24 January Monday

തോക്കിനെ തോൽപ്പിച്ച പോരാട്ടവീറ്‌

റിസർച്ച്‌ ഡെസ്‌ക്‌Updated: Sunday Oct 24, 2021

പി കെ സി എന്ന പി കെ ചന്ദ്രാനന്ദൻ വാരിക്കുന്തവുമേന്തി ദിവാൻ സി പി രാമസ്വാമി അയ്യരുടെ പട്ടാളത്തോടും പൊലീസിനോടും നേർക്കുനേർ പൊരുതുമ്പോൾ വയസ്സ്‌ 22 മാത്രം. പ്രക്ഷോഭകർക്കുനേരെ നടന്ന വെടിവയ്‌പിനിടെ പൊലീസ് വലിച്ച കാഞ്ചി അൽപ്പം പിഴച്ചുപോയതുകൊണ്ടു മാത്രം ബാക്കിയായതാണ്‌ ഈ പോരാളിയുടെ ജീവിതം. തുടർന്ന്‌ ഭാസ്‌കരൻ നായർ എന്ന വിളിപ്പേരിൽ ഒളിവുജീവിതം. ഒളിവും കേസുമെല്ലാം പിന്നിട്ടശേഷം ഇടവേളകളില്ലാതെ നടത്തിയ പോരാട്ടങ്ങളുടെ പതിറ്റാണ്ടുകൾ. ഭക്ഷണവും വിശ്രമവും ഉറക്കവും അന്യമായ നാളുകൾ. ഇതെല്ലാം ചേരുന്നതാണ് പി കെ സിയുടെ ജീവിതചിത്രം. 2016 ജൂലൈ രണ്ടിന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയായിരുന്നു മരണം. അതുവരെ തുടർന്ന പോരാട്ടങ്ങളുടെ തുടക്കം പുന്നപ്രയിലെ സമരഭൂവിൽനിന്നാണ്‌.

1941ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. നിസ്വരുടെയും പീഡിതരുടെയും ജീവിതത്തിന് വെളിച്ചം പകരാനുള്ള പ്രവർത്തനങ്ങൾക്ക് സ്വയം സമർപ്പിക്കാനുറച്ചു. ഇതിനിടയിലാണ് ഐതിഹാസികമായ പുന്നപ്ര–--വയലാർ സമരമായി മാറിയ അമ്പലപ്പുഴ–- -ചേർത്തല താലൂക്കുകളിൽ കയർ തൊഴിലാളി പ്രതിഷേധം ആരംഭിക്കുന്നത്‌. അതിന്റെ ഭാഗമായി വാർഡ് കൗൺസിലുകൾ പ്രവർത്തനം തുടങ്ങി. ഒരു കൗൺസിലിന്റെ കൺവീനർ ചന്ദ്രാനന്ദനായിരുന്നു. ആ ചുമതല പോരാട്ടത്തിനുള്ള പുത്തൻ വഴിതുറന്നു. 

ദിവാന്റെ ദുർഭരണത്തിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചു. പൊലീസിനോടും പട്ടാളത്തോടും ഏറ്റുമുട്ടാൻ വാരിക്കുന്തം ചെത്തിമിനുക്കി. പട്ടാളസേവനം കഴിഞ്ഞെത്തിയ പാർടി അനുഭാവികളുടെ സഹായത്തോടെ പരിശീലനം. അങ്ങനെ ആയിരത്തോളം വളന്റിയർമാർ 1946 ഒക്ടോബർ 24ന്‌ പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കി മാർച്ച്‌ ചെയ്‌തു. ചന്ദ്രാനന്ദൻ എന്ന യുവപോരാളിയാണ്‌ നയിച്ചത്. പ്രകടനം പനച്ചുവട്ടിൽ കേന്ദ്രീകരിച്ചു. മുൻനിരയിലുണ്ടായിരുന്ന പി കെ ചന്ദ്രാനന്ദൻ കൈ ഉയർത്തിയപ്പോൾ സിഗ്നൽ എന്നോണം എല്ലാവരും മുദ്രാവാക്യം നിർത്തി നിശ്ശബ്ദരായി.

‘‘സഖാക്കളേ, ഈ പൊലീസ് ക്യാമ്പ് നമ്മൾ ആക്രമിക്കാൻ പോകയാണ്. നമ്മൾ പൊലീസിന്റെ ആജ്ഞ കേട്ട് പിരിഞ്ഞുപോകാൻ വന്നവരല്ല. നമ്മളിൽ ഒരു തുള്ളി രക്തവും മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാൻ സി പി രാമസ്വാമി അയ്യരുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇതൊരു യുദ്ധം തന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിന്; ജനദ്രോഹത്തിനെതിരെയും. ആരെങ്കിലും ഭയന്ന് ഓടിയാൽ അടുത്തുള്ള സഖാക്കൾ അവന്റെ കുതികാൽ വെട്ടണം. നമ്മുടെ അമ്മപെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കിൽ അന്തസ്സായി, അഭിമാനത്തോടെ നമുക്കൊന്നിച്ചു മരിക്കാം. ലാൽസലാം സഖാക്കളെ...’’ പൊലീസ്‌ സ്റ്റേഷൻ ആക്രമണത്തിനു മുന്നോടിയായി പി കെ സി സമര വളന്റിയർമാരോട്‌ പറഞ്ഞു.

ക്യാപ്റ്റൻ പി കെ ദാമോദരൻ മൂന്നാം വിസിൽ അടിച്ചതോടെ വാരിക്കുന്തങ്ങളുമായി എല്ലാവരും മുന്നോട്ടാഞ്ഞു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ 29 സമരസേനാനികൾ രക്തസാക്ഷികളായി. മർദകവീരനായ എസ്‌ഐ വേലായുധൻ നാടാർക്കും ജീവൻ നഷ്ടപ്പെട്ടു. വാരിക്കുന്തം നെഞ്ചിൽ തറച്ച വേലായുധൻ നാടാരെ അരിവാളിന്‌ വെട്ടിവീഴ്‌ത്താൻ തെങ്ങുകയറ്റത്തൊഴിലാളി കുഞ്ഞുണ്ണിയോട്‌ പറഞ്ഞതും പി കെ സി.

കഷ്ടിച്ചു രക്ഷപ്പെട്ട പി കെ സി പാർടി നിർദേശപ്രകാരം ഒളിവിൽ  പോയി. കോട്ടയത്തും വൈക്കത്തും എറണാകുളത്തും മലബാറിലും ഒരു വർഷത്തോളം നീണ്ട ഒളിവിനുശേഷം തിരുവല്ലയിലെത്തി. 1957ൽ ഇ എം എസ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കേസുകൾ പിൻവലിച്ചതോടെയാണ്‌ ഒളിവുജീവിതം അവസാനിച്ചത്‌. തീപാറുന്ന പോരാട്ടത്തിനിടെ ധീരമായ നേതൃത്വം നൽകിയ പി കെ സിക്ക് തന്റെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും വിവരിക്കുന്നത് ഒരു കമ്യൂണിസ്റ്റുകാരന്റെ നിലയ്‌ക്ക്‌ ചേർന്നതല്ലെന്നായിരുന്നു നിലപാട്‌. അങ്ങനെയൊരു പരിവേഷം  സ്വയംചാർത്തുന്നത് കമ്യൂണിസ്റ്റ് ശൈലിയുമല്ല. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള ഏതൊരു വർഗസമരവും ഭാവിചരിത്രത്തിന്റെ ഈടുവയ്‌പാണ്; വളർച്ചയുടെയും  ആ മുന്നേറ്റത്തിലും പോരാട്ടത്തിലും ജീവാർപ്പണം ചെയ്ത ആയിരങ്ങളുണ്ട്. ത്യാഗം സഹിക്കേണ്ടിവന്ന പതിനായിരങ്ങളും. അവർ മർദനത്തിനും പീഡനത്തിനും ഇരയായവരാണ്. തടവറയിൽ കഴിഞ്ഞ ആയിരങ്ങളുണ്ട്. ഇവിടെ തെളിയുന്നത് കൂട്ടായ്‌മയുടെ വിജയവും ചരിത്രവുമാണ്.

ജീവാർപ്പണംചെയ്‌ത ആയിരങ്ങൾ ഇന്നത്തെ തലമുറയ്‌ക്ക്‌ അറിയാനാകാതെ വിസ്‌മൃതിയിലാണ്ടിരിക്കുന്നു. ആ ത്യാഗധനർക്കു മുന്നിൽ നമ്മൾ എത്രയോ ചെറിയവർ. ഈ തിരിച്ചറിവ് നമുക്കുണ്ടാകണം. ചരിത്രം സമൂഹസൃഷ്ടിയാണ്. അത് സമൂഹത്തിനും ഭാവിതലമുറയ്‌ക്കും വഴികാട്ടിയാണ്. ഓരോരുത്തരുടെയും ജീവിതവും ത്യാഗോജ്വലമായ പ്രവർത്തനങ്ങളും ജനങ്ങളാണ് വിലയിരുത്തുന്നതെന്നായിരുന്നു പി കെ സിയുടെ നിലപാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top