20 April Saturday

അനഘാശയൻ എന്ന വിപ്ലവനക്ഷത്രം

കെ വി മോഹൻകുമാർUpdated: Sunday Oct 24, 2021

കേരളത്തിന്റെ സമരചരിത്രത്തിൽ കാര്യമായ ഇടംകിട്ടാതെ പോയ രക്തസാക്ഷിയാണ്‌ അനഘാശയൻ എന്ന പതിമൂന്നുകാരൻ. പ്രായം പോലും പരിഗണിക്കാതെ അഭിമന്യുവിനെ കൗരവർ വളഞ്ഞിട്ട്‌ ആക്രമിച്ചു കൊന്നതുപോലെ സർ സി പിയുടെ പട്ടാളം മൂന്നുദിക്കിൽനിന്നും നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു അനഘാശയനെ. ഉഷ്‌ണരാശി എന്ന നോവലിനുവേണ്ടി അനഘാശയനെക്കുറിച്ചു നടത്തിയ അന്വേഷണം അനുസ്‌മരിക്കുന്നു കെ വി മോഹൻകുമാർ

‘‘പതിമൂന്നാൾക്കാരൊണ്ടായിരുന്നു ആ ഇടുങ്ങിയ നിലവറയ്ക്കകത്ത്. തിങ്ങിഞെരുങ്ങി... ശരിക്കൊന്നു ശോസംവിടാൻപോലും കഴിയാതെ... മേനാശേരി അയ്യങ്കാട്ട് വീട് വളഞ്ഞ പട്ടാളം തോക്കും ചൂണ്ടി നിലവറയ്‌ക്കു നേർക്കുവന്നു. കനത്ത ബൂട്ടുകളുടെ ഒച്ച നിലവറയ്‌ക്കരികിലെത്തി... നിലവറയ്‌ക്കു മുന്നിൽ പട്ടാളം നിലയുറപ്പിച്ചു. ഞങ്ങൾ പമ്മിയിരുന്നു. പെട്ടെന്നാണ്‌ നിലവറയ്‌ക്കകത്തേക്ക് വെടിവയ്‌പുണ്ടായത്. ഒമ്പതാളും മരിച്ചുവീണു. ഞങ്ങൾ നാലാൾ ബാക്കിയായി. നിലവറയ്‌ക്കകം ശവപ്പറമ്പായി. അകത്തപ്പോഴും വെടിപ്പുക കട്ടപിടിച്ചുനിന്നിരുന്നു. വെടിവയ്‌പ്‌ കഴിഞ്ഞ് പട്ടാളം പോയെന്നുറപ്പായതും ശവങ്ങൾക്കിടയിൽനിന്ന്‌ ഞങ്ങൾ പുറത്തിറങ്ങി. ഞാൻ പുറത്തേക്കോടുകയായിരുന്നു. ഞങ്ങട ചെക്കനെ കണ്ടാ? അനഘനെ ആരേലും കണ്ടാ? ഞാൻ ഉറക്കെ വിളിച്ചു. ചെവിയിൽ വെടികൊണ്ട് ചോരയൊലിപ്പിച്ചൊരു സഖാവ് എതിരെ വന്നു. അയാൾ അയ്യങ്കാട്ട് വീടിന്റെ മിറ്റത്തേക്ക്‌ നോട്ടംപായിച്ചു. ഞാനങ്ങോട്ടേക്കോടി. മൂന്നാളുകൾ കെട്ടിപ്പിടിച്ചു കിടക്കുന്നു. അനഘാശയൻ, പാക്കരൻ, പ്രഭാകരൻ... ചോരച്ചുവപ്പണിഞ്ഞ് മരണത്തിലും കെട്ടിപ്പിടിച്ച് കിടക്കുകയാണ്‌ മൂന്നാളും. അനഘാശയന്റെ കൈയിലൊരു കരിങ്കൽച്ചീളുണ്ട്. അവന്റെ ഇടതുകൈ തോളത്ത്‌ തൂക്കിയിട്ട ഓലാം കൊട്ടയിലാണ്‌. നെഞ്ചോടുചേർത്ത് കൈവിടാതെ വാരിക്കുന്തവും. അക്കൊല്ലം ഓണത്തിനെടുത്ത പുത്തൻ ഇളം ചുവപ്പുടുപ്പും മാടിക്കുത്തിയ മുണ്ടുമായിരുന്നു വേഷം.

‘‘പട്ടാളക്കാർ നാലുപാടും കൂടിനിന്നാണ്‌ അനഘനെ വെടിവച്ച്‌ കൊന്നേ,’’ വെടികൊണ്ട സഖാവ് പറഞ്ഞു. ഞാൻ ഏതോ സഖാവിന്റെ തോളത്ത് കൈയൂന്നി അവന്റെ കിടപ്പ് നോക്കിനിന്നു. ഒന്നല്ല, മൂന്നു വെടി. ഒരു വെടി ഇടത്തേ പള്ളയ്‌ക്ക്‌. ഒന്ന് ഇടത്ത് നെഞ്ചത്ത്. മൂന്നാമത്തെ വെടി കഴുത്തിന്റെ  ഇടതുഭാഗത്ത്.

‘ആദ്യം പള്ളയ്‌ക്ക്‌ വെടിവച്ച പട്ടാളക്കാരനെ അവൻ ഒറ്റയേറിനു വീഴ്‌ത്തി,’  സഖാവ് പറഞ്ഞു. ‘അയ്യാട ഒത്ത നെറ്റിക്കാണവന്റെ ഏറുകൊണ്ടെ. അന്നേരം വേറൊരുത്തനാണവന്റ നെഞ്ചത്ത്... വെടികൊണ്ടു വീണതും വലതു കൈ ചുരുട്ടി അവൻ മേപ്പാട്ടു  വീശി... ‘ഇങ്ക്വിലാബ്...' അത്രയേ വിളിച്ചൊള്ളൂ. അന്നേരത്തേക്ക് മൂന്നാമത്ത വെടി കഴുത്തിൽ തുളഞ്ഞു കേറി...' മുറിവേറ്റ സഖാവിന്റെ കവിളിലൂടെ ചോരയിറ്റി. അത് താഴെ ചൊരിമണലിൽ വന്നുവീണു.

ഞാൻ മുട്ടുകാലിലിരുന്നു. അവന്റെ തലയെടുത്ത്‌ മടിയിൽ വച്ചു. അവൻ മരിച്ചിട്ടില്ലെന്ന് തോന്നി. തുറിച്ചുനോക്കുകയാണ്‌, രാഘവണ്ണനെ.'എന്റ പൊന്നുകുട്ടാ... നിന്നാടാരാടാ ഈ ചതി ചെയ്‌തേ?' ഞാൻ അവന്റെ ചോരയും ചൊരിമണലും പുരണ്ട  മുഖം ചേർത്തുപിടിച്ച് വാവിട്ടു കരഞ്ഞു.'

എവിടെ നോക്കിയാലും ചോരയിൽ പൂണ്ടുകിടക്കുന്ന സഖാക്കൾ. വലതുകൈയിൽ അന്നേരവും മുറുകെപ്പിടിച്ചിരിക്കുകയാണ്‌  വാരിക്കുന്തങ്ങൾ. ഇനിയൊരു പോരിന്‌ ജന്മമുണ്ടെങ്കിൽ... ആ ജന്മത്തിലും... അങ്ങനെ കൊതിച്ചു കിടക്കുകയാണെന്നുതോന്നും. ഉച്ചവരെ ഒപ്പമുണ്ടായിരുന്ന സഖാക്കളാണ്‌ ഉയിര്‌ വേർപെട്ട്... നെഞ്ചിലും നെറ്റിയിലും വെടിയേറ്റു വീണവർ. ആരും പിന്തിരിഞ്ഞോടിയവരല്ല. നേർക്കുനേർ നിന്ന് ദിവാന്റെ നരഭോജികളോട്‌ പടവെട്ടിയവർ. തോക്കുകൾക്കു മുന്നിൽ വാരിക്കുന്തവുമായി മാറുവിരിച്ചുനിന്നു പോരാടിയവർ. അവരെല്ലാം ചൊരിമണലിൽ പൂണ്ടുകിടക്കുകയാണ്‌. രാഘവൻ ചോരപുരണ്ട ഒരുപിടി മണ്ണെടുത്ത്‌ നെഞ്ചോട്‌ ചേർത്തു. ‘ഇന്നാട്ടിലെങ്ങും ചെമ്പതാക പാറിപ്പറക്കുന്നൊരു കാലം വരും.' 

കാനാട്ടുശേരി ചുള്ളിക്കൽ തറയിലെ പഴയ വീടിന്റെ ഉമ്മറത്ത് അനഘാശയന്റെ മരിക്കാത്ത ഓർമകളുമായി തൊണ്ണൂറാം വയസ്സ് പിന്നിടുകയായിരുന്നു സഖാവ് രാഘവൻ. ‘ഉഷ്‌ണരാശി’യുടെ എഴുത്ത് പുരോഗമിക്കുന്നതിനിടയിലാണ്‌ അനഘാശയന്റെ ചേട്ടൻ രാഘവൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് കടക്കരപ്പള്ളിയിലെ വീട്ടിലെത്തിയത്. അനഘാശയന്റെ ചുവടുകൾ ഇപ്പോഴും ആ മണ്ണിന്റെ മാറിലെവിടെയൊക്കെയോ പതിഞ്ഞുകിടക്കുന്നതായി എനിക്ക് തോന്നി. ‘‘കരിഞ്ഞ ചോരേട ആ മണവാണിപ്പഴും മൂക്കിൻ തുമ്പത്ത്,’’ രാഘവൻ ചേട്ടൻ പറഞ്ഞു. ‘‘കഞ്ഞി കുടിക്കാനിരിക്കണ നേരത്ത് ഇപ്പഴും ആ മണം വരും. അനഘന്റ നെഞ്ചു പിളർന്നൊഴുകിയ ചോരേട മണം. ഇപ്പഴും ഒന്നുറങ്ങിക്കഴിഞ്ഞ് വാരിക്കുന്തവുമായി അവൻ പാഞ്ഞുവരും. രാഘവണ്ണാ എണീക്ക്, വാരിക്കുന്തവുമെടുത്താണ്ടെറങ്ങി വാ... അവൻ വന്നു വിളിക്കും. കണ്ണുതൊറന്നു നോക്കുമ്പോ കാണാതാകും. സൊപ്‌നത്തിലെങ്കിലും കാണാൻ കൊതി തോന്നാറൊണ്ട്. വർഷം അറുപത്തെട്ടു കഴിഞ്ഞു. പോയ തുലാം പത്തിന്റന്നു രാത്രീലും അവൻ വന്നു. നെഞ്ചത്തും നെറ്റീമ്മേലും വെടിയേറ്റ പാട്ടീന്ന് ചോര കുമുകുമാന്നൊഴുകുന്നുണ്ടായിരുന്നു.'

സഖാവ് കെ സി ജോർജിന്റെ ‘പുന്നപ്ര വയലാർ’ എന്ന പുസ്‌തകത്തിലാണ്‌ അനഘാശയനെക്കുറിച്ച് ആദ്യം വായിച്ചത്. ‘മേനാശേരി ക്യാമ്പിന്റെ ചരിത്രത്തിൽ 11 വയസ്സ് മാത്രമുണ്ടായിരുന്ന അനഘാശയൻ അവിസ്‌മരണീയനാണ്‌. ക്യാമ്പിലെ സ്‌കൗട്ടായിരുന്ന ആ കൊച്ചു സഖാവ് ശത്രുക്കളുടെ നീക്കങ്ങൾ മണത്തറിഞ്ഞ് റിപ്പോർട്ട് ചെയ്‌തിരുന്ന ജോലിയിലാണ്‌ ഏർപ്പെട്ടിരുന്നത്. മേനാശേരി വെടിവയ്‌പിൽ അനഘാശയനും രക്തസാക്ഷിത്വം വരിച്ചു.’ ഇത്രയുമാണ്‌ പുസ്‌തകത്തിലുള്ളത്‌. രക്തസാക്ഷിയാകുമ്പോൾ പ്രായം പതിനൊന്നായിരുന്നില്ല. അച്ഛൻ രാമനും രാഘവൻ ചേട്ടനുമൊപ്പം കളവങ്കോടം സിഎംഎസ് കയറ്റാപ്പീസിൽ പണിക്ക് പോയിത്തുടങ്ങിയത് പതിനൊന്നാം വയസ്സിൽ. രണ്ട് വർഷത്തിലധികം കയറ്റാപ്പീസിൽ പണിയെടുത്തു. ‘‘അവിടെവച്ചാണ്‌ സഖാവ് പ്രഭാകരനുമായുള്ള ചങ്ങാത്തം. ആ വഴിക്കാണ്‌ വിപ്ലവബോധം വന്നത്. മേനാശേരി വെടിവയ്‌പിൽ കൊല്ലപ്പെടുമ്പോൾ 13 വയസ്സ് കഴിയാറായിരുന്നു.’’ തങ്കി സെയിന്റ് ജോർജ്‌ സ്‌കൂളിലെ പഠനം നാലാം ക്ലാസിൽ മുടങ്ങി. അങ്ങനെയാണ്‌ പണിക്ക് പോയിത്തുടങ്ങിയത്. ഒരുനാൾ അത്താഴം കഴിക്കുമ്പോൾ പൊലീസും ജന്മിയുടെ ചട്ടമ്പികളും വീടുവളഞ്ഞു. അകത്തുള്ളതെല്ലാം തച്ചുടച്ചു. രാഘവേട്ടനും അനഘാശയനും ഓടി രക്ഷപ്പെട്ടു. ദിവാന്റെ ഒത്താശയോടെ ജന്മിമാരും പൊലീസും ഗുണ്ടകളും കുടിയാന്മാരുടെ കുടികൾക്ക് തീയിട്ടു. ഉടുതുണിക്ക് മറുതുണിയില്ലാതെ കൊല്ലപ്പള്ളിയിലെ ക്യാമ്പിലേക്കാണോടിയെത്തിയത്. വളന്റിയർ പരിശീലനത്തിൽ രണ്ടാളും പങ്കെടുത്തു. പ്രായക്കുറവായതിനാൽ വാരിക്കുന്തമെടുക്കാൻ ആദ്യമൊന്നും അനഘാശയനെ പരിഗണിച്ചില്ല. പുറത്തുള്ള വിവരം ശേഖരിച്ച് ക്യാമ്പിലെത്തിക്കുകയായിരുന്നു അനഘാശയന്റെ ജോലി.' അവിടെനിന്നാണ്‌ മുഴുവൻ ആളുകളും മേനാശേരി ക്യാമ്പിലേക്ക് മാറിയത്. തുലാം ഒമ്പതിന്‌ പറപ്പള്ളിച്ചിറയിൽ പട്ടാളമെത്തിയ വിവരം ക്യാമ്പിൽ കാട്ടുതീപോലെയെത്തിച്ചത് അവൻ. മുതിർന്ന സഖാക്കൾ വാരിക്കുന്തവുമായി പാഞ്ഞപ്പോൾ അനഘാശയൻ വലത്തേ കൈയിൽ വാരിക്കുന്തവും ഇടത്തെ തോളിൽ  ഓലാംകൊട്ടയിൽ പട്ടാളത്തെ എറിഞ്ഞ് തുരത്താനുള്ള കരിങ്കൽച്ചീളുകളുമായി പാഞ്ഞു.

‘അസാമാന്യമായ ചങ്കുറപ്പായിരുന്നു അനഘന്‌,’ രാഘവേട്ടൻ ഓർക്കുന്നു. ഒരിക്കൽ ഉച്ചത്തിൽ പാട്ടുംപാടി വരികയാണ്‌ അനഘാശയൻ. കൂടെ ചാത്തുവുമുണ്ട്. മൂത്തതാണേലും അവന്റെ എളീലൊതുങ്ങും ചാത്തു. കാസദീനക്കാരൻ. വാവടുത്താൽ ചാത്തു ആഞ്ഞുവലിക്കും.  കണ്ടുനിൽക്കാനാകില്ല. അനഘൻ ആ നേരത്ത് എങ്ങോട്ടെങ്കിലും മാറിക്കളയും. രണ്ടാളും പാട്ടുംപാടി വരുന്ന വഴിക്കാണ്‌ തോടിനു കുറുകെയുണ്ടായിരുന്ന തെങ്ങുംതടിപ്പാലം ആരോ എടുത്തുമാറ്റിയതായി കണ്ടത്. പൊതുവഴിയാണ്‌. ചാണ്ടി അന്ത്രപ്പേർ എന്ന ജന്മിയുടെ പറമ്പിന്റെ അതിരിലായിരുന്നു തോട്. തെങ്ങുംതടി എടുത്തുമാറ്റിയത് ചാണ്ടി അന്ത്രപ്പേരാണെന്നറിഞ്ഞ് അനഘാശയൻ ചോദിക്കാൻ ചെന്നു. ജന്മിയെ ‘മുട്ടേന്ന് വിരിയാത്ത ചെക്കൻ' ചാണ്ടി അന്ത്രപ്പേരെന്ന് വിളിച്ചത്‌ അന്ത്രപ്പേർക്കും കാര്യസ്ഥനും പിടിച്ചില്ല.

‘നീ എന്നാടാ വിളിച്ചേ? കാര്യസ്ഥൻ ക്ഷുഭിതനായി. ‘മര്യാദയ്‌ക്ക്‌ ചാണ്ടിയച്ചാന്നു വിളിയടാ. അന്ത്രപ്പേരമ്മാരെ അച്ചാന്നു കൂട്ടിവിളിക്കണവെന്നു നിന്നേക്കെ പഠിപ്പിച്ചു തരണോടാ?'

‘അന്ത്രപ്പേരമ്മാരെ അച്ചാന്നു വിളിക്കാനോ? ഇതു നല്ല കൂത്ത്, ‘അനഘാശയൻ കളിയാക്കി.’ അപ്പപ്പിന്നെ എന്റച്ഛനെ ഞാനെന്നാ വിളിക്കും?'

‘ഫാ, അഹമ്മതി പറയുന്നോടാ? മരിയാതക്കു വിളിയടാ ചാണ്ടിയച്ചാന്നു.' കാര്യസ്ഥൻ തോട്ടിൻകരയിലെത്തി.

‘അവരു പറയുംപോലെ വിളിച്ചേക്കടാ,’ ചാത്തുവിനു പേടിയായി. ‘ഇല്ലേ അവരു വല്ലോം ചെയ്യും.’

‘ചാത്തുവണ്ണൻ വീട്ടീ പോ,' അനഘാശയൻ കൈലിമുണ്ട്‌ മടക്കിക്കുത്തി. ‘എനിക്കിയാളാട്‌ രണ്ടു വർത്താനം പറേണം.'

‘പിടിച്ചു കെട്ടടാ, അവനെ,' ചാണ്ടി അന്ത്രപ്പേർ അലറി. ‘കണ്ടില്ലേ അവന്റെ അഹമ്മതി.'

പണിക്കാർ പാഞ്ഞുവന്നു.

‘അനഘാ ഒടിക്കോ,' ചാത്തു വിരണ്ടു. വയ്യാത്ത കാലും വലിച്ച് ചാത്തു ഓടി.

‘പിടിച്ചു കെട്ടടാ, ചൊണയൊണ്ടേ.’ അനഘാശയൻ തോടു മുറിച്ച് നെഞ്ചും തള്ളി മുന്നോട്ടുചെന്നു.

ആ വരവ് പന്തിയല്ലെന്ന് കണ്ട് അന്ത്രപ്പേരും കൂട്ടരും പിൻവാങ്ങി’– -രാഘവേട്ടൻ പറഞ്ഞു.

കുരുക്ഷേത്ര യുദ്ധത്തിൽ പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയായിരുന്നു അനഘാശയന്റേത്. കൗരവർ പ്രായത്തിന്റെ പരിഗണനപോലും നൽകാതെ അഭിമന്യുവിനെ വളഞ്ഞ് വകവരുത്തിയതുപോലെ സർ സി പിയുടെ പട്ടാളം മൂന്നു ഭാഗത്തുനിന്നും നിറയൊഴിച്ചാണ്‌ ആ ബാലനെ കൊലപ്പെടുത്തിയത്. കേരളത്തിന്റെ ഐതിഹാസികമായ ചരിത്രത്തിൽ അധികമാരും അറിയാത്ത വിപ്ലവ നക്ഷത്രമാണ്‌ അനഘാശയൻ എന്ന ബാലൻ. ഒരു വർഷംമുമ്പ്‌ ഈ ഭൂമിയോട് വിടപറയുംവരെ ധീര സഖാവായ അനഘൻ നിറഞ്ഞു നിൽക്കുകയായിരുന്നു രാഘവേട്ടന്റെ മനസ്സിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top