02 May Thursday

സദനം അരങ്ങിലെ സവ്യസാചി

അപ്പുക്കുട്ടൻ സ്വരലയംUpdated: Sunday Sep 26, 2021

മലയാളം സർവകലാശാല ഡിലിറ്റ് ബിരുദം നൽകി ആദരിക്കുന്ന സദനം കൃഷ്‌ണൻകുട്ടിയുടെ കഥകളിജീവിതം വിശിഷ്‌ടവും വൈവിധ്യപൂർണവുമാണ്‌ 

കേരളത്തിൽ തെക്കും വടക്കും ഒരുപോലെ അംഗീകരിക്കപ്പെട്ട നടൻ. കഥകളിയിലെ പച്ച, കത്തി, വെള്ളത്താടി എന്നീ വേഷങ്ങളിൽ  ഒരുപോലെ തിളങ്ങിയ പ്രതിഭ. കഥകളിയിലെ എല്ലാ കഥാപാത്രങ്ങളെയും അനായാസേന രംഗത്തവതിരിപ്പിക്കാൻ കഴിവുള്ള നടൻമാരിൽ ഒരാൾ. സദനം കൃഷ്‌ണൻകുട്ടിക്കുമാത്രം അവകാശപ്പെടാവുന്ന നേട്ടങ്ങൾ.  അടിയുറച്ച താളബോധവും അഭ്യാസബലവുമാണ്‌ ആ അവതരണ ശുദ്ധിയുടെ മാറ്റുകൂട്ടുന്നത്‌.   

1941ൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ ജനിച്ച കൃഷ്‌ണൻകുട്ടിയുടെ ബാല്യം കഷ്‌ടപ്പാട്‌ നിറഞ്ഞതായിരുന്നു. അച്ഛന് ചായക്കട. വലിയ കുടുബം. അക്കാലത്ത് കഥകളിയില്ലാത്ത ഒരുത്സവം പോലും  വള്ളുവനാട്ടിലില്ല. ബാല്യകാലത്ത്  കണ്ടതും കേട്ടതും കഥകളി മാത്രം.

ഈ അഭിനിവേശം കാരണം, കൃഷ്‌ണൻകുട്ടി  പ്രസിദ്ധ നടൻ വാഴേങ്കട കുഞ്ചുനായരിൽനിന്ന് കത്തുവാങ്ങി 1956ൽ  കലാമണ്ഡലത്തിൽ എത്തി. അക്കാലത്ത് കലാമണ്ഡലത്തിലെ പ്രഗത്ഭരെല്ലാം  സ്ഥാപനവുമായുണ്ടായ അഭിപ്രായ വ്യത്യാസം കാരണം ഗാന്ധി സേവാസദനത്തിൽ അന്തേവാസികളായി പോയിക്കഴിഞ്ഞിരുന്നു. മറ്റൊന്നും ചിന്തിക്കാതെ കൃഷ്‌ണൻകുട്ടി സദനത്തിൽ എത്തി കഥകളി പഠനം ആരംഭിച്ചു. പട്ടിക്കാംതൊടിയുടെ പ്രഥമ ശിഷ്യൻ തേക്കിൻകാട്ടിൽ രാവുണ്ണി നായർ സദനത്തിലെ ആശാനായി നിയോഗിക്കപ്പെടുകയും ചെയ്‌തു. നീണ്ട അഞ്ച് വർഷം തേക്കിൻകാട്ടിൽ രാവുണ്ണി നായരുടെ ശിക്ഷണത്തിൽ കൃഷ്‌ണൻകുട്ടി ചിട്ടപ്രധാനമായ അദ്യവസാന വേഷങ്ങൾ ചൊല്ലിയാടി ഉറപ്പിച്ചു. കഥകളിക്കുള്ള കേന്ദ്രസർക്കാരിന്റെ  ആദ്യ സ്‌കോളർഷിപ്‌ ലഭിച്ചത്‌  കൃഷ്‌ണൻകുട്ടിക്കായിരുന്നു.  

1962 മുതൽ 1965 വരെ കിഴ്പ്പടം കുമാരൻനായരുടെ കീഴിൽ ഉപരിപഠനം. തേക്കിൻകാട്ടിൽ രാവുണ്ണി നായർ, കീഴ്പ്പടം കുമാരൻ നായർ, കോട്ടക്കൽ കൃഷ്‌ണൻകുട്ടി നായർ, ശങ്കരൻ എമ്പ്രാന്തിരി എന്നീ പ്രഗത്ഭരായ കഥകളി ആചര്യൻമാരുടെ കീഴിൽ ഒമ്പത് വർഷം നേടിയ കഠിനശിക്ഷണം ഏത് വേഷവും നിഷ്‌പ്രയാസം കൈകാര്യംചെയ്യാൻ  കൃഷ്‌ണൻകുട്ടിയെ പ്രാപ്തനാക്കി.

1956ൽ ഗാന്ധി സേവാസദനത്തിൽ കല്ല്യാണസൗഗന്ധികത്തിലെ കൃഷ്‌ണനായി അരങ്ങേറി.  കഥകളി പഠിച്ച്‌ പുറത്തിറങ്ങിയ കൃഷ്‌ണൻകുട്ടി   ആത്മാർഥതയോടെ  അരങ്ങുകളെ സമീപിക്കാൻ തുടങ്ങി. പട്ടിക്കാംതൊടിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഒട്ടുമിക്ക ശിഷ്യർക്കൊപ്പവും കൂട്ടുവേഷങ്ങൾ ചെയ്യാൻ  സാധിച്ചു.  ഒരാളെയും അനുകരിക്കാതെ ഓരോ വേഷങ്ങൾക്കും തന്റേതായ അരങ്ങുപാഠം നിശ്ചയിച്ചു കൊണ്ട്  പ്രശംസ നേടി.

നളൻ, രാവണൻ, നരകാസുരൻ, ദുര്യോധനൻ, ഹനുമാൻ എന്നിവയ്‌ക്ക് പുറമെ ചിട്ട പ്രധാനങ്ങളായ പച്ചവേഷവും പ്രസിദ്ധം. ആട്ടക്കഥയിലും  സാന്നിധ്യമറിയിച്ചിട്ടുണ്ട്.   അരങ്ങത്ത് വന്നാൽ വല്ലാത്തൊരു വശ്യതയാണ്‌ കൃഷ്‌ണൻകുട്ടിയുടെ വേഷങ്ങൾക്കുള്ളത്‌.  കാവാലത്തിന്റെ മാറാട്ടം നാടകം സിനിമയാക്കിയപ്പോൾ കേളു ആശാനെ അവതരിപ്പിച്ചത്‌ കൃഷ്‌ണൻകുട്ടിയായിരുന്നു. ദീർഘകാലത്തെ കലാസപര്യക്ക് ഇപ്പോൾ മലയാളം സർവകലാശാല ഡിലിറ്റ് ബിരുദം പ്രഖ്യാപിച്ചിരിക്കയാണ്. ഒരോ അരങ്ങിനെയും വൈവിധ്യപൂർണമാക്കുന്ന സദനത്തിന്റെ അഭിനയമധുരിമയ്‌ക്കുള്ള വിശിഷ്‌ടമായ അംഗീകാരമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top