02 March Saturday

പോരാട്ടത്തിന്റെ കണ്ണാടി

ലെനി ജോസഫ്‌ lenidesh@gmail.comUpdated: Sunday Oct 22, 2023

മുക്കാൽ നൂറ്റാണ്ടുമുമ്പത്തെ പുന്നപ്ര–- വയലാർ സമരകാലത്തെ മനുഷ്യജീവിതം എങ്ങനെയായിരുന്നു? ചൂഷണത്തിന്റെയും അയിത്തത്തിന്റെയും അകമ്പടിയിൽ ജന്മിത്തവും നാടുവാഴിത്തവും അരങ്ങുവാണ കെട്ടകാലത്തിന്റെ കേട്ടറിവുമാത്രമേ പുതിയ തലമുറയ്ക്കൂള്ളൂ. ‘വയലാറിൽ വെടിയേറ്റ്‌ തുളവീണ തെങ്ങിനും രണനായകർക്കും പ്രായമായി’ എന്ന ഗാനത്തെ അപ്രസക്തമാക്കി സമരസേനാനികൾ മിക്കവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. രാജഭരണകാലത്തെ തൊട്ടുകൂടായ്‌മയുടെയും ചൂഷണത്തിന്റെയും ദുരിതപർവം താണ്ടിയ തലമുറയുടെ ജീവിതചിത്രം കുറെയൊക്കെ ദർശിക്കാനാകുന്നത്‌ തകഴിയുടെയും കേശവദേവിന്റെയും കൃതികളിലാണ്‌.

എന്നാൽ, വർഗബോധത്തിൽ പ്രചോദിതരായി കേരളചരിത്രത്തിന്റെ ഭാഗധേയം നിർണയിച്ച ആലപ്പുഴയിലെ മനുഷ്യരുടെ പരിതാപകരമായ അവസ്ഥയിലേക്കും  തൊഴിലാളിവർഗത്തിന്റെ  മുന്നേറ്റകാലത്തിലേക്കും വെളിച്ചം വീശുകയാണ്‌ തിരുവിതാംകൂർ മഹാരാജാവ്‌ നിരോധിച്ച ‘പാട്ടുപുസ്‌തകം’.

എ ശ്രീധരൻ

എ ശ്രീധരൻ

പുന്നപ്ര–-വയലാർ സമരത്തിനുശേഷം 1948ൽ പ്രസിദ്ധീകരിച്ച പുസ്‌തകത്തിൽ ‘ചേർത്തല താലൂക്ക്‌ കമ്യൂണിസ്റ്റു പാർടിയിൽനിന്നും പ്രസിദ്ധീകരിക്കുന്നത്‌’ എന്നു കവർ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. സെക്രട്ടറി എ ശ്രീധരൻ എന്ന്‌ എഴുതിയിട്ടുണ്ടെങ്കിലും പാട്ടുകൾ അദ്ദേഹംതന്നെ എഴുതിയതാണോയെന്ന്‌ വ്യക്തമല്ല. ചേർത്തല ‘മനോഹര’ പ്രസിൽ 1000 കോപ്പി അച്ചടിച്ച പുസ്‌തകത്തിന്‌ രണ്ടു ചക്രമാണ്‌ വില. ചരിത്രകുതുകിയായ ഹരികുമാർ ഇളയിടമാണ്‌ ഈ പുരാവസ്‌തുരേഖ കണ്ടെത്തിയത്‌.

‘‘വയലാർ–- വയലാർ–- വയലാർ ഹാ.....

രോമാഞ്ച–-മില്ലാതപ്പേർ

പറയാനും ആവതുണ്ടോ–- മറപ്പോരുണ്ടോ’’ എന്നു തുടങ്ങുന്നതാണ്‌ പാട്ട്‌. ‘റുഞ്ചു ബരിശെ എ: മട്ട്‌’ എന്ന്‌ തുടക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

 പൊലീസ്‌ ഇൻസ്‌പെക്ടർ ജനറൽ 1948 മാർച്ച്‌ 31നാണ്‌ പുസ്‌തകത്തിനെതിരായ റിപ്പോർട്ട്‌ ഹുസുർ സെക്രട്ടറിയറ്റിലെ രജിസ്‌ട്രാർക്ക്‌ അയച്ചുകൊടുത്തത്‌. പുസ്‌തകത്തിലെ ചില പാട്ടുകൾ ആളുകളെ കലാപത്തിനു പ്രേരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ട്‌. തുടർന്ന്‌ 1948 ഏപ്രിലിൽ മഹാരാജാവ്‌  പുസ്‌തകം നിരോധിച്ചു. പുസ്‌തകമോ അതിലെ ഉദ്ധരണികളോ തർജമയോ വിൽക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്നും  പുസ്‌തകം കണ്ടുകെട്ടണമെന്നും ഉത്തരവിട്ടു. 

പുന്നപ്ര–- വയലാർ സമരകാലത്തെ സ്റ്റേറ്റ്‌ കോൺഗ്രസിന്റെ ജന്മി–- മുതലാളി കൂട്ടുകെട്ടും പുസ്‌തകത്തിലെ പാട്ടിന്റെ വിഷയമായി.

‘‘ഒട്ടിയ വയറും കണ്ണും ഉന്തിവളഞ്ഞെല്ലുമായ്‌

ഭാവിയിലെ പൗരന്മാരാം കുഞ്ഞുങ്ങൾ കരഞ്ഞിടുമ്പോൾ 

തുള്ളിവെള്ളമില്ലാ തൊണ്ട നനച്ചിടാവാൻ

കണ്ണു തുറന്നിടാൻ’’ എന്ന വരികൾ തൊഴിലാളികളുടെ ദൈന്യജീവിതത്തിന്റെ നേർക്കാഴ്‌ചയാണ്‌.

‘‘നിരന്നുമുന്നോട്ടണിയണിയായ്‌ പിടിച്ച പന്തങ്ങൾ

ഇരുട്ടിൽ നമ്മുടെയരിവാൾ ചുറ്റിക തെളിച്ച

പന്തങ്ങൾ, ഉറച്ച മർദക സി പിയെ ഊട്ടിക്കോട്ടിയ കുന്തങ്ങൾ

ഉരുക്കുചട്ടപ്പടയ്‌ക്കുനേരെ ചൂണ്ടിയ കുന്തങ്ങൾ’’  എന്നിങ്ങനെ രക്തസാക്ഷികളുടെ  രണധീരതയുടെ അടയാളപ്പെടുത്തലുകൾ ധാരാളം.

‘‘ മറക്കുമോ ഹാ! മറക്കുമോ നാം മറക്കുമോ നാം

പുന്നപ്ര വയലാർ ജയിക്ക കേരളചരിത്രമെഴുതിയ വാരിക്കുന്തങ്ങൾ ’’ എന്ന വരികളോടെയാണ്‌ പാട്ട്‌ അവസാനിക്കുന്നത്‌.

പുസ്‌തകത്തിൽ പേർ ചേർത്തിട്ടുള്ള എ ശ്രീധരൻ സ്വാതന്ത്ര്യസമരസേനാനിയും പുന്നപ്ര–- വയലാർ സമരകാലത്തെ നേതാവുമായിരുന്നു. സെൻ്ട്രൽ ജയിലിലെ വാസവും കൊടിയ മർദനവും അനുഭവിച്ച അദ്ദേഹം സിപിഐയിൽ പ്രവർത്തിക്കുമ്പോൾ അറുപതാം വയസ്സിൽ 1977 നവംബർ 27ന്‌ അന്തരിച്ചു. കടക്കരപ്പള്ളിയിലായിരുന്നു താമസം. അച്ഛനാണോ പാട്ടെഴുതിയതെന്ന്‌ തനിക്കറിയില്ലെന്ന്‌ പട്ടണക്കാട്‌ താമസിക്കുന്ന മകൻ എസ്‌ സുരേഷ്‌ പറഞ്ഞു. തനിക്ക്‌ 10 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുവെന്നും പാർടിയുടെ വരവുചെലവ്‌ കണക്കെഴുതിയ ചില ഡയറിക്കുറിപ്പുകൾ മാത്രമേ താൻ കണ്ടിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പാട്ട്‌ എഴുതിയത്‌ എ ശ്രീധരനായിരിക്കുമോ? അതോ അറിയപ്പെടാതെപോയ ഏതെങ്കിലും പ്രതിഭയായിരിക്കുമോ? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടില്ലായിരിക്കാം. പക്ഷേ തൊഴിലാളികളെ പ്രകമ്പിതരും പ്രകോപിതരുമാക്കിയ പഴയകാലഘട്ടത്തെപ്പറ്റിയുള്ള ചില ചോദ്യങ്ങൾക്ക്‌ പുസ്‌തകം ഉത്തരം തരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top