15 December Monday

ശാർങ്‌ഗധര വിസ്മയം

സുജിൻ കാറാട്ട്‌ sujinappu@gmail.comUpdated: Sunday May 21, 2023

കണ്ഠനാദം കൊണ്ട് ഒരു മുഴുനീളൻ സിനിമയുടെ പശ്ചാത്തല സംഗീതം. വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം, എന്നാൽ കൂത്തുപറമ്പ് സ്വദേശി ശാർങ്‌ഗധരന്റെ ശബ്‌ദത്തിൽ സിനിമാ പശ്ചാത്തല സംഗീതരംഗത്ത്‌ പുതുചരിത്രം പിറക്കുകയാണ്‌. താഴത്ത് വീട്ടിൽ ഫിലിംസ് ആൻഡ് റാണി സിനി മൂവീസിന്റെ ബാനറിൽ പി എം വിനോദ് ലാൽ സംവിധാനം ചെയ്ത രണ്ട് മണിക്കൂർ ദൈർഘ്യമുള്ള  ‘സ്റ്റാൻഡേർഡ് ഫിഫ്ത്ത് ബി’ എന്ന സിനിമയിലാണ് ഗാനങ്ങൾക്കുൾപ്പെടെ മുഴുവൻ ഭാഗങ്ങളിലും ശാർങ്‌ഗധരൻ കണ്ഠം കൊണ്ട് പശ്‌ചാത്തലസംഗീതമൊരുക്കിയത്‌.

കാക്കയെ അനുകരിച്ച്  കാക്കയെ വരുത്തി

സ്കൂൾ കലോത്സവത്തിലൂടെയാണ്‌ ശാർങ്ഗധരൻ കലാരംഗത്തെത്തിയത്‌. ലളിതഗാനം, മോണോആക്ട്, മിമിക്രി, കഥാപ്രസംഗം, മാപ്പിളപ്പാട്ട് എന്നീയിനങ്ങളിൽ സംസ്ഥാനതലം വരെയുള്ള  നേട്ടങ്ങൾ. കാഥികനായും ഗായകനായും വേദികളിൽ നിറഞ്ഞുനിന്നു. 1992ൽ പുതിയ മിമിക്രി ടീമിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ നടത്തിയ കലാപ്രകടനമാണ്‌ ശാർങ്‌ഗധരനെ അടയാളപ്പെടുത്തിയത്‌. പരിപാടിക്കിടെ കാക്കയുടെ ശബ്ദം അനുകരിച്ചപ്പോൾ കാക്കകൾ പ്രത്യക്ഷപ്പെട്ടത്‌ പ്രത്യേക വാർത്തയായി. ചിത്രകലയിലും കളിമൺ, മരം എന്നിവയിൽ ശിൽപ്പം തീർക്കാനും ശാർങ്ഗധരൻ മിടുക്കനാണ്. ശബ്ദാനുകരണത്തിന് 2011ൽ അംബേദ്‌കർ ഫെലോഷിപ്‌, തിളക്കം (അബുദാബി അവാർഡ്), 2012ൽ ടെലിവിഷൻ അവാർഡായ ഓണനിലാവ് എന്നിവ നേടിയിട്ടുണ്ട്. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനെ മിമിക്രിയും മോണോആക്‌ടും പരിശീലിപ്പിക്കാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായാണ് ശാർങ്ഗധരൻ കാണുന്നത്. 2021 മുതൽ ഓൾ കേരള മിമിക്രി ആർടിസ്‌റ്റ്‌ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമാണ്. മിമിക്രി വേദികളിൽ സജീവമായ ശാർങ്‌ഗധരന്റെ ആദ്യ വിദേശപര്യടനം നടൻ കൊച്ചിൻ ഹനീഫയോടൊപ്പമായിരുന്നു. മലയാളത്തിലെയും തെന്നിന്ത്യൻ സിനിമകളിലെയും പ്രമുഖ താരങ്ങങ്ങളോടൊപ്പവും വിദേശത്തുൾപ്പെടെ വേദി പങ്കിട്ടിട്ടുണ്ട്. 1988 മുതൽ സിനിമാ രംഗത്തേക്കും കടന്നു. ശാർങ്‌ഗധരൻ അഭിനയിച്ച അഞ്ചോളം സിനിമകൾ റിലീസിനൊരുങ്ങുകയാണ്.

ശാർങ്‌ഗധരൻ കൂത്തുപറമ്പ്

ശാർങ്‌ഗധരൻ കൂത്തുപറമ്പ്

സംവിധായകൻ തന്ന ആത്മവിശ്വാസം

കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയും കുട്ടികൾക്ക് നേരെയുള്ള പീഡനത്തിനെതിരെയും ശക്തമായ സന്ദേശം നൽകുന്ന സിനിമയാണ് സ്റ്റാൻഡേർഡ് ഫിഫ്ത്ത് ബി. സുഹൃത്തും പ്രോജക്്‌ട്‌ ഡിസൈനറുമായ ഡോ. അനിൽ സുന്ദരേശൻ വഴി സിനിമയുടെ സംവിധായകനായ പി എം വിനോദ് ലാലിനെ പരിചയപ്പെടുകയും അഭിനയിക്കാൻ ഒരു വേഷം ലഭിക്കുകയും ചെയ്തു. സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് മുമ്പ്‌ ഒരു ചാനലിൽ അവതരിപ്പിച്ച സ്‌പോട്ട്‌ ഡബ്ബിങ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സംവിധായകൻ വിനോദ് ലാലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ശാർങ്‌ഗധരന്റെ മിമിക്രിയിലെ മികവ്‌ ഉപയോഗിച്ച് പുതിയ പരീക്ഷണം നടത്താൻ അദ്ദേഹം തയ്യാറാവുകയായിരുന്നു. പരീക്ഷണം വിജയിച്ചതോടെയാണ്‌ കവിതയും ഇംഗ്ലീഷ് ഗാനവും ഉൾപ്പെടെ അഞ്ച് പാട്ടിനും സിനിമയിലെ മുഴുവൻ സന്ദർഭങ്ങൾക്കും പശ്ചാത്തല സംഗീതം തൊണ്ടയിലൂടെ നൽകിയത്. മൂന്നു മാസമെടുത്താണ്‌ സിനിമയ്‌ക്ക് ശബ്ദം നൽകിയത്‌. ജയറാം നായകനായ കുടുംബശ്രീ ട്രാവൽസ് എന്ന ചിത്രത്തിലും മുഴുനീള കഥാപാത്രമായ ആടിന് ശബ്ദം നൽകിയിട്ടുണ്ട്.

അംഗീകാരങ്ങൾ കൈനിറയെ

റിലീസ്‌ ആകുന്നതിനു മുമ്പ്‌ നാല് റെക്കോഡാണ്‌ സിനിമ നേടിയത്‌. യുആർഎഫ് വേൾഡ് റെക്കോഡ്, യൂറോപ്യൻ വേൾഡ് റെക്കോഡ്, അമേരിക്കൻ ബുക്ക് ഓഫ് റെക്കോഡ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ് എന്നിവയാണ്‌ അംഗീകാരങ്ങൾ. കൂത്തുപറമ്പ് നരവൂരിലെ പരേതനായ ബാലകൃഷ്ണൻ വൈദ്യരുടെയും എം സി നാണിയുടെയും മകനാണ്  ശാർങ്‌ഗധരൻ. ഭാര്യ ആർ ഹേമലത കൂത്തുപറമ്പ് നഗരസഭാംഗമാണ്. മകൾ ശ്രാവണ ശാർങ്‌ഗധരൻ.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top