28 March Thursday

സംഗീതത്തിലെ സാംസ്‌കാരികാഭിമുഖ്യങ്ങൾ

ഡോ. എം ഡി മനോജ്‌Updated: Sunday Mar 22, 2020

സംഗീതത്തിലൂടെയുള്ള ലയാത്മക യാത്രകൾക്ക്‌ അവസാനമില്ലല്ലോ. അതിന്റെ മുഗ്‌ധതയിൽത്തന്നെ എല്ലാ മുക്‌തിയും നാം തിരഞ്ഞുപോകുന്നു. എന്നാൽ, അതിന്റെ സാംസ്‌കാരികമായ അസ്‌തിത്വം അതിലേർപ്പെടുന്ന ഒരാളുടെ സാമൂഹ്യ അസ്‌തിത്വത്തെയും രൂപപ്പെടുത്തുന്നു എന്ന്‌ നിരൂപിക്കുമ്പോഴുണ്ടാകുന്ന ആധികാരികത മറ്റൊന്നിനുമില്ല. ഇത്തരമൊരു ആധികാരികതയെ ആസ്‌പദമാക്കി എഴുതപ്പെട്ട രണ്ട്‌ സംഗീതപുസ്‌തകം വായിച്ച അനുഭവത്തെക്കുറിച്ചാണ്‌ പറയുന്നത്‌.  രമേഷ്‌ ഗോപാലകൃഷ്‌ണൻ രചിച്ച ‘സിനിമാ സംഗീതം’, ‘നിലയ്‌ക്കാത്ത സംഗീതലഹരി  എന്നീ പുസ്‌തകങ്ങൾ നിരവധി ഭാവരൂപങ്ങളിലേക്ക്‌ വളർന്ന്‌ തിടംവച്ച അനുഭവ സാഹിത്യത്തിലെ സംഗീതഭാവനകളെ അടയാളപ്പെടുത്തുന്നു. പലവഴികളിൽ മുന്നോട്ടൊഴുകുന്ന  സംഗീതാനുഭൂതികളെ അവയുടെ ആത്മനിഷ്‌ഠതയിൽ വായിക്കുമ്പോൾ അതിനുണ്ടാകുന്ന സാകല്യവും ശ്രദ്ധേയം.  സംഗീതത്തെ സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്ന വിശകലനങ്ങളിൽ അധികവും സ്ഥാനംപിടിക്കാത്ത ആശയ സങ്കേതങ്ങളെയും ലേഖകൻ  അഭിസംബോധന ചെയ്യുന്നുണ്ട്‌.    

സിനിമാ സംഗീതം എന്ന പുസ്‌തകത്തിലെ ലേഖനങ്ങൾ ചലച്ചിത്രപിന്നണി ഗായകരുടെയും ഗാനരചയിതാക്കളുടെയും സംഗീത ജീവിതത്തിലേക്ക്‌  കിളിവാതിൽ തുറന്നിടുന്നു. ആന്ദോളനം, ആസ്വാദനം എന്നിങ്ങനെ സംവിധാനംചെയ്‌ത പുസ്‌തകത്തിൽ ചലച്ചിത്ര ഗാനശാഖയിൽ മഹത്തായ സംഭാവനകൾചെയ്‌ത പ്രതിഭകളുടെ ജീവിതത്തെ മൗലികമായും സമഗ്രമായും ആവിഷ്‌കരിക്കുന്നു. ഗായകൻ പി ബി ശ്രീനിവാസിനെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തിലെ എഴുത്തുകാരനെക്കുറിച്ച്‌ പ്രതിപാദിച്ചതുമെല്ലാം എഴുത്തിൽ രമേഷ്‌ രൂപം കൊടുത്ത സവിശേഷ ശൈലിയെ ഉദാഹരിക്കുന്നുണ്ട്‌.  ‘പാട്ടിന്റെ രാജകല’ എന്ന ദീർഘലേഖനത്തിൽ,  ദ്രാവിഡ സംസ്‌കാരത്തിന്റെ മതാത്മക മാനങ്ങൾ കാത്തുസൂക്ഷിച്ച തമിഴ്‌ സിനിമയുടെ ശബ്‌ദമെന്നാണ്‌ ഗായകൻ ടി എം സൗന്ദർരാജനെ വിശേഷിപ്പിക്കുന്നത്‌. സാമൂഹ്യവും സാംസ്‌കാരികവുമായി ഗായകനെ വിലയിരുത്തുന്ന രീതി. കെ പി ഉദയഭാനു, വി ടി മുരളി എന്നിവരുടെ സംഗീതാത്മക ബഹുത്വം, സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിരസ്‌കരിക്കപ്പെട്ടുപോയ ആദ്യകാലഗായകൻ പത്മനാഭന്റെ സംഗീതം എന്നിവയെ രമേഷ്‌ സൂക്ഷ്‌മതയോടെ അപഗ്രഥിക്കുന്നു.  മലയാളികളെ ഏറെ വിസ്‌മയിപ്പിച്ച ബാബുരാജ്‌‐ തലത്‌ സംഗമഗാനമായ ‘കടലേ’ എന്ന പാട്ടിനെ, പാരതന്ത്ര്യത്തിന്റെ കടൽക്കവിതയെ സ്വാതന്ത്ര്യത്തിന്റെ ആകാശ സംഗീതംകൊണ്ട്‌ ബാബുരാജ്‌ അനശ്വരമാക്കി എന്നാണ്‌ രമേഷ് എഴുതിയത്‌. ജാനകിയിലൂടെ പാടിയ കേരളം എന്ന ലേഖനത്തിൽ  ജാനകി എന്ന മഹാഗായികയുടെ ശബ്‌ദത്തിന്റെ  സർവതല സ്‌പർശത്തെയും എടുത്തുപറയുന്നുണ്ട്‌. പി സുശീല മാസിനെ പ്രതിനിധീകരിക്കുമ്പോൾ ജാനകി ക്ലാസിനെ പ്രതിനിധാനംചെയ്യുന്നു എന്ന്‌ നിരീക്ഷിക്കുന്നു. ‘ആസ്വാദനം’ എന്ന രണ്ടാംഭാഗത്തിൽ ശ്രീകുമാരൻതമ്പിയുടെ കൂടെ പ്രവർത്തിച്ച സംഗീത സംവിധായകരെ അവതരിപ്പിക്കുന്നു. ജപത്തിൽ തുടങ്ങി ധ്യാനത്തിൽവന്ന്‌ ലയമായിത്തീരുമ്പോഴാണ്‌ ഗാനത്തെ സ്‌പർശിക്കാനാകുന്നതെന്ന ദക്ഷിണാമൂർത്തിയുടെ സംഗീത സങ്കൽപ്പങ്ങളെയും നിരൂപിക്കുന്നുണ്ട്‌. കെ രാഘവനെയും എം എസ്‌ വിശ്വനാഥനെയും വിശദമായി അപഗ്രഥിക്കുന്ന രണ്ടു ലേഖനംകൂടി  പുസ്‌തകത്തെ സാർഥകമാക്കുന്നു. 

കർണാടക സംഗീതത്തിലെ പ്രതിഭകളെ വിശദമായി പരിചയപ്പെത്തുന്ന പുസ്‌തകമാണ്‌ നിലയ്‌ക്കാത്ത സംഗീതലഹരി.  എം എസ്‌ സുബ്ബുലക്ഷ്‌മിയാണ്‌ ഈ സമാഹാരത്തിലെ ആദ്യതാരം. അവരാലപിച്ച ‘സുപ്രഭാതം’ എങ്ങനെ വിശ്രുതമായിത്തീർന്നു എന്ന അന്വേഷണം കൂടിയുണ്ടിവിടെ.  ഭക്തിയുടെ തലം പ്രകടമാകുമ്പോൾത്തന്നെ വിഭക്തിയുടെ ഒരു ഉൾക്കാഴ്‌ച ആ സംഗീതത്തിലുണ്ടെന്ന്‌ വായനക്കാർ അറിയുന്നു.  ബാലമുരളികൃഷ്‌ണയെക്കുറിച്ചുള്ള ലേഖനത്തിൽ  അദ്ദേഹത്തിന്റെ വ്യത്യസ്‌ത ഗാനങ്ങളും കീർത്തനങ്ങളും പഠനവിധേയമാക്കുന്നുണ്ട്‌.  

കർണാടക സംഗീതത്തലെ ആദ്യ സൂപ്പർസ്റ്റാർ മധുരൈ പുഷ്‌പവനം അയ്യരിൽനിന്ന്‌ തുടങ്ങി ടി വി ശങ്കരനാരായണന്റെ പുത്രൻ മഹാദേവൻ ശങ്കരനാരായണനിൽ എത്തിനിൽക്കുന്ന സംഗീതശ്രേണിയെയും പ്രതിപാദിക്കുന്നുണ്ട്‌. എം എസ്‌ ഗോപാലകൃഷ്‌ണന്റെയും ലാൽഗുഡിയുടെയും വയലിൻ വാദനത്തിലെ വ്യതിരിക്തതകളെ  സൗന്ദര്യാത്മകമായാണ്‌ അവതരിപ്പിക്കുന്നത്‌.   

‘സംഗീതത്തിലെ ഭാവനാവിപ്ലവം എന്ന ലേഖനത്തിൽ വയലിനിസ്റ്റ്‌ കുന്നക്കുടി വൈദ്യനാഥനെ അവതരിപ്പിക്കുന്നു. പുഴകളും മലകളും അതുവഴി ദേശവും മഴയും മേഘവുമെല്ലാം  ആ സംഗീതത്തിലൂടെ ഭാവനകളായി പ്രകാശിച്ചു എന്നാണ്‌ വിശേഷിപ്പക്കുന്നത്‌.    പ്രമുഖ സാക്‌സഫോൺ വാദകൻ കദ്രി ഗോപാൽനാഥിന്റെ സംഗീത ജീവിത  ചൈതന്യവും അദ്ദേഹം ആ ഉപകരണത്തിൽ പ്രയോഗിച്ച ഇന്ദ്രജാല പ്രകടനവും   പരാമർശിക്കുന്നു. പുല്ലാങ്കുഴലിൽ വിസ്‌മയങ്ങൾ തീർത്ത സൂര്യനാരായണൻ, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവരെ പരിചയപ്പെടുത്തുന്ന രണ്ടു ലേഖനംകൂടി ഈ പുസ്‌തകം ഉൾക്കൊള്ളുന്നു.  രണ്ട്‌  പുസ്‌തകവും സംഗീതത്തിന്റെ വ്യത്യസ്‌ത വിതാനങ്ങളിലേക്ക്‌ വിടർത്തിവയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. ഏതൊരു സംഗീത പ്രേമിക്കും പഠനവിധേയമാക്കാവുന്ന എത്രയോ നിരീക്ഷണങ്ങൾകൊണ്ടും സമൃദ്ധമാണ്‌ പൂർണ പബ്ലിക്കേഷൻസ്‌ പ്രസിദ്ധംചെയ്‌ത ഈ പുസ്‌തകങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top