26 April Friday

ഹിറ്റുകൾ കാലത്തിന്റെ നന്മ

സുജിത്‌ ടി കെ നളിനംUpdated: Sunday Nov 22, 2020
മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ദൃശ്യചാരുത  വാരി വിതറിയ സംവിധായകൻ. മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഫാസിൽ എന്ന ഗോഡ്ഫാദർ തെളിച്ച വഴിയിലൂടെയാണ്‌‌  സൂപ്പർസ്റ്റാർ മോഹൻലാലും ഹിറ്റ് മേക്കർമാരായ സിദ്ധിക്കും ലാലുമൊക്കെ കടന്നുവന്നത്‌.
 
ജെറി അമൽദേവ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, ശങ്കർ, പൂർണിമ ജയറാം, ശാലിനി, കുഞ്ചാക്കോ ബോബൻ, ഫഹദ്...തുടങ്ങി എത്ര പ്രതിഭകൾക്കാണ്‌ അദ്ദേഹം വഴികാട്ടിയത്‌. യാദൃച്‌ഛികമായാണ് ഓരോ സിനിമകളും സംഭവിക്കുന്നതെന്ന്‌ തുറന്നു പറയുകയാണ്‌  ഫാസിൽ.
 
അനിയത്തിപ്രാവ്‌‌ 22 വർഷം പിന്നിട്ടു. ഇപ്പോഴും  കുട്ടികൾക്കും  മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ സിനിമ. അതിനും പതിനേഴ്‌ വർഷം മുമ്പ്‌ ചെയ്‌തതാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ‌. വ്യത്യസ്‌ത  തലമുറകളുടെ അഭിരുചിയെ സ്വാധീനിച്ച ഹിറ്റുകൾ ചെയ്യുന്ന ‌ ഈ മാജിക്കിന്‌ പിന്നിൽ എന്താണ്‌.
 
=- നിരീക്ഷണങ്ങളിൽനിന്നും  അനുഭവങ്ങളിൽനിന്നും അന്നത്തെ തലമുറക്കാരായ ഞങ്ങൾക്ക് വലിയ വീക്ഷണം തന്നെ സ്വരൂപിക്കാൻ പറ്റി. അത് സിനിമയുടെ ഭാഷയിലേക്ക് സന്നിവേശിപ്പിക്കുന്നതിനുള്ള  പ്ലാറ്റ്ഫോമും ക്ഷമാപൂർവം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. ഏതൊരു കലാവിഭാഗത്തിനും അതിന്റെ ആയുസ്സ് കാലത്തെ അതിജീവിക്കാൻ കഴിയുംവിധം ശക്തമാകുന്നത്, അതിന്റെ സ്രഷ്‌ടാവ്‌ ആ സൃഷ്ടിക്ക്‌ രൂപമേകുന്ന സമയത്ത് എടുക്കുന്ന ആർജവവും, ആ കാലം നൽകുന്ന നന്മയും തന്നെയാണ്. അങ്ങനെയുള്ള ഞങ്ങളുടെ കാലത്ത് ഇന്നത്തേതിൽനിന്ന്‌ വ്യത്യസ്‌തമായി, ജനറേഷനുകൾക്കപ്പുറത്തെ ചിത്രങ്ങൾ, പ്രായഭേദമെന്യേ തന്നെ പലർക്കും ഒരുക്കാൻ സാധിച്ചിട്ടുണ്ട്. ഒരു പ്രണയകഥ ആവശ്യപ്പെടുന്ന  പ്രധാന ഘടകങ്ങളുണ്ട്. കാവ്യാത്മകമായ രചന, മനസ്സിന്റെ നൈർമല്യത്തെ ആർദ്രമാക്കുന്ന ഗാനങ്ങൾ, വിശ്വസനീയമായ കഥയുടെ ഒഴുക്ക്, പ്രേമബന്ധങ്ങളുടെ സത്യസന്ധമായ ദൃഢത. കാമുകീ കാമുകന്മാർ കെട്ടിപ്പിടിക്കുന്ന രംഗം പോലും അനിയത്തിപ്രാവിലില്ല.  അത്‌ വലിയ ഹിറ്റായി മാറി.
 
മോഹൻലാലിന്റെയും  മമ്മൂട്ടിയുടെയും മികച്ച ചിത്രങ്ങൾ പലതും താങ്കളുടെതാണ്‌.
 
= പ്രേതം യാഥാർഥ്യമോ മിഥ്യയോ എന്നതിനെക്കുറിച്ചുള്ള തുടർ പംക്തി  അക്കാലത്ത് വായിച്ചിരുന്നു. അതിൽനിന്നുണ്ടായ സ്‌പാർക്കാണ്‌  മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സൃഷ്‌ടിക്കുപിന്നിൽ. എന്റെ ആദ്യ സിനിമ. ശൂന്യതയിൽനിന്ന്‌ ഒരു സിനിമയും ഉണ്ടാകില്ല എന്ന്‌  ഞാൻ വിശ്വസിക്കുന്നു. നവോദയ നിർമിച്ച ആ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന ഞങ്ങളുടെ പരസ്യം കണ്ട് മോഹൻലാലിന്റെ കൂട്ടുകാർ ലാൽ അറിയാതെ ഫോട്ടോ അയക്കുകയായിരുന്നു. നരേന്ദ്രൻ എന്ന വില്ലന് നാണംകുണുങ്ങിയുടെ പ്രകൃതമാണെന്ന്‌ നിർമാതാവായ ജിജോയോട്‌ ഞാൻ പറഞ്ഞിരുന്നു. മോഹൻലാൽ ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ഞാനും  ജിജോയും ഫുൾമാർക്ക് കൊടുത്തു.  മമ്മൂട്ടി ഞാൻ അവതരിപ്പിച്ച മിമിക്രി  നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. അദ്ദേഹം വലിയ സ്റ്റാറായ സമയത്ത് ഒരിക്കൽ  വീട്ടിൽ വന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്  ഞാനെഴുതിയപ്പോഴും എന്റെ മനസ്സിൽ മോഹൻലാലായിരുന്നു. ആ ചിത്രത്തിൽ മറ്റൊരു വേഷത്തിലേക്ക് ഞാൻ മമ്മൂട്ടിയെ വിളിച്ചപ്പോൾ,  കുറെ ചിത്രങ്ങൾ തീർക്കാനുണ്ടായതിനാൽ അദ്ദേഹത്തിന് സഹകരിക്കാനായില്ല. ഗേളിയെ തിരിച്ചറിയുന്ന, അവൾ മരണത്തിന്‌ കീഴടങ്ങിക്കൊണ്ടിരിക്കുന്ന രോഗിയാണെന്ന  സത്യം ലാലിന്റെ കഥാപാത്രത്തോടു പറയുന്ന ആ വേഷം പിന്നീട്  ഞാൻ തന്നെ ചെയ്യുകയായിരുന്നു.  പൂവിന് പുതിയ പൂന്തെന്നലാണ് മമ്മൂട്ടിയെ നായകനാക്കി  ആദ്യം ചെയ്‌തത്‌.  മറുഭാഗത്ത് മമ്മൂട്ടി ഉള്ളതുകൊണ്ടാണ് ഇന്നും  മോഹൻലാലിന് ഇത്രയും തിളങ്ങാൻ സാധിക്കുന്നത്. മോഹൻലാൽ ഒപ്പം തന്നെ രംഗത്തുള്ളതാണ് മമ്മൂട്ടിയുടെ വിജയവും.
പുതിയ തലമുറയിലെ സിനിമാപ്രവർത്തകരുടെ രീതിയെക്കുറിച്ച്
 
=- ഞങ്ങളുടെയൊക്കെ കാലത്ത് ലൊക്കേഷനുകളിൽ എല്ലാ പത്രങ്ങളും വരുത്തി ഒരോരുത്തരും അവരുടെ അഭിരുചിക്കുള്ള പത്രങ്ങൾ രാവിലെ വായിക്കുന്ന രീതിയുണ്ടായിരുന്നു. ഇന്ന് ഏതെങ്കിലും ഒരു ഷൂട്ടിങ് സ്ഥലത്ത് പത്രം വരുത്തുന്നത് അപൂർവം.  വായിക്കുന്നവർ  വിരളം.  എന്റെ പേരക്കുട്ടിക്ക്  കഥ പറഞ്ഞുകൊടുക്കാമെന്നു വച്ചാൽ തന്നെ, അവന് തിരിച്ചറിവു വരുന്ന കാലത്തു തന്നെ സ്‌പൈഡർമാന്റെയും മറ്റും  ലോകമാണ്  കാണുന്നത്. ആമയും മുയലും പന്തയം വച്ച കഥ പറഞ്ഞാൽ ആ കുട്ടി എങ്ങനെ ഗ്രഹിക്കും.   കാലഘട്ടവും തലമുറയുമെല്ലാം മാറിയതിനാൽ പല പല തലത്തിലുള്ള ചിത്രങ്ങളാണ് ഇന്ന് ഇറങ്ങുന്നത്. അതിനാൽ  ന്യൂജെൻ സിനിമക്കാർ  കഥകൾ ഉണ്ടാക്കുമ്പോൾ ഏതു തലമുറയ്‌ക്കുവേണ്ടിയാണെന്ന ആശയക്കുഴപ്പമുണ്ട്‌. ഒടുവിൽ ബഹുഭൂരിപക്ഷത്തിന് എന്ന നിലയിൽ പുതിയ തലമുറയ്‌ക്കുവേണ്ടി‌ എന്ന രീതിയിലേക്ക് മാറുന്നു. അതിൽ അവരെ കുറ്റപ്പെടുത്താനാവില്ല. ആ ഒരു അപചയം ഇന്ന് നമ്മുടെ സിനിമയിലുണ്ട്‌. ചുരുക്കം ചില ചിത്രങ്ങൾ അതിനെയൊക്കെ അതിജീവിച്ച് മികച്ച ചിത്രങ്ങളായി.   
പൃഥ്വിരാജിന്റെ  ലൂസിഫറിൽ വേഷത്തിൽ അഭിനയിച്ചു. പ്രിയദർശന്റെ കുഞ്ഞാലി മരക്കാറിലും അഭിനയിക്കുന്നു.  ഈ മാറ്റത്തിന്‌ പ്രേരണ?
 

=-  പൃഥ്വിരാജ്  ലൂസിഫറിനെക്കുറിച്ച് പറഞ്ഞപ്പോൾ, അയാൾക്ക് ആ ചിത്രത്തോടുള്ള  താൽപ്പര്യം കണ്ടപ്പോൾ സമ്മതിക്കുകയായിരുന്നു. കുഞ്ഞാലി മരക്കാറിൽ പ്രിയന്റെ സ്‌നേഹത്തിനു വഴങ്ങേണ്ടിവന്നു. ആദ്യ മരക്കാറുടെ വേഷമായിരുന്നു. 20‐-25 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. പിന്നെ അഭിനയം എന്നത് എന്നെ സംബന്ധിച്ചിടത്തോളം മുമ്പേ ഒരു പുതുമയുള്ള കാര്യമല്ല. നല്ല വേഷമാണെങ്കിൽ തൃപ്തികരമാണെങ്കിൽ ചെയ്യാം. എന്നാൽ പത്തുമുപ്പതു ദിവസത്തെയൊക്കെ ഷൂട്ട് എന്ന് പറഞ്ഞാൽ സ്‌നേഹം നിലനിർത്തി തന്നെ ഞാനവ വിട്ടുകളയും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top