18 October Monday

നെല്ലിയോട്‌: അരങ്ങിലെ അണയാവിളക്ക്‌

അപ്പുക്കുട്ടൻ സ്വരലയംUpdated: Saturday Aug 21, 2021

നെല്ലിയോട് വാസുദേവൻ നമ്പൂതിരി. കഥകളി അരങ്ങിലെ മഹാപ്രതിഭകളിൽ ഒരാൾ. താടിവേഷങ്ങളെ സമർപ്പണംകൊണ്ടും അത്മാർഥ സമീപനംകൊണ്ടും മറ്റ് നായക പ്രതിനായക കഥാപാത്രങ്ങൾക്കൊപ്പം പ്രതിഷ്‌ഠിച്ചുവെന്ന ഖ്യാതിയോടെയാണ്‌ നെല്ലിയോട്‌ ഈ മാസമാദ്യം അരങ്ങൊഴിഞ്ഞത്‌. യഥാസ്ഥിതികത്വത്തിന്റെ മതിൽക്കെട്ടുകളെ മറികടന്നാണ്‌ അദ്ദേഹം കഥകളിയെ നെഞ്ചോടുചേർത്തത്.

1954ൽ തെക്കൻ ചിറ്റൂർ ശ്രികൃഷ്‌ണസ്വാമി ക്ഷേത്രോത്സവത്തിന് കലാമണ്ഡലം രാമൻകുട്ടി നായരുടെ കിർമീരവധത്തിലെ ധർമപുത്രരുടെ അവതരണഭംഗിയാണ് കഥകളിയെ ആശ്ലേഷിക്കാൻ പ്രേരിപ്പിച്ചതെന്ന് നെല്ലിയോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് 1955ൽ കലാമണ്ഡലത്തിൽ പഠനത്തിനായി അഭിമുഖത്തിന് എത്തിയപ്പോൾ വള്ളത്തോൾ നിരീക്ഷിച്ചത് താടിവേഷത്തിനു പറ്റുന്ന ശരീരഭാഷയാണ് നെല്ലിയോടിന്റേത്‌ എന്നായിരുന്നു.  പ്രായപരിധി കഴിഞ്ഞതിനാൽ കലാമണ്ഡലത്തിൽ പഠിക്കാനുള്ള മോഹം പൊലിഞ്ഞു. 1957ൽ കോട്ടയ്‌ക്കൽ പിഎസ്‌വി നാട്യസംഘത്തിൽ കഥകളി പഠനത്തിനു ചേർന്നു.

വാഴേങ്കട കുഞ്ചുനായരായിരുന്നു നാട്യസംഘത്തിലെ ഗുരുനാഥൻ. വള്ളത്തോളിന്റെ ആവശ്യപ്രകാരം കുഞ്ചുനായർ കലാമണ്ഡലം പ്രിൻസിപ്പൽ ആയപ്പോൾ ശിഷ്യരെക്കൂടി കലാമണ്ഡലം അന്തേവാസികളാക്കി.

അങ്ങനെ താൻ മോഹിച്ച സ്ഥാപനത്തിൽ ഗുരുനാഥനു കീഴിൽ ആറുവർഷം കഠിനപരിശീലനം. ഏക ഗുരുനാഥൻ വാഴേങ്കട കുഞ്ചുനായർ. പ്രധാന വേഷമെല്ലാം ഗുരുനാഥന്റെ കീഴിൽ ചൊല്ലിയാടി ഉറപ്പിച്ചു. വള്ളത്തോളിന്റെ നിരീക്ഷണം  ഗുരുനാഥനും ഉണ്ടായിരുന്നതുകൊണ്ടാകാം നെല്ലിയോടിനെ താടിവേഷങ്ങൾ ചൊല്ലിയാടിപ്പിച്ച് ഉറപ്പിച്ചത്.

നെല്ലിയോടിനു മുമ്പ് കഥകളിയിലെ താടിവേഷത്തിൽ എന്ന് പരക്കെ അംഗികരിക്കപ്പെട്ട നടനായിരുന്നു വെള്ളിനേഴി നാണുനായർ. നാണുനായരുടെ രംഗാവിഷ്‌കാര പദ്ധതികളുടെ സംസ്‌കരണം നടന്നത് നെല്ലിയോടിലൂടെയാണ്‌. താടിവേഷത്തിനു വേണ്ട ഊക്ക്, നോക്ക്, അലർച്ച ഇതെല്ലാം നെല്ലിയോടിൽ സമ്മേളിച്ചിരുന്നു. തന്ത്രവും മന്ത്രവും ഹൃദിസ്ഥമാക്കിയ നെല്ലിയോട് വേഷനിർമിതിയിൽ തന്റെ പുരാണപാണ്ഡിത്യം സംയോജിപ്പിച്ചു. താടിവേഷങ്ങളുടെ രംഗാവിഷ്‌കാരപദ്ധതി നിഷ്‌കർഷയോടെ അരങ്ങത്ത് ചിട്ടപ്പെടുത്തുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് അഭിരമിച്ചത് ഇതിവൃത്തത്തിനപ്പുറം താൻ ഏറ്റെടുത്ത കഥാപാത്രത്തെ പുരാണവുമായി ചേർത്തുവായിക്കുന്നതിലായിരുന്നു.

നളചരിതം രണ്ടാം ദിവസത്തിലെ കലിയുടെ ആട്ടത്തിൽ നെല്ലിയോടിന്റെ പരിഷ്‌കരണം  അദ്ദേഹത്തിന്റെ  പുരാണ ഗ്രഹിതത്തിന്റെ ഉൽപ്പന്നമാണ്. നളന്റെ കൊട്ടാരത്തിൽ പ്രവേശിക്കാൻ പന്തീരാണ്ട് കലി നടത്തിയ ശ്രമകരമായ യാതനകൾ അദ്ദേഹം ആടി ഫലിപ്പിക്കുന്നത് പ്രേക്ഷകർ വിസ്‌മയത്തോടെയാണ്‌ ആസ്വദിച്ചത്‌. "മിനക്കെട്ടങ്ങുമിങ്ങും നടക്കമാത്ര മിഹ’ എന്ന കലിയുടെ, ദേവൻമാരോടുള്ള പദം നെല്ലിയോട് പുച്ഛരസത്തോടെ അഭിനയിച്ചുകാണിക്കുന്നത് മറ്റു നടൻമാർക്കും അനുകരണീയമാണ്. അദ്ദേഹം നിർണയിച്ച മറ്റൊരു പ്രധാന ആട്ടമാണ് നരകാസുരവധത്തിലെ വലിയ നരകാസുരന്റെ കൃഷ്‌ണലീല. "കംസനാകും മാതുലനെ ഹിംസ ചെയ്‌തീലയോ നീ’ എന്ന പദത്തിലാണ് കൃഷ്‌ണലീല ആടാറുള്ളത്.

ബകവധത്തിലെ ആശാരി അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷം. കോപ്പൻ നായർക്കുശേഷം ആശാരിയെ തന്റെ വീക്ഷണത്തിലൂടെ കലാശങ്ങളെയും ചലനങ്ങളെയും പരിഷ്‌കരിക്കുകയും നർമം ചേർത്തുകൊണ്ട് രംഗപാഠം നിശ്ചയിക്കുകയും ചെയ്‌തത് നെല്ലിയോടാണ്. ആ വേഷത്തെ കേരളത്തിൽ തെക്കും വടക്കും ഒരുപോലെ ആസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങി.  രാജസൂയത്തിലെ ജരാസന്ധൻ തെക്ക് കത്തിയും വടക്ക് താടിയുമാണ് പതിവ്. ജരാസന്ധന്റെ ആട്ടം തന്റെ ആഴമേറിയ പാണ്ഡിത്യത്തിൽ സുഭദ്രമാക്കി അവതരിപ്പിക്കുമ്പോൾ രാജകീയ പ്രൗഢിയാണ്‌ ജരാസന്ധന്.  ബ്രാഹ്മണവേഷം പൂണ്ട് ജരാസന്ധനെ സമീപിക്കുന്ന ശ്രികൃഷ്‌ണനെയും അർജുനനെയും ഭീമനെയും സംശയത്തോടെ നോക്കിക്കാണുന്ന രംഗം നെല്ലിയോടിന്റെ മാത്രം സിദ്ധിയാണ്. നരകാസുരവധത്തിലെ  നക്രതുണ്ഡിയുടെ രംഗപാഠം ചിട്ടപ്പെടുത്തിയെടുക്കുന്നതിൽ നെല്ലിയോടിന്റെ സംഭാവന അതുല്യം. കാമപരവശയായ നക്രതുണ്ഡി ലജ്ജയോടും ലാസ്യത്തോടുംകൂടി ഇന്ദ്രപുത്രനായ ജയന്തനെ സമീപിക്കുന്നത് നെല്ലിയോടിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്ന അനുഭവം വർണനാതീതമാണ്.

കലാമണ്ഡലം രാമൻകുട്ടി നായരുടെ കിർമീരവധം കഥയിലെ ധർമപുത്രർ കണ്ട് അദ്ദേഹത്തിന്റെ ശിഷ്യനാകാൻ എറണാകുളം ചേരാനല്ലൂരിലെ നെല്ലിയോട് ഇല്ലത്തുനിന്ന്‌ കഥകളി പഠിക്കാനെത്തിയ നെല്ലിയോട് പിൽക്കാലത്ത് കഥകളിയിലെ താടിവേഷങ്ങൾക്ക് വ്യാകരണം രചിക്കുകയായിരുന്നു. കലാമണ്ഡലം ഉൾപ്പെടെ വിവിധ കഥകളി സ്ഥാപനങ്ങളിൽ അധ്യാപകനും നടനുമായി. കേന്ദ്ര, കേരള സംഗീത നാടക അക്കാദമി അവാർഡുകൾ, കേരള സർക്കാരിന്റെ കഥകളി പുരസ്‌കാരം, കലാമണ്ഡലം അവാർഡ് എന്നിവ ചിലത് മാത്രം. നെല്ലിയോടിന്റെ വിയോഗം കളിയരങ്ങിന്റെ തീരാനഷ്ടമാണ്. നെല്ലിയോടിന്റെ പാത പിന്തുടരുക എന്നതാണ്‌ പുതുതലമുറയിലെ താടിവേഷക്കാർക്ക് അദ്ദേഹത്തിനു നൽകാവുന്ന ഉചിതമായ അഞ്‌ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top