26 April Friday

നാടകം നടന്നുപോയ വഴികൾ

കെ ഗിരീഷ്‌Updated: Sunday Aug 21, 2022

എഴുപതുകളിലെ കാറ്റിൽ പറന്നുനടന്ന ചില വിത്തുകളുണ്ട്‌.  കുടഞ്ഞെറിഞ്ഞിട്ടും പറിച്ചെറിഞ്ഞിട്ടും വിട്ടുപോകാതെ മുളപൊട്ടി പടർന്ന്‌ മനസ്സും ശരീരവും നിറയെ പൂത്തുവിടർന്ന നാടകവിത്തുകൾ. എഴുപതുകൾ, അതുവരെ കണ്ട ശീലങ്ങളെ ഒന്നടങ്കം പുതുക്കിപ്പണിത നാടകക്കാലം. മാനവകുലത്തിനെതിരു നിൽക്കുന്ന എന്തിനെയും ആരെയും നാടകത്തിലൂടെ നേരിടാമെന്നും നാടകപ്രവർത്തനം രാഷ്‌ട്രീയ പ്രവർത്തനമാണെന്നും തിരിച്ചറിഞ്ഞ ഒരുകൂട്ടം മനുഷ്യർ. അവർ കേരളത്തിലങ്ങോളമിങ്ങോളം നാടകം എഴുതാനും പഠിപ്പിക്കാനും പാഞ്ഞുനടന്നു. ആ തറയിൻമേലാണ്‌ മലയാളത്തിന്റെ നവനാടകം കെട്ടിപ്പൊക്കിയത്‌. ആ നടപ്പുകളെക്കുറിച്ചാണ്‌ എ ആർ രതീശന്റെ ‘നാടകനടപ്പുകൾ’ എന്ന ആത്മകഥാംശമുള്ള കൃതി പറയുന്നത്‌.

എഴുപതുകളിൽ സ്വയം വളർത്തിയെടുത്ത നാടകപ്രതിഭകളിൽ ഇന്നും തിളങ്ങിനിൽക്കുന്നയാളാണ്‌ എ ആർ രതീശൻ. ജീവിതപ്പാതയിൽ എഴുപതാണ്ടും നാടകപ്പാതയിൽ അമ്പതാണ്ടും നടന്നുതീർത്ത ഒരാൾ അയാളുടെ സ്‌മരണകൾ പകർത്തുകയാണ്‌. പഴയ ഇടപ്പള്ളിയുടെയും പോണേക്കരയുടെയും ഗ്രാമജീവിതത്തിൽ നിന്നാരംഭിക്കുന്ന രചന തുടക്കത്തിലേ പകരുന്നത്‌ ഇന്ന്‌ പരിചിതമല്ലാത്ത എറണാകുളത്തിന്റെ ഗ്രാമ്യജീവിതത്തെയും മാനുഷികബന്ധങ്ങളെയും സാംസ്‌കാരികജീവിതത്തെയുമാണ്‌.

കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടകയാത്രകൾ, അതിനിടയിൽ കയറിയിറങ്ങിപ്പോയ മനുഷ്യർ. ഇടയ്‌ക്കെപ്പോഴോ നാടകനടപ്പ്‌ അവസാനിപ്പിച്ച്‌ ജീവിതനടപ്പ്‌ മാത്രമാക്കിയ  പ്രതിഭാശാലികൾ. നാടകത്തിൽനിന്ന്‌ ചവിട്ടിക്കയറി പോയവർ, അക്കൂട്ടത്തിൽ മമ്മൂട്ടിയും സലിംകുമാറും ഉൾപ്പെടെയുള്ളവർ. നാടകസൗഹൃദങ്ങളുടെയും അതിനിടയിൽ സംഭവിച്ച നല്ലതും ചീത്തയുമായ അനുഭവങ്ങളുടെയും കഥകൂടിയാണ്‌ നാടകനടപ്പുകൾ.

ഗ്രാമ്യഭാഷയിൽ ഇന്നേവരെയുള്ള ജീവിത–-നാടകനടപ്പുകൾ പറഞ്ഞുപോകുന്നെങ്കിലും അസാധാരണമായ വായന രസത്തിലേക്ക്‌ കൃതിയെ എത്തിക്കുന്നത്‌ തീർച്ചയായും നാടകക്കാരന്റെ എഴുത്തിൽ ഉയർന്നുനിൽക്കുന്ന ദൃശ്യാത്മകതയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top