20 April Saturday

ഭൂമിതൻ സംഗീതം നീ...

ഡോ. എം ഡി മനോജ്‌Updated: Sunday May 22, 2022

ഭൂമിയെക്കുറിച്ച്‌ ഇത്രയേറെ പാടിയ മറ്റേത്‌ കവിയുണ്ട്‌ മലയാളത്തിൽ. ഈ ഭൂമിയെയും അതിലെ ജീവിതമെന്ന മഹാപ്രവാഹത്തെയും ആരാധനയോടെ വാഴ്‌ത്തുന്ന എത്രയേറെ പാട്ടുണ്ട്‌ ഒ എൻ വിയുടേതായി. മെയ്‌ 27ന്‌ കവിയുടെ ജന്മദിനം എത്തുമ്പോൾ ആ  പാട്ടുകളിലെ ഭൂമിവിചാരങ്ങളെക്കുറിച്ച്‌

ഭൂമിയെയും അതിലെ ജൈവലാവണ്യത്തെയും അതിലെ മനുഷ്യബന്ധങ്ങളെയും സൂക്ഷ്‌മമായി അടയാളപ്പെടുത്തിയ സൗന്ദര്യമേഖലയാണ്‌ ഒ എൻ വിയുടെ പാട്ടുലോകം. സർവംസഹയായ ഭൂമിയുടെ ഹൃദയത്തെ മനുഷ്യന്റെ ഹൃദയഭാഷയുമായി അത്രയ്‌ക്കും ഇണക്കിനിർത്തുകയായിരുന്നു കവി. ഭൂമി, കവിയെ സംബന്ധിച്ചിടത്തോളം സാർവലൗകികവും സാന്ദ്രവുമായ അനുഭവവും അനുഭൂതിയുമായിത്തീരുന്നു. ഭൂമിയുടെ കണ്ണുനീർ അവിടെ ജീവിക്കുന്നവരുടെ പ്രണയനഷ്ടത്തിന്റേതുകൂടിയാണെന്നു തിരിച്ചറിഞ്ഞു ഒ എൻ വി. ഭൂമിയുടെ സർഗലയതാളങ്ങൾ തീർക്കുന്ന വൈകാരികാനുഭൂതികൾ ഒട്ടും ചെറുതല്ലായിരുന്നു ഒ എൻ വിയിൽ. 

സഹനത്തിന്റെ പ്രതീകമായും മാതൃരൂപമായും പ്രണയിനിയുമായുമൊക്കെ പാട്ടിൽ കൂട്ടുവരുന്നുണ്ട്‌ ഭൂമി. സൃഷ്ടിയുടെ വേദന ഭൂമിയോളം മറ്റാർക്കും അറിയില്ലെന്ന്‌ നിനച്ചു കവി. ഭൂമിയെക്കുറിച്ച്‌ ഇത്രയും പാടിയ മറ്റൊരു കവി മലയാളത്തിൽ വേറെയുണ്ടാകില്ല. ഒരിക്കലും മരിക്കാത്ത ഒരു ഭൂമിയുണ്ടായിരുന്നു ആ ഗാനങ്ങളിൽ. പാട്ടിൽ ഭൂമിയോടൊത്തുള്ള സ്‌നേഹനിമിഷങ്ങൾ പങ്കിടുകയായിരുന്നു കവി. ഈ ഭൂമിയെയും അതിലെ ജീവിതമെന്ന മഹാപ്രവാഹത്തെയും ആരാധനയോടെയാണ്‌ വാഴ്‌ത്തുന്നത്‌. ‘പൂവും പൊന്നും പുടവയുമായ്‌ വന്ന്‌ ഭൂമിയെ പുണരുന്ന പ്രഭാതത്തിലെ പ്രേമസംഗീതം കേട്ടു ഞാൻ’ എന്ന്‌ ഒ എൻ വി ഒരു ഗാനത്തിൽ എഴുതിയത് അങ്ങനെയാണ്‌. ‘ഭൂമിദേവിക്ക്‌ പൂക്കളും പുടവയും പൂത്താലിയുമായ്‌ തേരിറങ്ങിവരും സ്വയംവര കാമുകനാരോ’ എന്ന വരിയിൽ പതിനേഴിന്നഴകിൽ നിൽക്കുന്ന നിത്യവധുവായിത്തീരുന്നു ഭൂമി. അവിടെ ഭൂമിയുടെ ചാരുപുളകമായി വിടർന്നത്‌ നിറയെ സൂര്യകാന്തികൾ. കൈകൂപ്പി നിൽക്കുന്ന നളിനങ്ങൾ, ഭൂമിയുടെ വഴികളിൽ മധുപാത്രമേന്തുന്ന മലർകന്യകൾ, ചാമരങ്ങൾ വീശിനിൽക്കുന്ന ചമ്പകങ്ങൾ... അങ്ങനെ ഭൂമിയെ പ്രണയിക്കുന്ന കാമുകനായിത്തീരുന്നു കവി. 

സൗവർണ ഗാത്രിയായ്‌ മാറുന്ന ഭൂമിയെ സ്‌നേഹിക്കുന്ന ഒരാൾ എപ്പോഴുമുണ്ട്‌ ഒ എൻ വിയുടെ പാട്ടിൽ. ‘പൂവുടയാടകൾ ഭൂമിയെ ചാർത്തി ആവണിപ്പൊൻപുലരികൾ പോയി’ എന്ന്‌ അദ്ദേഹം ഒരു പാട്ടിലെഴുതി. നാണിച്ചുനാണിച്ചു വന്നുനിൽക്കുന്നൊരു നാടൻ വധുവിനെപ്പോലെ കോൾമയിർകൊള്ളുന്ന ഭൂമിയെ കാണാൻ മെയ്യാകെ തരിക്കുന്ന കാമുകനുണ്ടായിരുന്നു കവിയിൽ. സൗരയൂഥത്തിൽ വിടർന്ന സൗഗന്ധികമായ ഭൂമിയുടെ സൗവർണപരാഗമായിരുന്നു ഒ എൻ വിപ്പാട്ടിലെ പ്രണയിനി. മറ്റൊരു പാട്ടിൽ ‘ഭൂമിതൻ സംഗീതം നീ’ എന്ന്‌ കവി പ്രേമപൂർവം കുറിച്ചിട്ടു. ‘എത്ര മനോഹരമീ ഭൂമി ചിത്രത്തിലെഴുതിയപോലെ’ എന്നൊരു ചിത്രം വരച്ചിടുന്നുണ്ട്‌ പാട്ടിൽ. ഒ എൻ വിയുടെ പാട്ടുകേൾക്കുമ്പോൾ നാമെല്ലാവരും ‘ഭൂമിയെ സ്‌നേഹിച്ചുതീരാത്തവർ’ ആയി മാറുന്നു. അത്രയ്‌ക്കും ഗാഢമായി ഭൂമിയെ സ്‌നേഹിച്ചു കവി. ‘വേദനിക്കിലും വേദനിപ്പിക്കലും വേണമീ സ്‌നേഹബന്ധങ്ങളൂഴിയിൽ’ എന്ന്‌  ഒരിക്കലെഴുതി. കേവലാനുഭൂതികളെ വൈകാരിക മാത്രകളാക്കി മാറ്റാൻ  ഭൂമിയായിരുന്നു കവിയുടെ ഗാനഭൂമിക. ഭൗമോപാസനയുടെ ഭംഗികൾ ചേർത്തുവച്ച്‌ ഒ എൻ വി അനന്യഹൃദയങ്ങളായ ഭാവഗീതികൾ തീർത്തു. ചലച്ചിത്രഗാനങ്ങളിലെ ഭൂമിസാന്നിധ്യമായിരുന്നു ഒ എൻ വിപ്പാട്ടുകൾ. അഗാധമായ പരിസ്ഥിതി ചിന്ത, പ്രകൃതിയും പ്രണയവും ജീവിതവും തമ്മിലുള്ള പാരസ്‌പര്യം എന്നിവ ആ ഗാനങ്ങളിൽ  പ്രകടമായിരുന്നു.

‘‘ചുടുവേനൽ കൂടാരത്തിൽ മയങ്ങുന്നു ഭൂമി

അമൃതം പെയ്‌തവളെ തഴുകിയുണർത്തൂ

അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചാർത്തൂ

മാലേയക്കുളിരണിയിക്കൂ മാറിടമാകേ

ആലോലം പൂവും പൊന്നും പുടവയുമണിയിക്കൂ...’’

എന്ന ‘വൈശാലി’യിലെ വരികൾ ഇത്‌ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. നൊമ്പരവും വേദനയും ആകുലതയും അത്രയ്‌ക്കും പ്രണയവിരഹവും അവയുടെ ആധിക്യത്തിൽ മനോജ്ഞമായി സംഗമിക്കുന്നുണ്ട്‌ ഒ എൻ വിയുടെ ഭൂമിഗീതങ്ങളിൽ.

‘‘നീയേതോ മൗനസംഗീതം

ഊമയല്ലോ നീയുമെന്നാൽ ഭൂമിദേവി

നിന്നിൽ വിരിയും പൂവൊരു മൂകസംഗീതം

നീ പാടും മൗനസംഗീതം’’ (മനസ്സിന്റെ തീർഥയാത്ര)

പൂവിന്റെ മൂകസംഗീതവും പ്രണയിനിയുടെ മൗനസംഗീതവും ഭൂമിയുടെ നിശ്ശബ്‌ദസംഗീതവുമെല്ലാം ഒന്നായിച്ചേർന്ന്‌ പാട്ടിൽ മൗനത്തിന്‌ കനമേറുന്നു. ഭൂമിദേവിയുടെ മൗനത്തെ മറ്റൊരു പാട്ടിലുമെഴുതി കവി (എന്റെ മൺവീണയിൽ) ഭൂമിയെ സ്‌നേഹിച്ച ദേവസ്‌ത്രീ പിന്നീട്‌ മണ്ണിൽ ഒരു നിശാഗന്ധിയായ്‌ കൺതുറന്നുവെന്നാണ്‌ ഒരു ഒ എൻ വിപ്പാട്ടിലെ കാവ്യവിചാരം.

‘‘ഭൂമി നന്ദിനി നിൻ കണ്ണുനീർക്കനൽ

ചൊരിഞ്ഞ വീഥിയിൽ വീണുഞാൻ

വീണപൂവിനുയിർ നൽകുവാൻ ഒരു

സൂര്യരശ്‌മി വരവായ്‌’’ (ചുവന്ന ചിറകുകൾ)

കണ്ണുനീർ ചൊരിയുന്ന ഭൂമിപുത്രിയെ കാണാനാകും ഈ പാട്ടിൽ. ഭൂമിയുടെ കണ്ണീരും മൗനവും കലർന്ന ഗാനം കവിയെ സംബന്ധിച്ചിടത്തോളം ആത്മദുഃഖത്തിന്റെ ആലാപനമായിത്തീരുന്നുണ്ട്‌. ഭൂമിയെന്നത്‌ വിചാരവും വികാരവുമായിരുന്നു ഒ എൻ വിക്ക്‌.  ഭൂമി എന്ന ഇമേജിന്റെ പ്രാപഞ്ചികലയം സാക്ഷാൽക്കരിക്കുന്ന ദർശനവും ഒ എൻ വി ഗാനങ്ങളിൽ പ്രത്യക്ഷമായിരുന്നു. കവിക്ക്‌ ഒരിക്കലും വിട്ടുപോകാതിരിക്കാനും എന്നും തിരിച്ചെത്താനും ആഗ്രഹിക്കുന്ന അനുഭൂതിസ്ഥാനമായി മാറുകയാണ്‌ ഭൂമി. സ്‌നേഹപൂർവവും ആദരപൂർവവും ഭൂമിയെ നോക്കിക്കണ്ട്‌ കടന്നുപോകുന്ന കാവ്യയാത്രയിൽ ഒ എൻ വിയുടെ ഗാനങ്ങൾ ആത്മനിവേദനങ്ങൾ കൂടിയായിരുന്നു. 

നിത്യാരാധകനും സൗന്ദര്യോപാസകനുമായ ഒരാൾ ഉണ്ടായിരുന്നു ഒ എൻ വിയുടെ ഉള്ളിൽ. ‘ഇനിയുമീ ഭൂമി ഹരിതമാകും, ഹരിതപത്രങ്ങൾ സുവർണമാകും’ എന്ന പ്രത്യാശ  പാട്ടിൽ എക്കാലവും ഉണ്ടായിരുന്നു. പദങ്ങളെ ഉചിതസ്ഥാനത്ത്‌ വിന്യസിക്കുന്ന രീതി പദശിൽപ്പചാരുതകൾ, സവിശേഷാർഥങ്ങളിലേക്ക്‌ വാക്കുകളെ ചൊടിപ്പിച്ചുണർത്തുന്ന ശൈലി, ഉപമാലങ്കാരങ്ങളുടെ ഉചിതജ്ഞത, പദങ്ങളിൽ ആന്തരികമായി ഉയിരെടുക്കുന്ന സംഗീതഭാവത്തുടിപ്പുകൾ എന്നിവ ഒ എൻ വി ഗാനങ്ങളുടെ സവിശേഷതകളായി തുടരുകയുണ്ടായി. ഭൂമിയെന്ന പദത്തെ കേവലാർഥത്തിൽനിന്ന്‌ വീണ്ടെടുത്ത്‌ അനുഭൂതികളുടെ ആന്തരാർഥങ്ങളിലേക്ക്‌ ആനയിക്കുകയായിരുന്നു ഒ എൻ വി. ‘ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും ചേതനയിൽ ശേഷിക്കുവോളംനിന്നിൽ നിന്നുരുവായി, നിന്നിൽ നിന്നുയിരായൊരെന്നിൽ നിന്നോർമകൾ, മാത്രം’ എന്ന്‌ ഭൂമിക്കൊരു ചരമഗീതത്തിൽ എഴുതിയതത്രയും ശരിയാണെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നതായിരുന്നു ആ പാട്ടുകളെല്ലാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top