മയക്കുമരുന്നിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ ദൃശ്യഭാഷ ചമയ്‌ക്കുകയാണ് കേരള പൊലീസ് അസോസിയേഷൻ. പൊലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എൻ സജീറിന്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത പ്രോജക്ട് ആണ് ‘കീപ്പ് ഡിസ്റ്റൻസ്’ എന്ന ഹ്രസ്വചിത്രം. മയക്കുമരുന്ന് ഉപയോഗത്തെയും വിൽപ്പനയെയും സംബന്ധിച്ച് ഭയരഹിതമായി പൊലീസിനെ അറിയിക്കാ നുള്ള പ്രചോദനം നൽകുന്ന ചിത്രം. പത്തു മിനിറ്റ് ദൈർഘ്യമുള്ള ഈ ഹസ്വചിത്രത്തിന്റെ രചനയും സംവിധാനവും കഥാകൃത്തും കവിയുമായ സബ് ഇൻസ്പെക്ടർ ബി എൻ റോയിയാണ്.
കോട്ടൺഹിൽ സ്കൂൾ വിദ്യാർഥികളും സ്റ്റുഡൻസ് ലീസ് കേഡറ്റുകളുമായ ജൂല എസ് നായർ, അഹിജ, സൽമ തുടങ്ങിയവരോടൊപ്പം പൊലീസ് ഉദ്യോഗസ്ഥരായ ജിബിൻ ജി നായർ ശിഖ കെ ജി, പ്രതിഭാ നായർ അനു ക്രിസ്റ്റഫർ, രാജേഷ് കുമാർ, അഞ്ജന പി കെ, റുക്സാന, റിയാസ് തുടങ്ങിയവർ പ്രധാന വേഷമിട്ടു. കിരൺ എസ് ദേവ്, ആർ ശ്രീകുമാർ എന്നിവർ നിർമാണ നിയന്ത്രണവും ആഷിക് ആവണി ഛായാഗ്രഹണവും ആൽഫി ജോസ് എഡിറ്റിങ്ങും ബിജു സർഗം കലാസംവിധാനവും നിർവഹിച്ചു.
ലഹരി മാഫിയയെ അടിച്ചമർത്തുമെന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെ ഉറപ്പോടെ അവസാനിക്കുന്ന ചിത്രം ശക്തവും വ്യക്തവുമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. പ്രൊഫഷണൽ താരങ്ങളോട് കിടപിടിക്കുന്ന അഭിനയം കാഴ്ചവച്ചിരിക്കുന്ന വിദ്യാർഥികളും പൊലീസ് ഉദ്യോഗസ്ഥരും ചിത്രത്തെ മികച്ച നിലവാരത്തിലേക്കുയർത്തുന്നു. ഗോപിനാഥ് മുതുകാട് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..