24 April Wednesday

വായന

വിനോദ് വൈശാഖി, സുമേഷ് കെ ബാലൻ, പി ആർ ചന്തു കിരൺUpdated: Sunday Sep 25, 2022

കുട്ടികൾക്കായി ബാപ്പുജിയുടെ ചരിതകവിത

- വിനോദ് വൈശാഖി

“അറിയാമോ ബാപ്പുവിനെ” എന്ന് കുഞ്ഞുങ്ങളോട് ചോദിക്കുമ്പോൾ “വെള്ളക്കാരുടെ കൺമുന്നിൽ ഉള്ളുനടുങ്ങാതെൻ ബാപ്പു” എന്ന് ഉണ്ണി അമ്മയമ്പലത്തിന്റെ വരികൾ പറഞ്ഞായിരിക്കും അവരുടെ ഉത്തരം. കുഞ്ഞിയുറുമ്പ് പിടഞ്ഞുകരഞ്ഞാൽ കനിവുള്ളവനാണ് ബാപ്പു എന്ന് ‘വരൂ കുട്ടികളെ ബാപ്പുജി വിളിക്കുന്നു’ എന്ന കവിതയിലൂടെ ഉണ്ണി അമ്മയമ്പലം എഴുതുന്നു.  ഈ സമാഹാരത്തിലെ 27 കവിതയിൽ മഹാത്മാ ഗാന്ധിയുടെ വൈയക്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതം കാവ്യരൂപത്തിൽ അവതരിപ്പിക്കുകയാണ്. ഗാന്ധിജിയുടെ വിദ്യാലയ ജീവിതം, കൗമാരത്തിലെ പശ്ചാത്താപം എന്നിവയും രാജാഹരിശ്ചന്ദ്ര, ശ്രവണകുമാരൻ എന്നീ നാടകങ്ങൾ കണ്ടിട്ട് ജീവിതത്തിലുണ്ടായ ദിശാബോധവും കുട്ടികൾക്ക് പകർന്നുനൽകുന്നതിൽ കവിത വിജയിച്ചു. ‘ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ’ എന്ന കവിത കുഞ്ഞുമനസ്സുകളിൽ വർണവിവേചനത്തെക്കുറിച്ച് മനസ്സിലാക്കാൻ വഴിയൊരുക്കും. ഭാരതത്തിലെ ആദ്യ സത്യഗ്രഹവും ആദ്യ ഹർത്താലും ജാലിയൻവാലാബാഗ് കൂട്ടക്കൊലയും നിസ്സഹകരണ പ്രസ്ഥാനവും അവതരിപ്പിക്കുന്ന കവിതകൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിന്റെ തീവ്രത കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും ഉപ്പുസമരവുമെല്ലാം ഭാരത ചരിത്രവുമായി ബന്ധിപ്പിക്കുന്നതിനും ദേശസ്നേഹം വളർത്തുന്നതിനും കുട്ടികളെ പ്രചോദിപ്പിക്കുന്നു. മനുഷ്യരൊന്നാണ് എന്ന മതനിരപേക്ഷ ആശയം പകർത്താൻ ഒരു മാധ്യമമെന്നനിലയിൽ ഗാന്ധി ജീവിതത്തെ ബാലകവിതയാക്കി കുട്ടികൾക്ക് നൽകുകയാണ് ഉണ്ണി അമ്മയമ്പലം. ‘മതമൈത്രി’ എന്ന ആശയത്തിൽനിന്നു കൊണ്ടാണ് ഈ ഇന്ത്യാചരിത്ര ബാലകാവ്യം രചിച്ചിട്ടുള്ളത്. ഇന്ത്യാ വിഭജനത്തിൽ മനംപിടഞ്ഞ ഗാന്ധിജിയുടെ മനോഭാവം ഏതൊരു കുട്ടിയുടെയും മനസ്സിൽ വേദനയുണ്ടാക്കുന്നു. ഗാന്ധിജിയുടെ ജനനംമുതൽ ഗോഡ്സേ വെടിയുതിർക്കുന്നതു വരെയുള്ള സംഭവങ്ങൾ കാവ്യമായി അവതരിപ്പിക്കുന്ന ആദ്യ ബാലസാഹിത്യ കവിതയാണ് "വരൂ കുട്ടികളെ ബാപ്പുജി വിളിക്കുന്നു.'

 

സച്ചിദായ്ക്ക് സ്നേഹപൂർവം

സുമേഷ് കെ ബാലൻ

‘ഈ പുസ്തകത്തിനായി ഞെക്കിപ്പിഴിഞ്ഞ് ഒരു വരിപോലും എഴുതിയിട്ടില്ല. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന ഉള്ളടക്കം മാത്രമേ ഇതിലുള്ളൂ '. മുഖവുരയിലെ ഗ്രന്ഥകാരന്റെ സാക്ഷ്യംപോലെ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന ഒരു കുഞ്ഞുപുസ്തകം- ‘സച്ചിദാ'. നാലരപ്പതിറ്റാണ്ടായി സച്ചിദാനന്ദൻ എന്ന എഴുത്തുകാരനെ,  രചനകളെ ഹൃദയംകൊണ്ട് പിന്തുടരുന്ന ഒരു ആസ്വാദകന്റെ സർഗാത്മക ഇടപെടൽ. മലയാള ഭാവനയെ ലോക ഭാവനയിലേക്ക് ആനയിച്ച്, വരിഷ്ഠ കവികളെയും സഹോദര കവികളെയും പാടിപ്പുകഴ്ത്തി, പുതുചലനങ്ങൾക്ക് കാതോർത്ത്, വിശ്വാസങ്ങളും സന്ദേഹങ്ങളും പകർന്നുനൽകി, പാതകങ്ങൾ മഴപോലെ പെയ്യുമ്പോൾ നിർത്തൂവെന്ന് ആജ്ഞാപിച്ച പ്രിയ കവി സച്ചിദാനന്ദനെ ഹൃദയംകൊണ്ട് അനുധാവനം ചെയ്യുന്നു ഈ പുസ്തകം. സച്ചിദാനന്ദനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും പല കാലങ്ങളിലായി മാങ്ങാട് രത്നാകരൻ എഴുതിയ കുറിപ്പുകൾ, കവിതകൾ, കാവ്യാസ്വാദനങ്ങൾ, അഭിമുഖങ്ങൾ, ഓർമകൾ തുടങ്ങിയവയാണ്‌ ‘സച്ചിദാ'യിൽ.  പുതിയ കവിതയ്ക്കും കാവ്യാന്തരീക്ഷത്തിനും നിലമൊരുക്കാനും വിത്തുവിതയ്ക്കാനും അധ്വാനിച്ച കാവ്യ കർഷകനാണ് സച്ചിദാനന്ദൻ. മലയാള കവിതയിലെ മുഖ്യധാരാ ഗതാനുഗതികത്വത്തിൽ, യാഥാസ്ഥിതിക കാവ്യബോധത്തിൽ മയങ്ങിക്കിടന്നിരുന്ന കാലമായിരുന്നു അത്. സച്ചിദാനന്ദന്റെ സാന്നിധ്യം ആ കാലത്തെ പൊള്ളിച്ചു, ആസ്വാദകന്റെ തലത്തിൽനിന്നാണ് മാങ്ങാട് രത്നാകരൻ സച്ചിദാനന്ദന്റെ കവിതകളെക്കുറിച്ച് എഴുതുന്നതെങ്കിലും മലയാള കവിതാചരിത്രത്തിൽ സച്ചിദാനന്ദന്റെ സംഭാവനകളെ അടയാളപ്പെടുത്താനുള്ള ഗൗരവമായ ശ്രമങ്ങളും കുറിപ്പുകളിൽ കാണാം. സച്ചിദാനന്ദനെക്കുറിച്ച് ഗ്രന്ഥകാരൻ തയ്യാറാക്കി, ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ‘യാത്ര' ടെലിവിഷൻ ഡോക്യുമെന്ററിയുടെ ലിഖിതരൂപവും  2004, 2009, 2020 കാലഘട്ടങ്ങളിൽ തയ്യാറാക്കിയ മൂന്ന് അഭിമുഖവും പുസ്തകത്തിലുണ്ട്.

 

പുസ്തക വഴിയും സ്മൃതിയും

പി ആർ ചന്തു കിരൺ

വൈവിധ്യമാർന്ന മലയാള പുസ്തകലോകത്തിന്റെ പ്രൗഢിയും ആ പടവുകളിലെ യാതനയും പുതുതലമുറയ്ക്ക് അന്യമായ ഓർമകളും ചരിത്രവും കോറിയിടുകയാണ് പി കെ രാജശേഖരന്റെ ‘ബുക്‌സ്‌റ്റാൾജിയ ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങൾ'. മലയാള പുസ്തകപ്പിറവിയുടെ വഴി വൈദേശിക, സംസ്ഥാന - ഭാഷാ ദേശങ്ങൾ മറികടന്ന ഐക്യപ്പെടലിന്റെ ചരിതമാണെന്ന് കാണാം. ബെഞ്ചമിൻ ബെയ്‌ലിയും ഹെർമൻ ഗുണ്ടർട്ടും സ്വാതിതിരുനാളും ചാവറയച്ചനും തമിഴരായ കാളഹസ്തിയപ്പ മുതലിയാർ, അരുണാചലം മുതലിയാർ, ഗുജറാത്തിയായ ദേവ്ജി ഭീംജി തുടങ്ങി എത്ര പേരാണ് മലയാള മുദ്രണത്തിന്റെ കാരണക്കാരും കരുതലുമായി നിന്നവർ. അവിടെനിന്ന് ഒരു വെളുത്ത കലമാന്റെ പിന്നിലോടിയ മലയാളി ബാല്യം നാടോടിക്കഥകളിലൂടെ സോവിയറ്റ് യൂണിയനിലെ അറിയാ ഭൂമികയിലൂടെ സഞ്ചരിച്ചു.  സൈബീരിയയുടെ തണുപ്പറിഞ്ഞു. ‘എന്നിട്ടും നമ്മൾ അറിയേണ്ടപോലെ അറിഞ്ഞില്ലല്ലോ' എന്ന് ഗ്രന്ഥകർത്താവ് പലയാവർത്തി വിലപിക്കുന്നു.  വ്യാസന്റെ മഹാഭാരതം പ്രാപ്യമാക്കിയ വിദ്വാൻ കെ പ്രകാശം, റഷ്യയുടെയും വംഗദേശത്തിന്റെയും കഥകൾ പറഞ്ഞുതന്ന പരിഭാഷകർ, കെ കെ ഗോവിന്ദൻ അങ്ങനെയുള്ളവരെ വിസ്മരിക്കപ്പെടുകയോ അനുസ്മരിക്കപ്പെടാതെ പോകുകയോ ചെയ്തത് നന്ദികേടല്ലാതെ മറ്റൊന്നുമല്ല. ശബ്ദതാരാവലി  സംഭാവനചെയ്ത ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ളയ്ക്ക് എന്തു ശ്രദ്ധാഞ്ജലി നൽകിയെന്നും ബുക്‌സ്‌റ്റാൾജിയ ചോദ്യമുയർത്തുന്നു. തിരുവനന്തപുരം പാളയത്തും മുഗൾ പാരമ്പര്യം പേറുന്ന പഴയ ഡൽഹിയിലെ ദരിയാഗഞ്ജിലെ പുസ്തകച്ചന്തയിലും ‘നിധി'വേട്ടയ്ക്കിറങ്ങുന്ന വായനക്കാരന്റെ പ്രതിനിധി ആവേശത്തോടെ സംസാരിക്കുന്നുണ്ട്‌ ഇവിടെ. മരിച്ചുപോയ പാട്ടുപുസ്തകങ്ങളും തീപ്പെട്ടിപ്പട പുസ്തകങ്ങളും ഏറെ അകലെയല്ലെങ്കിലും ബന്ധുത്വമില്ലാത്ത കാലത്തുള്ളവരായി മാറി. മാന്ത്രിക - അപസർപ്പക നോവൽക്കാലവും കടന്ന് മലയാളി യുവത്വം അന്താരാഷ്ട്ര സീരീസുകൾ ഊഴംവച്ചു കാണുന്ന വർത്തമാനത്തിൽനിന്നാണ് ബുക്‌സ്‌റ്റാൾജിയ  തിരിഞ്ഞുനോക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top