02 October Monday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Apr 23, 2023

സംവാദ പാരമ്പര്യത്തിലേക്ക് ഒരന്വേഷണം

മധു നീലകണ്ഠൻ

ലോകം ആദരിക്കുന്ന ദാർശനികനും ധനശാസ്ത്ര ചിന്തകനുമാണ് പ്രൊഫ. അമർത്യ സെൻ. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ പുരസ്കാരം നേടിയ സെൻ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ‘വളർച്ച'യുടെ ഗണിത ശാസ്ത്രങ്ങൾക്കപ്പുറം മനുഷ്യ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുണ്ട്‌.  വികസനം മനുഷ്യ നന്മയ്‌ക്കായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. വൈവിധ്യമാർന്ന മേഖലകളിൽ ആഴത്തിലും പരപ്പിലും പാണ്ഡിത്യമുള്ള അമർത്യ സെൻ യുക്തിവിചാരത്തെ, സംവാദാത്മകതയെ എന്നും മുറുകെ പിടിച്ചു. 2005 -ൽ സെൻ ഇംഗ്ലീഷിൽ എഴുതിയ‘Argumentative Indian' (താർക്കികരായ ഇന്ത്യക്കാർ ) ഇന്ത്യയുടെ യഥാർഥ സാംസ്കാരിക, ബൗദ്ധിക പാരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ആശാലതയുടെ മനോഹരമായ മൊഴിമാറ്റം.  ഇന്ത്യയുടെ യാഥാസ്ഥിതികേതര സമീപനവും സംവാദ ശീലവും മതനിരപേക്ഷ പാരമ്പര്യവും പണ്ടുതൊട്ടേയുണ്ട്. ഋഗ്വേദത്തിൽത്തന്നെ ഉയരുന്ന ഒരു ചോദ്യമുണ്ട്. പ്രപഞ്ചം സൃഷ്ടിച്ചത് ആരാണ്? പെട്ടെന്നാണോ അത് ആവിർഭവിച്ചത് ?  പതിനാലാം നൂറ്റാണ്ടിൽ ബംഗാളിലെ ഭരണകർത്താക്കളായിരുന്ന മുസ്ലിം പഠാന്മാർ മുൻകൈയെടുത്ത് രാമായണവും മഹാഭാരതവും ബംഗാളിയിലേക്ക് വിവർത്തനം ചെയ്തു. ഉപനിഷത്തുകളുടെ ആദ്യ പരിഭാഷ , മുഗൾ ചക്രവർത്തി ഷാജഹാന്റെയും മുംതാസ് മഹലിന്റെയും മൂത്ത മകനായ ദാരാ ഷിക്കോവിന്റെ പേർഷ്യൻ പരിഭാഷയാണ്. ഇങ്ങനെ, ഇന്ത്യയുടെ യഥാർഥ പാരമ്പര്യങ്ങളിലേക്കുള്ള അർഥപൂർണമായ അന്വേഷണമാണ് ഈ ഗ്രന്ഥം.

 

പെൺപോരാളികളുടെ ജീവിതസമരം

ജസ്‌ന ജയരാജ്‌

ലോകത്തെ വിസ്‌മയിപ്പിച്ച പത്ത്‌ പെൺജീവിതങ്ങളെ ചേർത്തു വയ്‌ക്കുകയാണ്‌  അനിൽകുമാർ എ വി രചിച്ച ‘തോക്ക്‌ വാങ്ങാൻ കലപ്പ വിറ്റവർ’ എന്ന പുസ്‌തകം. ജീവിതം പോരാട്ടമാക്കി കാലത്തിന്റെ പരിമിതികളെ വകഞ്ഞുമാറ്റി പുതുവഴിവെട്ടിയ വനിതകളുടെ ആത്മാംശമാണ്‌  പുസ്‌തകത്തിലുള്ളത്‌.   തെലങ്കാന സമരത്തിലെ സായുധസേന കമാൻഡർ മല്ലുസ്വരാജ്യം, ഇന്ത്യൻ ന്യൂനപക്ഷജീവിതങ്ങൾക്ക്‌മേൽ ആഞ്ഞുപതിച്ച ബുൾഡോസറുകൾക്കെതിരെ ശബ്‌ദിച്ച കമ്യൂണിസ്‌റ്റ്‌ കനൽ ബൃന്ദ കാരാട്ട്‌,  കശ്‌മീരിന്റെ ഭീകരാന്തരീക്ഷത്തിൽ സ്‌ത്രീകളുടെ ദുരിതജീവിതം പറയുന്ന  പത്രപ്രവർത്തകയും ഫോട്ടോഗ്രാഫറുമായ സന്ന ഇർഷാദ്‌ മട്ടു തുടങ്ങിയവർ പുസ്‌തകത്താളുകളിലുണ്ട്‌.  ഗുജറാത്ത്‌ ഫയൽസ്‌ എന്ന അന്വേഷണാത്മക റിപ്പോർട്ടിന്റെ പേരിൽ വധഭീഷണിയും സൈബർ ആക്രമണവും നേരിടേണ്ടി വന്ന റാണാ അയൂബ്‌ എന്ന പത്രപ്രവർത്തകയും   25–-ാം വയസ്സിൽ ബ്രിട്ടന്റെ രാജ്ഞിയായ എലിസബത്തിന്റെയും  സംഭവബഹുലമായ ജീവിതത്തിനൊപ്പം അനുഭവങ്ങളുടെ ഖനിയായി മാറിയ  കമല സുരയ്യയുടെ എഴുത്തും വ്യക്തി ജീവിതവും പുസ്‌തകത്തിലുണ്ട്‌. കണ്ണീരിലും വിയർപ്പിലും കുതിർന്ന ബാല്യത്തിൽനിന്ന്‌ കർഷകത്തൊഴിലാളി നേതാവായി ഉദിച്ചുയർന്ന്‌ കെ എസ്‌ അമ്മുക്കുട്ടിയുടെ പോരാട്ടങ്ങളും രാജീവ്‌ ഗാന്ധി വധക്കേസിൽ 31 വർഷം ശിക്ഷയനുഭവിച്ച്‌ ജയിൽ മോചിതയനായ  പേരറിവാളന്റെ അമ്മ അർപുതമ്മാളിന്റെ ജീവിതവും അധ്യായമാകുന്നുണ്ട്‌.  ക്രിക്കറ്റിൽ ഇതിഹാസമായി ഉദിച്ചുയർന്ന മിതാലി രാജും സ്വപ്‌നങ്ങളെ പിന്തുടർന്ന്‌ പിടിക്കാനുള്ള പെണ്ണിൻെറ കരുത്താണ്‌ പറയുന്നത്‌. കേരളത്തിലെ മഹിളാപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവ്‌ എം സി ജോസഫൈന്റെ രാഷ്‌ട്രീയ ജീവിതവും കണ്ണൂരിലെ പാർടി കോൺഗ്രസ്‌ വേദിയിലെ വേർപാടും അത്യന്തം വൈകാരികമായാണ്‌ അവതരിപ്പിക്കുന്നത്‌.

 

ഭാവനയുടെ ആകാശത്ത്‌ ശാസ്ത്രം പറക്കുന്ന കഥകൾ

വിനോദ്‌ വൈശാഖി

ഇക്വിലുബ്രിയം ഒരു ഭൗതിക ശാസ്ത്ര സംജ്ഞയാണ്. ഒരു വസ്തുവിന്‍മേല്‍ പ്രയോഗിക്കുന്ന ശക്തിയും അതിനെതിരെയുള്ള ഭൂഗുരുത്വബലവും തുല്യമായാല്‍ ആ വസ്തു ഇക്വിലുബ്രിയത്തില്‍ ആണെന്ന് പറയും. സന്തുലിതമായ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ ഗര്‍ഭാശയത്തില്‍ ഇടപെടുന്ന ശാസ്ത്ര സാങ്കേതികവിദ്യയെ കുറിച്ചുള്ള കഥയാണ് യു സന്ധ്യയുടെ ‘ഇക്വിലുബ്രിയം’. കഥാസമാഹാരത്തിന്റെ കവര്‍ ചിത്രം തന്നെ അതിന്റെ ഗ്രാഫിക്കല്‍ ചിത്രീകരണമാണ്. എന്നാല്‍ സന്തുലനാവസ്ഥ തെറ്റിയ കഥാപാത്രങ്ങളും ജീവിതവും ലോകവുമാണ് ഈ സമാഹാരത്തിലെ ഇക്വിലുബ്രിയം ഒഴികെയുള്ള കഥകൾ. മനുഷ്യ ജീവിതവും ശാസ്ത്രവും വഴി തിരിഞ്ഞു പോകുന്ന ജങ്‌ഷനില്‍ ഒരു കസേരയിട്ട് ഇരുന്നു കഥ പറയുകയാണ് യു സന്ധ്യ. ഈ വഴിപിരിച്ചില്‍ ‘രണ്ടായ നിന്നെയിഹ ഒന്നെന്നു കണ്ടളവിലുണ്ടായൊരിണ്ടലി'ലും ഉടലെഴുത്തിലും ഒരു ആഘാതമായി വായനക്കാരുടെ മനസ്സിനെ അനുഭവിപ്പിക്കുന്നു.  വളരെ സാധാരണമായി പറഞ്ഞുതുടങ്ങുന്ന കഥ ഒരു അന്യാപദേശ കഥയുടെ അല്ലെങ്കില്‍ അതീത യാഥാര്‍ഥ്യത്തിന്റെ തലത്തിലേക്ക് എടുത്തുയര്‍ത്തപ്പെടുമ്പോള്‍ സന്തുലനം തെറ്റുന്നത് വായനക്കാര്‍ക്കാണ്.  മലയാള ചെറുകഥയില്‍ അധികം പരീക്ഷിക്കപ്പെടാത്തതാണ്‌ സയന്‍സ് ഫിക്ഷൻ. ഭാവനയുടെ ആകാശത്തേക്ക് ശാസ്ത്രത്തെ പറത്തിവിടുക, അതില്‍നിന്നും മനോഹരമായ കഥകള്‍ മെനഞ്ഞെടുക്കുക എന്നത് ഒരേ സമയം ബൗദ്ധികവും സര്‍ഗാത്മകവുമായ അധ്വാനമാണ്. ആ ഒരു ദിശയിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്‌ക്കുന്നതാണ് സമാഹാരത്തിലെ 13ൽ ആറ്‌ കഥയും.

 

നിലവിളിക്കുന്ന അസ്വസ്ഥതകൾ

ശ്രീവരാഹം മുരളി

ഡോ. എം എ സിദ്ധീഖിന്റെ നോവല്‍ "സൂഫി കന്യക" വായനയുടെ കുളിര്‍ക്കാറ്റ്‌ വീശുകയും തുടര്‍ന്ന് ഭയാശങ്കകളുടെ ഇരുട്ട് നിറച്ച്‌ അസ്വസ്ഥതകളുടെ കാര്‍മേഘമായി  മനസ്സിനെ അലട്ടുന്നു. കാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍നിന്ന് പൊരുതുന്ന ഒരു കൂട്ടം മതേതര മനുഷ്യരുടെതാണ് നോവല്‍ എന്ന് കരുതി വായന തുടരുമ്പോള്‍ , മതതീവ്രവാദത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരെയും കണ്ട് നാം കലുഷമാകുന്നു. മതനിരപേക്ഷ ചിന്തയ്‌ക്കൊപ്പം മതതീവ്രവാദത്തിന്റെ ഉല്‍പ്പത്തി ബീജങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ഒരു മുസ്ലിം തറവാടില്‍നിന്ന് പ്രവാചകന്റെ കാരുണ്യ വചനങ്ങള്‍ക്കും ഹദീസുകള്‍ക്കുമായി  കാതോര്‍ക്കുന്ന ഒരു ആധ്യാത്മിക ജീവിത പശ്ചാത്തലത്തില്‍ വികസിക്കുന്ന  നോവല്‍, മൗലിക വാദവും തീവ്രശാസനകളും കടന്നു വരുന്ന ഊടുവഴികള്‍ നമുക്ക് കാട്ടിത്തരുന്നു. ചന്ദനക്കാവിലെ മെര്‍ഹബ ലൈബ്രറിയും അത്‌ നടത്തിക്കൊണ്ടുപോകുന്ന അഷറഫ് എന്ന ചെറുപ്പക്കാരനും പുരോഗമന കേരളത്തിന്റെ ആകാശത്തില്‍ തിളങ്ങുന്ന താരങ്ങളായി നമ്മുടെ മനസ്സുകളില്‍ ഇടംനേടുന്നു. മതതീവ്രവാദത്തിന്റെ കറുത്ത ശക്തികള്‍ അഷറഫിനെ ജീവിതത്തില്‍നിന്നും മരണക്കയത്തിലേക്ക് അരിഞ്ഞു തള്ളിയ ദൃശ്യങ്ങള്‍ നോവല്‍ വാക്കുകള്‍കൊണ്ട് നിലവിളിച്ചു പറയുന്നു.

 

ചുട്ടെ-ടുത്ത വാക്കു-കൾ

ഡോ. ഉണ്ണി ആമ-പ്പാ-റ-യ്-ക്കൽ  

തെര-ഞ്ഞെ-ടുത്ത കവി-ക-ളു-ടെയും കഥാ-കാ-ര-ന്മാ-രു-ടെയും കൃതി-കളെ കട-ഞ്ഞെ-ടുത്ത വാക്കു-കൾക്കൊണ്ട്- അട-യാ-ള-പ്പെ-ടു-ത്തു-ക-യാണ് പി എസ്- വിജ-യ-കു-മാർ ‘കത്തുന്ന ചുംബ-ന-ങ്ങൾ’ എന്ന പുസ്-ത-ക-ത്തിൽ .  ടാഗോ-റിന്റെ ഗീതാ-ഞ്-ജ-ലി -മു-തൽ  ഹാരി-യറ്റ് ബീച്ചർ സ്റ്റോവിന്റെ അങ്കിൾ ടോംസ്- ക്യാബിൻവരെ വിശ-ക-ലനം ചെയ്യ-പ്പെ-ടു-ന്നു-ണ്ട്-.  ആസ്വാ-ദ-ന-ത്തിന്റെ ചെറു കുറിപ്പുകളാ-ണ്-.  ഇരു-പതു ലേഖ-നങ്ങളിൽ  എട്ടെണ്ണം കവി-താ-സം-ബ-ന്ധിയും ബാക്കി-യു-ള്ളവ കഥ-ക-ളെയും നോവ-ലു-ക-ളെയും ആത്മ-ക-ഥ-ക-ളെയും പരാ-മർശി-ക്കു-ന്ന-വ-യു-മാ-ണ്. വി ടി ഭട്ട-തി-രി-പ്പാ-ടിന്റെ ആത്മ-ക-ഥ-യി-ലൂടെ കട-ന്നു-പോ-കുന്ന വിജ-യ-കു-മാർ ചെറു-കാ-ടിന്റെ ജീവി-ത-പ്പാ-തയെ അധി-ക-രി-ച്ച്‌- അക്കാ-ലത്തെ ജീവി-ത-ത്തെയും രാഷ്-ട്രീയ ചുറ്റു-പാ-ടി-നെയും വില-യി-രു-ത്തു-ന്നു--.  ‘ജന്മി- കു-ടി-യാൻ വ്യവ-സ്ഥയും കരി-ഞ്ച-ന്ത-‐-പൂ-ഴ്-ത്തി-വയ്‌പ്പ്- അഴി-മ-തി-കളും കണ്ടു-നി-ൽക്കാ-നാ-കാതെ, അതി-ല്ലായ്-മ ചെയ്യാൻ- എ-ഴു-തിയും പൊരു-തിയും സമ-ര-ങ്ങ-ളിൽനിന്ന് സമ-ര-ങ്ങ-ളി-ലേ-ക്ക്- കയറിപ്പോയ ചെറു-കാ-ടെന്ന ഒറ്റ-യ-ടി-പ്പാ-ത-യാ-ണത്-’ എന്ന് ജീവി-ത-പ്പാ-തയെ വില-യി-രു-ത്തു-ന്നു.  ഒ വി വിജ-യന്റെ കടൽത്തീ-ര-ത്ത്-, എം ടി-യുടെ ഷെർല-ക്-, മുണ്ടൂർ കൃഷ്-ണൻകു-ട്ടി-യുടെ മൂന്ന-ാമതൊരാൾ, മുകു-ന്ദന്റെ ദൽഹി 1981 എന്നീ കഥ-കളെ സൂക്ഷ്-മ-ദൃഷ്-ട്യാ നിരീ-ക്ഷി-ക്കുന്ന ലേഖ-ന-മാണ് ‘പിടി-ച്ചു-ലച്ച കഥാ-കാ-ലം’.  ഫ്രാൻസിസ്- ഇട്ടി-ക്കോ-ര, ഉഷ്-ണ-മേ-ഖ-ല, മരു-ഭൂ-മി-കൾ ഉണ്ടാ-കു-ന്ന-ത്-, ഖസാ-ക്കിന്റെ ഇതി-ഹാസം തുട-ങ്ങിയ നോവ-ലു-ക-ളെ വിവിധ കോണു-ക-ളി-ലൂടെ നോക്കി-ക്കാ-ണാ-നുള്ള ഗ്രന്ഥ-കാ-രന്റെ പരി-ശ്രമം പുസ്-ത-കത്തെ വേറി-ട്ട-താ-ക്കു-ന്നു.  കൂത്താ-ട്ടു-കുളം മേരി-യു-ടെയും എ അയ്യ-പ്പന്റെയും വയ-ലാ-റി-ന്റെയും കവി-ത-ക-ളെ വിശ-ക-ല-ന -വി-ധേ-യ-മാ-ക്കുന്നുമു-ണ്ട്-.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top