26 April Friday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Feb 26, 2023

വിപ്ലവകാരികളെ അറിയാൻ, പഠിക്കാൻ

മധു നീലകണ്ഠൻ

ആധുനിക മനുഷ്യസമൂഹത്തിലെ യജമാന വർഗത്തിന്റെ ആധിപത്യത്തിനും ചൂഷണത്തിനുമെതിരെ, ദേഹം കൊണ്ടും ബുദ്ധികൊണ്ടും വേല ചെയ്യുന്നവർ സ്വീകരിക്കുന്ന വിപ്ലവ പരിപ്രേക്ഷ്യമാണ് മാർക്സിസം. അതേസമയം അത് മനുഷ്യന്റെ സാമൂഹ്യവളർച്ചയുടെയാകെ സമഗ്രപഠനത്തിൽ അടിയുറച്ചു നിൽക്കുന്ന, നാൾക്കുനാൾ അഭിവൃദ്ധിപ്രാപിച്ചു വരുന്ന ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തവുമാണ്. ലോകത്തെമ്പാടും ഒട്ടേറെ വിപ്ലവകാരികളെ സൃഷ്ടിച്ച, സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ പ്രത്യയശാസ്ത്രത്തെ കുറിച്ചും വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചും സമഗ്രമായി പഠിച്ച പണ്ഡിതനും ചിന്തകനും ചരിത്രകാരനുമാണ് എറിക് ഹോബ്സ് ബാം. അതിൽ വിഖ്യാതമായ രചനയാണ് ‘വിപ്ലവകാരികൾ'.  ആർ പാർവതീദേവിയുടെ മൊഴിമാറ്റത്തോടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിപ്ലവകാരികൾ മലയാളത്തിലെ എക്കാലത്തേയും ഈടുറ്റ ഗ്രന്ഥങ്ങളിലൊന്നാകും. ലോക ചരിത്രത്തിൽ ഉജ്വലമായ ഏടുകൾ രചിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ, അവയുടെ ചരിത്രം,  മുന്നേറ്റം, കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ കാലം, മാർക്സും മാർക്സിസവും തുടങ്ങി വിപ്ലവം, ഒളിപ്പോര്,അട്ടിമറി, അരാജകവാദം എന്നിവ സംബന്ധിച്ച സൂഷ്മമായ അപഗ്രഥനമാണ്‌ ഈ കൃതി.  വിപ്ലവകാരികളെന്നു പറഞ്ഞാൽ തൊഴിലാളി വർഗമാണ്. നിലവിലുള്ള വ്യവസ്ഥയെ തകർത്ത് മറ്റൊന്ന് സ്ഥാപിക്കലാണ് വിപ്ലവകാരികളുടെ ദൗത്യം. ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പല പല ധാരകളുണ്ട്. ഇവരെല്ലാം വിപ്ലവകാരികൾ തന്നെ. ബുദ്ധിജീവികളും വിപ്ലവകാരികളാണ്. വിപ്ലവം നയിച്ചത് ബുദ്ധിജീവികളാണ്. ഇങ്ങനെ പലതരത്തിലുള്ള വിപ്ലവകാരികളെക്കുറിച്ചും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചും അറിയുന്നതിനും പഠിക്കുന്നതിനും ഏറെ സഹായകമാകും ഈ പുസ്തകം.

 

 

 

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള സഞ്ചാരവഴി

മനോഹരൻ മോറായി

ഉറപ്പായ മരണത്തിനും അനിശ്ചിതമായ ജീവിതത്തിനും ഇടയിലുള്ള സഞ്ചാരവഴികൾ അസാമാന്യ രചനാ കൗശലത്തോടെയാണ്‌ ‘നിങ്ങൾ’ എന്ന ഏറ്റവും പുതിയ നോ വലിൽ എം മുകന്ദൻ വരച്ചുവയ്‌ക്കുന്നത്‌. എഴുത്തുകാരനായ ഉണ്ണിക്കൃഷ്‌ണനിൽ നോവലിസ്റ്റിന്റെ ആത്മാംശങ്ങൾ അങ്ങിങ്ങ്‌ പ്രതിഫലിക്കുന്നില്ലേ എന്ന്‌ സംശയിക്കുമ്പോഴും വായനക്കാരനായ ‘നിങ്ങൾ’ പലപ്പോഴും കഥാനായകനിലേക്ക്‌ പരകായപ്രവേശം നടത്താതിരിക്കില്ല. ആദ്യമായാണ്‌ ഒരാൾ സ്വന്തം മരണം നാട്ടുകാരെ അറിയിക്കാനായി വാർത്താസമ്മേളനം നടത്തുന്നത്‌. ആത്മഹത്യയും സ്വാഭാവികവുമല്ലാത്ത ഒരു മരണം. ‘ആഗോളം’ പത്രത്തിന്റെ ട്രെയ്‌നി പാറു മരണത്തിന്റെ ഉള്ളുകള്ളികൾ അറിയാൻ കൂടെക്കൂടിയെങ്കിലും ജീവിതംപോലെ മരണവും ദുരൂഹമായിത്തന്നെ തുടർന്നു. ചെറുപ്പംമുതൽ മറച്ചുവയ്‌ക്കുന്നതെന്തും വലിച്ചുപുറത്തിടാനുള്ള ആക്രാന്തം ചില്ലറ കുഴപ്പങ്ങളിലല്ല ചാടിച്ചിട്ടുള്ളത്‌. ബാല്യവും കുടുംബവും പഠനവും തൊഴിലും എഴുത്തിനോടുള്ള പ്രണയവും പിന്നിട്ട്‌ എവിടേക്കാണ്‌ എന്നറിയാത്ത യാത്രയും മടക്കവുമെല്ലാം ഓരോ മനുഷ്യന്റെയും സ്വത്വാന്വേഷണമായി കഥാകാരൻ പറഞ്ഞുവയ്‌ക്കുന്നു. ജീവിതത്തിലെ ഏക കൂട്ടുകാരനായ ഡോ. ബാലൻ തന്നെയാണ്‌ നിങ്ങൾക്ക്‌ മരണവും വിധിക്കുന്നത്‌. മാരകരോഗം ബാധിച്ച നിങ്ങളെ വേദനയ്‌ക്ക്‌ വിട്ടുകൊടുക്കാതെ മരണത്തിന്റെ സാന്ത്വനത്തിലേക്ക്‌ യാത്രയാക്കുന്നു. രാജ്യത്ത്‌ ദയാവധം നിയമവിധേയമല്ലല്ലോ എന്നത്‌ കഥയിലെ ചോദ്യമായി അവശേഷിക്കും. ‘ഒരു ഭാണ്ഡംപോലും എടുക്കാതെ ഒഴിഞ്ഞ കൈകളുമായി ജീവിതത്തിൽനിന്ന്‌ പുറത്തേക്ക്‌ നടന്ന്‌ അപ്രത്യക്ഷനായി’–- എന്നുപറഞ്ഞത്‌ അജ്ഞാതവാസത്തെക്കുറിച്ച്‌ ആയിരുന്നെങ്കിൽ, മരണം അതിലും എത്രയോ ലളിതമായിരുന്നു. മനുഷ്യാവസ്ഥകളുടെ സങ്കീർണതകൾ മറ്റേത്‌ മുകന്ദൻ നോവലുകളേക്കാളും പൊള്ളിക്കുന്നുണ്ട്‌ നിങ്ങളിൽ. ആ പൊള്ളൽ ഏറ്റുവാങ്ങുന്നതോടൊപ്പം അറിയാത്ത നിങ്ങളെ അനുഭവിക്കാം.

 

 

 

നിശ്ശബ്ദതയുടെ കരിമ്പടം പുതപ്പിച്ച്‌

പൂവച്ചൽ രത്‌നാകരൻ

പരിചിത വഴികളിൽനിന്ന്‌ ഭിന്നമായ വായനാനുഭവമാണ്‌ മിനി പിസിയുടെ  കഥകൾ സമ്മാനിക്കുന്നത്‌. ‘കനകദുർഗ’ എന്ന സമാഹാരവും നൊമ്പരങ്ങളുടെ, വൈവിധ്യങ്ങളുടെ പുറങ്ങളിലേക്ക്‌ അനിവാര്യതകളിലേക്ക്‌ വിസമ്മതങ്ങളില്ലാതെ നടന്നടുക്കുന്നു. അത്തരം കഥാപാത്രങ്ങൾ ഇതിലെ പല കഥകളുടെയും പ്രത്യേകതയാണ്‌. ഒരു പെൺമനസ്സിന്റെ സ്വത്വാന്വേഷണം വളരെ നേർത്ത മുഴക്കമായി നിറയുന്നുണ്ട്‌. അഭിഭാവുകത്വങ്ങളില്ലാതെ കഥപറഞ്ഞ്‌ വായനക്കാരന്റെ ഉള്ളിലേക്ക്‌ കടന്ന്‌ മനസ്സിനെ ഒരു വലിയ നിശ്ശബ്ദതയുടെ കരിമ്പടം പുതപ്പിച്ച്‌ തിരിച്ചിറങ്ങുന്ന ഒരു രചനാതന്ത്രം എഴുത്തുകാരിക്ക്‌ വശമാണ്‌. മലയാള സാഹിത്യത്തിൽ അവഗണിക്കാനാകാത്തൊരു സ്ഥാനം ഈ എഴുത്തുകാരിക്കുണ്ടാകും. മനുഷ്യബോധത്തിന്റെ തായ്‌വേരുകളിലെവിടെയോ പടരുന്ന അസ്വസ്ഥതകളിലേക്ക്‌ വായനക്കാരനെ കൊണ്ടുപോകുന്നു ഈ പുസ്‌തകം.

 

 

 

ഇംഗ്ലീഷിനെയും പക്ഷികളെയും പ്രണയിച്ചൊരാൾ

അശോകൻ പള്ളിക്കൽ 

സാഹിത്യ നിരൂപകൻ പ്രൊഫ. എം കൃഷ്ണൻ നായർക്ക് ഒരു ആംഗല കവിയെ കുറിച്ച് കൂടുതൽ അറിയാൻ കൗതുകം. പലരോടും തിരക്കിയിട്ടും രക്ഷയില്ല. യാദൃശ്ചികമായി കെ കെ നീലകണ്ഠനെ കാണുന്നു. തനിക്ക് വേണ്ടതെല്ലാം അദ്ദേഹം നൽകിയെന്ന് കൃഷ്ണൻ നായരുടെ സാക്ഷ്യപത്രം.  കെ കെ നീലകണ്ഠനെന്ന ഇംഗ്ലീഷ് പ്രൊഫസറെ നാമറിയണമെന്നില്ല. എന്നാൽ  ഇന്ദുചൂഡനെന്ന പക്ഷിനിരീക്ഷകനെ നാമറിയും.  രണ്ടും ഒരാൾ തന്നെ. ഇംഗ്ലീഷിനെയും, പക്ഷികളെയും ഒരുപോലെ പ്രണയിച്ചയാൾ. അദ്ദേഹത്തിന്റെ ജീവിതകഥയാണ് സി റഹിമിന്റെ ‘കാറുവാൻ’. കാറുവാൻ എന്നാൽ പാലക്കാട്ടുകാരുടെ മൈന. ലോകമറിയുന്ന പക്ഷിനിരീക്ഷകൻ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വർഷമാണ് 2023. വിട്ടുപിരിഞ്ഞിട്ട് കാൽ നൂറ്റാണ്ടുകഴിഞ്ഞെങ്കിലും കേരള സാഹിത്യ അക്കാദമിയുടെ ആദ്യഗ്രന്ഥകർത്താവായ അദ്ദേഹത്തിന്റെ ആത്മകഥയോ, അദ്ദേഹത്തെ കുറിച്ചുള്ള രചനകളോ മലയാള സാഹിത്യത്തിൽ കാര്യമായി ഇല്ല. ആ കുറവ് നികത്തുകയാണ് ഈ പുസ്‌തകം. ഈ പുസ്തകം വായിച്ചാൽ നമുക്കും ഒരു പക്ഷിനിരീക്ഷകനാകണം എന്ന ചിന്ത മനസ്സിലുദിക്കും. ഇന്ദുചൂഡന്റെ ജീവചരിത്രം മാത്രമല്ല, പക്ഷിനിരീക്ഷണത്തിന്റെ പാഠപുസ്തകം കൂടിയാണ് ഈ ഗ്രന്ഥം. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനുള്ള റംസാർ ഉടമ്പടി, പക്ഷികാഷ്ഠം വരുമാനമാക്കിയ രാജ്യം, ഡി ഡി റ്റി നിരോധനത്തിന് ആധാരമായ ഗ്രന്ഥം, സംസ്ഥാന തണ്ണീർതട സംരക്ഷണ നിയമത്തിന് കാരണം തുടങ്ങി നിരവധി പുതിയ അറിവുകളും ഈ കൃതി നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. പ്രകൃതിയുടെ നൊമ്പരങ്ങളും ഒരു പക്ഷിനിരീക്ഷകൻ അനുഭവിച്ച ആകുലതകളും പ്രകൃതിയെ സ്നേഹിക്കുന്നവരിലെത്തിക്കാൻ ഈ  ജീവചരിത്രഗ്രന്ഥത്തിന് കഴിയുന്നുണ്ട്.

 

 

ഭാഷയുടെ പൂക്കാലം

പ്രദീപ് പനങ്ങാട്

യാത്രാപഥങ്ങളുടെ കാവ്യപരിഭാഷയാണ്‌ കെ ബി പ്രസന്നകുമാറിന്റെ എല്ലോറ. കാഴ്ചയിൽനിന്നും കാലത്തിലേക്കും അനുഭവങ്ങളിൽനിന്ന് അന്വേഷണത്തിലേക്കും ആത്മബന്ധത്തിൽനിന്ന് ആത്മസാധനയിലേക്കും പകരുന്നതാണ് ഈ കവിതകൾ. ഓരോ കവിതയുംസവിശേഷ ജൈവ പ്രകാശത്തിൽനിന്ന് ഉരുവം കൊണ്ടതാണ്. അതുകൊണ്ട് നിലവിലുള്ള കാവ്യനിബന്ധനകളുടെ നിഴലുകൾ പതിഞ്ഞിട്ടില്ല. സ്വതന്ത്രവും സ്വാഭാവികവുമാണ് കവിതകളുടെ ശിൽപ്പഘടന. ഭാവനയുടെ സാധ്യതകളെ ഉദാരമായി സ്വീകരിക്കാൻ കഴിയുന്ന രൂപ സംക്രമണങ്ങൾ ഈ സമാഹാരത്തിൽ ഉടനീളം ഉണ്ട്. മുദ്രകൾ, ചുവടുകൾ, നോട്ടങ്ങൾ എന്നീ മൂന്ന് വിഭാഗത്തിലൂടെയാണ് എല്ലോറ വിടരുന്നത്. കാലം ഉറഞ്ഞ ചരിത്രസ്ഥലികളുടെ നിശ്വാസങ്ങളാണ് മുദ്രകൾ.‘മഹാകാല സംഗീതമായ എല്ലോറ ', സ്‌മൃതിയിൽനിന്ന് ജീവന്റെ തളിർവനങ്ങളിലേക്ക് ഒഴുകുന്ന തിരുനാവായ ',‘പളുങ്കുകല്ലുകളുടെ നിശബ്ദധ്യാനം വഹിക്കുന്ന നചികേതതാൽ ', ‘ഒരു പൂവിതൾ ഭൂപാളത്തിൽ വിരിയും പോലെയുള്ള ഫേൺഹിൽ ', ‘ശോണവർണം ധ്യാനദീപ്തമായ ബദാമി '-, ഭാഷയുടെ ദീപ്ത പ്രവാഹത്തിലൂടെ അനുഭവിക്കാം കാലത്തെ കലാപമാക്കിയ ജീവിതചുവടുകളുടെ നൃത്തസാന്നിധ്യമാണ് രണ്ടാം ഭാഗം.‘വാക്കിന്റെ കാറ്റും വെളിച്ചവും ജീവിതാർഥങ്ങളും 'സൃഷ്ടിച്ച കടമ്മനിട്ട, ‘ആത്മസാനുക്കളിൽ പൂവായി വിടരുന്ന’ പി, കവിതയുടെ വീട്ടിലേക്കെന്നും വഴിതിരിഞ്ഞു നടക്കുന്ന വിനയചന്ദ്രൻ, രൂധിരപ്രവാഹിയാം നാവുള്ള ഹൈദ്രാലി, തുടങ്ങിയവരുടെ ജീവിതകലയാണ് ചുവടുകൾ. നോട്ടങ്ങൾ ആത്മനിരീക്ഷണത്തിന്റെ പ്രദർശനശാലയാണ്. ഭാഷ ജൈവീകമായായി വളരുന്നതും പൂക്കുന്നതും വസന്തംകാണുന്നതും ഇവിടെ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top