29 March Friday

മാഞ്ഞുപോയില്ല ആ മുഖവും മനസ്സും

രാജേഷ് കടന്നപ്പള്ളി rajeshkadannappally@gmail.comUpdated: Sunday Jan 22, 2023

എഴുപത്തിയാറാമത്തെ വയസ്സിലാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ആളറിഞ്ഞത്. ജയരാജിന്റെ ദേശാടനം എന്ന ചിത്രത്തിൽ മുത്തച്ഛനായി അസാമാന്യ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറി. പിന്നിടങ്ങോട്ട് തിരക്കുള്ള നടനായി. വെള്ളിത്തിരയിൽ താരപരിവേഷത്തോടെ വാഴുമ്പോഴും കോറോം പുല്ലേരി ഇല്ലത്തും ഷൂട്ടിങ് ലൊക്കേഷനിലും  കാണാനെത്തുന്നവരോട് സിനിമയെക്കുറിച്ചല്ല സംസാരിച്ചത്. സഹനവഴികളിലൂടെ സഞ്ചരിച്ച നാളുകളെയും നേതാക്കളെയും കുറിച്ചായിരുന്നു. എ കെ ജി പുല്ലേരി വാധ്യാരില്ലത്ത് ഒളിവിൽ കഴിഞ്ഞതിനെക്കുറിച്ച് അനുസ്മരിക്കാതെ  ഒരു ദിനവും കടന്നുപോയില്ല.  എ കെ ജിയെ ഡെയിഞ്ചർ കമ്യൂണിസ്റ്റെന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്താൻ ഇടയാക്കിയ വെല്ലൂർ ജയിൽചാട്ടത്തെ തുടർന്നാണ് ഇല്ലത്തെത്തുന്നത്.  എ കെ ജി യുടെ വരവിനെക്കുറിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പറഞ്ഞിരുന്നതിങ്ങനെയാണ് "ഒരു മഴക്കാലം ഞങ്ങളെല്ലാം കിടന്നിരുന്നു. കണ്ണടച്ചതേയുള്ളൂ. വാതിലിൽ തുരുതുരാ മുട്ട് കേട്ടു. എഴുന്നേറ്റുപോയി തുറന്നുനോക്കി. കൊടക്കൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ മുന്നിൽ. ജ്യേഷ്ഠൻ കേശവൻ നമ്പൂതിരിയെ (അഡ്വ. പി വി കെ നമ്പൂതിരി) കൂട്ടി കുറച്ചകലേക്ക് പോയി. തിരിച്ചെത്തിയ ജ്യേഷ്ഠൻ പറഞ്ഞു. എ കെ ജി വന്നിട്ടുണ്ട്. പുറത്താരും അറിയരുത്. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ കിടു കിടാ വിറച്ച് ക്ഷീണിച്ച് അവശനായി ഒരാൾ. കണ്ടമാത്രയിൽ  കണ്ണുനിറഞ്ഞു. അമ്മ ദേവകി അന്തർജനവും മൂത്ത ജ്യേഷ്ഠൻ വാസുദേവൻ നമ്പൂതിരിയും  ഒളിയിടം ഒരുക്കി. അയിത്തം നിലനിന്ന കാലത്താണ് പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കൾക്ക് അഭയം നൽകിയത്. എ വി കുഞ്ഞമ്പു "റെഡ് ഹൗസ്’ എന്നാണ് ഇല്ലത്തെ വിശേഷിപ്പിച്ചത്. പല തവണ എ കെ ജി ഇല്ലത്ത് ഒളിവിൽ കഴിഞ്ഞു.  ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് എ കെ ജി  ഗോപാലേട്ടനായി.  കാണാൻ പറ്റാത്തപ്പോൾ കത്തിടപാടുകളിലൂടെ ആത്മബന്ധം ദൃഢമാക്കി. എ കെ ജി അയച്ച കത്തുകൾ അവസാനകാലത്തും ഹൃദയത്തോട് ചേർത്ത്‌ വിതുമ്പി. പഠനത്തിൽ പടുവായ ഉണ്ണിയെ എ കെ ജി ഉപദേശിക്കും. അപ്പോൾ ഞാൻ വിപ്ലവകാരിയാവും ഗോപാലേട്ടാ എന്നാണ്   മറുപടി.  സിനിമാ നടനെന്നു വിശേഷിപ്പിച്ചാൽ കമ്യൂണിസ്റ്റ് സഹയാത്രികനെന്നു തിരുത്തും.  മഹാത്മാഗാന്ധിയുടെ പയ്യന്നൂർ സന്ദർശനം, മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് ഇല്ലത്തെത്തിയതിന്റെ ഓർമകൾ, സി എച്ച് കണാരൻ , ഇ കെ നായനാർ, എ വി കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, കെ പി ആർ ഗോപാലൻ തുടങ്ങിയ നേതാക്കളുടെ ഒളിവനുഭവങ്ങൾ... ജീവിതാന്ത്യം വരെ സ്മൃതിപഥങ്ങളിൽ സൂക്ഷിച്ചു.  കോറോം വരരുചിമംഗലം  മഹാവിഷ്ണു ക്ഷേത്രത്തിലെ തന്ത്രിയായി, ഈശ്വര വിശ്വാസിയായ കമ്യൂണിസ്റ്റായി മരണം വരെയും ജീവിച്ചു.  ജയരാജ് ദേശാടനത്തിലെ മുത്തച്ഛ കഥാപാത്രത്തിന് അനുയോജ്യമായ നടനെത്തേടുകയായിരുന്നു.  മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വീട്ടിൽ ഒരു ചടങ്ങിനെത്തിയതായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി . അദ്ദേഹത്തിന്റെ പ്രകൃതവും ഭാവവും ജയരാജിന് ബോധിച്ചു. അഭിനയിക്കാമോയെന്ന ചോദ്യത്തെ ചിരിച്ചു തള്ളി. വീട്ടുകാരുടെ നിർബന്ധത്തിൽ സമ്മതിച്ചു. പിന്നെ പതിനാലോളം സിനിമ. തമിഴിലും രണ്ടുചിത്രം.  ശൃംഗാരവും ഹാസ്യവും വാർധ്യക്യത്തിലും വഴങ്ങുമെന്ന് തെളിയിച്ചു. ഉണ്ണികൃഷ്ണൻ നമ്പൂതിരി വിട പറഞ്ഞിട്ട് ജനുവരി 20ന്‌ രണ്ടുവർഷം പൂർത്തിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top