25 April Thursday

നിഷേധിയുടെ ആത്മീയശക്തി

ജി സാജൻ sajangopalan@gmail.comUpdated: Sunday Dec 25, 2022

“എന്റെ അച്ഛന്റെ പേര് മോഹനചന്ദ്ര ഗുപ്തൻ എന്നാണ്‌. പഴയ പേര് ചക്കൻ.  ഈ പേരുമാറ്റത്തിന്റെ കാരണം അന്വേഷിച്ചുള്ള യാത്രയിലാണ് ഞാൻ സ്വാമി ആനന്ദ് തീർഥനിൽ എത്തുന്നത്” –-സുഹൃത്ത്‌ ശശികുമാർ പറഞ്ഞു.

ശശിയുടെ അന്വേഷണത്തിൽ ഞങ്ങളും പങ്കുചേർന്നു. കേരളം ഇനിയും വേണ്ട രീതിയിൽ മനസ്സിലാക്കാത്ത ഒരു സാമൂഹ്യ പരിഷ്‌കർത്താവിന്റെ ജീവിതത്തെ രേഖപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററിയുടെ നിർമാണവുമായി. സ്വാമി ആനന്ദ്തീർഥന്റെ ജീവിതം തുടങ്ങിയ തലശേരി, പ്രധാന പ്രവർത്തനകേന്ദ്രമായിരുന്ന പയ്യന്നൂർ, ഏറെക്കാലം ജീവിച്ച തമിഴ്നാട്ടിലെ മധുര എന്നിവിടങ്ങളിലൊക്കെ ഞങ്ങൾ സഞ്ചരിച്ചു. ഈ യാത്രയിൽ സ്വാമിയുടെ ആശ്രമത്തിൽ വളർന്ന് പിന്നീട് എൽഐസിയുടെ  തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായ കുഞ്ഞികൃഷ്ണനുംകൂടി. 

ഏറെപ്പേരെ കണ്ടു. വിശദമായി സംസാരിച്ചു. ആത്മീയതയെ സമൂഹത്തിന്റെ ചാലകശക്തിയാക്കി മാറ്റിയ ഈ അപൂർവ സന്യാസിയുടെ കഥ ലോകം കേൾക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. 

ഏകദേശം ഒരു നൂറ്റാണ്ടുമുമ്പ്‌, 1927ലെ ഒരു പ്രഭാതത്തിൽ ഒലവക്കോടിനടുത്തുള്ള  തെരുവിലൂടെ ഒരു യുവ സന്യാസിയും കുറച്ചു കുട്ടികളും നടക്കുകയാണ്.  അവിടെയുള്ള ശബരി ആശ്രമത്തിനടുത്ത്‌ കല്ലേക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനു സമീപം ഒരു ചന്തയുണ്ട്. അങ്ങോട്ടാണ് യാത്ര. വഴിയിൽവച്ച് ഇവരെ ഒരുസംഘം ആളുകൾ തടഞ്ഞു. ആ കുട്ടികൾ അയിത്തജാതിക്കാർ ആണെന്നും അവർക്ക്‌ ആ വഴി നിഷിദ്ധമാണെന്നും പറഞ്ഞാണ് തടഞ്ഞത്. സന്യാസിയെ അവർ നിഷ്കരുണം തല്ലി. ശാന്തപ്രിയനായ സ്വാമി അടി ഏറ്റുവാങ്ങി. ഒരു കവിളിൽ അടിച്ചാൽ മറ്റേ കവിൾ കാട്ടിക്കൊടുക്കണമെന്ന സിദ്ധാന്തക്കാരൻ ആയിരുന്നു സ്വാമി.  എന്നാൽ, ആ സംഭവം സ്വാമിയുടെ മനസ്സിൽ വലിയൊരു മുറിവാണ്‌ ഉണ്ടാക്കിയത്. തന്റെ ജീവിതം അയിത്തോച്ചാടനത്തിനായി സമർപ്പിക്കാൻ അദ്ദേഹം അന്ന് ദൃഢപ്രതിജ്ഞ എടുത്തു. അത്‌ സ്വാമി ആനന്ദതീർഥൻ. സവർണനായി ജനിച്ച്‌, അവർണർക്കുവേണ്ടി ജീവിച്ച്, സഹനത്തിന്റെ ഒറ്റയടിപ്പാതകളിലൂടെ ഏകാന്തയാത്ര നടത്തിയ സ്വാമി ആനന്ദതീർഥൻ. 

തലശേരിയിലെ സമ്പന്നമായ കൊങ്കിണി ബ്രാഹ്മണകുലത്തിൽ  രാമചന്ദ്ര ഷേണായിയുടെയും ദേവിയമ്മാളിന്റെയും മകനായി 1905 ജനുവരി രണ്ടിനാണ്‌ അനന്തൻ ജനിച്ചത്. തലശേരിയിലെ പോർട്ട് കൺസർവേറ്റർ ആയിരുന്നു അച്ഛൻ. തലശേരി നരസിംഹ ക്ഷേത്രത്തിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.

ചെറിയ പ്രായത്തിൽത്തന്നെ താൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും തനിക്കു ചുറ്റും കാണുന്ന അനീതികളെക്കുറിച്ചുമൊക്കെ അനന്തൻ ചിന്തിക്കാനും ചോദ്യംചെയ്യാനും തുടങ്ങി. 

ദേശീയ പ്രസ്ഥാനം തീക്ഷ്ണമായി ആവേശം കൊള്ളിച്ചു. പരുക്കൻ ഖദർ വസ്ത്രം ധരിച്ച്‌ സ്കൂളിലേക്ക് നടന്നു ആ കുട്ടി. തൊട്ടുകൂടായ്മയും തീണ്ടലും രോഗഗ്രസ്തമാക്കിയ ഒരു സമൂഹത്തിൽ ജാതി എന്താണെന്ന ചോദ്യത്തിന് ‘ഇന്ത്യക്കാരൻ’ എന്ന് മറുപടി നൽകി സമുദായത്തെ ഞെട്ടിക്കുകയും ചെയ്തു. അക്കാലത്ത്‌ തലശേരിയിൽ എല്ലാ രാഷ്ട്രീയ സമ്മേളനങ്ങളിലും അനന്തൻ വളന്റിയർ ആയിരുന്നു. 

ഹൈസ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ഗാന്ധിജിയുടെ young india വായിക്കാറുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തോട് അദ്ദേഹത്തെ അടുപ്പിച്ചത് ഈ വായനയായിരുന്നു. 1923ൽ മദിരാശിയിലെ പ്രസിഡൻസി കോളേജിൽനിന്ന് ഫിസിക്സ് ബിഎ ഓണേഴ്സ്  രണ്ടാം റാങ്കോടെ പാസായശേഷം  23–-ാം വയസ്സിലാണ് തന്റെ ജീവിതംതന്നെ മാറ്റിമറിച്ച യാത്രയ്‌ക്ക് അനന്തൻ ഒരുമ്പെടുന്നത്. 1500 കിലോമീറ്റർ അകലെയുള്ള സബർമതി ആശ്രമത്തിലേക്ക്‌ ഗാന്ധിജിയെ കാണാനുള്ള യാത്ര. കാൽനടയായി. ഒരു സന്യാസിയെപ്പോലെ മൂന്നു മാസം നീണ്ടുനിന്ന യാത്ര. യാത്രയിൽ ഹിന്ദുക്കളും മുസ്ലിമുകളും തുല്യരായി ആരാധിക്കുന്ന സുധൻഗിരി അടക്കം പ്രധാനപ്പെട്ട ഏറെ പ്രാർഥനാസ്ഥലങ്ങൾ സന്ദർശിച്ചു. യാത്രാശേഷം രാജാജിയുടെ നിർദേശപ്രകാരം തിരികെ കേരളത്തിലെത്തി ശബരി ആശ്രമത്തിൽ പ്രവർത്തനം തുടങ്ങി. കേരളത്തിലെ സാമൂഹ്യപരിഷ്കരണ രംഗത്ത്‌ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാപനമാണ് ടി ആർ കൃഷ്ണസ്വാമി അയ്യർ ഒലവക്കോട്ട്‌ സ്ഥാപിച്ച ശബരി ആശ്രമം. ഈ ആശ്രമത്തിലാണ് അനന്തൻ സ്വാമി ആനന്ദതീർഥനായി മാറുന്നത്. ഇവിടെവച്ചാണ് കൽപ്പാത്തിയിലെ പൊതുനിരത്തുകൾ അവർണ സമുദായത്തിനുകൂടി അവകാശപ്പെട്ടതാക്കണമെന്ന ആവശ്യം മുൻനിർത്തിയുള്ള പ്രവർത്തനം ആര്യസമാജവുമായി ചേർന്നു തുടങ്ങുന്നത്. അത്‌ വിജയമായിരുന്നു. അതിനുള്ള പ്രതികാരമാണ്‌ കല്യാകുളങ്ങര ക്ഷേത്രപരിസരത്ത്‌  അദ്ദേഹത്തെ ക്രൂരമായി മർദിച്ചത്. 

നായാടി സമുദായത്തോടുള്ള സമൂഹത്തിന്റെ  പെരുമാറ്റം ഏറ്റവും ക്രൂരമായിരുന്നു. മനുഷ്യരായി അവരെ കണ്ടിരുന്നില്ല. ഇവർക്ക് പൊതു നിരത്തിൽ പ്രവേശിക്കാൻ അനുവാദം നൽകണമെന്ന് ആനന്ദതീർഥൻ സബ് കലക്ടർ ഡോ. കാൽസ്റ്റനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ കാൽസ്റ്റൻ തന്നെ നായാടികൾക്കൊപ്പം ആയുധമേന്തി പൊതുനിരത്തിലൂടെ നടന്നു. ഈ സംഭവത്തോടെ പരസ്യമായി ഇത്തരം മനോഭാവം പ്രകടിപ്പിക്കുന്നതിൽ കുറവ് വന്നു. 

ഇടക്കാലത്ത്‌ വിവേകാനന്ദന്റെയും ശ്രീരാമകൃഷ്ണന്റെയും രചനകൾ വായിക്കുകയും അതിൽ ആകൃഷ്ടനാകുകയും ചെയ്‌തെങ്കിലും ജാതി പ്രശ്നത്തോടുള്ള രാമകൃഷ്ണ മിഷന്റെ മൃദുസമീപനത്തിൽ പ്രതിഷേധിച്ച്‌ അവരോടൊപ്പമുള്ള പ്രവർത്തനം അവസാനിപ്പിച്ചു. 1930ൽ ഉപ്പു സത്യഗ്രഹത്തിൽ തമിഴ്നാട്ടിലെ വേദാരണ്യത്തേക്കുള്ള സമരജാഥയുടെ പതാകയേന്തിയത് സ്വാമി ആനന്ദതീർഥൻ ആയിരുന്നു. അവിടെവച്ച് അദ്ദേഹത്തെ അറസ്റ്റുചെയ്‌തു. വെല്ലൂർ ജയിലിൽ കേളപ്പജി, എ കെ ജി, കെ പി ആർ ഗോപാലൻ, രാജഗോപാലാചാരി, എൻ എസ് പ്രഭു, കോങ്ങാട്ടിൽ രാമൻ മേനോൻ, മാധവൻ നായർ എന്നിവരോട് അടുത്തിടപഴകാൻ അവസരം കിട്ടി. 1931ൽ ജയിൽ വിമോചിതനാകുമ്പോഴാണ്‌ ക്ഷേത്ര പ്രവേശനത്തിനായുള്ള ഗുരുവായൂർ സത്യഗ്രഹം ആരംഭിക്കുന്നത്. ഇതിന്‌ വളന്റിയർമാരെ കണ്ടെത്താനുള്ള ചുമതലയായിരുന്നു ആനന്ദതീർഥന്‌. ഇതേസമയത്ത്‌ എ കെ ജിയും കെ എ കേരളീയനും ചേർന്ന് ഹരിജനങ്ങളുടെ ഒരു ജാഥ നയിക്കുകയായിരുന്നു. പയ്യന്നൂരിനടുത്ത്‌ കണ്ടോത് എന്ന സ്ഥലത്തെ തീയ ക്ഷേത്രത്തിനടുത്തുകൂടി കടന്നുപോയ ജാഥയെ സവർണ നേതാക്കളുടെ ഗുണ്ടകൾ ആക്രമിച്ചു. മർദനമേറ്റ്‌ എ കെ ജിയും മറ്റും ആശുപത്രിയിലായി. സ്വാമി ആനന്ദതീർഥൻ ആശുപത്രിയിലെത്തി എ കെ ജിയെയും കേരളീയനെയും സന്ദർശിച്ചു.

‘യുഗങ്ങളായി നീണ്ടുനിൽക്കുന്ന അടിച്ചമർത്തലിന്റെ ഇരകളാണ് ദളിതർ. സാമൂഹ്യമായി അവർ കുഷ്ഠരോഗികളെപ്പോലെ വീക്ഷിക്കപ്പെടുന്നു. സാമ്പത്തികമായി അവർ അടിമകളേക്കാൾ താഴെയാണ്. മതപരമായി ഇവർ തീരെ അവഗണിക്കപ്പെട്ടവരും പുറന്തള്ളപ്പെട്ടവരുമാണ്’–- സ്വാമി എഴുതി. സ്വാതന്ത്ര്യം നേടുക എന്നതിനപ്പുറം ഇത്തരം വിഷയങ്ങൾ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ ബാധിച്ചില്ലെന്ന് വളരെ സങ്കടത്തോടെ സ്വാമി മനസ്സിലാക്കി. തുടർന്ന് ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾക്കുവേണ്ടി താൻ ജീവിതം സമർപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1928 ജൂലൈയിലെ  ഒരു പ്രഭാതത്തിലാണ് അനന്തൻ നാരായണ ഗുരുവിനെ കാണാൻ ആദ്യമായി പോകുന്നത്. കണ്ടപ്പോൾത്തന്നെ സ്വാമി പറഞ്ഞു, “എത്തിച്ചേർന്നുവല്ലോ”. പിറ്റേ ദിവസംതന്നെ സംഘത്തിലേക്ക് ചേർക്കുകയും ആനന്ദതീർഥൻ എന്ന് പേരിടുകയും ചെയ്തു.  

“ആചാരങ്ങൾ ലംഘിക്കാതെ തരമില്ല”–- ഗുരു പറഞ്ഞു: “പക്ഷേ, വെറുപ്പ് പാടില്ല. ആളുകളെയല്ല ആചാരങ്ങളെയാണ് നാം എതിർക്കുന്നതെന്ന് മറക്കരുത്.” ഗുരുവിന്റെ ആ വാചകമാണ് ആനന്ദതീർഥനെ എക്കാലവും നയിച്ചത്. 

1931 നവംബർ 21നു പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം (ആശ്രമം) സ്ഥാപിച്ചു. പയ്യന്നൂർ അമ്പലത്തിനടുത്തുള്ള ഓലക്കെട്ടിടത്തിൽ ആയിരുന്നു തുടക്കം. എ കെ ജി, കെ പി ആർ ഗോപാലൻ, ടി സി നാരായണൻ നമ്പിയാർ, സുബ്രഹ്മണ്യ ഷേണായി, കെ എ കേരളീയൻ എന്നിവർ ഇക്കാര്യത്തിൽ സഹായിച്ചു. 

ഈ ആശ്രമത്തിലാണ് കുഞ്ഞികൃഷ്ണൻ മാഷും ദിവാകരനുമടക്കം ഞങ്ങളോടൊപ്പം ഈ യാത്രയിൽ പങ്കെടുത്ത ധാരാളംപേർ വളർന്നതും പഠിച്ചതും.

“ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട എനിക്ക് എല്ലാമായിരുന്നു സ്വാമി” –-കുഞ്ഞികൃഷ്ണൻ മാഷ് പറയുന്നു.

1934 ജനുവരി 12നു ഗാന്ധിജി ശ്രീനാരായണ വിദ്യാലയം സന്ദർശിച്ചു. കാൽനടയായിട്ടാണ് ഗാന്ധിജി ആശ്രമത്തിലെത്തിയത് . ‘Keep your mind today and soul pure’, ഗാന്ധിജി കുട്ടികളോട് പറഞ്ഞു.  

‘I do hope that this institution will do good harijan work and will produce genuine harijan sevaks’, 

അദ്ദേഹം സന്ദർശക പുസ്തകത്തിൽ എഴുതി. ആശ്രമത്തിന്റെ വളപ്പിൽ ഒരു മാവും നട്ടു. ആ മാവിൽ മാങ്ങ ഉണ്ടായപ്പോൾ ആനന്ദതീർഥർ അത് ഗാന്ധിജിക്ക് അയച്ചുകൊടുത്തു. ഇപ്പോഴും ഈ മാവ് അറിയപ്പെടുന്നത് ഗാന്ധിമാവ് എന്ന പേരിലാണ്.  

അയിത്തോച്ചാടനത്തിന്റെ കാര്യത്തിൽ സവർണ ഹിന്ദുക്കൾക്ക് മനംമാറ്റം ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ പ്രതീക്ഷ. എന്നാൽ, അധഃകൃതവിഭാഗം സ്വയം സംഘടിച്ചു പോരാടണമെന്നായിരുന്നു സ്വാമിയുടെ കാഴ്ചപ്പാട്. 1933ൽ ഒരു ജാതിനാശിനി സഭയ്‌ക്ക് കേളപ്പൻ പ്രസിഡന്റും ആനന്ദതീർഥൻ സെക്രട്ടറിയുമായി രൂപംകൊടുത്തു. ഇതിൽ അംഗങ്ങളാകുന്നവർ പേരിനൊപ്പം ജാതിപ്പേര് ചേർക്കാത്തവരും ഒരുതരത്തിലും ജാതി പാലിക്കാത്തവരും ആയിരിക്കണമെന്ന് നിർബന്ധമായിരുന്നു. മിശ്രഭോജനം, മിശ്രവിവാഹം എന്നിവയും അവർ പ്രോത്സാഹിപ്പിച്ചു.  

കീഴ്‌ജാതിക്കാർക്ക് ഭംഗിയുള്ള പേരുകൾ ഇടാൻ പാടില്ല എന്നായിരുന്നു വ്യവസ്ഥ. ചാമി, പൊക്കൻ, ചപ്പില, കൊട്ടൻ, മരത്തൻ, കൊറുമ്പൻ, പോടൻ, പോക്കിണൻ തുടങ്ങിയവയായിരുന്നു അധഃകൃതരുടെ പേരുകൾ. ആനന്ദതീർഥൻ ആശ്രമത്തിലെ ദളിത്  കുട്ടികൾക്ക് പലതരത്തിൽ പേരിട്ടു. അങ്ങനെ ദാമോദര മാരാർ, പ്രഭാകര ശർമ, എൻ എ ഷേണായി, എൻ വി തമ്പുരാൻ, ജോർജ്, റഹിം  തുടങ്ങി വിവിധ പേരുകാർ ആശ്രമത്തിൽ വളരാൻ തുടങ്ങി. ചക്ലിയ സമുദായത്തിലെ ‘മാലിംഗൻ’ പയ്യന്നൂർ സ്കൂളിൽ എത്തിയത് തമ്പുരാൻ എന്ന പേരുമായി ആയിരുന്നു.  

1934 ജൂൺ 26ന്‌ തിയോസഫിക്കൽ സൊസൈറ്റിയിൽ ഔപചാരികമായി അംഗത്വമെടുത്തു. ഹിന്ദു മതത്തിനോടുള്ള ശക്തമായ വിമർശത്തിന്റെ ഭാഗമായി അംബേദ്കറോട് യോജിച്ചുകൊണ്ട് താഴ്ന്ന ജാതിക്കാർ ഹിന്ദുമതം വിട്ടുപോകട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

“ദൈവത്തെ അന്വേഷിച്ച്‌ ഞാൻ ഒരിക്കലും ക്ഷേത്രങ്ങളിൽ പോകാറില്ല” –-സ്വാമി പറഞ്ഞു: ക്ഷേത്രമാണ് അയിത്തമെന്ന അധർമത്തിന്‌ സംരക്ഷണമരുളുന്ന ഏറ്റവും ശക്തിയുള്ള സ്ഥാപനം”. എന്നാൽ, അദ്ദേഹം എല്ലാ ക്ഷേത്രത്തിലും പോയി. തനിച്ചല്ല, ദളിതരായ കുട്ടികളുമൊത്ത്‌. ഏതൊക്കെ ക്ഷേത്രങ്ങളിൽ ദളിതർക്ക്  വിലക്കുണ്ടോ അവിടെയൊക്കെ സ്വാമി അവർക്കൊപ്പം പോയി. പല സ്ഥലത്തും മർദനത്തിന് ഇരയായി. അച്ഛൻ പ്രസിഡന്റായിരുന്ന തലശേരി നരസിംഹക്ഷേത്രത്തിൽനിന്നും സവർണരുടെ കടുത്ത മർദനമേറ്റു.  

1952 ജനുവരി നാല്‌. സ്വാമി ആനന്ദതീർഥൻ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ മാങ്കുളം ഗ്രാമത്തിൽ എത്തി. 

അവിടെയുള്ള ദളിതരുടെ  കുടിലിൽ അവരോടൊപ്പം ഭക്ഷണം കഴിച്ചു അന്തിയുറങ്ങി. രാവിലെ സ്വാമിയുടെ സാന്നിധ്യത്തിൽ ഗ്രാമത്തിലെ പൊതു കിണറ്റിൽനിന്ന് ദളിതർ വെള്ളമെടുത്തു. അവരെയുംകൂട്ടി തൊട്ടടുത്തുള്ള ബ്രാഹ്മണന്റെ ഹോട്ടലിൽ കയറി കാപ്പി കുടിച്ചു. അതി ക്രൂരമായ മർദനമാണ് സ്വാമിക്കുനേരെ ഉണ്ടായത്. ഇടതുകാൽ അടിയിൽ തകർന്നു. കണ്ണിന്‌ പരിക്കുപറ്റി. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.   

ഡോക്യുമെന്ററി നിർമാണവുമായി ഞങ്ങൾ മാങ്കുളം ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. 70 വർഷംമുമ്പ്‌ അവിടെ അദ്ദേഹം താമസിച്ചിരുന്ന കുടിൽ ഇപ്പോഴുമുണ്ട്. സ്വാമിയെ ഇപ്പോഴും ഓർക്കുന്ന ഒരു വൃദ്ധ ഗ്രാമീണയെ ഞങ്ങൾ അവിടെ കണ്ടു.“ഇത്രയേ പൊക്കമുള്ളൂ’’. അവർ സ്വന്തം തോൾ ചൂണ്ടിക്കാട്ടി പറഞ്ഞു. ‘‘എന്തൊരു സ്പീഡായിരുന്നു ആ നടത്തത്തിന്.”

അക്കാലത്ത്‌ കേളപ്പജി മലബാർ ജില്ലാ ബോർഡ് അധ്യക്ഷനായി. ആനന്ദതീർഥനെ ലേബർ സ്കൂളുകളുടെ ഓണററി ഇൻസ്‌പെക്ടറാക്കി നിയമിച്ചു. 70 ശതമാനം പട്ടികജാതി കുട്ടികൾ വേണമെന്നായിരുന്നു നിയമം. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ല. പല സ്ഥലത്തും പട്ടികജാതി കുട്ടികൾക്ക് ചിരട്ടയിലായിരുന്നു ഭക്ഷണം. ഇതൊക്കെ അദ്ദേഹം കൃത്യമായി റിപ്പോർട്ട് ചെയ്തു. ഈ കുട്ടികൾക്കായി  പ്രത്യേക റസിഡൻഷ്യൽ സ്കൂളുകൾ തുറക്കാൻ അദ്ദേഹം നിർദേശിച്ചു. ഇതേപ്പറ്റി  സ്ഥിരമായി പത്രങ്ങളിലേക്ക്‌ കത്തുകൾ എഴുതി.   

ഗുരുവായൂർ ഊട്ടുപുരയിൽ അബ്രാഹ്മണർക്കും സദ്യ നൽകണമെന്ന് വാദിച്ച്‌ അഞ്ചു ദിവസം ക്ഷേത്രത്തിനു മുന്നിൽ സത്യഗ്രഹം നടത്തി. അപ്പോൾ അവിടെയെത്തിയ സവർണനായ എസ്ഐ, സ്വാമിജിയെ ഊട്ടുപുരയിൽനിന്ന് വലിച്ചിഴച്ചു മർദിച്ചു. 75–-ാം വയസ്സിലേറ്റ ഈ മർദനം തലച്ചോറിന് ക്ഷതമേൽപ്പിച്ചു. ഓർമ നശിക്കാൻ തുടങ്ങി. രോഗം മൂർച്ഛിച്ചു. 1987 നവംബർ 21ന്‌  സ്വാമി ആനന്ദതീർഥൻ സമാധിയായി.

ജ്ഞാന യോഗത്തെയും കർമ യോഗത്തെയും സ്വജീവിതത്തിൽ ഇണക്കിച്ചേർത്ത സന്യാസിയായിരുന്നു ആനന്ദതീർഥൻ എന്ന് പയ്യന്നൂർ ആശ്രമത്തിന് നേതൃത്വം നൽകുന്ന വസുമിത്രൻ പറയുന്നു. “സ്വാമിയെ ഒരു സന്യാസിയായി ചുരുക്കരുത്. അദ്ദേഹം ഒരു ധീരവിപ്ലവകാരിയാണ്, കലാപകാരിയാണ്, സാമൂഹ്യപരിഷ്കർത്താവാണ്.”

ഇന്ന് അദ്ദേഹം വളർത്തി വലുതാക്കിയ ആശ്രമത്തിലെ കുട്ടികൾ സ്വാമിയെ സ്നേഹത്തോടെ ഓർക്കുന്നു. ജീവിതത്തിന്റെ പല വഴികളിലേക്ക് മാറിപ്പോയെങ്കിലും അവരെ ഇപ്പോഴും അദ്ദേഹത്തിന്റെ ജീവിതദർശനങ്ങൾ നയിക്കുന്നു. സ്വാമി ആനന്ദതീർഥനെ ആധുനിക കേരളം വീണ്ടും കണ്ടെത്തേണ്ട സമയമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top