26 April Friday

നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday May 21, 2023

ഹൃദയച്ചെപ്പിലിപ്പോഴും ആ ദ്രാവിഡ താളത്തിന്റെ പെരുംകൊട്ട്‌. വനരൗദ്രതയിൽ കൊടിയ ചൂടിലെരിയും വിയർപ്പിൻ ഉപ്പുകാറ്റ്‌. ഒടുവിലായതാ ഗ്രാമ്യതയുടെ തളിർകാറ്റ്‌... കടമ്മനിട്ടയുടെ പതിനഞ്ചാം ഓർമ വർഷം. ഇന്നുമുണ്ട്‌ മലയാളിയുടെ നെഞ്ചിൽ കനൽകോരിയിട്ടൊരാ ‘കുറത്തി’ പറഞ്ഞിട്ട നേരും നെറിയും. കേരളീയ ഗോത്രകലകളുടെ സമഗ്രോത്സവമായ ‘തളിർമിഴി എർത്ത് ലോർ 2023’ അരങ്ങനുഭവങ്ങളുടെ പങ്കുവയ്‌ക്കലായിരുന്നു. കടമ്മനിട്ടയുടെ ‘കുറത്തി’ കവിതയുടെ  ദൃശ്യാവിഷ്‌ക്കാരത്തോടെയായിരുന്നു ഗോത്രോത്സവത്തിന്റെ തുടക്കം. സംസ്ഥാന സാംസ്‌കാരികവകുപ്പും കോവിഡ് കാലത്ത് ‘മഴമിഴി’യിലൂടെ ഉണർവേകിയ ഭാരത്‌ ഭവനുമാണ്‌ സംഘാടനം. ഭാരത്‌ ഭവൻ മെമ്പർ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ്‌ പയ്യന്നൂരിന്റെ രൂപകൽപ്പനയിലാണ് തളിർമിഴി  അഞ്ചിടങ്ങളിലായി അരങ്ങേറിയത്. ഗോത്രസമൂഹം കൂടുതലായി അധിവസിക്കുന്ന അഞ്ച്‌ ജില്ലകളിൽ 10 ദിവസം നീണ്ടുനിന്ന തളിർമിഴി എർത്ത് ലോറിൽ ആയിരത്തോളം ഗോത്രകലാപ്രതിഭകൾ പങ്കെടുത്തു. ഊരുകളിലെ മൂപ്പൻമാരേയും പ്രതിഭകളെയും ആദരിച്ചു. ഗോത്രവിദ്യാർഥികൾക്കായി കരകൗശലത്തിലും ഗോത്രഗാനത്തിലും മത്സരങ്ങൾ ഒരുക്കി. സംസ്ഥാന സർക്കാരിന്റെ സ്‌ത്രീ ശാക്തീകരണ പദ്ധതിയായ ‘സമ’ത്തിന്റെ ഭാഗമായി ഗോത്ര വനിതകളെയും ആദരിച്ചു. 

കാടുണർന്നു, കാടിൻ മക്കളും

അതിരുകളില്ലാ ആകാശത്തിനുകീഴിൽ ഒരുകൂട്ടം ആട്ടവും പാട്ടുമായി ഒത്തുചേർന്നു. അരങ്ങിൻ വെളിച്ചത്തിൽ വരും തലമുറയ്‌ക്കായവർ പറഞ്ഞുവച്ചു. ‘ഇത്‌ ഏങ്ങടെ കഥ. ഏങ്ങളും നിങ്ങളും പറഞ്ഞൊരാ വലിയ കഥ’. അട്ടപ്പാടി, സുൽത്താൻബത്തേരി, അത്തിക്കോത്ത്, മറയൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ വ്യത്യസ്‌തങ്ങളായ ഗോത്ര രംഗകലകൾ പ്രകൃതിദത്ത വേദികളിൽ ആടിതിമിർത്തു. ചാറ്റുപാട്ടും പളിയ നൃത്തവും മലപ്പുലയാട്ടവും പൂപ്പടതുള്ളലും നാട്ടുഗദ്ദികയും എന്നും ഓർമിക്കണമെന്ന സ്‌നേഹസന്ദേശം പങ്കിട്ടു. ഒരുനാൾ ഒരുതലമുറക്കപ്പുറം ഗോത്രസംസ്കൃതിയുടെ തുടിപ്പുകൾ ഇന്നലെകളുടെ ചരിത്ര കുറിപ്പുകളിൽ എഴുതിവയ്‌ക്കപ്പെട്ടതു മാത്രമായി പോകരുതെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു സർഗസംഗമം. മണ്ണിൽ നിന്നുയിർത്ത മനുഷ്യന്റെ വിയർപ്പിന്റെ വേരടയാളങ്ങളായ ഓരോ ഗോത്രകലയും സംരക്ഷിക്കപ്പെടേണ്ടത് ഇത്തരം അവതരണങ്ങളിലൂടെയാണെന്ന് ‘എർത്ത് ലോർ 2023’  ഓർമ്മപ്പെടുത്തുന്നു.

അന്യം നിൽക്കുന്നതും ആചാരപരമായി നിലനിന്ന് പോകുന്നതുമായ 50 ഓളം കലാരൂപങ്ങളുടെ അവതരണം ‘തളിർമിഴി’യിലുണ്ടായി. കോവിഡ്‌ ദുരിതം വിതച്ച കലാസംഘങ്ങളെ ഉണർത്താൻ  മന്ത്രി  സജി ചെറിയാൻ മുന്നോട്ടുവച്ച സാംസ്കാരിക ദൗത്യമായിരുന്നു  ‘മഴമിഴി’. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 2100 ഓളം കലാപ്രതിഭകൾക്ക് 2500 രൂപ വീതം ധനസഹായം നൽകി, ഭാരത് ഭവൻ ഓൺലൈനിലൂടെ ലോക മലയാളികൾക്കു മുന്നിലെത്തിച്ച ശ്രദ്ധേയ പദ്ധതിയുടെ തുടർച്ചയാണ്‌ തളിർമിഴി. ആയിരം കലാ പ്രതിഭകളിലേക്ക് മൂവായിരം രൂപ വീതം എത്തിക്കാനും  സാധ്യമായി. 

പാലക്കാട് അട്ടപ്പാടിയിൽ  ഫെബ്രുവരി 26ന് മല്ലീശ്വരൻ മലയുടെ താഴ്വാരത്തെ ഭവാനി പുഴയോരത്താണ് മന്ത്രി സജി ചെറിയാൻ നഞ്ചിയമ്മയുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ തളിർമിഴി ഉദ്ഘാടനം ചെയ്‌തത്. തുടർന്ന് വയനാട്  നൂൽപ്പുഴ, കാസർകോട്‌  അത്തിക്കോത്ത്‌, ഇടുക്കി മറയൂർ, തിരുവനന്തപുരം–- കൊല്ലം അതിർത്തിയായ കുളത്തുപ്പുഴ എന്നിവിടങ്ങളിൽ രണ്ട് ദിനരാത്രങ്ങൾ വീതം ഗോത്രോത്സവം.  സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, ജെ ചിഞ്ചുറാണി, കെ എൻ ബാലഗോപാൽ എന്നിവർ വിവിധ ഇടങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.

ജനകീയ സർക്കാരിന്റെ സാംസ്കാരിക പ്രവർത്തനങ്ങളെ ഗോത്രജനതയിലേക്ക്‌ എത്തിക്കുവാനുള്ള സാംസ്കാരിക ദൗത്യം തളിർമിഴി സാർഥകമാക്കി. ജൂണിൽ ഓൺലൈനിലൂടെ ഗോത്രകലകൾ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുവാനുള്ള പ്രവർത്തനങ്ങളും ഭാരത് ഭവൻ പൂർത്തിയാക്കി. പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിക്കുന്ന ചെറുവയൽ രാമന്റെ സാന്നിധ്യത്തിൽ തളിർമിഴി നവമാധ്യമ ദൗത്യത്തിന്റെ ഉദ്ഘാടനം മെയ്‌ 28ന് മന്ത്രി ഭാരത് ഭവനിൽ നിർവഹിക്കും. വയനാട് രാംദാസ് സംവിധാനം നിർവഹിച്ച കളവയൽ രാമന്റെ ജീവിതം മുൻനിർത്തിയുള്ള ഡോക്യുഫിക്ഷനും ഗോത്രകലകളും അരങ്ങേറും.

വിസ്മൃതിയിലാണ്ടുപോകുന്ന നാട്ടുതുടിപ്പുകളെയും മാതൃകങ്ങളെയും ഓർമപ്പെടുത്തലും കരുതലോടെ കാത്തുവയ്ക്കലുമാണ് ഇത്തരം സാംസ്കാരിക നിർവഹണങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അടിസ്ഥാന ജനവിഭാഗത്തെക്കൂടി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് കാഴ്ചപ്പാട്‌. തിരസ്കരിക്കപ്പെട്ടവന്റെ കൂടിയാണ് ഈ ആകാശമെന്നും അവന്റെ താളവും ചുവടുകളും പ്രപഞ്ചത്തിന്റെ ഹൃദയതാളമാണെന്നും നമുക്ക് ഉറക്കെ പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top