29 March Friday

എന്താണ് പഞ്ഞമാസം? എന്തുകൊണ്ട് അധ്യാത്മരാമായണം?

ഡോ. എൻ ആർ ഗ്രാമ പ്രകാശ്Updated: Sunday Jul 26, 2020

ഹൈന്ദവജനതയുടെ ആചാരങ്ങൾ, ജീവിതരീതി, അനുഷ്‌ഠാനങ്ങൾ ഇവയെല്ലാം നിശ്ചയിച്ചിരുന്ന സ്‌മൃതികളിലോ താന്ത്രികഗ്രന്ഥങ്ങളിലോ പുരാണങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒന്നാണ് രാമായണമാസാചരണം. മലയാളികളുടെ സവിശേഷമായ ഭക്തിപ്രകടന പാരമ്പര്യമായി അത് തുടരുന്നു. സന്ധ്യക്ക് വിളക്കുവച്ച് രാമായണം വായന നടത്തുന്നതിനായി പ്രചരിക്കുന്ന കഥകളേറെയും ഊഹാപോഹങ്ങൾ. സൂര്യൻ ദക്ഷിണായനത്തിൽ സഞ്ചരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ദോഷമകറ്റാൻ രാമായണപാരായണം വിധിച്ചതായി ചിലർ. മഴക്കാലത്ത്‌ പഞ്ഞത്തിലും പട്ടിണിയിലുമാകയാൽ കഷ്‌ടപ്പാടു നീക്കി മനസ്സിനു സ്വാസ്ഥ്യം കിട്ടാൻ ഭക്തിയിൽ മുഴുകുന്നതാണ് രാമായണം വായനയെന്നു മറ്റു ചിലർ. ഹനുമാന്റെ സന്ധ്യാപ്രാർഥനയുമായി ബന്ധപ്പെടുത്തുന്നു മൂന്നാമതൊരു കൂട്ടർ.

കഥകളല്ലാതെ ഒരു പ്രമാണവും ഇതിനില്ല. കർക്കടകത്തിൽ പാരമ്പര്യമായി ഹൈന്ദവർ രാമായണം വായിച്ചുവരുന്നു എന്നേ പറയാറുള്ളു. ഇതെങ്ങനെ നടപ്പിലായി? മറുപടിയില്ല. ചമച്ച കഥകൾക്കൊന്നും വലിയ പഴക്കവുമില്ല. 1982ൽ എറണാകുളത്തു നടന്ന വിശാല ഹിന്ദു സമ്മേളനമാണ് കർക്കടകമാസം രാമായണമാസമായി ആചരിക്കാൻ തീരുമാനിച്ചതെന്ന വമ്പൻ നുണയ്‌ക്ക് വലിയ പ്രചാരമുണ്ട്. സംഘടിതമായ ഹിന്ദുത്വ അജൻഡ പിന്നീടു രാമായണപ്രചാരണം രാഷ്ട്രീയ പ്രയോഗമാക്കി.  

എന്താണ് യാഥാർഥ്യം?

 പഞ്ഞമാസമെന്നു വിശേഷിപ്പിക്കുന്ന കർക്കടകത്തിൽ എഴുത്തും വായനയും അറിയുന്ന വീടുകളിൽ കഴിയുന്നവർ രാമായണം വായന പതിവാക്കിയിരുന്നു.  എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ് വായിച്ചിരുന്നത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇതിനു പ്രചാരമേറി നിന്നത്. ഇവിടെ രണ്ടു കാര്യങ്ങൾക്ക്‌ വിശദീകരണം ആവശ്യമുണ്ട്. ഒന്ന്. എന്താണ് പഞ്ഞമാസം? രണ്ട്. എന്തുകൊണ്ട് അധ്യാത്മരാമായണം?

ബിസി മൂന്നാം നൂറ്റാണ്ടുമുതൽ എഡി എട്ടാം നൂറ്റാണ്ടുവരെ കേരളത്തിൽ വ്യാപകപ്രചാരമുണ്ടായിരുന്ന ബുദ്ധമതം കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിൽ മായാത്ത മുദ്രകൾ ചാർത്തിയിട്ടുണ്ട്. ബുദ്ധമതാനുയായി ആയ അശോകചക്രവർത്തിയുടെ ഭരണകാലമാണ് ബിസി മൂന്നാം ശതകം. ഇക്കാലംമുതൽ ബുദ്ധപ്രഭാവം കേരളത്തിൽ ആരംഭിച്ചതായി ചരിത്രകാരൻ എ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ നടന്ന ആധ്യാത്മികയജ്ഞത്തോടെ നാമാവശേഷമാകാൻ തുടങ്ങിയ ബുദ്ധമതം, ഹിന്ദുമതമാകുന്ന സമുദ്രത്തിൽ ലയിച്ചുചേരുകയാണുണ്ടായതെന്ന് അദ്ദേഹം തുടർന്ന് അഭിപ്രായപ്പെടുന്നു. ആ മതത്തെ ഉൾക്കൊണ്ടപ്പോൾ അതിലെ ജനപ്രീതി നേടിയ ഉത്സവങ്ങളും ആരാധനാക്രമങ്ങളും ക്ഷേത്രങ്ങളിൽ തുടർന്നു നടത്താൻ ഹിന്ദുമതം തയ്യാറായി.

ശരണത്രിരത്‌നങ്ങളുമായി അവലോകിതേശ്വര ബുദ്ധനെ (ധർമശാസ്‌താവ്) തേടിയുള്ള യാത്രയുടെ തുടർപാരമ്പര്യമാണ് ശബരിമലയാത്ര. ആര്യവൈദ്യം, ആയുർവേദം, ആര്യവേപ്പ്, പള്ളി, എഴുത്തുപള്ളി, കുട്ടൻ, കുട്ടമംഗലം തുടങ്ങിയ ആയിരക്കണക്കിന് പാലിപദങ്ങൾ അതിന്റെ ബാക്കിപത്രമാണ്. സംസ്‌കൃതപഠനത്തിന് ഉപയോഗിച്ചിരുന്ന സിദ്ധരൂപം തുടങ്ങിയിരുന്നത് വൃക്ഷശബ്ദത്തോടെയാണ്. വൃക്ഷം, ബോധിവൃക്ഷം തന്നെ. ഇന്നത് ‘രാമ' എന്നായി. പ്രാചീനകാലത്ത് വിദ്യാരംഭം കുറിച്ചിരുന്നത്. നമോതു ചിനതേ (നമോസ്‌തു ജിനതേ = ബുദ്ധനെ നമിക്കുന്നു) എന്ന പാലി പ്രയോഗത്തോടെ ആയിരുന്നു. ഹരിശ്രീ എന്ന് അത് മാറി.  

മലയാളി ചരിത്രം അറിയാതെ ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് ‘അയ്യോ'. ആപത്തോ ആശ്ചര്യമോ പ്രാർഥനയോ പ്രകടിപ്പിക്കേണ്ടി വരുമ്പോൾ ഉയരുന്ന വ്യാക്ഷേപക ശബ്‌ദം. ദൈവമേ, ഈശോ, കർത്താവേ, അള്ളാ, കൃഷ്‌ണാ എന്നൊക്കെയുള്ള വിളിക്കു സമാനം. ഈ ആരാധനാമൂർത്തി ബുദ്ധനാണ്. ശ്രേഷ്‌ഠൻ എന്ന അർഥത്തിൽ ബുദ്ധനെ വിശേഷിപ്പിക്കുന്ന ആര്യശബ്‌ദത്തിന്റെ പ്രാകൃതരൂപങ്ങളാണ് അയ്യനും അജ്ജനും. പ്രാകൃതഭാഷ ഉപയോഗിച്ചിരുന്നത് ബുദ്ധമതാനുയായികളാണ്. അയ്യോ, അച്ചോ എന്നിവ വെറും വ്യാക്ഷേപകശബ്‌ദങ്ങളല്ല ബുദ്ധനെ സ്‌മരിച്ചുള്ള ശരണം വിളിയാണ്.  അയ്യോ എന്നെങ്ങാൻ പറഞ്ഞാൽ കൃഷ്‌ണാ എന്നു പറയണമെന്ന്‌ തിരുത്തിയിരുന്ന  അധ്യാപികമാരെയും മുതിർന്നവരെയും ഓർക്കുന്നു. ഹിന്ദുമതത്തിന്റെ പ്രത്യയശാസ്‌ത്ര പ്രവർത്തനത്തിലെ ചെറിയ കണ്ണികൾ

 എ ശ്രീധരമേനോൻ പ്രസ്‌താവിച്ചതുപോലെ ഹിന്ദുമതമാകുന്ന സമുദ്രത്തിൽ ലയിച്ചുചേർന്ന ബുദ്ധമതത്തിലെ ഒരാചാരവിശേഷങ്ങളിൽ ഒന്നാകണം പഞ്ഞമാസാചരണവും. പഞ്ഞവും പട്ടിണിയും മറക്കാൻ ജനങ്ങൾ രാമായണം വായിച്ചു കഴിഞ്ഞു കൂടുന്നുവെന്നതിനു യുക്തിയുക്തമായ ഒരു പ്രമാണവുമില്ല. പഞ്ഞ (pan‌na) പാലി പദമാണ്. സംസ്‌കൃതത്തിലാകുമ്പോൾ അത് പ്രജ്ഞ എന്നാകും. അജ്ജ, ആര്യൻ ആകുന്നത് 

പോലെ. പഞ്ഞമാസമെന്നത് ബുദ്ധമതക്കാരുടെ സവിശേഷമായ ആരാധനാക്രമമാണ്. അവരിൽ തന്നെ ഭിക്ഷുക്കൾ മഴക്കാലത്ത് സഞ്ചാരം ഒഴിവാക്കുകയും വിഹാരങ്ങളിലോ മറ്റേതെങ്കിലും സ്ഥലത്തോ സമ്മേളിച്ച് പഠനത്തിലും ധ്യാനത്തിലും മുഴുകുകയും ചെയ്യുന്നു. സാർഥവാഹകസംഘാംഗങ്ങളടക്കമുള്ളവരും മതാനുയായികളും ഇത് തുടർന്നു. ഭിക്ഷുക്കളെ പരിചരിക്കേണ്ടതുകൊണ്ട് ഗൃഹസ്ഥർ മത്സ്യമാംസാദികൾ വെടിയുന്നു. പ്രജ്ഞയെ, മേധാശക്തിയെ വർധിപ്പിക്കുക ലക്ഷ്യമിട്ടുള്ള ഈ ധ്യാനമനനരീതി തുടങ്ങിവച്ചത് ബുദ്ധൻ തന്നെ. വസ്സാ എന്നു പാലിയിലും വർഷാ എന്ന് സംസ്‌കൃതത്തിലും ഇതിനെ വിശേഷിപ്പിക്കുന്നു.

ബുദ്ധന്റെ ഉപാസകനായ അനാഥപിണ്ഡികൻ ജേതവനം വിലയ്‌ക്കു വാങ്ങുകയും താമസത്തിനും പ്രാർഥനയ്‌ക്കും പറ്റിയ വിഹാരം നിർമിക്കുകയുംചെയ്‌തു, ഗന്ധകുടിയെന്ന പേരിൽ. വസ്സായുടെ തുടക്കമിട്ട് ആദ്യഭജനം നടന്നത് സാരാനാഥിലെ ഹരിണകുടിയിൽ ആയിരുന്നു. പിന്നീടു ബുദ്ധപ്രചാരമുള്ള സ്ഥലങ്ങളിൽ ഇത്തരം കുടികൾ ഉയർന്നു. കേരളത്തിലെ ചാലക്കുടി ഇതിൽപ്പെട്ടതത്രെ. മഴക്കാലത്താണ് ഈ കൂടിച്ചേരൽ. ബൗദ്ധരുടെ ഭജനപരിപാടിയുടെ തുടർച്ചയാകണം പഞ്ഞമാസാചരണം. വൃക്ഷശബ്‌ദം രാമശബ്‌ദമായതുപോലെ മതപരമായ അടയാളങ്ങളിൽ മാറ്റം വന്നു. 

ധർമപദം, വിനയപിടകം, പഞ്ചശുദ്ധി ആചരണം എന്നിവയ്‌ക്കു പകരം ആര്യവൽക്കരണം ശക്തമായതോടെ രാമായണം വായിച്ചു തുടങ്ങി. അതും അധ്യാത്മരാമായണമാണ്, വാൽമീകി രാമായണമല്ല എന്ന് പ്രത്യേകം ഓർക്കണം. ബ്രാഹ്മണാധീശതയ്‌ക്കും ജാതി വേർതിരിവിനുമെതിരെ ശബ്‌ദിക്കുന്ന അധ്യാത്മരാമായണം ഭൂമിയിലെ ചെറിയവർക്കായി രചിക്കപ്പെട്ടതുമാണ്. ഗ്രന്ഥകർത്താവ് ബ്രാഹ്മണമതത്തേക്കാൾ ശ്രമണ മതങ്ങളോട്‌ ആഭിമുഖ്യമുള്ളയാൾ ആണ്.

എഴുത്തുപള്ളി അല്ലെങ്കിൽ പള്ളിക്കൂടത്തിലെ വാധ്യാരാണ് എഴുത്തച്ഛൻ. വ്യാപാരികളായ പട്ടാര്യൻ -പട്ടരായത് പോലെ എഴുത്താര്യന്മാർ പിന്നീട് എഴുത്തച്ഛൻ ആയതാകാനാണ് സാധ്യത. ബുദ്ധ/ ജൈന പാരമ്പര്യവുമായി ആന്ധ്ര നാട്ടിൽനിന്നു കേരളത്തിലേക്കു കടന്നുവന്ന എഴുത്താര്യന്മാരുടെ പിൻതലമുറയ്‌ക്കേ അന്നത്തെ ബ്രാഹ്മണ മേധാവിത്വത്തെ ധിക്കരിക്കാൻ ധൈര്യം വരൂ. അധ്യാത്മരാമായണമെഴുതിയതിന്‌ അന്നത്തെ രാജാവിനെ സേവ പിടിച്ച് ജാതി ബ്രാഹ്മണർ വാങ്ങിക്കൊടുത്ത ശിക്ഷ ചക്കാലനായർ എന്ന ജാതിതാഴ്‌ത്തൽ ആയിരുന്നു. എന്തായാലും വലിയ ബുദ്ധമത പാരമ്പര്യമാണ് എഴുത്തച്ഛനിലൂടെ കൈമാറിയത്. ജാതിക്കും ബ്രാഹ്മണാധീശതയ്‌ക്കുമെതിരെയുള്ള വരികൾ ഭക്തിക്കിടയിൽ വായിക്കുകയെന്നത് പ്രധാനമാണ്. അധ്യാത്മരാമായണം മാറ്റി ചിലർ വാൽമീകി രാമായണം വായനയിലേക്കു കടക്കുന്നുണ്ട്. അത് ആചാരലംഘനമാണെന്നു പറയണം. 

വൈശാഖത്തിലെ കറുത്തവാവുമുതൽ ആഷാഢവാവിന്റെ തലേന്നാൾവരെയാണ് ഉത്തരേന്ത്യയിലെ മഴക്കാലം. അജന്ത, എല്ലോറ അടക്കമുള്ള വിഹാരങ്ങളിലും ചൈത്യങ്ങളിലും ബുദ്ധഭിക്ഷുക്കളും അനുയായികളും കൂടിയിരുന്നു ഭജന നടത്തിയിരുന്നത് ഇക്കാലങ്ങളിലാണ്. പ്രസിദ്ധങ്ങളായ ഈ വിഹാരങ്ങളേറെയും കച്ചവടപാതയുടെ സമീപത്തിലാണെന്നതു ശ്രദ്ധേയമാണ്. കേരളത്തിൽ കർക്കടകമാണ് വർഷകാലം. അങ്ങനെ ആ മാസം പ്രജ്ഞ അല്ലെങ്കിൽ പഞ്ഞമാസമായി. കർക്കടകം പഞ്ഞമാസം തന്നെ. 

 കടപ്പാട്: ബുദ്ധന്റെ കാല്പാടുകൾ–- പ്രൊഫ. പി ഒ പുരുഷോത്തമൻ ( അവതാരിക -പി ഗോവിന്ദപിള്ള)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top