29 March Friday

തിയറ്ററിൽ എത്താൻ കൊതിപ്പിക്കുന്ന സിനിമകൾ ചെയ്യണം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Apr 23, 2023

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കായ ഭാർഗവിനിലയത്തിന്റെ പുനരാവിഷ്‌കാരമായ നീലവെളിച്ചത്തിലെ എഴുത്തുകാരനായി തിയറ്ററിൽ ടൊവിനോ നിറഞ്ഞുനിൽക്കുകയാണ്‌. സിനിമാ ജീവിതത്തിലെ ആദ്യ ത്രിപ്പിൾ റോൾ ചിത്രം അജയന്റെ മൂന്നാം മോഷണം, ഡോ. ബിജുവിന്റെ അദൃശ്യജാലകങ്ങൾ എന്നിവ വരാനിരിക്കുന്നു. ഒരു പതിറ്റാണ്ട്‌ പിന്നിട്ടതിന്റെ സിനിമാവഴികളെക്കുറിച്ചും സിനിമാ കാഴ്‌ചപ്പാടുകളെപ്പറ്റിയും ടൊവിനോ തോമസ്‌ സംസാരിക്കുന്നു:

ആവേശവും പേടിയും

നീലവെളിച്ചത്തിലെ കഥാപാത്രം ഇതുവരെ ചെയ്ത മറ്റു കഥാപാത്രങ്ങൾ പോലെയല്ല. വളരെയധികം ആഘോഷിക്കപ്പെട്ട ഭാർഗവിനിലയം സിനിമയുടെ റീമേക്ക് എന്നുപറയാൻ പറ്റില്ല. പുനരാവിഷ്‌കാരമാണ്‌. വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥയെഴുതിയ സിനിമയാണ്‌. സിനിമ ചെയ്യുമ്പോൾ ബഷീർ ആരാധകനെന്ന നിലയിലും ഏതൊരു മലയാളിക്കും ഉണ്ടാകുന്ന ആവേശം ഉണ്ടായിരുന്നു. അതുപോലെതന്നെ പേടിയും. പക്ഷേ, പേടിച്ചു മാറിനിന്നാൽ സിനിമയിൽ  ഉണ്ടാകില്ല. സിനിമയിൽ ബഷീറിന്റെ മറ്റു പല പുസ്തകങ്ങളിൽനിന്നും ചെറിയ സംഭാഷണങ്ങളുമെല്ലാം എടുത്തിട്ടുണ്ട്. 2023ൽ ചെയ്യുന്ന സിനിമയെന്ന നിലയിൽ ചെറിയ മാറ്റങ്ങളും വരുത്തി.

വ്യത്യസ്‌തമാകാൻ ശ്രമിക്കാറുണ്ട്‌

ആഷിക് അബു എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ്. ആഷിക്കേട്ടന്റെ ഒപ്പം വീണ്ടും സിനിമ ചെയ്യാനായത്‌ സന്തോഷമുള്ള കാര്യമാണ്‌. ഒപ്പം ജോലി ചെയ്‌ത്‌ ഞങ്ങൾ തമ്മിലുണ്ടായ ഒരു ബന്ധമുണ്ട്‌. വീണ്ടും സിനിമ ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം വ്യത്യസ്‌തമായ സിനിമകളാണ്‌. അതിന്റേതായ ആകാംക്ഷയുമുണ്ട്‌.  നമ്മുടെ കംഫർട്ട്‌ സോണിൽ അല്ലാത്ത പുതിയതരം കഥാപാത്രം ചെയ്യുമ്പോൾ നമ്മുടെയൊപ്പം ജോലിചെയ്യുന്ന ആളുകൾ കംഫർട്ട് ആണെങ്കിൽ നമ്മൾ കുറച്ചുകൂടി എളുപ്പമായിരിക്കും.

പല തരത്തിലുള്ള സിനിമ ചെയ്യണമെന്നാണ്‌ ആഗ്രഹം. സിനിമകൾ സമകാലികമാകണം. ഒരുപാട് സിനിമ ഒരുപോലെ ചെയ്‌താൽ ചിലപ്പോൾ താൽക്കാലികമായി വിജയമുണ്ടാകും. പക്ഷേ, അതിൽ കാര്യമില്ല.

സിനിമകൾ ചെയ്യുമ്പോൾ വ്യത്യസ്തമാകാൻവേണ്ടി ശ്രമിക്കാറുണ്ട്. എനിക്കുതന്നെ ബോർ അടിക്കരുതെന്ന്‌ ചിന്തിച്ചിട്ടാണ്‌ ഓരോ സിനിമ ചെയ്യുന്നത്‌. ആളുകൾക്ക്‌ പുതുതായി എന്തുനൽകാൻ കഴിയുമെന്ന ആലോചനയിൽനിന്നാണ്‌ ഓരോ സിനിമയും ഉണ്ടാകുന്നത്.  

ഇനി വരാൻ പോകുന്ന അജയന്റെ രണ്ടാം മോഷണം എല്ലാത്തരം ആളുകളും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാണ്‌. ചിന്തിക്കാനും ചിരിക്കാനും പ്രണയവുമൊക്കെയുള്ള സിനിമയാണ്.  ഡോ. ബിജുവിന്റെ സിനിമകൾപോലെ കലാമൂല്യം കൂടിയ സിനിമകൾ കാണാനും ചെയ്യാനും ഇഷ്ടപ്പെടുന്ന ഒരാളാണ്. അത്തരത്തിലുള്ള സിനിമകളിൽ സാധാരണ സിനിമകളിൽനിന്ന്‌ വ്യത്യസ്തമായ  രീതിയാണ്‌  ചിത്രീകരണത്തിലും ഷോട്ട്‌ ഡിവിഷനിലുമൊക്കെ ഉണ്ടാകുക.

സിനിമാ വിദ്യാർഥി

ഞാൻ ഓരോ സിനിമയും ചെയ്യുമ്പോൾ പുതുതായി എന്തുപഠിക്കാൻ പറ്റുമെന്ന് നോക്കാറുണ്ട്.  സിനിമാ ജീവിതത്തിന്റെ അവസാനംവരെ വിദ്യാർഥി തന്നെയായിരിക്കും. ഒരു കഥാപാത്രം ചെയ്യുമ്പോൾ പുതുതായി എന്തെങ്കിലും പഠിക്കാൻ പറ്റും. ആ കിട്ടുന്ന അനുഭവംവച്ചാണ് അടുത്ത സിനിമ ചെയ്യുന്നത്. സിനിമാ ജീവിതത്തിൽ അങ്ങനെ വലിയ പ്ലാനുകളൊന്നുമില്ല. എല്ലാം വളരെ സാധാരണമായി സംഭവിക്കുന്നതാണ്‌. നമ്മൾ ആത്മാർഥമായി സിനിമ ചെയ്യുക. നല്ല സിനിമ നോക്കി തെരഞ്ഞെടുക്കുക, നല്ല വേഷങ്ങൾ ചെയ്യുക എന്നതാണ്‌ കാര്യം.

കലാമൂല്യം വേണം

കലാമൂല്യമുള്ള സിനിമകൾ ചെയ്യണം. അതിനൊപ്പംതന്നെ സാമ്പത്തികനഷ്ടം വരാത്ത സിനിമകളും ചെയ്യണം. രണ്ടും ഒരുപോലെ കൊണ്ടുപോകാനാണ്‌ ശ്രമിക്കുന്നത്‌. അപ്പോഴാണ്‌ കലാകാരനെന്ന നിലയിൽ സംതൃപ്‌തി. നിർമാതാവിന്റെ പണം നഷ്ടപ്പെടുത്തി സിനിമ ചെയ്തിട്ട് കാര്യമില്ല. ഉറപ്പായും വിജയിക്കുമെന്ന് സാധ്യതയുള്ള സിനിമകൾ നിർമിക്കുന്നതിനേക്കാളും നല്ലത്‌ വിജയസാധ്യത കുറവുള്ള കാലാമൂല്യമുള്ള സിനിമകൾ ചെയ്യുകയാണ്‌. വിജയസാധ്യതയുള്ള സിനിമകൾക്ക്‌ വേറെ നിർമാതാവിനെ കിട്ടും. പക്ഷേ, മറ്റു തരത്തിലുള്ള സിനിമകൾക്ക്‌ നിർമാതാവിനെ ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടാണ്‌. പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത സിനിമകൾ വേറെയൊരാളുടെ തലയിൽ കെട്ടിവയ്‌ക്കാൻ എന്റെ എത്തിക്‌സ്‌ സമ്മതിക്കില്ല. അതിനാലാണ്‌ കള പോലെയുള്ള സിനിമയുടെ നിർമാണത്തിന്റെ ഭാഗമായത്‌. ഇത്തരം സിനിമകൾ ലാഭം  ലക്ഷ്യംവച്ച്‌ ചെയ്യുന്നതല്ല. കിട്ടിയാൽ സന്തോഷം. ഇല്ലെങ്കിൽ വേറെയാരോടും കണക്കുപറയുകയും വേണ്ട.

നിർബന്ധിച്ച്‌ തിയറ്ററിൽ എത്തിക്കാനാകില്ല

പ്രേക്ഷകരെ ഒരിക്കലും നിർബന്ധിച്ച് തിയറ്ററിലേക്ക് കൊണ്ടുവരാനാകില്ല. സിനിമ ഒരു വിനോദമാണ്‌. ഞാൻ അഭിനയിച്ച സിനിമയാണ്‌ നിങ്ങൾ തിയറ്ററിൽ വന്ന്‌ കാണണമെന്ന്‌ വാശിപിടിക്കാൻ കഴിയില്ല. മറിച്ച്‌ തിയറ്റർ എക്‌സ്‌പീരിയൻസ്‌ ആവശ്യമുള്ള സിനിമ ചെയ്താൽ ആളുകളെ തിയറ്ററിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ്‌ വിശ്വസിക്കുന്നത്‌. ഒടിടിയിൽ കണ്ടാൽ പോരാ, തിയറ്ററിൽത്തന്നെ കാണണമെന്ന് ആളുകൾക്ക് തോന്നിക്കഴിഞ്ഞാൽ അവർ സ്വാഭാവികമായിട്ടും വരും. അതിനുവേണ്ടി അടിച്ചുപൊളി സിനിമകൾ തന്നെ ചെയ്യണമെന്നില്ല. പ്രേക്ഷകർക്ക്‌ ആസ്വദിക്കാൻ പറ്റുന്ന വേഗം കുറഞ്ഞ സിനിമകൾ ആണെങ്കിലും അവർ വരും. പക്ഷേ, അവരെ പിടിച്ചിരുത്താൻ കഴിയണം.

കഴിഞ്ഞ രണ്ടു-മൂന്നു വർഷമായി സമൂഹമാധ്യമങ്ങളിൽനിന്നും യു ട്യൂബിൽനിന്നുമെല്ലാം അധികം ഉള്ളടക്കമുണ്ടാകാൻ തുടങ്ങി. ആളുകളെ തിയറ്ററിലേക്ക്‌ വരാൻ കൊതിപ്പിക്കുന്ന, തോന്നലുണ്ടാക്കുന്ന സിനിമകൾ ഉണ്ടാകണം. അപ്പോൾ ആളുകൾ തിരിച്ചുവരും. അതിന്റെ ഉദാഹരണമാണ് രോമാഞ്ചം. ഞാൻ സിനിമ കാണുമ്പോൾ തിയറ്റർ ഹൗസ്‌ഫുള്ളായിരുന്നു. ആളുകൾ നന്നായി ആസ്വദിച്ച് സിനിമ കാണുന്നുമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top