29 March Friday

പ്രതിരോധത്തിന്റെ രാഷ്ട്രീയം പറയുന്ന നോവല്‍

ശ്രീജിത്‌ എസ്Updated: Sunday Jul 24, 2022

കേരളീയ പരിസരത്തുനിന്ന്‌ ആരംഭിച്ച് ഇന്ത്യൻ വർത്തമാനത്തിന്റെ അപകടകരമായ യാഥാർഥ്യങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന നോവലാണ് ഇളവൂർ ശ്രീകുമാർ രചിച്ച ‘ഉടൽത്തിറ.' പ്രണയവും രാഷ്ട്രീയവും സമാന്തരമായി സഞ്ചരിക്കുന്ന നോവൽ.  ഇസ്ലാമോഫോബിയയും ജെ എൻ യൂണിവേഴ്‌സിറ്റിയും മുംബൈ നഗരവും പൊയ്‌മുഖമണിഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളും പെൺസ്വത്വത്തിന്റെ നാനാർഥങ്ങളുമെല്ലാം ഇടകലർന്നൊഴുകുന്ന ‘ഉടൽത്തിറ' സമകാലിക ഇന്ത്യയുടെ അശുഭസ്ഥലികളിലൂടെ സഞ്ചരിക്കുമ്പോൾത്തന്നെ പ്രത്യാശയുടെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു.

ക്രമാനുഗതമായ കഥപറച്ചിലിന്റെ   രീതിയല്ല ‘ഉടൽത്തിറ'യിലേത്. സിനിമാറ്റിക് ദൃശ്യങ്ങൾപോലെ മാറിമറിഞ്ഞുപോകുന്ന രചനാശൈലി.  അംബുനായർ എന്ന കഥാപാത്രത്തിന്റെ ഓർമകളിലൂടെയാണ് നോവലിന്റെ ഒരു ധാര മുന്നോട്ട് പോകുന്നത്. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ ഗൾഫ് യാത്രക്കാരുടെ ഇടത്താവളമായിരുന്ന ബോംബെയിൽ ചെന്നുപെടുന്ന അംബുനായരുടെ ജീവിതത്തിലൂടെ പ്രവാസികൾ അനുഭവിക്കേണ്ടിവരുന്ന ചൂഷണത്തിന്റെയും അവഗണനയുടെയും ചതിയുടെയും കഥകൾ നാമടുത്തറിയുന്നു. ജെസീന കുര്യാസും ഇജാസ് അഹമ്മദുമാണ് നോലിലെ മറ്റൊരു ധാരയെ മുന്നോട്ട് നയിക്കുന്നത്. അനീഷ സൈഗാളിന്റെ   സംഘർഷാത്മക ജീവിതമാണ് മറ്റൊരു ധാര. ഇങ്ങനെ പല കൈവഴികളിലൂടെ സഞ്ചരിച്ച് പൊതുവായ ഒരിടത്ത്‌ എത്തിച്ചേർന്ന്‌ പെൺസ്വത്വത്തിന്റെ  കരുത്ത് ഉയർത്തിപ്പിടിച്ച്‌ നോവൽ അവസാനിക്കുന്നു.

ശക്തമായ ഒരു സ്ത്രീപക്ഷ നോവലാണ് ഉടൽത്തിറ. പെണ്ണിന്റെ ഉടലും മനസ്സും പ്രതിരോധത്തിന്റെ   ആയുധമണിയുമ്പോഴാണ് അവൾ സ്വതന്ത്രയാകുന്നതെന്ന് നോവലിസ്റ്റ് സ്ഥാപിക്കുന്നു. അവതാരികയിൽ ബി മുരളി സൂചിപ്പിക്കുംപോലെ പെണ്ണിന്റെ   ആന്തരികസ്വത്വത്തെ നിരാകരിക്കുകയും പെണ്ണെന്നാൽ ഉടൽമാത്രമാണെന്ന ആണത്തബോധത്തിനെതിരെ കലാപമഴിച്ചുവിടുകയും ചെയ്യുന്നു ഉടൽത്തിറ.

കഥപറച്ചിലിനപ്പുറം ചരിത്രം, സാഹിത്യം, അധികാരം, വർഗീയത ഇവയെക്കുറിച്ചെല്ലാമുള്ള ആഴമേറിയ സംവാദങ്ങൾ നോവലിൽ ചിതറിക്കിടക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top