20 April Saturday

മലയാളത്തിന്റെ അരുണദശകം

ഏഴാച്ചേരി രാമചന്ദ്രൻUpdated: Sunday Oct 24, 2021

പുന്നപ്രയും വയലാറും അടക്കമുള്ള രക്തസാക്ഷി ഗ്രാമങ്ങൾ മലയാളത്തിന്റെ സർഗ ഭാവനയെ എത്രമാത്രമാണ്‌ സ്വാധീനിച്ചത്‌! അരുണദശകം എന്നറിയപ്പെട്ട ആ കാലത്തെ പുരോഗമനേച്ഛുക്കളായ കവികൾ, കഥാകൃത്തുക്കൾ, നാടകരചയിതാക്കൾ, അഭിനേതാക്കൾ, ഗായകർ, കാഥികർ, സിനിമാ  പ്രവർത്തകർ എല്ലാം മലയാളത്തെ സമ്പന്നമാക്കി. അരുണദശകത്തിന്റെ പതാകവാഹകരെ അനുസ്‌മരിക്കുന്നു

‘‘ഉയരും ഞാൻ നാടാകെ‐

പ്പടരും ഞാ,നൊരു പുത്തൻ

ഉയിർ നാട്ടിന്നേകിക്കൊ‐

ണ്ടുയരും വീണ്ടും

അലയടിച്ചെത്തുന്ന

തെക്കൻ കൊടുങ്കാറ്റി‐

ലലറുന്ന വയലാറിൻ

ശബ്‌ദം കേൾപ്പൂ

*   *   *  *  *  *   * 

വയലാറിന്നൊരു കൊച്ചു

ഗ്രാമമല്ലാർക്കുമേ

വിലകാണാനാവാത്ത

കാവ്യമത്രേ!’’

(വയലാർ ഗർജിക്കുന്നു ‐ പി ഭാസ്‌കരൻ)

എഴുതപ്പെട്ട കാലംമുതൽക്കേ മലയാള സർഗജീവിതത്തിനുമേലെ ശോണശോഭ വിതറിനിൽക്കുന്ന മരണമില്ലാത്ത കവിത. 

അമ്പതുകളുടെ ആദ്യപാദങ്ങളിൽ കൊച്ചി സംസ്ഥാനത്തെ വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകനായിരുന്ന പി ഭാസ്‌കരൻ. പുന്നപ്ര‐വയലാർ സമരത്തിന്റെ നിജസ്ഥിതി  ശേഖരിക്കാൻ പാർടി നിയോഗിച്ച പ്രമുഖരിൽ ഒരാൾ. പയ്യന്നൂർക്കാരൻ സുബ്രഹ്മണ്യ ഷേണായിയാണ്‌ പി ഭാസ്‌കരനെ കണ്ടെത്തിയത്‌. 

വയലാറിലെ വെടിയേറ്റ്‌ തുളവീണ തെങ്ങുകളും അധഃസ്ഥിത മനുഷ്യരുടെ നൊമ്പരധാരയും അവരുടെ പോരാട്ട വീറും ഒക്കെ കരളോട്‌ കരൾ തൊട്ടറിഞ്ഞ്‌ ആവാഹിച്ച്‌ കരളിലേറ്റുന്ന തന്നെ, സർ സി പിയുടെ ചാരപ്പൊലീസ്‌ പിന്തുടരുന്നത്‌  ഭാസ്‌കരൻ അറിഞ്ഞില്ല.

വിവരങ്ങൾ ശേഖരിച്ച്‌, ബലിനിലങ്ങളെ താണുകുമ്പിട്ട്‌ കോട്ടയത്തെത്തി. സി എസ്‌ ഗോപാലപിള്ളയെയും കോട്ടയം ഭാസിയെയും  കണ്ടിറങ്ങുമ്പോൾ മുന്നിൽ പൊലീസ്‌. പിന്നീട്‌ തടവറയിലെ കൊടിയ മർദനം.  

 രവി എന്ന കള്ളപ്പേരിൽ പ്രസിദ്ധപ്പെടുത്തിയ ‘വയലാർ ഗർജിക്കുന്നു’ എന്ന ലഘുകാവ്യം പൊലീസുകാർക്കും കാണാപ്പാഠമായിരുന്നു.   ആ വരികൾ പിന്നീട്‌ ഉദയായുടെ  ‘പുന്നപ്ര‐വയലാർ’ സിനിമയിൽ ആലപിച്ചത്‌ ബാലമുരളീകൃഷ്‌ണ.

പുന്നപ്ര‐വയലാർ സമരം പശ്ചാത്തലമായ ആദ്യത്തെ സമ്പൂർണ സാഹിത്യകൃതി ഇതുതന്നെ. ഒപ്പം തകഴിയുടെ നോവൽ തലയോട്‌, അദ്ദേഹത്തിന്റെതന്നെ മറ്റൊരു നോവലായ പുന്നപ്ര വയലാറിനുശേഷം, വയലാർ രാമവർമയുടെ ഗാനങ്ങളും കവിതകളും പൊൻകുന്നം ദാമോദരന്റെ പാട്ടുകളും കവിതകളും തുടങ്ങി ആ മഹേതിഹാസത്തിന്റെ സർഗസാന്ദ്രതയാർന്ന ശേഷിപ്പുകൾ നിരവധി.

പൊൻകുന്നം ദാമോദരൻ അന്ന്‌ ഇടതുപക്ഷത്തെ ഒന്നാംനിര എഴുത്തുകാരനായിരുന്നു.  

 മലബാറിലെ കർഷക മുന്നേറ്റത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെട്ട, ചെറുകാടിന്റെ നാടകം ‘നമ്മളൊന്ന്‌’ തൃശൂർ കേരള കലാവേദിയാണ്‌ അരങ്ങിലെത്തിച്ചത്‌. ഗാനരചയിതാവെന്ന നിലയിൽ വയലാറിന്റെ അരങ്ങേറ്റവും ഈ നാടകത്തിലൂടെയാകാം. എന്നാലും ശ്രദ്ധേയമായ ഗാനങ്ങൾ പലതും പൊൻകുന്നം ദാമോദരന്റേതായിരുന്നു. മലബാറിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം പൂവും നീരും വീഴ്‌ത്തി, നേരും കരുത്തും ജപിച്ച്‌, കലാരംഗത്തേക്ക്‌ പാട്ടുകാരനായ പ്രിയപ്പെട്ട ബാബുരാജിനെ സംഗീതസംവിധായകനായി സമർപ്പിച്ചതും മിക്കവാറും ഈ നാടകത്തിലൂടെയാകാം!

സർ സി പി ഇടപെട്ട്‌ പൊൻകുന്നം ദാമോദരന്റെ ‘വാരിക്കുന്തങ്ങൾ’ എന്ന കവിത നിരോധിച്ചു. അദ്ദേഹം ‘നമ്മളൊന്നി’നുവേണ്ടി രചിച്ച പാട്ടുകൾ ആയിരങ്ങൾ ഏറ്റുപാടി.

‘‘ഈ പരിപ്പീ വെള്ളത്തിലു വേവുകയില്ലെന്നേ,

ഈ പരപ്പോളം ഞമ്മള്‌ മണ്ണിനുദണ്ണിച്ചേ

മലകള്‌ മലകള്‌ മാറ്റി മറിച്ചേ

മണിമണിനെല്ലിനു മാടുതെളിച്ചേ

എന്ന ഗാനം ബാബുരാജും മച്ചാട്ട്‌ വാസന്തിയും അബ്‌ദുൾഖാദറും ചേർന്ന്‌ നാടകത്തിൽ അവതരിപ്പിക്കെ  കാഴ്‌ചക്കാർ എഴുന്നേറ്റുനിന്ന്‌ ‘കർഷകസംഘം സിന്ദാബാദ്‌’ എന്ന്‌ മുദ്രാവാക്യം വിളിച്ച അനുഭവം ചെറുകാട്‌ പറഞ്ഞുകേൾപ്പിച്ചിട്ടുണ്ട്‌.

ബാബുരാജും ശിവദാസും ചേർന്നായിരുന്നു സംഗീതസംവിധാനം. ദശകങ്ങൾക്കുശേഷം എറണാകുളത്തെ കലൂരിൽ മെഡിക്കൽ സ്റ്റോർ നടത്തിയ ശിവദാസിനെ കണ്ടതും രോമാഞ്ചജനകമായ അനുഭവം. ഈയിടെ അന്തരിച്ച വി കെ ശശിധര(വി കെ എസ്‌)നൊപ്പം ശിവദാസും കൂടിച്ചേർന്ന്‌ ‘ശിവനും ശശിയും’ എന്ന പേരിലാണ്‌ ആറ്റിങ്ങൽ ദേശാഭിമാനിയുടെ ‘അഗ്‌നിപുത്രി’ക്ക്‌ സംഗീതസംവിധാനം നിർവഹിച്ചത്‌.  

 നാടകങ്ങളും കവിതകളും പടപ്പാട്ടുകളും രചിച്ച പൊൻകുന്നം ദാമോദരൻ ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ആദ്യകാല സമ്മേളനങ്ങളിൽ അനുഭവം വിവരിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. ഒളിവിൽ പ്രവർത്തിച്ച സി അച്യുതമേനോൻ  സഖാക്കളുടെ വികാരസാഗരമായിരുന്നു.

‘‘കുടിലുകളിൽ കൂരകളിൽ

കൺമണിപോൽ സൂക്ഷിച്ചൊരു

ജനമുന്നണി നേതാവാണച്യുതമേനോൻ’’

എന്ന പൊൻകുന്നം ദാമോദരന്റെ പാട്ടുകവിത മലയാളഹൃദയം എത്രവട്ടമാണ്‌ ഏറ്റുപാടിയത്‌.

‘‘ഇരുനാഴി മണ്ണിന്നായുരുകുന്ന കർഷകൻ

ഇരുകാലിമാടുകളായിരുന്നു’’

എന്നാരംഭിക്കുന്ന ഇദ്ദേഹത്തിന്റെ ഗാനം അവസാനിക്കുന്നത്‌

‘‘മതിമതി മതി ജന്മിത്തം വേണ്ടേ വേണ്ടാ’’ (നമ്മളൊന്ന്‌) എന്നായിരുന്നു. ബാബുരാജും സംഘവുമാണ്‌ ഈ ഗാനം പാടിയത്‌.

 കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക മേഖലയുടെ  അമരക്കാരൻ അന്നും ഇന്നും എന്നും ചെറുകാടുതന്നെ. ദേശാഭിമാനി സ്റ്റഡിസർക്കിളിന്‌ സംഘടനാരൂപം നൽകാൻ ഏലംകുളത്ത്‌ ചേർന്ന മഹാസമ്മേളനത്തിൽ ചെറുകാടിനെ ചിലർ ചെറുതായൊന്ന്‌ തോണ്ടിയപ്പോൾ  പ്രതിരോധിച്ചത്‌ ഇ എം എസായിരുന്നു.

തുടക്കത്തിൽ പറഞ്ഞ പേര്‌  ഭാസ്‌കരൻ മാസ്റ്ററുടേതാണെങ്കിലും കാലം ശിരസ്സിൽവച്ച്‌ ഏറെ താലോലിച്ചത്‌ വയലാറിനെ. ഒ എൻ വി, തിരുനല്ലൂർ കരുണാകരൻ, പുതുശ്ശേരി രാമചന്ദ്രൻ, പുനലൂർ ബാലൻ, എസ്‌ എൽ പുരം, പി ജെ ആന്റണി, തോപ്പിൽ ഭാസി, പൊൻകുന്നം വർക്കി, ദേവ്‌, ബഷീർ, തകഴി, ലളിതാംബിക അന്തർജനം, കെ ടി മുഹമ്മദ്‌, ഇ കെ അയമു, മുത്തിരിങ്ങോട്‌ ഭവത്രാതൻ നമ്പൂതിരിപ്പാട്‌, വൈക്കം ചന്ദ്രശേഖരൻനായർ എന്നിങ്ങനെ എത്രപേരെ ചേർത്തുനിർത്തിയാലാണ്‌ കേരളത്തിലെ പുരോഗമന  സാഹിത്യരംഗത്തിന്റെ സംഘചിത്രം പൂർണമാകുന്നത്‌.

‘‘കൊട്ടും വാദ്യവും കേൾക്കണ്‌ ദൂരെ

തെക്കേക്കുന്നിന്റെ ചെരുവീന്ന്‌

തെക്കുതെക്കൊരു നാട്ടീന്നു നിന്നെ

കെട്ടാനാളുവരണൊണ്ട്‌’’

എന്ന സ്വന്തം രചന ഈണപ്പെടുത്തി, ‘ഇൻക്വിലാബിന്റെ മക്കൾ’ എന്ന നാടകത്തിൽ പാടി അഭിനയിച്ച പി ജെ ആന്റണി പിന്നീട്‌ രാജ്യത്തെ ഒന്നാം നടനായി അവരോധിതനാകുമ്പോൾ അഭിമാനപൂരിതമാകാത്ത ഏതൊരു അന്തരംഗമാണ്‌ മലയാളത്തിലുള്ളത്‌.  

ലോകസാഹിത്യ ഭൂപടത്തിൽ നടാടെ മലയാളം എന്നെഴുതിച്ചേർത്ത തകഴി, ഉൾപ്പെടെയുള്ളവർ പുന്നപ്ര‐വയലാർ എന്ന വികാരത്തെ തൊട്ടുഴിയാതെ കടന്നുപോകാൻ ധൈര്യപ്പെട്ടില്ല. ആ തിരക്കുത്തൊഴുക്കിനിടയിലും സംഘയാത്രികർ വിസ്‌മയാഹ്ലാദങ്ങളോടെ ഒന്ന്‌ തിരിഞ്ഞുനിൽക്കുന്നത്‌ ‘മരിക്കൻ ഞങ്ങൾക്ക്‌ മനസ്സില്ല’ എന്ന പാട്ട്‌ കേൾക്കുമ്പോഴാണ്‌. ‘മരിക്കാൻ മടിയില്ല’ എന്ന ധീരതയുടെ ശബ്‌ദമേ അന്നോളം മാലോകർ കേട്ടിട്ടുള്ളൂ. മരിക്കാൻ ഞങ്ങൾക്ക്‌ മനസ്സില്ലെന്നും കരയാൻ മനസ്സില്ലെന്നുമുള്ള സംഘടിത തൊഴിലാളിവർഗത്തിന്റെ ഊറ്റം കതിരിട്ട വിയർപ്പുതോറ്റം ജനം ആദ്യം കേൾക്കുകയാണ്‌.  

ഒരു എഴുത്തുകാരന്റെ സംസ്‌കാരച്ചടങ്ങിൽ വിങ്ങിപ്പൊട്ടുന്ന ഇത്രയധികം ജനസഞ്ചയം 1975 ഒക്‌ടോബർ 27ന്‌ വയലാറിലാണ്‌  കണ്ടത്‌.   കാവ്യസമാഹാരങ്ങളിലൂടെ, കരൾതൊട്ടുഴിയുന്ന ആയിരക്കണക്കായ ഗാനങ്ങളിലൂടെ, മലയാളിക്ക്‌ പ്രാണ‐പ്രണയങ്ങളുടെ നൊമ്പരാഹ്ലാദക്കരപാകിയ സർഗദ്വീപ്‌ സമ്മാനിച്ച വയലാറിന്‌ മരണമില്ലെന്നത്‌ നേരിലും നേരായ നേര്‌!

‘‘വേദനിക്കിലും വേദനിപ്പിക്കിലും

വേണമീ സ്‌നേഹബന്ധങ്ങളൂഴിയിൽ’’

എന്നിങ്ങനെ കുമാരകവീന്ദ്രന്റെ കാൽനഖേന്ദു മരീചികളെ പിന്തുടർന്ന്‌ കവിതയുടെ രത്‌നസിംഹാസനത്തിൽ അവരോധിതനായ  ഒ എൻ വി എന്ന  മധുരാസ്വാസ്ഥ്യത്തെ ആർക്കെങ്കിലും മറക്കാനാകുമോ?

‘‘ഒത്തുനിന്നീപ്പൂനിലാവും നെൽക്കതിരും കൊയ്യാൻ

തോളോടുതോളൊത്തു ചേർന്നു വാളുയർത്താൻ തന്നെ

പോരുമോ നീ പോരുമോ നീ നേരുനേടും പോരിൽ’’

എന്നിപ്രകാരം അർധോക്തിയിൽ വിരമിക്കാതെ, ‘പാട്ടുകാരൻ നാളെയുടെ ഗാട്ടുകാര’നാണെന്ന ചരിത്രദൗത്യം എറിഞ്ഞുതന്നാണ്‌ മഹാനായ ഒ എൻ വി വിടവാങ്ങിയത്‌.

‘‘സ്വന്തമായിയിത്തിരി മണ്ണുവാങ്ങിച്ചതിൽ

കൊച്ചൊരു കൂരയും കെട്ടി

മാനമായ്‌ നിന്നെ ഞാൻ കൊണ്ടുപോകില്ലയോ,

താലിയും മാലയും ചാർത്തി’’

  അമ്പലപ്പറമ്പുകളിലാകെ മുഴങ്ങിക്കേട്ട വികാരനീലാംബരി. മലയാളികളുടെ എക്കാലത്തെയും സ്വകാര്യ ധിക്കാരമായ സാംബശിവൻ പാടി പ്രാണൻ പകർന്ന വരികൾക്കൊപ്പം പരകോടി മനുഷ്യർ അവരുടെ സ്വന്തം കവിയായ തിരുനല്ലൂരിനെയും കരളോട്‌ ചേർത്തു. ആ നിരയിൽത്തന്നെ പുതുശ്ശേരിയും ഒപ്പം പുനലൂർ ബാലനും.

   കതിരുകാണാക്കിളി, ഞാനൊരധികപ്പറ്റാണ്‌, ചലനം, ശബ്ദിക്കുന്ന കലപ്പ തുടങ്ങിയ വിശ്രുത രചനകളിലൂടെ നമുക്ക്‌ സർഗധന്യതയുടെ വേറൊരു ലോകം പണിഞ്ഞുനൽകിയ പൊൻകുന്നം വർക്കി, ഒപ്പം പാറപ്പുറത്ത്‌, കെ സുരേന്ദ്രൻ തുടങ്ങി എത്രപേരെയാണ്‌ ഓർമിക്കേണ്ടിവരുന്നത്‌. വയലാറും ഒ എൻ വിയും തിരുനല്ലൂരും പുതുശ്ശേരിയും പുനലൂർ ബാലനും ചെറുകാടും തോപ്പിൽ ഭാസിയും എസ്‌ എൽ പുരവും അടുത്ത തലമുറയിലെ കളയ്‌ക്കാടും എല്ലാം നിറഞ്ഞാടിയ സമ്പന്നദശകം.  

അതിന്റെ മൂർധന്യാവസ്ഥയിലാണ്‌ കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ അരങ്ങേറ്റം. അപ്പോഴാണ്‌ ഇടതുപക്ഷ എഴുത്തുകാർ സജീവമായത്‌. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ വീരപുളകത്തോടെ വായിച്ചിരുന്ന വികാരനാളുകൾ. വിമോചന സമരത്തിനെതിരെ ഭാസ്‌കരൻ മാസ്റ്ററുടെ കവിത.

‘‘ഒരു കുറിമാനം കുറിക്കുന്നു ഞാനിതാ

മലനാട്ടുമക്കളേ നിങ്ങൾക്കായി

അപരനല്ലല്ലോ ഞാൻ, ഞാനും പിറന്നതീ

കുനിയാത്ത നട്ടെല്ലിൻ ചോട്ടിലല്ലോ.

 (എല്ലാ കേരളീയർക്കുമായി ഒരു തുറന്ന കത്ത്‌)

തൊട്ടുപിന്നാലെ സൂര്യോദയം കണക്കെ വയലാറിന്റെ കവിത

‘‘ചിങ്ങപ്പൂന്തിരുവോണം തൂമിഴി തുറന്നപ്പോൾ

കിങ്ങിണിപ്പൂക്കൾ ചിരിച്ചുനിന്നു

വിരിയുന്ന വിരിയുന്ന പൂവിതളിൻ ചുണ്ടുകളിൽ

നറുനിലാവമ്മിഞ്ഞപ്പാൽ കൊടുത്തു

ബഹളവുമാളും ഒഴിഞ്ഞപ്പോൾ നിങ്ങൾതൻ

ബലികുടീരത്തിൽ ഞാൻ വന്നുനിന്നു

(ഒരു കവിയുടെ ഡയറിയിൽനിന്ന്‌)

വിമോചനസമരത്തിന്റെ മൂർധന്യത്തിലായിരുന്നു ഈ കവിതകൾ. ഒടുവിൽ ആ സർക്കാരിനെ പിരിച്ചുവിട്ടു. അപ്പോൾ ഒ എൻ വിയുടെ വിശ്രുത കവിത‐‘ചെറുമന്റെ കിളി.’

‘‘കൺകളിൽ വിതുമ്പുന്ന

നോവുമായവൻ നിന്നൂ

തൻകളിപ്പിറാവിനെ

വെടിവെച്ചാരോ കൊന്നു

ആരാവാ, മാരായാലെ‐

ന്താ ജീവൻ പൊയ്‌പോയിതൊ‐

രോറഞ്ചിൻ കനംപോലും‐

കാണുകയില്ലയല്ലോ.’’

അതേ കാലഘട്ടത്തിലാണ്‌ മലയാളത്തിന്റെ എക്കാലത്തെയും വീരപുളകമായ വിപ്ലവ ഗാനത്തിന്റെയും പിറവി‐ ‘ബലികുടീരങ്ങളേ...’  വയലാറും ദേവരാജൻ മാസ്റ്ററും ചേർന്നൊരുക്കിയ വിപ്ലവ പഞ്ചാക്ഷരി.

‘‘നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ

നിന്നണിഞ്ഞ കവചങ്ങളുമായി

വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ

നിന്നിതാ പുതിയ ചെങ്കൊടി നേടി.’’

അവസാനവരിയിലെ ‘ചെങ്കാടി’ പൊൻകൊടി എന്നാക്കിയാലോ? പ്രസിഡന്റിന്‌ പിടിക്കാതെ വന്നാലോ? (അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്‌  രാജേന്ദ്രപ്രസാദ്‌ പാളയത്തെ രക്തസാക്ഷിമണ്ഡപം ഉദ്‌ഘാടനം ചെയ്യാൻ വരുമ്പോൾ അദ്ദേഹത്തിന്റെ  സാന്നിധ്യത്തിൽ പാടാനുള്ള പാട്ടായിരുന്നു). സമാധാനപ്രിയരായ ചിലരുടെ മുഖത്തുനോക്കി വികാരഭരിതനായി ദേവരാജൻ മാസ്റ്റർ പ്രതികരിച്ചു: ‘‘എങ്കിൽ തന്റെ പാട്ടുവേണ്ട.’’  ഒടുവിൽ ഒത്തുതീർപ്പായി. വയലാർ എഴുതിയ മട്ടിൽത്തന്നെ പാട്ടുപാടി; കാലാതിവർത്തിയായ, പോരാട്ടപ്പാട്ട്‌‐ മലയാള കമ്യൂണിസ്റ്റുകാരുടെ എക്കാലത്തെയും ജനഗണമന.

മാസ്റ്റർതന്നെ ഒരു സ്വകാര്യ സംഭാഷണത്തിലാണ്‌ ആദ്യമായി അന്നത്തെ കഥകൾ, അതേ വികാരത്തോടെതന്നെ, വിവരിച്ചത്‌. 1857ലെ ഒന്നാംസ്വാതന്ത്ര്യസമര ശതാബ്‌ദിയിൽ രക്തസാക്ഷികളെ അനുസ്‌മരിക്കുന്ന  ഗാനം. വയലാറിലെ ബലികുടീരമാണെന്ന്‌ ചിലർ അന്നും തെറ്റിദ്ധരിച്ചു.

വടക്ക്‌ കുഞ്ഞാണ്ടിയുടെ നേതൃത്വത്തിലുള്ള കോഴിക്കോട്ടെ ദേശപോഷിണി, തെക്ക്‌ കെപിഎസി, നടുക്ക്‌ കേരള കലാവേദി. വടക്ക്‌ ചെറുകാടും സംഘവും, തെക്ക്‌ തോപ്പിൽ ഭാസിയും ഒ എൻ വിയും വയലാറും, നടുക്ക്‌ എം എസ്‌ നമ്പൂതിരിയും പരിയാനംപറ്റയും മറ്റും. വടക്ക്‌ ബാബുരാജും മച്ചാട്ട്‌ വാസന്തിയും കോഴിക്കോട്‌ അബ്ദുൾ ഖാദറും മറ്റും തെക്ക്‌ കെ എസ്‌ ജോർജും ദേവരാജനും സുലോചനയും നടുക്ക്‌ പി ജെ ആന്റണിയും സംഘവും. കേരളം നെടുകെയും കുറുകെയും ഉഴുതുമറിക്കപ്പെട്ട സുവർണദശകം.

ഈ സുവർണദശകത്തിന്‌ വിദ്യാർഥിയായിരിക്കെ സാക്ഷിയാകാൻ കഴിഞ്ഞതാണ്‌ എന്റെ ഏറ്റവും വലിയ ജീവിതസൗഭാഗ്യം.  ദാഹിക്കുന്ന പാനപാത്രം (ഒ എൻ വി), മുളങ്കാട്‌ (വയലാർ), റാണി (തിരുനല്ലൂർ), ആവുന്നത്ര ഉച്ചത്തിൽ (പുതുശ്ശേരി രാമചന്ദ്രൻ), ഒളിവിലെ ഓർമ (തോപ്പിൽ ഭാസി), ഒരാൾകൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യർ (എസ്‌ എൽ പുരം), ചെറുകാടിന്റെ മുഴുവൻ കൃതികൾ, നിറംപിടിപ്പിച്ച നുണകൾ (യശ്‌പാൽ), ജനയുഗത്തിൽ പ്രസിദ്ധീകരിച്ച വയലാറിന്റെ ഡയറിക്കുറിപ്പുകൾ; വായനയുടെ വസന്തകാലം.

 കുറെനാൾ കഴിഞ്ഞാണ്‌ ദേശാഭിമാനി വാരിക തെക്കോട്ട്‌ വന്നുതുടങ്ങിയത്‌. അതിൽ എന്റെ ആദ്യകവിത പ്രസിദ്ധീകരിച്ച ദിവസം എങ്ങനെ മറക്കാനാകും. കാരണക്കാരനായത്‌ എം എൻ കുറുപ്പ്‌. എന്നെ ഇപ്പോഴത്തെ അവസ്ഥയിലേക്ക്‌ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവർ കവി  ശ്രീരേഖയും പത്രാധിപർ എം എൻ കുറുപ്പും. എല്ലാറ്റിനും പിന്നിൽ എനിക്ക്‌ കണിയും കനിയും തന്ന്‌, ചിലനേരങ്ങളിൽ തേനും തിനയും നീട്ടി, ചില നേരങ്ങളിൽ ദശമൂലാരിഷ്‌ടവും ഇളനീർക്കുഴമ്പും തന്ന്‌ പോറ്റിയ പ്രിയപ്പെട്ട പാർടി, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തെല്ലുമേ നഷ്ടബോധമില്ല; തികഞ്ഞ സംതൃപ്‌തി.

ഏറ്റവും വലിയ പുരസ്‌കാരം ജനമനസ്സാണെന്ന്‌ ഇരമ്പിയാർക്കുന്ന പ്രബുദ്ധകേരളത്തിന്റെ ദാഹതപ്‌തമായ മനസ്സ്‌ പതുക്കെ കാതിൽ കൂടെക്കൂടെ ഓർമിപ്പിക്കുന്നു; തെറ്റരുത്‌, വന്ന വഴി മറക്കരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top