20 April Saturday

ഇടതുപക്ഷമല്ലാതെ മറ്റേത്‌ ബദൽ?

ഭാഷാന്തരം: സുനിൽ ഞാളിയത്ത്Updated: Sunday Nov 22, 2020

സൗമിത്ര ചാറ്റർജി

ഇന്ത്യൻ സിനിമയിലെ ഉന്നത ശീർഷനായ നടൻ.  സിനിമാസ്വാദകർ സത്യജിത്‌ റായിയെ എങ്ങനെ ആദരിച്ചോ അത്രയും ആദരം നൽകിയ മഹാനടൻ. കുറോസോവയ്‌ക്ക്‌ തൊഷിറോ മിഫൂണിനെയും ഫെല്ലിനിക്ക് മസ്ട്രോയാനിയെയും പോലെയാണ്‌ റായിക്ക്‌ സൗമിത്ര.  കലാകാരനെന്ന നിലയിൽ സ്വന്തം രാഷ്ട്രീയാഭിപ്രായങ്ങൾ മറയില്ലാതെ പ്രകടിപ്പിച്ച ഈ ആക്ടിവിസ്റ്റ്‌ ഫാക്ടറികൾ സന്ദർശിച്ചും  ജാഥകളിൽ പങ്കെടുത്തും തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എൺപത്തഞ്ചാം വയസ്സിൽ കോവിഡ്‌ ബാധിച്ച്‌ നവംബർ 15ന്‌ അന്തരിച്ച സൗമിത്ര ചാറ്റർജി ഇക്കഴിഞ്ഞ ദുർഗാപൂജയോടനുബന്ധിച്ച്‌ ഗണശക്തിയുടെ പ്രത്യേക പതിപ്പിൽ എഴുതിയ ലേഖനം

 
ബാല്യകാലസുഹൃത്ത് വേണുവിന്റെ വാക്കുകൾ ഈയിടെയായി വല്ലാതെ ഓർമവരുന്നു.  തികച്ചും അസ്ഥിരമായ കാലത്ത് അവന്റെ മുഖം കൺമുന്നിൽ ആവർത്തിച്ച് തെളിയുന്നു. കൃഷ്‌ണനഗറിൽ ഞങ്ങൾ ഒരേയിടത്താണ് പാർത്തിരുന്നത്. എന്റെ ഫജലു ഇക്കയുടെ മകനായിരുന്നു വേണു.  വേണു റഹ്‌മാൻ. ഏതു ഹിന്ദുവിനെക്കാളും വലിയ ഹിന്ദു.  അവൻ ആചാരാനുഷ്‌ഠാനങ്ങൾ പാലിക്കുന്നത് കണ്ട് എനിക്ക് പലപ്പോഴും അരിശം വരുമായിരുന്നു. അവൻ എന്നോട് പറയും, ‘പുലു, നിനക്ക് ഇക്കാര്യങ്ങളൊക്കെ കുറച്ചെങ്കിലും മാനിച്ചുകൂടെ?' അപ്പോഴൊക്കെ ഞാനവനെ ഭീഷണിപ്പെടുത്തും. അതുപറയുമ്പോഴാണ് എനിക്ക് രൂപ്ചന്ദ് വല്യച്ഛനെ (രൂപ്ചന്ദ് തപദാർ) ഓർമ വരുന്നത്. ഒരിക്കൽ ദുർഗാപൂജയ്‌ക്ക്‌ വീട്ടിൽച്ചെന്ന് കാണാതിരുന്നതിന് എന്നെ വല്യച്ഛൻ വല്ലാതെ ശകാരിച്ചിരുന്നു. ക്രിസ്‌തുമത വിശ്വാസിയായിരുന്നു അദ്ദേഹം.
 
വീട്ടിൽ മുതിർന്നവർ ആരുവന്നാലും പാദങ്ങൾ തൊട്ട് പ്രണമിക്കണം. അച്ഛന്റെ സുഹൃത്തുക്കൾ വന്നാൽ ഞങ്ങൾ അതാണ് ആദ്യം ചെയ്യുക. അവരിൽ ആര്‌ ഹിന്ദു, ആര്‌ മുസ്ലിം, ആരാണ് ക്രൈസ്‌തവൻ എന്ന്  ആലോചിച്ചിട്ടുപോലുമില്ല.  കുട്ടിക്കാലത്ത് വർഗീയത എന്ന വാക്ക് കേൾക്കാതിരുന്നിട്ടൊന്നുമില്ല, വേറെ പല വാക്കുകളെയും പോലെയൊരു വാക്കെന്ന നിലയ്‌ക്കുമാത്രം. എന്തെങ്കിലും പ്രത്യേകതകൾ ആ വാക്കിനുള്ളതായി തോന്നാത്തതുകൊണ്ട് അത്‌ മനസ്സിൽ തറഞ്ഞിരുന്നതുമില്ല. തറഞ്ഞിരിക്കാൻ തക്ക അന്തരീക്ഷവുമില്ലായിരുന്നു.  പക്ഷേ വർത്തമാനകാലം എന്നെ തീർത്തും ഹതാശനാക്കുന്നു. എന്റെ നാട് ഏത് അന്ധകാരത്തിലേക്കാണ് നീങ്ങുന്നത്? ഇരുട്ടിനെ മറികടക്കാൻ എന്റെ നാടിനാകുമോ എന്ന കാര്യവും എനിക്കജ്ഞാതം. കണ്ടുശീലിച്ച താളത്തിൽ  നാടിനെ ഇനിയെനിക്ക് കാണാനാകുമോ?  അറിയില്ല.
 
1946ൽ എന്റെ കുട്ടിക്കാലത്താണ് കലാപം. എന്താണ് നടക്കുന്നതെന്നും എന്തിന്റെ പേരിലാണ് ലഹളയെന്നും തിരിച്ചറിയാൻ പ്രായമായിട്ടില്ല. കോളേജിൽ  ചേർന്നപ്പോഴും ഹിന്ദു‐-മുസ്ലിം വേർതിരിവ്  വേരോടിത്തുടങ്ങിയിരുന്നില്ല. കലങ്ങിയ മനസ്സോടെ ചിന്തിക്കുന്ന  കാര്യമുണ്ട്. എന്തുകൊണ്ടാണ് ജിന്നയുടെ ‘കോൾ ഫോർ പാകിസ്ഥാൻ' ആഹ്വാനം മുസൽമാൻമാരെ  ആകർഷിച്ചത്? ജമീന്ദാർമാർ ഏറിയകൂറും ഹിന്ദുക്കളായിരുന്നു. അവരുടെ കീഴിൽ ചൂഷണത്തിന് വിധേയരായി പ്രജകളെപ്പോലെയായിരുന്നു മുസ്ലിങ്ങൾ. പ്രത്യേക രാഷ്ട്രം വന്നാൽ തങ്ങളുടെ ദുരിതങ്ങൾക്ക് അറുതിയാകുമെന്ന് അവർ കരുതി. പാകിസ്ഥാനിൽ ഹിന്ദുക്കളുടെ ഭരണമോ ചൂഷണമോ ഉണ്ടാകില്ലെന്നവർ വിശ്വസിച്ചു. പാകിസ്ഥാനിൽ ജീവിക്കാൻ തുടങ്ങിയപ്പോഴാണ്  പ്രതീക്ഷകൾ അസ്ഥാനത്താണെന്നവർ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിൽ നിന്നാണ് അവർ വീണ്ടും സ്വാതന്ത്ര്യസമരം നടത്തുകയും 1971ൽ ബംഗ്ലാദേശ് രൂപീകൃതമാവുകയും ചെയ്‌തത്.
 
വിഭജനകാലത്ത് കിഴക്കൻ ബംഗാളിൽനിന്ന്‌ അഭയാർഥികളായി വന്ന പതിനായിരക്കണക്കിന് മനുഷ്യർക്ക് മുസ്ലിങ്ങളോട് രോഷമുണ്ടാകുക സ്വാഭാവികം. എന്നാലിന്ന് ഇപ്പുറത്തെ ബംഗാളിലുണ്ടായിരുന്നവർക്കാണ് അവരോട് കൂടുതൽ അരിശം. കിഴക്കൻ ബംഗാളിൽനിന്ന്‌ വന്നവരുടെ രോഷത്തിൽ ആത്മാഭിമാനവും സ്‌നേഹവും ഇടകലർന്നിരുന്നു.   തലമുറകളായി ഒരുമയോടെ   കഴിഞ്ഞവരാണവർ.   അവരെ ആക്രമിച്ച മുസ്ലിങ്ങളെപ്പോലെ അവരെ ആക്രമണത്തിൽനിന്നും രക്ഷിച്ചുനിർത്തിയ മുസ്ലിങ്ങളും ഉണ്ടായിരുന്നു.
 
മതത്തിന്റെ വേർതിരിവുകൾ ഇല്ലാതെയാണ് ഞങ്ങളുടെ ദുർഗാപൂജ ആഘോഷം. അയൽക്കാർ ജാതിമതഭേദമെന്യേ ഞങ്ങളുടെ വീട്ടിൽവരികയും ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്‌തിരുന്നു.  എന്നാൽ മുസ്ലിങ്ങൾ ഇങ്ങോട്ടു വന്നപോലെ ഹിന്ദുക്കൾ അവരുടെ വീടുകളിൽ പോകുന്നത് താരതമ്യേന കുറവായിരുന്നു. അങ്ങനെ നോക്കിയാൽ ഹിന്ദുക്കളാണ് കൂടുതൽ വർഗീയവാദം ഉള്ളിൽ പേറുന്നവർ എന്ന് ഞാൻ പറയും. ഇപ്പോഴാണെങ്കിൽ അവരുടെ ക്രൗര്യം പൂർവാധികം വർധിച്ചിരിക്കുന്നു.
 
2002ൽ ആര് ഭരിച്ചിരുന്നപ്പോഴാണ് ഗുജറാത്ത് കലാപമുണ്ടായത് അതേ വ്യക്തി തന്നെയാണ് ഇന്ന് ഇന്ത്യ  ഭരിക്കുന്നത്‌ എന്നോർക്കുമ്പോൾ ആരും ഞെട്ടും.  രാജ്യത്തെ ജനങ്ങൾ അവരെ സഹിക്കുകയും വോട്ട് നൽകി വീണ്ടും അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്യുന്നു. ശക്തമായ ഒരു ബദൽ ജനങ്ങൾക്ക് ലഭിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ അത്തരമൊരു തിരിച്ചറിവ് ഉണ്ടാകാത്തതുകൊണ്ടോ ആണ് അങ്ങനെ സംഭവിക്കുന്നത്‌.
 
മഹാമാരിയുടെ പിടിയിലമർന്ന് ഇത്രയേറെ മനുഷ്യർ മരണപ്പെടുന്നത്  അസഹനീയമായ കാര്യമാണ്.  അതിനിടയിലാണ് രാമന്റെ പേരിൽ രാഷ്ട്രീയക്കളി. ഏത് രാമന്റെ പേരിലാണോ ക്ഷേത്രം നിർമിക്കപ്പെടുന്നത് ആ രാമനെ നമുക്ക് കുട്ടിക്കാലം മുതൽക്കേ അറിയാം.  ശതസഹസ്ര വർഷങ്ങളായി രാമൻ ജനപ്രിയനായി നമ്മുടെ കണ്മുന്നിലുണ്ട്‌. സ്‌നേഹത്തിന്റെയും പ്രചോദനത്തിന്റെയും ഇടമാണത്. പിതൃസത്യം പാലിക്കാൻ വനവാസം തെരഞ്ഞെടുത്ത ഒരാൾക്ക് എങ്ങനെയാണ് ആഢംബരക്ഷേത്രത്തിൽ കഴിയാനാവുക? പിതൃസത്യവും വനവാസവും കെട്ടുകഥയാണെങ്കിലും അതൊരു മൂല്യബോധത്തെ  നിർമിക്കുന്നുണ്ട്.  മൂല്യബോധത്തിന്റെ വലിയ പ്രതീകമാണത്.  എന്നാൽ ആ മൂല്യബോധമൊക്കെ എവിടെയാണിന്ന്?  നമ്മുടെ സംസ്‌കാരത്തെ ചേർത്തു നിർത്തുന്നതിനുപകരം അവഗണിക്കുകയാണ് നാം.
 
ബദൽ സൃഷ്‌ടിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് ഇടതുപക്ഷത്തിന് മാത്രമെ സാധിക്കൂ. രാജ്യവും സമൂഹവും എവിടെച്ചെന്ന് നിൽക്കുമെന്ന്  മനസ്സിലാകുന്നില്ല. ലോകമെമ്പാടും വലതുപക്ഷചിന്തകൾ ശക്തിയാർജിക്കുകയാണ്. അതാത് രാജ്യങ്ങളിലെ ഭരണകൂടം കണ്ണടച്ചിരിക്കുന്നതുകൊണ്ടാണ് അവിടെയെല്ലാം അനീതി പുലരുന്നത്. എന്താണിതിനൊരു പ്രതിവിധി?
 
ഏറിയും കുറഞ്ഞും എല്ലാ നാട്ടിലെയും ജനങ്ങളുടെ മനസ്സിൽ മതത്തിന്റെ സ്വാധീനമുണ്ട്. പക്ഷെ ഇന്ത്യയിലും പാകിസ്ഥാനിലും സൗദി അറേബ്യയിലും മതത്തിന്റെ കാർക്കശ്യം കൂടുതലാണ്. മുസൽമാൻ ആകുന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ഒരു സൗദി പൗരനെ ബോധ്യപ്പെടുത്താൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ഇന്ത്യയിലാണെങ്കിൽ  കുറച്ചുപേരോട് മാത്രമാണ് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാനാകൂ. ബഹുഭൂരിപക്ഷവും അക്കാര്യം മനസ്സിലാക്കാൻ തന്നെ കൂട്ടാക്കില്ല. അവർക്കിടയിലാണ് രാമനെ മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നത്. രാമൻ ഓരോരുത്തർക്കും അനുഭവത്തിന്റെയും സ്‌നേഹത്തിന്റെയും ഇടമാണ് എന്നറിഞ്ഞുകൊണ്ടാണ് ഹിന്ദുത്വവാദികൾ വർഗീയ അജൻഡ നടപ്പാക്കാൻ രാമനെ കൂട്ടുപിടിക്കുന്നത്. രാമനെ രാഷ്ട്രീയനീക്കങ്ങൾക്ക്‌ ഉപയോഗിച്ചാലും ആരും തടസ്സം നിൽക്കില്ലെന്ന് അവർക്കറിയാം. കൗശലക്കാരും കുശാഗ്രബുദ്ധിക്കാരുമായ അവർ അത് നന്നായി മനസ്സിലാക്കിയിരിക്കുന്നു. കാരണം ഏറെപ്പേർക്കും രാമൻ സ്വന്തക്കാരനെപ്പോലെയാണ്.  ഞാനുമൊരു രാമഭക്തനാണ്!
 
1992 ഡിസംബർ 6ന് തികച്ചും അസൂത്രിതമായാണ് ബാബ്‌റി മസ്ജിദ് തകർത്തത്.  അത് തകർത്തവർക്ക് എന്ത് സംഭവിച്ചു? കുൽസിതമായ ആ നീക്കം തടയാമായിരുന്ന രാഷ്ട്രീയപ്പാർടികൾ അപ്പോൾ എവിടെയായിരുന്നു? അവരുടെ പതാകക്കീഴിൽ ഇതിനെതിരെ ജനങ്ങളെ അണിനിരത്താൻ സാധിച്ചോ? ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളെ ഹിറ്റ്‌ലറുടെ  ജർമനിയോടാണ് പലരും ഉപമിക്കുന്നത്. പക്ഷേ എനിക്കതിന് സാധിക്കുന്നില്ല.  വ്യവസായവൽകൃത രാജ്യമാണ് ജർമനി. നമ്മുടെ നാട് പട്ടിണിപ്പാവങ്ങളുടെയും. പിന്നെങ്ങനെ താരതമ്യം സാധ്യമാകും? ലോകജയം അവർക്ക് ആവശ്യമായിരുന്നു. അല്ലെങ്കിൽ  ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ അവർക്കു സാധിക്കുമായിരുന്നില്ല.   അവരുടെ പ്രവൃത്തികൾ തീർത്തും അമാനവികമായി മാറിയപ്പോഴാണ് ലോകജനത അവരെ തിരസ്‌കരിച്ചത്. നമ്മുടെ നാട്ടിലും ഗോസേവകരും ഗോരക്ഷകരും അതേ പാതയാണ് പിന്തുടരുന്നത്. ഗോമൂത്രം കുടിച്ചാൽ കൊറോണ ഭേദപ്പെടുമെന്നും പാത്രം കൊട്ടിയാലോ വിളക്ക് കത്തിച്ചാലോ കൊറോണ പിൻവാങ്ങുമെന്നും അവർ പറയുന്നു.  ഇത്‌ അറപ്പുളവാക്കുന്നതാണ്‌. പിഞ്ഞാണം കൊട്ടാമെന്നല്ലാതെ എന്താണ് ഈ രാജ്യത്തുള്ളത്? എന്നിട്ട് താരതമ്യം ചെയ്യുന്നത് ജർമനിയോടും! ഇന്ത്യ ഒരു സംഭവമാണെന്നും വലിയ ശക്തിയാണെന്നും അവർ പത്രങ്ങളിൽ എഴുതുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്? ഇപ്പോൾ ഗൂഢലക്ഷ്യങ്ങളോടെ ചൈനാവിരോധം ഉണർത്തി വിടുകയാണ്. ഒരു യുദ്ധമുണ്ടായാൽ അമേരിക്ക പോലൊരു രാജ്യത്തിന്റെ സഹായമില്ലാതെ നമുക്ക് നേരിടാൻ ശേഷിയുണ്ടോ?  ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നത് നമ്മുടെ സാമ്പത്തികമേഖലയിൽ വലിയ പ്രത്യാഘാതമാണ് ഉളവാക്കുക.  ചൈനീസ് ഉൽപ്പന്നങ്ങൾ വേണ്ടെന്ന് വച്ചാൽ അമേരിക്കൻ ഉൽപ്പന്നങ്ങളും വേണ്ടെന്ന് വയ്‌ക്കുന്നതാണ് ശരി. ലാഘവത്തോടെയാണ് ചൈന ഈ വിഷയത്തെ സമീപിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു.
 
അറുപത് വർഷമായി കോൺഗ്രസ്  രാജ്യം ഭരിക്കുന്നു. പരസ്യമായിട്ടല്ലെങ്കിലും ഒട്ടേറെ കോൺഗ്രസ് നേതാക്കൾ വലതുപക്ഷ മനോഭാവം വച്ചുപുലർത്തുന്നവരാണ്. ചരിത്രം ചുഴിഞ്ഞുനോക്കേണ്ട കാലമെത്തിയിരിക്കുന്നു. പല കാര്യങ്ങളിലും ഗാന്ധിജിയോട് നമുക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്.  പക്ഷെ ഗാന്ധിജിയുടെ രാഷ്‌ട്രീയസത്യസന്ധതയെ ഒരിക്കലും നിഷേധിക്കാനാകില്ല. ആ സംശുദ്ധത ഇന്ന്‌  നേതാക്കളിൽ എത്രപേർക്കുണ്ട്? ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതാവാണ് ഗാന്ധിജിയെന്നും എന്നാൽ അദ്ദേഹത്തിന്റെ നിലപാടുകളോട് അഭിപ്രായവ്യത്യാസമുണ്ടെന്നും ഇടതുപക്ഷത്തിന് പറയാമായിരുന്നു. അത്രയെങ്കിലും പറയാനുള്ള ഇടമില്ലേ? മതനിരപേക്ഷതയുടെ കാര്യത്തിൽ ഗാന്ധിജി ഒരു ഒത്തുതീർപ്പും നടത്തിയിട്ടില്ല. കടുത്ത ഹിന്ദുവായിട്ടും മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുള്ള ആരോപണം അദ്ദേഹത്തിനെതിരെ ആർക്കും ഉയർത്താനാകില്ല.
 
ഗോമാംസത്തെ ചൊല്ലിയുള്ള വിവാദങ്ങൾ കാണുമ്പോൾ  ഭയങ്കര അരിശം വരാറുണ്ട്. ഇത്ര ചെറിയ വിലയ്‌ക്ക്‌  പ്രോട്ടീൻ വേറെയെവിടെയാണ് കിട്ടുക? ലോകമെമ്പാടുമുള്ള മനുഷ്യർ ഗോമാംസം കഴിക്കുന്നവരാണ്. അതിലുപരി ആരെന്തു കഴിക്കണമെന്നും കഴിക്കരുതെന്നും തീവ്രഹിന്ദുത്വവാദികൾ തീരുമാനിക്കുന്നത് എന്തിനാണ്? ഗോമാംസം കഴിക്കുന്നതിൽ ചില ഹിന്ദുക്കൾക്ക് സ്വാഭാവികമായും എതിർപ്പ് കണ്ടേക്കാം. പക്ഷേ ആ എതിർപ്പ് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കേണ്ട ആവശ്യമെന്ത്‌? ഗോമാംസം ഭക്ഷിച്ചതിന്റെ പേരിൽ മുസൽമാൻ കൊല്ലപ്പെടുന്നു.  ഇങ്ങനെയൊരു ചിത്രം ഇതിന് മുമ്പൊരിക്കലും  കാണേണ്ടി വന്നിട്ടില്ല.
 
മോഡി രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തിയ നാൾമുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കവിതയാണ്  ടാഗോറിന്റെ ‘ദീൻദാൻ'. എല്ലായ്‌പ്പോഴും പ്രസക്തമാണ് ടാഗോറിന്റെ രചനകൾ.  ജമീന്ദാർ കുടുംബത്തിൽ ജനിച്ച ടാഗോറിന് കുടുംബസ്വത്ത് നോക്കിനടത്തു ന്നതിന്റെ ഭാഗമായി ഗ്രാമങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു അനുഭവ ഭൂമികയിലൂടെ കടന്നുപോയില്ലായിരുന്നെങ്കിൽ നാമറിയുന്ന ടാഗോറിനെ നമുക്ക് ലഭിക്കില്ലായിരുന്നു.  ദേശത്തെയും ദേശവാസികളെയും അടുത്തറിയാൻ സഹായിച്ചു ആ യാത്രകൾ.  ബ്രാഹ്മണകുടുംബത്തിൽ ജനിച്ചിട്ടും മതസംബന്ധിയായ ഒരു സങ്കുചിതചിന്തയും അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്ന്‌ മാത്രമല്ല ഹിന്ദുക്കളുമായി വിയോജിപ്പുകളും  ഉണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സ്വാധീനം അദ്ദേഹത്തിൽ ഉണ്ടായിരുന്നു. മുസ്സോളിനിയെ കാണാൻ ടാഗോർ ഇറ്റലിയിൽ ചെന്നിരുന്നു. ആ തെറ്റ് ടാഗോർ തിരിച്ചറിഞ്ഞത്‌  റൊമെയ്‌ൻ റൊളാങ്‌  ശാസിച്ചപ്പോഴാണ്‌.
   
സങ്കുചിതചിന്തകൾ വളർത്തിയെടുക്കാനാണ് രാഷ്ട്രീയവും മതവും  കൂട്ടിക്കുഴയ്‌ക്കുന്നത്. ആര് രാമനെ സ്‌നേഹിക്കുന്നു, ആര് റഹിമിനെ സ്‌നേഹിക്കുന്നു എന്നത്  എന്തിനാണ് ഒരു ചർച്ചാവിഷയമാകുന്നത്? അതുകൊണ്ടാണ് എനിക്ക് വീണ്ടും വീണ്ടും ഒരേ കാര്യംതന്നെ തോന്നുന്നത്. ഇതിനെല്ലാം ബദലായി നിലകൊള്ളാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top