24 April Wednesday

കഥകളി ‘വായിക്ക’ട്ടെ, പുതുതലമുറ

പ്രൊഫ. ജോര്‍ജ് എസ് പോള്‍Updated: Sunday Nov 22, 2020
മുഖ്യധാരാ പത്രപ്രവർത്തകരിൽ രംഗകലകളോട് ഏറ്റവും കൂടുതൽ ആത്മബന്ധം പുലർത്തുന്ന ദിനേശ്  വർമയുടെ ‘കണ്ണിണയ്‌ക്കാനന്ദം’  എന്ന ഗ്രന്ഥം ഇരുപതാം നൂറ്റാണ്ടിലെ ഈ കലയുടെ ‘മെലഡിക്കാലത്തെ’ ആഴത്തിൽ സ്‌പർശിക്കുന്നുണ്ട്. കഥകളിയെക്കുറിച്ചറിയാനുള്ള വ്യഗ്രത, അതു നിറവേറ്റാനായി നടത്തിയ പരന്ന വായന, അരങ്ങിന്റെ മുന്നിൽ എത്രയോ യാമങ്ങൾ കഴിച്ചുകൂട്ടിയതിന്റെ അനുഭവം, പ്രതിപാദിക്കാൻ തെരഞ്ഞെടുത്ത പ്രതിഭകളുമായുള്ള അടുപ്പം, അഭിമുഖം ഇവയെല്ലാം ഈ പുസ്‌തകത്തെ ശ്രദ്ധേയമാക്കുന്നു.
ഒമ്പത് അധ്യായങ്ങളിൽ ഒന്നാമത്തേതായ ‘പദവിസ്‌മയം’ ചരിത്രപരമായ ഒരെത്തിനോട്ടമാണ്. വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സമീപനമാണിത്, പ്രത്യേകിച്ച് ചരിത്ര പഠനം തീരെ അവഗണിക്കപ്പെടുന്ന ഇക്കാലത്ത്. Those who ignore history, are condemned to retrieve it  എന്ന ആപ്തവാക്യം നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ശ്രദ്ധയിൽ ഇനിയും പെടേണ്ടിയിരിക്കുന്നു.
 
ദിനേശ് വർമയുടെ  സംഗീതപ്രേമം തന്നെയാണ് ഇതിൽ കൂടുതലും നിഴലിക്കുന്നത്. വിശ്വസംഗീതത്തിന് കേരളത്തിന്റെ സംഭാവന തന്നെയാണ് കഥകളി സംഗീതം. അനേകം യുവാക്കളെ കഥകളിയിലേക്കാകർഷിക്കാനും, രംഗങ്ങളെ തിരിച്ചറിയാനും, അതിനെ ശാസ്‌ത്രീയ സംഗീതത്തിലേക്കെത്തിക്കാനും കഥകളിസംഗീതത്തിനാകുന്നുണ്ട് എന്നത് നിസ്‌തർക്കം. അതേസമയം, കഥകളിയിൽ ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങിയതും അതിന്റെ സംഗീതം തന്നെയാണ്. വിമർശകരാകട്ടെ വേഷക്കാരും. രണ്ടു കൊല്ലം മുമ്പ് തൃശൂർ ആകാശവാണി സംഘടിപ്പിച്ച സംഗീത സമന്വയം ഉദ്ഘാടനം ചെയ്‌ത കലാമണ്ഡലം ഗോപി, പിറകിൽ അരങ്ങത്തിരിക്കുന്ന കഥകളി ഗായകരോട് ‘ഇനി ഹിന്ദുസ്ഥാനി സംഗീതവും കൂട്ടിച്ചേർത്ത്, ഞങ്ങളെപ്പോലുള്ളവരെ ബുദ്ധിമുട്ടിക്കരുതേ എന്നൊരപേക്ഷയുണ്ട്’ എന്ന് പറഞ്ഞത്, ‘ആട്ടത്തിന് പാട്ട്’ എന്ന തത്വം പല ഗായകരും മറക്കുന്നു എന്നതിന്റെ ഒരു സൂചനയായിരുന്നു.
 
ഈ വസ്‌തുത തിരിച്ചറിഞ്ഞ ഗായകരെ കുറിച്ചാണ് കൂടുതൽ ലേഖനങ്ങളും. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം വെണ്മണി ഹരിദാസ്, ഉണ്ണിക്കൃഷ്‌ണക്കുറുപ്പ്, പാലനാട് ദിവാകരൻ എന്നിവരെ കുറിച്ചുള്ള വിശദമായ വിലയിരുത്തലുകളും അവരുടെ അഭിപ്രായങ്ങളും കഥകളി സംഗീതത്തിന്റെ ചരിത്രം കൂടിയാണ‌്.  രംഗത്തുള്ള അതികായരുടെ ജീവിതവും കലയും കൂടി പുസ്‌തകത്തിലുൾപ്പെടുത്തിയിട്ടുണ്ട‌്. അത്‌ പുതുതലമുറയ‌്ക്ക‌്  പ്രയോജനപ്പെടും.
 
വേഷക്കാരിൽ ഗോപിയാശാനെക്കുറിച്ച് രണ്ട് ലേഖനങ്ങളാണുള്ളത‌്. ആശാനർഹിക്കുന്നുമുണ്ട്, പ്രത്യേകിച്ച് മറ്റാരും പറയാൻ മടിക്കുന്ന കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാനുള്ള ആശാന്റെ ധൈര്യം. ഒരു യോഗിവര്യനായ നെല്ലിയോടിനെക്കുറിച്ചുള്ള ലേഖനവും ശ്രദ്ധേയമാണ്. അദ്ദേഹം സൂചിപ്പിക്കുന്ന ഫ്രഞ്ച്കാരിയുടെ പേര് (പേജ് 118) ‘മിലേന സാൽവിനോ’ എന്നാണ്. ഇതു തിരുത്തേണ്ടതാണ്. രാമൻകുട്ടിയാശാൻ ഒരു നിഴൽപോലെ ഏറ്റവും അവസാനം പ്രത്യക്ഷപ്പെടുന്നു. കഥകളിയെക്കുറിച്ച‌് ഒട്ടനവധി ഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും പുതിയ തലമുറയെ കൂടി ലക്ഷ്യം വച്ചുള്ള ഈ പുസ്‌തകം പുതിയ കാലത്തിന്റെ വായനകൂടിയാണ‌്. കഥകളിയെയും സംഗീതത്തെയും സ‌്നേഹിക്കുന്ന ഏവർക്കും ‘കണ്ണിണയ്‌ക്കാനന്ദം’ പകരാൻ ഈ പുസ്‌തകത്തിന് കഴിയും എന്ന‌് നിസ്സംശയം പറയാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top