26 April Friday

ചരിത്രത്തിലെ ചുവപ്പുരാശി

പദ്മനാഭൻ തിക്കോടിUpdated: Sunday Nov 21, 2021

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ അധികമൊന്നും പരാമർശിക്കപ്പെടാത്ത  പോരാട്ടത്തിന്റെ കഥയാണ് ചന്ദ്രശേഖരൻ തിക്കോടിയുടെ നോവൽ വടക്കൻ കാറ്റ്‌ പറയുന്നത്‌. വടക്കൻ കേരളത്തിലെ ഒരുൾനാടൻ ഗ്രാമത്തിന്റെ ഈ പുരാവൃത്തത്തിൽ സാധാരണ മനുഷ്യരുടെ അതിജീവനത്തിന്റെയും സഹനത്തിന്റെയും ഗാഥയാണുള്ളത്.  

വടക്കെ മലബാറിലെ കയരളത്തിന്റെയും പാടിക്കുന്നിന്റെയും എട്ടോ ഒമ്പതോ ദശകങ്ങൾക്കുമുമ്പുള്ള  ചരിത്രത്തിൽനിന്ന് ജീവിതഗന്ധിയായ കഥാസന്ദർഭങ്ങളെ കണ്ടെത്തുകയാണ്‌ നോവലിസ്റ്റ്‌. ചരിത്രാഖ്യായികയെന്നോ രാഷ്ട്രീയനോവലെന്നോ എന്ന് വർഗീകരിക്കാൻ കഴിയാത്തത്ര വ്യത്യസ്‌തത  പുലർത്തുന്നുണ്ട്‌.

സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പും സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ആദ്യത്തെ രണ്ടുമൂന്നുവർഷം വരെയുമുള്ള കേരളീയ ഗ്രാമീണ ജീവിതത്തിന്റെ സംക്രമണങ്ങളെ, പ്രതീക്ഷകൾ അസ്‌തമിക്കാത്തവരുടെ  ആകുലതകളെ  രണ്ടു ദേശങ്ങളുടെ പശ്ചാത്തലത്തിൽ അനാവരണം ചെയ്യുകയാണ്‌ പൂർണ ഉറൂബ്‌ അവാർഡ്‌ നേടിയ ഈ നോവൽ. കേരളരാഷ്ട്രീയചരിത്രത്തിലെ മറക്കാനാവാത്ത ക്രൂരവും ഭയാനകവുമായ പാടിക്കുന്നിലെ   മനുഷ്യക്കുരുതി ഭാവതീവ്രത ഒട്ടും ചോരാതെ ആവിഷ്‌കരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരായ രാഷ്ട്രീയത്തടവുകാരെ ജയിലിൽനിന്ന് കള്ളജാമ്യത്തിൽ പുറത്തിറക്കി,  രഹസ്യസങ്കേതത്തിൽ കൊണ്ടുപോയി പുതുകോൺഗ്രസുകാരും പൊലീസുകാരും ചേർന്ന് വെടിവച്ചുകൊന്നു. ആ സംഭവത്തിന്റെ കൃത്രിമ നിറക്കൂട്ടുകളില്ലാത്ത എന്നാൽ തന്മയത്വപൂർണമായ ആവിഷ്‌കാരം ഈ നോവലിന് ചരിത്രത്തിന്റെ നേരിയ ചുവപ്പുരാശി നൽകുന്നുണ്ട്.

ഇന്ത്യൻ സൈന്യം സാമ്രാജ്യത്വ അധിനിവേശ സംസ്‌കാരത്തിന്റെ സംരക്ഷണത്തിനുവേണ്ടിയും ഇന്ത്യൻ ജനത വൈദേശികാധിപത്യത്തിൽനിന്നുള്ള മോചനത്തിനുവേണ്ടിയും പോരാടുമ്പോൾതന്നെ നമ്മുടെ ഗ്രാമീണജനത ജന്മിവ്യവസ്ഥയ്‌ക്കും ജാതിവ്യവസ്ഥയ്‌ക്കും എതിരായ സുശക്തമായ പോരാട്ടത്തിന് മനസ്സിനെ തയ്യാറാക്കുകയായിരുന്നു എന്ന്  നോവൽ   ഓർമിപ്പിക്കുന്നു.

പാടിക്കുന്നിന്റെ അനശ്വര രക്തസാക്ഷികളായ രൈരു നമ്പ്യാരുടെയും കുട്ടിയപ്പയുടെയും ഗോപാലൻ നമ്പ്യാരുടെയും പട്ടാളത്തിലിരിക്കെ ഒരപകടത്തിൽ കാലിനു പരിക്കുപറ്റി തിരിച്ചുവന്ന ശങ്കരന്റെയും വളർത്തുമകനായ അനന്തുവിന്റെയും ജീവിതത്തിലെ ഗതിവിഗതികളിലൂടെയാണ് കഥ വികസിക്കുന്നത്‌.  നാടിന്റെ ഉയിർപ്പിനുവേണ്ടി  യൗവന സ്വപ്‌നങ്ങൾ എരിച്ചുകളഞ്ഞവരും നാടിനെ നന്ദികേടോടെ ഒറ്റുകൊടുത്തവരും ഇതിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top