26 April Friday

ഗാഢസ്വരത്തിന്റെ ഭാവവും അഭാവവും

ടി പി ശാസ്‌തമംഗലംUpdated: Sunday Mar 22, 2020

ജീവിച്ചിരുന്നെങ്കിൽ കമുകറ പുരുഷോത്തമൻ എന്ന അതുല്യ ഗായകന്‌ ഈ മാസം 28ന്‌ തൊണ്ണൂറ്‌ വയസ്സ്‌ തികയുമായിരുന്നു

ഗാനസൃഷ്‌ടി കൂട്ടായ പ്രവർത്തനമായതിനാൽ അതിന്റെ വിജയാപജയങ്ങൾ ഒരാളിൽമാത്രം നിക്ഷിപ്‌തമാണെന്ന്‌ പറയുക വയ്യ. എന്നാൽ, അത്യപൂർവമായിമാത്രം ചില പാട്ടുകൾ ചിലരുടെ അടയാളമായി ഭവിക്കും.  രചനയിലോ സംഗീതത്തിലോ ആലാപനത്തിലോ താരതമ്യേന കൂടുതലായി വരുന്ന പ്രതിഭയുടെ തിളക്കംകൊണ്ടാണ്‌ അങ്ങനെ ഒരവസ്ഥ സംജാതമാകുന്നത്‌. സവിശേഷമായ ആ പാട്ട്‌ വളരെ വേഗം അതുമായി ബന്ധപ്പെട്ട വ്യക്തിയുടെ പര്യായമാകുകയും ചെയ്യും. 

ജീവിച്ചിരുന്നെങ്കിൽ ഈ മാസം 28ന്‌ നവതി ആഘോഷിക്കുമായിരുന്ന കമുകറ പുരുഷോത്തമന്റെ ഒരു ഗാനം ഇപ്പറഞ്ഞ തരത്തിലുള്ളതാണെന്നു കാണാം. 1955ൽ പുറത്തിറങ്ങിയ ‘ഹരിശ്‌ചന്ദ്ര’യ്‌ക്കുവേണ്ടി ‘ആത്മവിദ്യാലയമേ’  പാടുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്ന്‌ ഗായകൻ ഒരിക്കൻ ഈ ലേഖകനോട്‌ പറഞ്ഞു. പക്ഷേ, ഗാനലേഖനം കഴിഞ്ഞ്‌ നിർമാതാവായ പി സുബ്രഹ്‌മണ്യത്തിന്റെ കാറിൽ യാത്രചെയ്യുമ്പോൾ, പ്രശംസാവാക്കുകൾ പ്രയോഗിക്കുന്നതിൽ പിശുക്കനായ അദ്ദേഹം പറഞ്ഞു, ‘‘നല്ല പാട്ട്‌ ഇത്‌ ഹിറ്റാകും’’. അപ്പോൾ ഗായകന്‌ അൽപ്പം ആത്മവിശ്വാസമൊക്കെ കൈവന്നു. പടമിറങ്ങി, പാട്ട്‌ ഹിറ്റായി. അതിനുശേഷം ഏത്‌ ഗാനമേളകളിലും അദ്ദേഹത്തിന്‌ ഒഴിവാക്കാനാകാത്ത ഗാനമായി അതുമാറി. 

എന്തുകൊണ്ട്‌ ഈ ഗാനം?

തിരുനയിനാർകുറിച്ചി മാധവൻനായരുടെ വരികൾക്ക്‌  മൗലികത്വമൊന്നും അവകാശപ്പെടാനില്ല. പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെയും കുമാരനാശാന്റെ പ്രരോദനത്തിന്റെയും സ്വാധീനമുണ്ടതിന്‌. ബ്രദർ ലക്ഷ്‌മണൻ ഒരുക്കിയ സംഗീതത്തിനാകട്ടെ സദാശിവ ബ്രഹ്‌മേന്ദ്രയുടെ ‘മാനസസഞ്ചരരേ’ എന്ന ശ്യാമരാഗത്തിലുള്ള കൃതിയോട്‌ സാമ്യവും. എന്നിട്ടും ഈ ഗാനം കാലാതിവർത്തിയായി. കാരണം ആലാപനമികവുതന്നെ. 

  ഇതേ ഗായകൻ ചലച്ചിത്രരംഗവുമായി അകന്നുകഴിയവെയാണ്‌  കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ, പാടിപ്പതിഞ്ഞ പാട്ടുകളുമായി ‘ഓൾഡ്‌ ഈസ്‌ ഗോൾഡ്‌’ എന്ന  സമിതി രൂപീകരിക്കുന്നതും കമുകറ അതിൽ മുഖ്യസാന്നിധ്യമാകുന്നതും.   ഗാനമേള അവതരിപ്പിച്ചലടത്തെല്ലാം കമുകറയ്‌ക്ക്‌ ഈ ഗാനം പാടേണ്ടിവന്നു. കമുകറയെ ഓർക്കുമ്പോൾ ഈ ഗാനവും മറിച്ച്‌ ഈ ഗാനമോർക്കുമ്പോൾ കമുകറയും മനസ്സിൽ ഓടിയെത്തും. അത്രയ്‌ക്ക്‌ പ്രഗാഢമാണ്‌ ആ ബന്ധം. എന്തുകൊണ്ട്‌? ആദ്യം പാടിയ അതേ ഭാവപൗഷ്‌കല്യത്തിന്‌ അൽപ്പംപോലും ഉടവുതട്ടാതെയാണ്‌  അവസാനംവരെയും കമുകറ ഈ ഗാനം  അവതരിപ്പിച്ചത്‌.  

 ഈ ​ഗാനവുമായി ബന്ധപ്പെട്ട ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ​ തിരുനയിനാർക്കുറിച്ചി,  ബ്രദർ ലക്ഷ്‌മണൻ, കമുകറ, ഹരിശ്ചന്ദ്രയായി വേഷമിട്ട തിക്കുറിശ്ശി സുകുമാരൻനായർ, പി സുബ്രഹ്മണ്യം തുടങ്ങിയ എല്ലാവരും കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞു. എന്നിട്ടും ഈ ​ഗാനവും ഗായകനും ഒരുപടി മുന്നിൽ നിൽക്കുന്നു. അതാണ് ചില ​ഗാനത്തിന്റെയും അത് ശ്രോതാക്കളുടെ കാതുകളിൽ എത്തിച്ച ശബ്ദത്തിന്റെ ഉടമയുടെയും ഏറ്റവും വലിയ ​ഗുണം.

ഈശ്വരചിന്തയിതൊന്നേ

ഇത്രത്തോളമില്ലെങ്കിലും ഒരു പരിധിവരെ ഇതിന് അടുത്തുനിൽക്കുന്ന മറ്റൊരു ​ഗാനവും ഇതേ ​ഗായകന്റേതായി എടുത്തുപറയേണ്ടതുണ്ട്. "ഭക്തകുചേല’(1961)യിലെ ‘ഈശ്വരചിന്തയിതൊന്നേ' എന്ന ​ഗാനം. ഭ​ഗവത്​ഗീതയിൽനിന്ന്‌ തിരുനയിനാർക്കുറിച്ചി കണ്ടെടുത്ത മണിമുത്തുകൾ രാകിമിനുക്കി  വാർത്തെടുത്ത ഗാനം. ജീവിതത്തിന്റെ നശ്വരതയെ ഓർമിപ്പിക്കുകയും  ദുരാ​ഗ്രഹത്തെ അപഹസിക്കുകയും ചെയ്യുന്ന ​ഗാനം കമുകറയുടെ കണ്ഠനാളത്തിലൂടെ പുറത്തുവന്നപ്പോൾ അതിന് അവാച്യമായ ദാർശനികതലം കൈവന്നു. ഘന​ഗാംഭീര്യമാർന്ന ശബ്‌ദത്തിലുള്ള ആലാപനം അദ്ദേഹത്തെ ​ഗായകരിൽ വ്യതിരിക്തനാക്കി.  

വൈക്കം മുഹമ്മദ് ബഷീർ ​ഗദ്യകവിതയായി എഴുതിയ വരികൾ പി ഭാസ്‌കരൻ  ചെത്തി മിനുക്കി ​ഗാനരൂപത്തിലാക്കിയപ്പോൾ "ഭാർ​​ഗവീനിലയം' എന്ന ചിത്രത്തിനുവേണ്ടി "ഏകാന്തതയുടെ അപാരതീരം' (സംഗീതം: ബാബുരാജ്‌) പാടാൻ ആരുവേണമെന്ന ചിന്ത ഒരുപക്ഷേ കമുകറയിൽ എത്താൻ കാരണം അദ്ദേഹം ആലാപനത്തിൽ കാത്തുസൂക്ഷിച്ച ഈ ശൈലിയാകാം.  അജ്ഞാതമരണകുടീരത്തിൽ വന്നെത്തിയതിന്റെ ഭീതിദമായ നെഞ്ചിടിപ്പും നെടുവീർപ്പും ആലാപനത്തിന്റെ ശബ്ദവിന്യാസത്തിലൂടെ പകർന്നുതരാൻ കമുകറയ്‌ക്ക്‌ കഴിഞ്ഞു. മറ്റാരു പാടിയാലും ഇത്രത്തോളം വികാരവായ്‌പ്‌ ഈ ​ഗാനത്തിന്‌ കിട്ടില്ലായിരുന്നു എന്ന് വൈക്കം മുഹമ്മദ് ബഷീർ ഒരിക്കൽ ഈ ലേഖകനോട് പറഞ്ഞിരുന്നു.  

വേദികളിലും തിരുവിതാംകൂർ റേഡിയോ നിലയത്തിലും മറ്റും കർണാടകസം​​ഗീതം അവതരിപ്പിച്ചു പോന്ന കമുകറയെ അന്വേഷിച്ച് തീരെ നിനച്ചിരിക്കാതെ ഒരു ദിവസം മെരിലാൻഡിൽനിന്ന് പി സുബ്രഹ്മണ്യത്തിന്റെ ഒരു ​​ദൂതൻ ചെന്നു.  "പൊൻകതിർ' എന്ന ചിത്രത്തിന്റെ അവസാനം ഉപയോഗിക്കാൻ ഒരു ശ്ലോകം വേണം. അത്‌ ചൊല്ലാനുള്ള ക്ഷണവുമായാണ്‌ ദൂതനെത്തിയത്‌.

‘ആശങ്കാതിമിരം പടർന്നൊരിടിമേഘം

പോയ്‌മറഞ്ഞംബരേ

ആശാചന്ദ്രനുയർന്നു മന്ദിരമതിൽ

വീശുന്നിതാ പൊൻകതിർ’

തിരുനയിനാർകുറിച്ചി എഴുതി ബ്രദർ ലക്ഷ്‌മണൻ ചിട്ടപ്പെടുത്തിയ ഈ ശ്ലോകം ആദ്യമായി കമുകറ പാടി. സിനിമയിലെന്നപോലെ ഗായകന്റെ കലാജീവിതത്തിലും ഈ ശ്ലോകം പൊൻകതിർവീശി. അതോടെ മെരിലാൻഡ്‌ ചിത്രങ്ങളുടെ സ്ഥിരം ഗായകനായി അദ്ദേഹം. തിരുനയിനാർകുറിച്ചി–-ബ്രദർ ലക്ഷ്‌മണൻ–-കമുകറ എന്ന ത്രയം  രൂപപ്പെട്ടു.  അങ്ങനെ വന്നതാണ്‌  ‘ആത്മവിദ്യാലയ’വും ‘ഈശ്വരചിന്ത’യും.

ഏതുതരം ഗാനങ്ങളും പാടാൻ ഗാതാവ്‌ ബാധ്യസ്ഥനാണെന്ന തത്വം കമുകറയുടെ കാര്യത്തിലും ശരിയായിരുന്നു. ‘കറുത്ത കൈ’ എന്ന ചിത്രത്തിലെ ‘പൂക്കാത്ത മാവിന്റെ കായ്‌ക്കാത്ത കൊമ്പത്തെ’ എന്ന കവ്വാലിയും (യേശുദാസുമായി ചേർന്ന്‌) ‘ആരോരുമറിയാതെ’യിലെ ‘ആ ചാരമം ചാ ചാമരം’ എന്ന ഗാനവും (സി ഒ ആന്റോയ്‌ക്കൊപ്പം) പാടി  മികവ്‌ വെളിവാക്കി.

മലയാളികൾക്ക്‌ ഒരിക്കലും മറക്കാനാകാത്ത ചില ഗാനങ്ങൾ ഈ ഗായകന്റെ അനുഗൃഹീത നാദത്തിലൂടെ പുറത്തുവന്നിട്ടുണ്ട്‌. ‘മായാമയനുടെ ലീല’ (ചിലമ്പൊലി), ‘മാതളമലരേ’ (കളിയോടം), ‘മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു’ (തറവാട്ടമ്മ), ‘ആരറിവൂ ആരറിവൂ’ (കറുത്തരാത്രികൾ), ‘വില്ലും ശരവും കൈകളിലേന്തിയ’ (വിപ്ലവകാരികൾ), ‘ഗംഗാ യമുനാ സംഗമസമതലഭൂതി’ (ഹോട്ടൽ ഹൈറേഞ്ച്‌), ‘മനുഷ്യൻ കൊതിക്കുന്നു ദൈവം വിധിക്കുന്നു’ (കടൽ), ‘മന്നിടം പഴയൊരു മൺവിളക്കാണതിൽ’ (അധ്യാപിക)... ഇവ അക്കൂട്ടത്തിൽ ചിലത്‌ മാത്രം.

ഏത്‌ മികച്ച ഗായികയ്‌ക്കൊപ്പം പാടുമ്പോഴും ശബ്ദത്തിന്റെ വ്യക്തിത്വത്തിന്‌ കോട്ടംതട്ടാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം ആലപിച്ച യുഗ്മഗാനങ്ങൾ ഗായികാഗായക സമാഗമത്തിന്റെ നിസ്‌തുല മാതൃകകളായി.  ‘സംഗീതമേ ജീവിതം’ (ജയിൽപ്പുള്ളി, ശാന്ത പി നായർക്കൊപ്പം), ‘തുമ്പപ്പൂ പെയ്യണ പൂനിലാവേ’ (രണ്ടിടങ്ങഴി, കെപിഎസ്‌സി ലളിതയ്‌ക്കൊപ്പം), ‘ചന്ദ്രന്റെ പ്രഭയിൽ’ (സ്‌നേഹദീപം, എസ്‌ ജാനകിക്കൊപ്പം), ‘ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നും തോണി’ (പട്ടുതൂവാല, പി സുശീലയ്‌ക്കൊപ്പം), ‘കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു’ (ലേഡി ഡോക്ടർ, എസ്‌ ജാനകിക്കൊപ്പം), ‘അശോകവനത്തിലെ സീതമ്മ’ (കള്ളിച്ചെല്ലമ്മ, ബി വസന്തയ്‌ക്കൊപ്പം), ‘ശരവണപ്പൊയ്‌കയിൽ’ (കുമാരസംഭവം, പി ലീലയ്‌ക്കൊപ്പം)... ഇനിയും എത്രയോ ഗാനങ്ങൾ.

1995 മെയ്‌ 26ന്‌ അറുപത്തിനാലാം വയസ്സിൽ  അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  നവതി ആഘോഷിക്കാൻ ഗായകന്റെ അഭാവമുണ്ടെങ്കിലും മലയാളികൾ ഒരുകാര്യം ഉറപ്പിച്ചുപറയും. നവതിയും ശതാബ്ദിയും കടന്നാലും കമുകറയ്‌ക്കും അദ്ദേഹത്തിന്റെ ഗാനങ്ങൾക്കും മരണമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top