27 April Saturday

കുതിപ്പിന്റെ ഊർജം

ഡോ. ടി എം തോമസ് ഐസക്Updated: Sunday Oct 24, 2021

പുന്നപ്ര–-വയലാർ സമരത്തില്‍ പങ്കെടുത്ത 80 ശതമാനവും 30 തികയാത്തവർ.  70 ശതമാനവും കയര്‍ തൊഴിലാളികൾ. ഈ സവിശേഷത തെലങ്കാന, തേഭാഗാ, വര്‍ളി സമരങ്ങള്‍ക്കൊന്നും അവകാശപ്പെടാനാകില്ല. രണ്ടാംലോക യുദ്ധാനന്തര വിപ്ലവങ്ങളുടെ നേതാവ് തൊഴിലാളിവര്‍ഗ പാര്‍ടിയായിരുന്നു.  തൊഴിലാളികള്‍ ആയുധമെടുത്ത് പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന അനുഭവം പുന്നപ്ര–-വയലാറിന്റേതുമാത്രം

കമ്യൂണിസ്റ്റ് പാർടി 1957ൽ കേരളത്തിൽ അധികാരമേറ്റത് 40ശതമാനം ജനപിന്തുണയോടെയാണ്. അതിന് ഒരു ദശാബ്‌ദം മുമ്പ് എന്തു ജനപിന്തുണ ഉണ്ടായിരുന്നിരിക്കണം? ഊഹിക്കുകയേ നിർവാഹമുള്ളൂ. കൃത്യമായ കണക്കില്ല. 1952ൽ കിട്ടിയത്‌ ചിറയിൻകീഴിലെ സ്വതന്ത്രനടക്കം രണ്ടു സീറ്റ്‌.  10ശതമാനത്തിൽ താഴെ വോട്ടും. അവിടെനിന്ന് 40 ശതമാനത്തിലേക്കുള്ള കുതിച്ചുചാട്ടം. ഇതിന് അടിത്തറയിട്ടത് കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റുകാർ നേടിയ സ്ഥാനമാണ്. അതിന്റെ നാടകീയ വിളംബരമായിരുന്നു സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് നടന്ന, വടക്കേ മലബാറിലെ കർഷകകലാപങ്ങളും തിരുവിതാംകൂറിലെ പുന്നപ്ര–-വയലാർ സമരവും. പുന്നപ്ര–-വയലാർ സമരത്തിലാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനം ഉച്ചസ്ഥായിയിലെത്തിയത്. ഈ അർഥത്തിൽ 1950കളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുതിപ്പിന് ഊർജം പകർന്നത് പുന്നപ്ര–-വയലാർ സമരമാണ്.

‘ഉയരും ഞാൻ നാടാകെ പടരും

ഞാനൊരു പുത്തനുയിർ നാടി

നേകിക്കൊണ്ടുയരും വീണ്ടും

അലയടിച്ചെത്തുന്ന തെക്കൻ

 കൊടുങ്കാറ്റിൽ അലറുന്ന

വയലാറിൻ ശബ്‌ദം കേൾപ്പൂ’

–- എന്ന് പി  ഭാസ്‌കരൻ പാടിയത് എത്ര അർഥവത്താണ്! 

യുവാക്കൾ, തൊഴിലാളികൾ

ആ പോരാട്ടത്തിന്റെ മുന്നിൽ നെഞ്ചുവിരിച്ചു നിന്നത് ആലപ്പുഴയിലെ കയർ തൊഴിലാളികൾ. ആ  സ്വാതന്ത്ര്യസമരസേനാനികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന  ഡയറക്ടറിയുടെ അച്ചടി അവസാനഘട്ടത്തിലാണ്.  രണ്ടായിരത്തിലേറെ  സമരസേനാനികളുടെ വിവരശേഖരണത്തിൽ പുന്നപ്ര–വയലാർ സമരത്തെക്കുറിച്ച് അമൂല്യമായ അറിവു ലഭിച്ചിട്ടുണ്ട്.

സമരത്തിൽ പങ്കെടുത്ത 80ശതമാനവും 30 തികയാത്തവർ.  70ശതമാനവും കയർ തൊഴിലാളികൾ. ഈ സവിശേഷത തെലങ്കാന, തേഭാഗാ, വർളി സമരങ്ങൾക്കൊന്നും അവകാശപ്പെടാനാകില്ല.  രണ്ടാംലോക യുദ്ധാനന്തര വിപ്ലവങ്ങളുടെ നേതാവ് തൊഴിലാളിവർഗ പാർടിയായിരുന്നു.  തൊഴിലാളികൾ  ആയുധമെടുത്ത് പോരാട്ടത്തിന് നേതൃത്വം നൽകുന്ന അനുഭവം പുന്നപ്ര–-വയലാറിന്റേതുമാത്രം. ഇതിലൂടെ തൊഴിലാളിവർഗം കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിലെ നേതൃത്വത്തിലേക്ക് ഉയർന്നു.

അമേരിക്കൻ മോഡൽ സ്വതന്ത്ര തിരുവിതാംകൂറിനെതിരായിട്ടായിരുന്നു സമരം; ഐക്യകേരളത്തിനു വേണ്ടിയായിരുന്നു. അതെ, സ്വതന്ത്ര ഇന്ത്യയിലെ ഐക്യകേരളം. ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള സമഗ്ര കാഴ്‌ചപ്പാടാണ് പുന്നപ്ര–-വയലാർ മുന്നോട്ടുവച്ചത്. ഇത്‌ തിരിച്ചറിയാൻ കേരളത്തിലെയോ ഇന്ത്യയിലെയോ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ഗാന്ധി ഘാതകർക്ക് കഴിയില്ല. 1921ലെ മലബാർ കലാപത്തിന്റെ കാര്യത്തിലെന്നപോലെ പുന്നപ്ര–-വയലാർ സമരത്തെയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരപ്പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള ഗൂഢാലോചനയിലാണ്‌ അവർ.

സ്റ്റേറ്റ്‌ കോൺഗ്രസിന്റെ വഞ്ചന

തിരുവിതാംകൂറിൽ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള ഉജ്വലമായ ഒരേടാണ് 1938.  അതിനായി തിരുവിതാംകൂറിലാകെ പ്രക്ഷോഭമുയർന്നു. ഇടതുപക്ഷ കെപിസിസി പിന്തുണ പ്രഖ്യാപിച്ചു.  പിന്തുണയുമായി എ കെ ജി  തിരുവിതാംകൂറിലേക്ക്‌ ജാഥ നയിച്ചു. ആലപ്പുഴയിൽ തൊഴിലാളികളുടെ സംഘാടകരായി പി കൃഷ്‌ണപിള്ളയും സോഷ്യലിസ്റ്റ് യുവാക്കളും തമ്പടിച്ചു. ഉത്തരവാദിത്വ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും കൂലി വെട്ടിക്കുറവിനെതിരെയും ആലപ്പുഴ തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

പൊതുപണിമുടക്ക് തുടങ്ങി  ദിവസം കഴിഞ്ഞപ്പോൾ ദിവാനുമായി സ്റ്റേറ്റ്‌ കോൺഗ്രസ് ഒത്തുതീർപ്പുണ്ടാക്കി. പ്രക്ഷോഭം പിൻവലിച്ചു.  സ്റ്റേറ്റ്‌ കോൺഗ്രസ് നേതാക്കളുടെ  ഉപദേശം തള്ളിയ ആലപ്പുഴ തൊഴിലാളികൾ ആവശ്യം അംഗീകരിക്കുംവരെ സമരം തുടരാൻ തീരുമാനിച്ചു.  അടിച്ചമർത്തലുകൾ അതിജീവിച്ച് ഒരു മാസത്തെ പൊതുപണിമുടക്ക്. സ്റ്റേറ്റ്‌ കോൺഗ്രസിൽനിന്ന് സ്വതന്ത്രമായ രാഷ്ട്രീയശക്തിയായുള്ള തൊഴിലാളി പ്രസ്ഥാനത്തിന്റെ തിരുവിതാംകൂറിലെ രംഗപ്രവേശം  അങ്ങനെയാണ്.  ഇത് ഉൽപ്പതിഷ്‌ണുക്കളായ യുവതലമുറയെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചു. കമ്യൂണിസ്റ്റ് പാർടി തിരുവിതാംകൂറിലും രൂപം കൊണ്ടു.

1938ലെ പ്രക്ഷോഭത്തിന്റെ പുതിയൊരു പതിപ്പ് ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് 1946ൽ ഇം എം എസ് എഴുതി. ഇന്ത്യയിൽ പലയിടത്തും പൊട്ടിപ്പുറപ്പെട്ട  സമരങ്ങളെ കോർത്തിണക്കി അധികാരം പിടിച്ചെടുക്കുന്നതിനുള്ള ദേശവ്യാപക സമരമായി വളർത്തുന്നതിനെക്കുറിച്ച് പാർടി കേന്ദ്രകമ്മിറ്റി പ്രമേയം പാസാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ എം എസിന്റെ ലേഖനം.

പക്ഷേ, 1938നെ അപേക്ഷിച്ച്, 1946ലെ സമരത്തിന് ഒരു പ്രത്യേകതയുണ്ടാകും. ആലപ്പുഴയിലേതടക്കം തിരുവിതാംകൂറിലെ തൊഴിലാളികൾ പൊതുപണിമുടക്കത്തിലൂടെ അഖില തിരുവിതാംകൂർ രാഷ്ട്രീയ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകും.  

ഈ സന്ദിഗ്ധ ഘട്ടത്തിൽ എന്തായിരുന്നു ആലപ്പുഴയിലെ സ്ഥിതിവിശേഷം? യുദ്ധകാലത്ത്  ട്രേഡ് യൂണിയൻ നേതാക്കൾ നാട്ടിൻപുറത്തെ കർഷകത്തൊഴിലാളികളെയും തീരദേശത്തെ മത്സ്യത്തൊഴിലാളികളെയുമടക്കം എല്ലാ വിഭാഗം കൂലിവേലക്കാരെയും സംഘടിതരാക്കി. ക്ഷാമത്തിലും പകർച്ചവ്യാധിയിലും ജനങ്ങളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി. ഭരണകൂടം അനുവദിച്ച റേഷൻ പട്ടിണി കിടക്കുന്ന നാട്ടുകാർക്ക്‌ പങ്കുവച്ചു. അങ്ങനെയാണ് ആലപ്പുഴയിലെ തൊഴിലാളിവർഗം ജനനേതാക്കളായി ഉയർന്നുവന്നത്. നാട്ടിൻപുറത്തെ തൊഴിലാളികൾ സംഘടിച്ചത്.

‘എവിടെയും മൃത്യുവെ വെന്നു ശയിക്കുന്നീ

അവശർക്കായ് പോർ ചെയ്‌ത ധീര ധീരർ

അവരുടെ രക്തത്താൽ ഒരു പുത്തനഴകിന്റെ

അരുണിമ കൈക്കൊണ്ടു മിന്നി ഗ്രാമം’ (പി ഭാസ്‌കരൻ)

ഭൂപ്രമാണിമാർ ഇതൊരു വെല്ലുവിളിയായി  കണ്ടു.  മർദനമഴിച്ചുവിട്ടു. സ്‌ത്രീകളെ മാനഭംഗപ്പെടുത്തി. സ്വരക്ഷയ്‌ക്കായി പലയിടത്തും തൊഴിലാളികൾ വീടുകളിൽനിന്ന്‌ മാറി ക്യാമ്പുകളിൽ കൂട്ടായി താമസിച്ചു. ചെറുത്തുനിൽപ്പിനെ തച്ചുതകർക്കാൻ കൂടുതൽ പൊലീസെത്തി.

ആലപ്പുഴയിലെ മൂർച്ഛിക്കുന്ന സംഘർഷത്തെ തിരുവിതാംകൂറിൽ ആരംഭിക്കുന്ന സമരവുമായി കൂട്ടിയിണക്കുന്ന അടവുകൾക്ക് കെ വി പത്രോസും കെ സി ജോർജും മറ്റുമടങ്ങുന്ന തിരുവിതാംകൂർ പാർടി നേതൃത്വം രൂപം നൽകി. കേന്ദ്രകമ്മിറ്റി അംഗീകാരവും വാങ്ങി. ക്യാമ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും സമരതാവളങ്ങളായി മാറ്റുന്നതിനും തീരുമാനിച്ചു. സന്നദ്ധഭടൻമാർക്ക്‌ വിമുക്തഭടന്മാർ പരിശീലനം നൽകി.  കൊല്ലംപോലുള്ള നഗരങ്ങളിലെയും ചരക്കു കടത്തുവള്ളക്കാരുടെയും പണിമുടക്കിന്‌ തീരുമാനമായി. സ്റ്റേറ്റ്‌ കോൺഗ്രസും സമരത്തിനിറങ്ങുമെന്ന്  നേതാക്കൾ ഉറപ്പുനൽകി. അങ്ങനെയാണ് തൊഴിലാളി പണിമുടക്കം ആരംഭിക്കുന്നത്.  എന്നാൽ, തന്ത്രം പാളി: സ്റ്റേറ്റ്‌ കോൺഗ്രസ് നേതാക്കളിൽ പട്ടം താണുപിള്ളയെപ്പോലുള്ളവർക്ക് ദിവാനുമായുള്ള ഒത്തുതീർപ്പിനായിരുന്നു താൽപ്പര്യം. അമേരിക്കൻ മോഡൽ പരീക്ഷിച്ചു നോക്കാം എന്നായി അവർ. ചുരുക്കത്തിൽ  സമരത്തിൽനിന്ന് സ്റ്റേറ്റ്‌ കോൺഗ്രസ് പിൻവാങ്ങി.

ക്വിറ്റ്‌ ഇന്ത്യാ സമരകാലം കേരളത്തിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരിൽ ഭിന്നിപ്പുണ്ടാക്കിയിരുന്നു. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ഒരു വിഭാഗം കമ്യൂണിസ്റ്റ് വിരുദ്ധ സോഷ്യലിസ്റ്റുകാരായി. അവർക്കായിരുന്നു കൊല്ലത്ത്  പ്രാമുഖ്യം. അവർ പണിമുടക്കിൽനിന്ന് വിട്ടുനിന്നു. അങ്ങനെ ആലപ്പുഴ തൊഴിലാളികൾ ഒറ്റപ്പെട്ടു. ആലപ്പുഴയിലാകട്ടെ സമരാവേശം ഉച്ചസ്ഥായിയിലായിരുന്നു.

കയറു പിരിക്കും തൊഴിലാളിക്കൊരു

കഥയുണ്ടുജ്ജ്വല സമരകഥ

അറിയാം നിങ്ങൾക്കൊരു കഥയല്ലത്

പൊരുതും വർഗചരിത്രത്തിൽ

ഉടനീളം ചുടു ചോരയിലെഴുതിയ

ചുടുചുടെ നിൽക്കും പരമാർഥം

എന്ന് വയലാർ പാടിയത് ഭാവനയല്ല; സത്യം മാത്രമാണ്. അവരുടെ പോരാട്ടവീര്യത്തെ ഒരു മർദനത്തിനും തളർത്താനായില്ല. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം അലയടിച്ചു.

ചോരയിൽ മുങ്ങിയ ഒക്‌ടോബർ

1946 ഒക്ടോബർ 22ന്‌ പൊതുപണിമുടക്ക്‌ ആരംഭിച്ചു. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാത്രമല്ല, തിരുവിതാംകൂറിലാകെ പണിമുടക്ക്‌. ഒക്ടോബർ 23ന്‌ ക്യാമ്പ്‌ കൺവീനർമാർ ആര്യാട്‌ യോഗം  ചേർന്നു. പുന്നപ്ര ആക്‌ഷൻ ആസൂത്രണം ചെയ്‌തു. ഒക്‌ടോബർ 24ന്‌ രാജാവിന്റെ തിരുനാൾ ദിവസം നാടെങ്ങും പ്രതിഷേധപ്രകടനങ്ങൾ. യോഗം വിമുക്‌തഭടന്മാരുടെ സംഘം പുന്നപ്രയ്‌ക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി. ഉച്ചകഴിഞ്ഞ്‌ പലകേന്ദ്രത്തിൽനിന്നുള്ള ജാഥകൾ പുന്നപ്ര പൊലീസ്‌ സ്റ്റേഷൻ വളഞ്ഞ്‌ കടന്നാക്രമിച്ചു. പൊലീസടക്കം 27–-30 പേർ മരിച്ചു. കളർകോട്‌ രണ്ടുപേരും. ഒക്ടോബർ 25ന് റോന്തുചുറ്റുന്ന പട്ടാളം രണ്ടുപേരെ വധിച്ചു. ഒക്ടോബർ 26ന്‌ മാരാരിക്കുളം പാലം പൊളിച്ച്‌ വയലാറിലേക്കുള്ള വഴികളടയ്‌ക്കാൻ ശ്രമിച്ച വളന്റിയർമാർക്കെതിരെ നടന്ന പൊലീസ്‌ വെടിവയ്‌പിൽ ആറുപേർ മരിച്ചു. ഒക്‌ടോബർ 27ന്‌ പട്ടാളത്തിന്റെ നരനായാട്ട്‌. കെ സി ജോർജിന്റെ കണക്ക്‌ പ്രകാരം മേനാശ്ശേരിയിൽ നൂറ്റി ഇരുപതും ഒളതലയിൽ പത്തും വയലാറിൽ നൂറ്റമ്പതും പേർ മരിച്ചു. സർക്കാരിന്റെ ഔദ്യോഗികകണക്ക്‌ പ്രകാരം മരണസംഖ്യ 190. കെ സി ജോർജിന്റെ കണക്കുപ്രകാരം 320 പേർ മരിച്ചിട്ടുണ്ട്‌. മരണസംഖ്യ സംബന്ധിച്ച്‌ ഇതിനേക്കാൾ ഉയർന്ന മതിപ്പുകണക്കുകളും ഉണ്ട്‌. സമരത്തെ ദിവാൻ ചോരയിൽ മുക്കിക്കൊന്നു.

കമ്യൂണിസം തിരുവിതാംകൂറിൽ തലപൊക്കില്ലെന്ന്‌ സർ സി പി വീമ്പിളക്കി.   മർദനതാണ്ഡവം അരങ്ങേറി. കമ്യൂണിസത്തിന്റെ കഥ കഴിഞ്ഞെന്ന്‌ സി പി പറഞ്ഞത്‌ വിശ്വസിക്കാനും ആളുണ്ടായി. അവരെയെല്ലാം വെല്ലുവിളിച്ച്‌ ചെങ്കൊടി വീണ്ടും ഉയർന്നു. സമരത്തിന്റെ ഒന്നാംവാർഷികത്തിൽത്തന്നെ മരിച്ചുവീണവർക്ക്‌ ആദരാഞ്ജലി അർപ്പിച്ചും പോരാളികളുടെ  ജയിൽ മോചനം ആവശ്യപ്പെട്ടും  ഉജ്വലപ്രകടനം ആലപ്പുഴയിൽ നടന്നു.

അന്നുമുതൽ ഇന്നുവരെ രണസ്‌മരണകൾ പുതുക്കാനും പുതിയ പോരാട്ടങ്ങൾക്കുള്ള പ്രതിജ്ഞയെടുക്കുന്നതിനുമുള്ള അവസരമായി വാർഷിക സമരവാരാചരണം മാറി.

 20ന്‌ സി എച്ച്‌ ദിനത്തിൽ പതാക ഉയർത്തലോടെ വാരാചരണം ആരംഭിക്കുന്നു. പൊതുപണിമുടക്കം ആരംഭിച്ചത്‌ ഒക്ടോബർ 22നാണ്‌. 24ന്‌ പുന്നപ്ര ഏറ്റുമുട്ടൽ. 26ന്‌ മാരാരിക്കുളം ദിനം. അങ്ങനെ ഒാരോദിവസവും ഏറ്റുമുട്ടൽ കേന്ദ്രങ്ങളിലും സമരകേന്ദ്രങ്ങളിലുമെല്ലാം പൊതുയോഗങ്ങൾ.  ഒക്‌ടോബർ 27ന്റെ വയലാർ ദിനത്തോടെ വാരാചരണം അവസാനിക്കുന്നു. ഇത്രയേറെപ്പേർ  പങ്കാളികളാകുന്ന സമരവാർഷികാചരണങ്ങൾ രാജ്യത്ത്‌ അപൂർവമായിരിക്കും. ഇത്‌ ഉൽപ്പാദിപ്പിക്കുന്ന വീറും വികാരവുും പറഞ്ഞറിയിക്കാനാകില്ല. പങ്കെടുത്ത്‌ അനുഭവിക്കേണ്ട ഒന്നാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top