29 March Friday

അരങ്ങിൽ ‘മിഥുനംപള്ളം ഭക്ത മാർക്കണ്ഡേയ’ നാടക സംഘം

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Feb 26, 2023

ഇതൊരു പാഠമാണ്‌, കാലങ്ങളിൽ നിന്നും കാലങ്ങളിലേക്കുള്ള പകർന്നു നൽകലിന്റെ മഹാപാഠം. അണിചേർന്നുനിൽക്കുന്ന ഒരു കൂട്ടംപേർ കാലത്തോടുള്ള വലിയ ഉത്തരവാദിത്വമായി ഇതിനെ കാണുന്നു, മാർക്കണ്ഡേയ നാടകം. കുഞ്ഞുങ്ങൾ ജനിക്കാൻ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന വഴിപാടായാണ്‌ ഈ നാടകം പ്രധാനമായും അവതരിപ്പിക്കുന്നത്‌. അല്ലാതെയും ക്ഷേത്രങ്ങളിൽ അവതരിപ്പിക്കാറുണ്ട്‌. പാലക്കാട്‌ ജില്ലയുടെ സ്വന്തം കലാരൂപമായ മാർക്കണ്ഡേയ നാടകം അന്യം നിൽക്കാതിരിക്കാൻ കൊടുമ്പ്‌ മിഥുനംപള്ളത്തെ യുവതലമുറ അക്ഷീണം പ്രയത്‌നിക്കുന്നു. വർഷം മുഴുവൻ ഒരു ഗ്രാമമൊന്നാകെ നാടകം കളിക്കാനുള്ള ഒരുക്കത്തിലാകും. ഏതുതിരക്കിലും ഇവർ പാട്ടും താളവുമായെല്ലാം ഈ നാടകത്തിന്‌ പിറകെത്തന്നെയുണ്ട്‌. ജീവിതചര്യ കണക്കേ.

ആയിരത്തിലേറെ വർഷം പഴക്കമുണ്ടെന്ന്‌ കരുതുന്ന ഈ നൃത്ത സംഗീത നാടകത്തിന്‌ ഇന്നും ആസ്വാദകരേറെയാണ്‌. ശിവരാത്രി ദിവസമാണ്‌ പ്രധാന അവതരണം. ഇത്തവണയും ഈ ഗ്രാമീണർ ഒത്തുചേർന്നു. കോവിഡിന്‌ ശേഷമുള്ള കാലമായതിനാൽ വിപുലമായി നടത്താനായില്ലെന്ന മുഖവുരയോടെ അവർ നാടകവർത്തമാനം തുടർന്നു.

ഏറെ പഴക്കമെങ്കിലും

150 വർഷം മുമ്പ്‌ നഞ്ചുണ്ട ഗുരു എലപ്പുള്ളി പള്ളത്തേരി ഉദുവക്കാടിൽ ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ചാണ്‌ പാലക്കാട്‌ നാടകത്തിന്റെ തുടക്കം. മാർക്കണ്ഡേയ വേഷം കെട്ടിയ സ്വാമിനാഥൻ പിന്നീട്‌ ഇത്‌ മറ്റുള്ളവരെയും അഭ്യസിപ്പിച്ചു. ആദ്യമായി നാടകം കളിക്കാൻ അവസരം കിട്ടിയ ആഹ്ലാദത്തിൽ പ്രദേശത്തെ ചെറുപ്പക്കാരും കൂടെക്കൂടി. തുടർന്ന്‌ മിഥുനംപള്ളത്ത്‌ ഒരു നാടകസംഘം രൂപീകരിച്ചു. അക്കാലത്ത്‌ ഏഴ്‌ ദിവസം നീണ്ടു നിൽക്കുന്ന  അവതരണമായിരുന്നു. തുടർന്ന്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  അവതരിപ്പിച്ചു.

ഇപ്പോൾ ഒരു ദിവസം ഒമ്പത്‌ മണിക്കൂറാക്കിയാണ്‌ അവതരണം.  ‘മിഥുനംപള്ളം ഭക്ത മാർക്കണ്ഡേയ’ നാടക സംഘത്തിൽ പതിനെട്ടോളം പേർ  അംഗങ്ങളാണ്‌. വേറെയും ചില സമിതികൾ നാടകം അവതരിപ്പിക്കുന്നുണ്ട്‌. തമിഴിലാണ്‌ നാടക അവതരണം. മാർക്കണ്ഡേയന്റെ ആയുസ്സുമായി ബന്ധപ്പെട്ട്‌ ശിവനും യമനും തമ്മിലുള്ള സംവാദമാണ്‌ വിഷയം. രാത്രി ആരംഭിക്കുന്ന നാടകം പുലർച്ചെ സമാപിക്കും. പ്രദേശത്തെ വീടുകളിൽ നിന്നും സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധിപേർ നാടകം കാണാനെത്തും. വിവാഹം കഴിഞ്ഞ്‌ പോയ സ്‌ത്രീകളും ഈ ദിവസങ്ങളിൽ തങ്ങളുടെ വീട്ടിലേക്ക്‌ വരും. നാടകം കൂടാൻ. 

പിരിവെടുത്താണ്‌ സംഘം നാടകം കളിക്കാൻ പണം സ്വരൂപിക്കുന്നത്‌. മൃദംഗം, ചെണ്ട, ഹാർമോണിയം, ഇലത്താളം, തപ്പ്‌ എന്നിവയാണ്‌ വാദ്യോപകരണങ്ങൾ.

പാടിയും നൃത്തം ചെയ്‌തും നാടകം അവതരിപ്പിക്കേണ്ടതിനാൽ ശാരീരിക അധ്വാനം കൂടുതൽ വേണം. അതുകൊണ്ട്‌ തന്നെ അത്ര മാത്രം അർപ്പണബോധത്തോടെയേ നാടകം ചെയ്യാനാകു എന്ന്‌ നാടക ആശാൻ കുട്ടികൃഷ്‌ണൻ പറയുന്നു. മകൻ ഷിബുവും നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിപിഐ എം മിഥുനംപള്ളം ബ്രാഞ്ച്‌ സെക്രട്ടറിയായ ഷിബുവും പ്രദേശത്തെ കുട്ടികളെ ഒഴിവ്‌ സമയങ്ങളിൽ നാടകം അഭ്യസിപ്പിക്കുന്നു.

‘അട്ടവാണി’ യിൽ എല്ലാം ഭദ്രം

കളിപ്പന്തലിലാണ്‌ നാടകം കളിക്കുക. ഭൂമാ ദേവി അഥവാ ഭൂമി ദേവി, എന്ന സ്‌ത്രീ കഥാപാത്രത്തെയും പുരുഷൻ തന്നെ അവതരിപ്പിക്കും. കണ്ണീരോടുകൂടിയാണ്‌ സ്‌ത്രീകൾ നാടകം കാണുന്നതെന്ന്‌ സംഘത്തിലെ എൺപത്‌ വയസ്സ്‌ പിന്നിട്ട കനകൻ പറയുന്നു. ഓരോ രംഗം കഴിയുമ്പോഴും അത്രമാത്രം നാട്ടുകാർ നാടകവുമായി മനസ്സുകൊണ്ട്‌ ഒത്തുചേർന്നിരിക്കും. സന്തോഷങ്ങളിൽ പൊട്ടിച്ചിരിച്ചും സങ്കടങ്ങളിൽ ഏങ്ങിക്കരഞ്ഞും അവർ നാടകത്തിന്റെ കൂടെയുണ്ടാകും.

‘അട്ടവാണി’ എന്ന നാടകത്തിന്റെ സ്‌ക്രിപ്‌റ്റ്‌ ആശാന്റെ കൈയിൽ മാത്രമാണ്‌ ഉണ്ടാവുക. ഇത്‌ സംഘാംഗങ്ങളെ ചൊല്ലിക്കേൾപ്പിക്കും. അവർ ഏറ്റുപാടി പഠിക്കണം. നാടകം കാണാൻ വരുന്നവർ പഴം, തേങ്ങ എന്നിവയെല്ലാം കൊണ്ടുവരും. പുലർച്ചെ നാടകത്തിന്‌ ശേഷം ഇത്‌ പൂജ ചെയ്‌ത്‌ കാണികൾക്ക്‌ സമ്മാനിക്കും.  ഗണപതി, പൂജക്കുരുക്കൾ, കട്ടിയക്കാരൻ, നാരദൻ, മാർക്കണ്ഡേയൻ, യമൻ, ചിത്രഗുപ്‌തൻ, ശിവൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളുണ്ട്‌. കനകൻ ആശാൻ, കെ കുട്ടികൃഷ്‌ണൻ, കെ രാജപ്പൻ, കെ എം ചന്ദ്രൻ, ലക്ഷ്‌മണൻ എന്നിവരാണ്‌ ആശാൻമാർ. കേമമായി മേക്കപ്പും വസ്‌ത്രാലങ്കാരങ്ങളും വേണ്ടതിനാൽ വലിയ ചെലവ്‌ വരുന്നതാണ്‌ അവതരണം. എന്നാൽ നാടകത്തോടുള്ള ആത്‌മാർപ്പണത്താൽ അതൊന്നും കണക്കിലെടുക്കാതെ മിഥുനംപള്ളത്തുകാർ നാടകം കളി തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top