24 April Wednesday

ജാതിയിൽനിന്ന്‌ നാമെന്ന്‌ പുറത്തുവരും

അബിന്‍ ജോസഫ്Updated: Sunday Jul 25, 2021

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം 2020ന്‌ അർഹനായ അബിൻ ജോസഫ്‌ തന്റെ പ്രിയകഥകളെക്കുറിച്ചും  കേരളീയ സമൂഹത്തിൽ ആഴ്‌ന്നിറങ്ങിയ ജാതിയുടെ വേരുകളെക്കുറിച്ചും എഴുതുന്നു

പണ്ട്, ഞങ്ങളുടെ നാട്ടിൽ ഒരു  മൂപ്പച്ചനുണ്ടായിരുന്നു. ഉൾനാടൻ ഗ്രാമമായ ഇരിട്ടി പ്രദേശത്ത് വന്നെത്തിയ ഒരു വൈദികൻ. അദ്ദഹം പലരെയും ക്രൈസ്‌തവ മതത്തിൽ ചേർത്തു. ‘അവർണർ' എന്നു മുദ്രകുത്തപ്പെട്ടിരുന്ന ജനവിഭാഗമായിരുന്നു, അത്. മൂപ്പച്ചന്റെ-, (അദ്ദേഹത്തിന്റെ യഥാർഥപേര് മറ്റൊന്നായിരുന്നു)- വരവോടെ പള്ളിയുണ്ടായി. ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ അത് ചെറിയൊരു ഷെഡായിരുന്നു. പിന്നീടാണ് ഇന്നുള്ള വലിയ പള്ളിയൊക്കെ പണിതത്.

മൂപ്പച്ചൻ അക്കാലത്ത് വലിയ എതിർപ്പുകളും നേരിടേണ്ടി വന്നിരുന്നു. അത്തരം അറിവുകളും ആലോചനകളും ചേർത്താണ്, നാല് വർഷം മുമ്പ്‌ ‘പെലയക്കുരിശ് സത്യം' എന്നൊരു കഥ ഞാനെഴുതിയത്. ക്രൈസ്‌തവർക്കിടയിലെ ജാതീയതയായിരുന്നു അതിന്റെ കഥാവിഷയം. മൂപ്പച്ചൻ- കഥയിൽ മൂപ്പിലച്ചൻ- അമാനുഷികനായിരുന്നു എന്നതരത്തിലൊക്കെ കഥകൾ കേട്ടിട്ടുണ്ട്. സത്യമോ, മിഥ്യയോ എന്ന് ഇപ്പോഴും അറിയില്ല. അത്തരം കെട്ടുകഥകളിൽനിന്നാണ് കഥയുണ്ടായത്.

വളരെക്കാലം മുമ്പ്‌ ഒരു കാട്ടുപ്രദേശത്തെത്തി പള്ളി സ്ഥാപിക്കുകയും മനുഷ്യരെ പഠിപ്പിക്കുകയും ചെയ്‌ത ഒരാൾ നേരിടേണ്ടി വന്ന എതിർപ്പുകൾ നമുക്ക് ഊഹിക്കാം. കുറേയൊക്കെ അന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾകൊണ്ടാണെന്ന് അനുമാനിക്കാം. കേരളത്തിൽ സാമൂഹ്യ നവോത്ഥാനം ആരംഭിക്കുകയും അത്‌ പൂർണതയിലെത്തുകയും ചെയ്യാനെടുത്തൊരു സമയമുണ്ടല്ലോ, അക്കാലത്തായിരുന്നിരിക്കണം, ഇത്തരം തിക്താനുഭവങ്ങളൊക്കെയുണ്ടായത്. എന്നാൽ അന്നത്തെ അപരിഷ്‌കൃതരും നിരക്ഷരരുമായ മനുഷ്യരേക്കാൾ മെച്ചപ്പെട്ട സാമൂഹ്യ അവസ്ഥയിലാണ് നമ്മൾ ഇന്ന്‌ ജീവിക്കുന്നത്. ഇന്ന് എല്ലാവർക്കും വിദ്യാഭ്യാസമുണ്ട്. നവോത്ഥാനത്തിലൂടെ സാമൂഹ്യ നീതിയെയും സമത്വത്തെയും കുറിച്ച്‌ ധാരണയുണ്ട്. ആഗോളീകരണം ലോകത്തിലേക്കുള്ള വാതിലുകളും തുറന്നിട്ടു.

എങ്കിലും ജാതിയുടെ കാര്യത്തിൽ കേരളം ഇപ്പോഴും ഒരിഞ്ചുപോലും മുന്നോട്ടു വന്നിട്ടില്ല. ഒരിക്കലും ചിന്തിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇവിടെയും സംഭവിച്ചു. ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊല കേരളത്തിൽ നടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ, പക്ഷേ, അതുണ്ടായി; ആവർത്തിച്ചു. ഓരോ ജാതിക്കും പ്രത്യേകം മാട്രിമോണിയൽ സൈറ്റുകളും ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും വാട്‌സാപ് കൂട്ടായ്മകളുമുണ്ടായി. അതിലൊക്കെയും സ്വന്തം ജാതിയെ പുകഴ്‌ത്തിയും ഇതര ജാതികളെ ഇകഴ്‌ത്തിയും മനുഷ്യർ ആവേശത്തോടെ സംസാരിക്കുന്നു.

ദീർഘകാല സുഹൃത്തുക്കളായ മനുഷ്യർക്കിടയിലും ജാതിയുടെ മതിൽക്കെട്ടുകളുണ്ടെന്ന തിരിച്ചറിവാണ്, ‘റൂറൽ നക്‌സൽസ്' എന്ന കഥയിലേക്ക്  നയിച്ചത്. പതിറ്റാണ്ടുകളായി അടുത്ത സൗഹൃദം പുലർത്തുന്ന രണ്ടുപേർ. ജീവിതത്തിന്റെ ഏറ്റവും ദുരിതപൂർണമായ കാലം ഒരുമിച്ച് അനുഭവിക്കുകയും അതിജീവിക്കുകയും ചെയ്‌തവർ. അവർക്കിടയിൽപ്പോലും ജാതി അതിന്റെ അദൃശ്യമായ മുള്ളുവേലി തീർത്തിരുന്നു എന്ന തിരിച്ചറിവിലാണ് കഥ അവസാനിക്കുന്നത്. ജാതിബോധം, പുറമേക്ക്‌ പ്രദർശിപ്പിക്കുന്ന ഒന്നു മാത്രമല്ല. പേരിനൊപ്പമോ, ഫെയ്‌സ്ബുക്ക് പ്രൊഫൈലിനൊപ്പമോ മാത്രം ചേർക്കുന്ന ഒന്നല്ല. അത് മനസ്സിന്റെയും ബുദ്ധിയുടെയും അടിത്തട്ടിൽ ഉറഞ്ഞുകൂടിയിട്ടുള്ള ഒന്നാണ്. അതിന്റെ വേരുകൾ വരും തലമുറകളിലേക്ക് വളർന്നേക്കും എന്ന ഭയം നമുക്കു മുന്നിലുണ്ട്.

സംഭവബഹുലമായ ചരിത്രമുള്ള ഒരു ജനതയാണ് നമ്മൾ. പല ഭാഷകളും പല ആചാരങ്ങളും പല വിശ്വാസങ്ങളുമുള്ള രാജ്യമെന്നാണ് ഇന്ത്യ അറിയപ്പെടുന്നതെങ്കിൽ അതേ നാനാത്വത്തിൽ ഏകത്വമാണ് കേരളത്തിനുമുള്ളത്. തിരുവനന്തപുരത്തെ ഭാഷയല്ല കാസർകോഡ്. പാലക്കാടും കോട്ടയവും ഭാഷയിലും ഭക്ഷണത്തിലും വൈവിധ്യം സൂക്ഷിക്കുന്നു. ഇത്രയും സാംസ്‌കാരിക സമ്പന്നവും ശക്തവുമായ ഒരു സാക്ഷര സമൂഹം ജാതിയിൽനിന്ന് എന്ന്‌ പുറത്തുവരും എന്ന ചോദ്യം ഒരു വൈരുധ്യം പോലെയാണ് മുന്നിൽ വരുന്നത്. സ്വാതന്ത്ര്യം നേടിയെടുത്തിട്ട്, എഴുപത്തിനാല് വർഷമാവുകയാണ്. അമ്പതുകളിൽ അലയടിച്ച നവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങൾ വീണ്ടും ഉയരേണ്ട സമയമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top