറബിക്‌ ഭാഷകളിൽ നാനൂറിലധികം സിനിമ. 40 വർഷത്തെ പരിചയസമ്പത്ത്‌. നാടകത്തിന്റെ അണിയറയിൽനിന്ന്‌ സിനിമയിലെത്തിയ പട്ടണം റഷീദിന്‌ മേക്കപ്പിനുള്ള പ്രഥമ ദേശീയ അവാർഡും  ഏഴു തവണ സംസ്ഥാന  ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ സർക്കാരിന്റെ അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടി. പട്ടണം റഷീദ്‌ സംസാരിക്കുന്നു.

തലൈവി

എൽഎൽബി കഴിഞ്ഞ്‌ നർത്തകിയായി കർണാടകത്തിൽനിന്ന്‌ തമിഴ്‌നാട്ടിലെത്തി നടിയായ ജയലളിതയും എം ജി ആറുമായുള്ള സൗഹൃദവും പ്രണയവുമാണ്‌ ചിത്രത്തിലെ വിഷയം. എം ജി ആറിന്റെ   മരണത്തോടെ ആരംഭിക്കുന്ന സിനിമ, തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്യുന്നിടത്ത്‌ അവസാനിക്കുന്നു. രാഷ്ട്രീയപശ്‌ചാത്തലമില്ലാതിരുന്ന ജയലളിത എങ്ങനെ തലൈവി ആയെന്നാണ്‌ സിനിമ ചർച്ചചെയ്യുന്നത്‌. എം ജി ആറിന്റെ  മരണസമയത്ത്‌ അവർ നേരിട്ട അവഗണനയും പരിഹാസവും ഒടുവിൽ അവരെ തള്ളിപ്പറഞ്ഞവർക്കു മുമ്പിൽ ‘ അംഗീകരിക്കപ്പെട്ടതിന്റെ കഥകൂടിയാണിത്‌. മേക്കപ്‌ ആർട്ടിസ്റ്റ്‌ എന്ന നിലയിൽ  ഏറ്റവും വെല്ലുവിളി നേരിട്ട സിനിമയാണിത്‌. അരവിന്ദ്‌ സ്വാമിയാണ്‌ എം ജി ആറായി വേഷമിട്ടത്‌.   ജയലളിതയെയും എം ജി ആറിനെയും കണ്ടവരും അവരെ നന്നായി അറിയുന്നവരും നമുക്കിടയിലുള്ളതിനാൽ സൂക്ഷ്‌മമായാണ്‌ ഇരുവരെയും ഒരുക്കിയത്‌. അവരിലേക്ക്‌ രൂപമാറ്റം വരുമ്പോൾത്തന്നെ നടീ-നടന്മാരുടെ സ്വത്വം നിലനിർത്താനുമാകണം.  അല്ലെങ്കിൽ പ്രച്ഛന്നവേഷമാകും. അതായിരുന്നു ടാസ്‌ക്‌. അരവിന്ദ്‌ സ്വാമിയും കങ്കണയും വേണം. അവരിൽ എം ജി ആറും ജയലളിതയും നിറയുകയും വേണം.

കങ്കണയും അരവിന്ദ്‌ സ്വാമിയും

ഇരുവരും നന്നായി സഹകരിച്ചു.  എ എൽ വിജയ്‌ സിനിമയെക്കുറിച്ച്‌ പറഞ്ഞപ്പോൾ അമേരിക്കയിലെ ജാസൻ കോളിൻസ്‌ മേക്കപ്‌ സ്റ്റുഡിയോയുടെ സഹായം തേടി. അവരുടെ  പ്രോസ്‌തെറ്റിക്‌ മേക്കപ്പിൽ കങ്കണയെ ജയലളിതയാക്കിയെങ്കിലും ‘തലൈവി’യുടെ ആദ്യ പോസ്റ്റർ പ്രേക്ഷകർ അംഗീകരിച്ചില്ല. സോഷ്യൽ മീഡിയയിൽ  പരിഹാസവും അവഗണനയും. കങ്കണയുടെ കവിളിനുള്ളിൽ ക്ലിപ്‌ ചെയ്‌ത്‌ മുഖം വീർപ്പിക്കുന്ന രീതിയാണ്‌ പിന്നീട്‌ സ്വീകരിച്ചത്‌. മേക്കപ്‌ ടെസ്റ്റൊക്കെ പലവട്ടം നടത്തി. ഹിമാചലിലെ കുളുവിൽ അവരുടെ വീട്ടിൽ പോയാണ്‌ അതൊക്കെ ചെയ്‌തത്‌. കങ്കണയ്‌ക്ക്‌ സുരക്ഷാഭീഷണിയുള്ളതിനാൽ ആറ്‌ ബ്ലാക്ക്‌ ക്യാറ്റ്‌ കമാൻഡോകൾ ഒപ്പമുണ്ട്‌. ചിത്രീകരണസമയത്ത്‌ മൂന്നു മണിക്കൂറാണ്‌ ജയലളിതയെ ഒരുക്കാൻ എടുത്തത്‌.   കഥാപാത്രത്തെ ജനം ഏറ്റെടുത്തപ്പോൾ അതിന്റെ ക്രെഡിറ്റ്‌ എനിക്കുകൂടി തന്നു. അരവിന്ദ്‌ സ്വാമിയെയും മൂന്നു മണിക്കൂർകൊണ്ടാണ്‌ എം ജി ആറാക്കി മാറ്റിയത്‌. അദ്ദേഹവും എല്ലാ വേദികളിലും എന്റെ പേര്‌ പറയാറുണ്ട്‌.  സിനിമ ഇറങ്ങിയശേഷവും മണിക്കൂറുകളോളം ഫോണിൽ വിളിച്ച്‌ അദ്ദേഹം സംസാരിച്ചിരുന്നു. മലയാള സിനിമയിൽ ഇത്‌ വളരെ അപൂർവമാണ്‌. സിനിമ കണ്ട്‌ ഷങ്കർ ഉൾപ്പെടെയുള്ള സംവിധായകർ വിളിച്ചു.   മേക്കപ്‌മാനോടൊപ്പംനിന്ന്‌ ഫോട്ടോ എടുക്കാൻ എന്റെ ഹോട്ടൽ റൂമിൽ ആളുകൾ എത്തിയത്‌ എനിക്ക്‌ പുതിയ അനുഭവമായിരുന്നു. നാൽപ്പതിലേറെ കഥാപാത്രങ്ങൾക്കും നൂറുക്കണക്കിനു ജൂനിയർ ആർട്ടിസ്റ്റുകൾക്കും ചമയമിട്ടത്‌ എന്റെ ടീമാണ്‌. കരുണാനിധിയായി അഭിനയിച്ച നാസറിന്റെ മേക്കപ്പും വെല്ലുവിളിയായിരുന്നു.

മാറിയ തമിഴ്‌നാട്‌

സിനിമയും തമിഴ്‌ ജനതയുമെല്ലാം മാറുകയാണ്‌. സ്റ്റാലിൻ സർക്കാർ മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ചു. പല കാര്യത്തിലും പിണറായി സർക്കാരാണ്‌ അവർക്ക്‌ മാതൃക. രാഷ്ട്രീയത്തിലെ ബിംബവൽക്കരണമൊക്കെ മാറിവരുന്നുണ്ട്‌. ജനങ്ങളില്ലാതെ സർക്കാരില്ല എന്ന തിരിച്ചറിവ്‌ പുതിയ ഭരണാധികാരികൾക്കുണ്ട്‌.

കോവിഡും കലാകാരന്മാരും

ഏറ്റവും ബുദ്ധിമുട്ടിയത്‌ കലാപ്രവർത്തകരാണ്‌. നാടക, മേക്കപ്‌, മിമിക്രി, ചെണ്ട, കഥകളി തുടങ്ങി വിവിധ മേഖലകളിലെ കലാപ്രവർത്തകരുടെ ജീവിതം പഴയ അവസ്ഥയിലെത്താൻ കാലം കുറെ എടുക്കും. സർക്കാർ പറ്റാവുന്നതൊക്കെ ചെയ്യുന്നുണ്ട്‌.  ഇനിയും ശ്രമം നടത്തേണ്ടിവരും.

‘ചമയം പട്ടണം റഷീദ്‌’

ഏഴു വർഷമായി ഗവേഷണം നടത്തി എഴുതിയ പുസ്‌തകം ‘ചമയം പട്ടണം റഷീദ്‌’പൂർത്തിയായി. ലോകത്ത്‌ മേക്കപ്‌ എങ്ങനെയാണ്‌ ഉണ്ടായത്‌, അതിന്റെ രസതന്ത്രം, ചരിത്രം എല്ലാം  പ്രതിപാദിക്കുന്നു. ഈ മേഖലയിലെ ഗുരുക്കന്മാർ, ഹോളിവുഡ്‌ മേക്കപ്‌ സങ്കേതങ്ങൾ, നാടൻ–- നാടോടി കലകളിലെ മേക്കപ്‌ രീതികൾ, കൂത്ത്‌, തെയ്യം, കഥകളി, പൊറാട്ട്‌ നാടകം തുടങ്ങിയ കലാരൂപങ്ങളിലൊക്കെ മേക്കപ്‌ എങ്ങനെ വന്നു എന്ന അന്വേഷണംകൂടിയാണ്‌ പുസ്‌തകം. പ്രമുഖരുമായുള്ള അഭിമുഖങ്ങളും സിനിമാ അനുഭവങ്ങളും പുസ്‌തകത്തിലുണ്ട്‌. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌  പ്രസിദ്ധീകരിക്കുന്ന പുസ്‌തകം അടുത്ത ഫിലിം ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യാനാണ്‌  ശ്രമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top