25 April Thursday

നല്ല സിനിമയ്ക്ക് പ്രേക്ഷകരുണ്ടാകും

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday May 21, 2023

തിയറ്ററുകളിൽ ആരവം തീർക്കുകയാണ്‌ നെയ്മർ എന്ന നായ. നെസ്ലിൻ, മാത്യു വിജരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി തുടങ്ങിയവരും ഒപ്പമുണ്ട്‌. സുധി മാഡിസൺ സംവിധാനംചെയ്‌ത നെയ്‌മർ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്‌. ഡോൺ മാക്‌സിന്റെ അസി. എഡിറ്ററായി തുടങ്ങിയ സുധി ഓപ്പറേഷൻ ജാവയുടെ കോ–-ഡയറക്ടറുമായിരുന്നു. തന്റെ സിനിമാ വഴികളെക്കുറിച്ച്‌ സുധി സംസാരിക്കുന്നു.

ലഭിക്കുന്നത്‌ നല്ല പ്രതികരണം

സിനിമ ചെയ്യുമ്പോൾ ആഗ്രഹിച്ചതുപോലെയുള്ള പ്രതികരണമാണ്‌ തിയറ്ററുകളിൽനിന്ന്‌ ലഭിക്കുന്നത്‌. കണ്ട്‌ ഇറങ്ങുന്ന എല്ലാവരും സന്തോഷത്തിലാണ്‌. കുടുംബങ്ങളിൽനിന്നാണ്‌ കൂടുതൽ നല്ല പ്രതികരണം. അതിൽത്തന്നെ കൊച്ചുകുട്ടികൾക്കാണ്‌ കൂടുതൽ ഇഷ്ടമാകുന്നത്‌. കുറെനാളുകൾക്കുശേഷം അസഭ്യ സംഭാഷണങ്ങളില്ലാത്ത, പൂർണമായും ആസ്വദിക്കാൻ കഴിയുന്ന സിനിമ കാണാനായി എന്ന്‌ ആളുകൾ പറയുന്നു. പ്രേക്ഷകനിൽനിന്ന്‌ ലഭിക്കുന്ന നല്ല അഭിപ്രായം വലിയ സന്തോഷം നൽകുന്നതാണ്‌. 

വിശ്വാസമുണ്ടായിരുന്നു

കോവിഡ്‌ ലോക്‌ഡൗൺ സമയത്താണ്  സിനിമയെക്കുറിച്ചുള്ള ആശയം  മനസ്സിൽ വരുന്നത്‌. ആലോചന പിന്നെ വലുതായി. അങ്ങനെയാണ്‌ നെയ്‌മർ സംഭവിക്കുന്നത്‌. ആദ്യ ആലോചനകളെല്ലാം ഒറ്റയ്‌ക്കായിരുന്നു. പിന്നീടാണ്‌ പോൾസൺ സ്‌കറിയയും ആദർശ്‌ സുകുമാരനും തിരക്കഥാ രചനയുടെ ഭാഗമാകുന്നത്‌. എഴുതുന്ന ഘട്ടത്തിൽത്തന്നെ സിനിമ പ്രചോദിപ്പിച്ചിരുന്നു. നായയെ കേന്ദ്ര കഥാപാത്രമായാണ്‌ സിനിമ ചെയ്യുന്നത്. അതുകൊണ്ട്‌ ഇത്ര ദിവസംകൊണ്ട്‌ ചിത്രീകരണം തീർക്കാനാകുമെന്ന്‌ പറയാനാകില്ല. നിർമാതാക്കൾ നല്ല പിന്തുണ നൽകി. അതുകൊണ്ടുകൂടിയാണ്‌ സിനിമ നല്ല രീതിയിൽ പൂർത്തിയാക്കാനായത്‌. സിനിമയുടെ തിരക്കഥയുടെ കാര്യത്തിൽ ഞങ്ങൾക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. നല്ല വിശ്വാസവും ഉണ്ടായിരുന്നു. നായയെ വച്ച്‌ ചിത്രീകരിക്കുന്നതിൽ ആശങ്കയും സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ചിത്രീകരണം തുടങ്ങി ആദ്യ ദിവസങ്ങളിൽത്തന്നെ അത്‌ മാറി. നമ്മൾ പ്രതീക്ഷിക്കുന്ന നോട്ടങ്ങളും മാനറിസങ്ങളും കിട്ടി. നായയെ വച്ച്‌ ചെയ്യുന്ന സിനിമകളിൽ സ്ഥിരമായി കണ്ടുവരുന്നത്‌ വൈകാരികതയും മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധവുമാണ്‌. ആ ശൈലിയിൽ ആകരുതെന്നും അതിൽനിന്ന്‌ വ്യത്യസ്‌തമായി എന്തുചെയ്യാൻ പറ്റുമെന്നും ചിന്തിച്ചിരുന്നു.  

രണ്ടുതരം കൂട്ടുകെട്ട്

നെസ്ലിൻ–- മാത്യു കൂട്ടുകെട്ട് കുടുംബപ്രേക്ഷകർക്കടക്കം എല്ലാവർക്കും ഇഷ്ടമുള്ളതാണ്‌. ഷമ്മി തിലകൻ, വിജയരാഘവൻ, ജോണി ആന്റണി കൂട്ടുകെട്ട് ഇതുവരെ ആരും കാണാത്തരീതിയിൽ അവതരിപ്പിക്കാനാണ്‌ നോക്കിയത്‌. അതിലൂടെ അവരിൽ മാസ്‌ ഉണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടമാകുന്നരീതിയലാണ്‌ സിനിമയിലെ ഈ രണ്ട്‌ കൂട്ടുകെട്ടുകളും കൊണ്ടുവന്നത്‌. സിനിമ എഴുതിയപ്പോൾത്തന്നെ ഈ കഥാപാത്രങ്ങളിലേക്ക്‌ ഇവരെയാണ്‌ ആലോചിച്ചിരുന്നത്‌.

നല്ലതാണെന്ന്‌ തോന്നിയാൽ ആളുകൾ വരും

സാധാരണക്കാർക്കു വേണ്ടിയുള്ള സിനിമയായാണ്‌ നെയ്‌മർ ഒരുക്കിയത്‌. അതുകൊണ്ടുതന്നെ ഇന്നർ ലെയറുകളുള്ള സിനിമയുമല്ല. സിനിമയുടെ കഥയും അടുത്തരംഗം എന്തായിരിക്കുമെന്ന്‌ ആളുകൾക്ക്‌ മനസ്സിലാകുന്നതിൽ പ്രശ്‌നവുമില്ല, സിനിമ ചെയ്യുമ്പോൾ അതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുമില്ല. സിനിമ കാണുമ്പോൾ ആളുകൾ സന്തോഷമായി ഇരിക്കണമെന്നു മാത്രമാണ്‌ ആലോചിച്ചത്‌. രണ്ടാം പകുതിയിൽ കൂടുതലും ഒരു സിനിമാറ്റിക്ക്‌ പെർഫോമൻസാണ്‌. ആളുകളെ എങ്ങനെ പിടിച്ചിരുത്താമെന്നു മാത്രമാണ്‌ നോക്കിയത്‌. ഇതൊരു ബുദ്ധിജീവി പരിപാടിയല്ല. വലിയ താരങ്ങളുള്ള സിനിമയല്ല. പക്ഷേ, സിനിമ നല്ലതാണെങ്കിൽ ആളുകൾ കാണും. ഈ സിനിമ കാണേണ്ടതാണെന്ന്‌ ആളുകൾക്ക്‌ തോന്നണം. അങ്ങനെ തോന്നിപ്പിക്കേണ്ടത്‌ നമ്മളാണ്‌. അതിനു കഴിഞ്ഞാൽ പിന്നെ അവർ വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top