29 March Friday

തിയറ്ററില്ലാ ഓണക്കാലം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Saturday Aug 21, 2021

ഓണക്കാലമെന്നത്‌ മലയാളിക്ക്‌ സിനിമാക്കാലം കൂടിയാണ്‌. കൂട്ടമായും കുടുംബമൊത്തും തിയറ്ററിലേക്ക്‌ മലയാളി ഒഴുകി എത്തുന്ന കാലം. എന്നാൽ മഹാമാരിയുടെ പിടിയിലമർന്ന കഴിഞ്ഞ ഓണക്കാലത്തെന്നപോലെ ഇത്തവണയും തിയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്‌. മാറിയ കാലത്ത്‌ ഒടിടിയിലൂടെ സിനിമ വീട്ടകങ്ങളിലേക്ക്‌ എത്തുന്നുണ്ട്‌. എന്നാലും മലയാളിയുടെ നൊസ്റ്റാൾജിക്‌ സിനിമാ കാഴ്‌ചയ്‌ക്ക്‌ പകരമാകില്ല ഒടിടിയെന്നാണ്‌ ഇപ്പോഴും ഒരു വിഭാഗം പറയുന്നത്‌. അതേസമയം കോവിഡിനെ നാട്‌ അതിജീവിക്കുന്നതിനൊപ്പം തിയറ്ററിൽ വീണ്ടും വെളിച്ചം തെളിയുന്നതിനായുളള കാത്തിരിപ്പിലാണ്‌ സിനിമാ മേഖലയ്‌ക്കൊപ്പം പ്രേക്ഷകരും.

ഒടിടി നിറയെ സിനിമകൾ

വീട്ടകം തിയേറ്ററാക്കുന്ന ഒടിടി പ്ലാറ്റ്ഫോമിൽ ഓണക്കാലത്ത്‌ എത്തുന്നത്‌ നിറയെ സിനിമകളാണ്‌. തിയറ്ററിനപ്പുറമുള്ള പ്രദർശന സാധ്യതകൾ ഉപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക്‌ എത്തുമെന്നതിനാൽ ചെറുസിനിമകളുടെ ശിൽപ്പികൾക്ക് ഒടിടിയോടാണ്‌ താൽപ്പര്യം. വലിയ സിനിമകൾ മാത്രം ലക്ഷ്യമിടുന്ന രാജ്യാന്തര ഒടിടികൾക്ക്‌ ബദലായി മലയാളത്തിൽ സമാന്തര പ്ലാറ്റ്‌ഫോമുകളും വന്നു കഴിഞ്ഞു. ഇവയിലൂടെയാണ്‌ ഓണക്കാലത്ത്‌ അധികം സിനിമകളും എത്തുന്നത്‌. കെഞ്ചിര, കാറ്റ്‌ കടൽ അതിരുകൾ എന്നിവ ആക്‌ഷൻ ഒടിടിയിലൂടെ കാണാം. കേവ്‌, നീസ്‌ട്രീം തുടങ്ങിയവയിലും ഓണം റിലീസുകളുണ്ട്‌. ഡോൺ പാലത്തറയുടെ സിനിമകളുടെ പാക്കേജ് മുബി ഇന്ത്യയിലുണ്ട്‌. ആമസോണിൽ ഓണത്തിന്‌ മുന്നോടിയായി റോജിൻ തോമസിന്റെ ഹോം, മനു വാര്യർ ഒരുക്കിയ കുരുതി എന്നിവ റിലീസ്‌ ചെയ്‌തിട്ടുണ്ട്‌. തിയേറ്ററിൽ സിനിമയിയില്ലെന്ന സങ്കടം തീർക്കാൻ ചാനലുകൾ പുതിയ സിനിമകളടക്കമായി രംഗത്തുണ്ട്‌. ഒപ്പം നിരവധി ഭാഷകളിൽ സിനിമകളുമായി കൺമുന്നിൽ ഒടിടികളും.

വരാനിരിക്കുന്നത്‌ സിനിമാ പൂരം

ആദ്യഘട്ട കോവിഡ്‌ വ്യാപനം നിയന്ത്രണത്തിലായതോടെ കേരളത്തിൽ 10 മാസങ്ങൾക്കുശേഷം ജനുവരിയിൽ തിയറ്റർ തുറന്നിരുന്നു. ജയസൂര്യയുടെ വെള്ളമാണ്‌ ആദ്യമെത്തിയത്‌. അടുത്തദിവസം വിജയ് ചിത്രം മാസ്റ്റർ എത്തി. ഓപ്പറേഷൻ ജാവ, വാങ്ക്‌ തുടങ്ങിയവ കാണാൻ നിയന്ത്രണങ്ങൾ പാലിച്ച്‌ മലയാളി തിയറ്ററിലെത്തി. സിനിമാ മേഖലയ്‌ക്ക്‌ പുത്തൻ ഉണർവ്‌ ലഭിച്ചതിനിടെയാണ്‌ രണ്ടാം കോവിഡ്‌ തരംഗം വന്നത്‌. ഒടിടി എന്ന പുതിയ സാധ്യത പലരും ഉപയോഗപ്പെടുത്തിയപ്പോഴും തിയറ്ററിനായി നിരവധി സിനിമകൾ കാത്തിരിപ്പുണ്ട്‌. മോഹൻ ലാൽ- പ്രിയദർശൻ ടീമിന്റെ മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം,  ആസിഫ്‌ അലിയുടെ കുഞ്ഞെൽദോ, രാജീവ്‌ രവിയുടെ നിവിൻ പോളി ചിത്രം തുറമുഖം, ദുൽഖർ സൽമാന്റെ കുറുപ്പ്‌ തുടങ്ങി നൂറോളം സിനിമകൾ  പ്രദർശനത്തിന്‌ തയ്യാറായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top