26 April Friday

വായന

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

ചോദ്യങ്ങൾ എറിയാം ചാറ്റ്‌ ജിപിടിയോട്‌

ടി ചന്ദ്രമോഹൻ

നിർമിതബുദ്ധി ആധിപത്യം നേടുന്ന 21–-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ ഭാവിയെയും നമ്മുടെ ദൈനംദിന ജീവിതത്തെയും മാറ്റിമറിക്കാൻ സജ്ജമാണ്‌ ചാറ്റ്‌ ജിപിടി. മനുഷ്യർക്ക്‌ ചെയ്യാൻ കഴിയുന്ന എല്ലാ ബൗദ്ധിക പ്രവർത്തനവും ലേഖനമെഴുത്തും കവിതയെഴുത്തും കഥയെഴുത്തും യാഥാർഥ്യമാക്കാൻ കഴിയുമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ചാറ്റ്‌ ജിപിടി. എന്താണ്‌ ഈ നൂതന സാങ്കേതികവിദ്യയെന്നും അതിന്റെ ഉപയോഗം എങ്ങനെയാണെന്നും നിർമിതബുദ്ധിയുടെ അവാന്തര വിഭാഗങ്ങളെപ്പറ്റിയും പരിചയപ്പെടുത്തുകയാണ്‌ ട്രിഷാ ജോയിസ്‌ ‘ChatGPTയും നിർമിതബുദ്ധിയും’ എന്ന പുസ്‌തകത്തിലൂടെ. സെർച്ച്‌ എൻജിനായ ഗൂഗിളും ചാറ്റ്‌ ജിപിടിയും തമ്മിലുള്ള വ്യത്യാസവും പരിശോധിക്കപ്പെടുന്നു. നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള വിവരങ്ങൾ ചോദ്യങ്ങളിൽ വരുത്തുന്ന മാറ്റത്തിലൂടെ ചാറ്റ്‌ ജിപടിയിലൂടെ ലഭിക്കുന്നു. ഒരു വിഷയത്തെപ്പറ്റി സ്‌കൂൾ വിദ്യാർഥിക്കും കോളേജ്‌ വിദ്യാർഥിക്കും ഗവേഷകനും വ്യത്യസ്‌ത വിശദീകരണങ്ങൾ ലഭിക്കുമെന്ന്‌ ഉദാഹരണസഹിതം വ്യക്തമാക്കുന്നു ഗ്രന്ഥകർത്താവ്‌. ചാറ്റ്‌ ജിപിടിയുടെ ഇന്റർഫേസിനെയും മെനുവിനെയും പ്രോഗ്രാമിങ്‌ ഭാഷകളുടെ കൈവഴക്കത്തെയും ഗൂഗിളിൽനിന്നും മറ്റ്‌ ചാറ്റ്‌ ബോട്ടുകളിൽനിന്നും അലക്‌സാ, സിരി, ഗൂഗിൾ അസിസ്റ്റന്റ്‌ തുടങ്ങിയ പേഴ്‌സണൽ അസിസ്റ്റന്റുകളിൽനിന്നും ചാറ്റ്‌ ജിപിടിയെ വ്യത്യസ്‌തമാക്കുന്ന ഘടകങ്ങളെപ്പറ്റിയും ലളിതമായി വിശദീകരിക്കുന്നു. നിർമിതബുദ്ധിയും അതിന്റെ നാല്‌ തലമുറയെയും അഞ്ച്‌ ശാഖകളെപ്പറ്റിയും റൂൾ ബേസ്‌ഡ്‌ എഐ, മെഷീൻ ലേണിങ്‌, ന്യൂറൽ നെറ്റ്‌വർക്ക്‌, ഡീപ്‌ ലേണിങ്‌, നാച്വറൽ ലാംഗ്വേജ്‌ പ്രോസസിങ്‌ എന്നിവയെപ്പറ്റിയും പ്രതിപാദിക്കുന്നു.

 

 

 

മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ ആശയാഴങ്ങളിലേക്ക്

എ ജി ഒലീന

പി ഗോവിന്ദപിള്ളയുടെ സാഹിത്യ സംരംഭങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാണ് ചന്തവിള മുരളിയുടെ ‘പി ജിയും സാഹിത്യവും’. കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ മറ്റു പലനിലകളിൽ ശ്രദ്ധേയനായ പി ജി അദ്ദേഹത്തിന്റെ ജീവിതകാലത്ത് നമ്മുടെ സാഹിത്യവുമായി ഗാഢമായ ബന്ധം പുലർത്തിയിരുന്നുവെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ, നിയമസഭാ സാമാജികൻ, സംഘടനാ പ്രവർത്തകൻ എന്നൊക്കെ നിലകളിൽ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ആഴമുള്ള വായനയുടെയും എഴുത്തിന്റെയും വിപുലമായ ലോകം സ്വന്തമാക്കിയിരുന്നു. മാർക്സിയൻ  സൗന്ദര്യശാസ്ത്രത്തിന്റെ ആശയാഴങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. പി ജിയെന്ന സൈദ്ധാന്തിക പ്രതിഭയെ വിശകലനം ചെയ്യുന്ന മറ്റു പുസ്തകങ്ങൾക്കുശേഷമാണ് ചന്തവിള മുരളി തന്റെ മൂന്നാമത് പുസ്തകത്തിലേക്ക് കടക്കുന്നത്. 10 അധ്യായങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ഈ കൃതി, പി ജിയുടെ സാഹിത്യസംഭാവനകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു. ദേശാഭിമാനി സ്റ്റഡി  സർക്കിളിന്റെയും പുരോഗമന കലാ സാഹിത്യസംഘത്തിന്റെയും ആദ്യകാല പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി തുടർ പഠനങ്ങൾക്ക് വെളിച്ചംപകരും.

 

 

 

ബുൾഡോസർ പ്രയോഗവും സാംസ്കാരിക പ്രതിരോധവും

എസ് രാഹുൽ

ഭരണകൂട ഉപകരണമെന്ന നിലയിലാണ് ഇന്ത്യയിലെ സംഘപരിവാർ ബുൾഡോസർ പ്രയോഗം നടത്തിക്കൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവാദികൾക്കും എതിരെയുള്ള ഭീഷണി ദേശസാൽക്കരിക്കപ്പെടുകയാണ്. ചിഹ്നങ്ങളും ബിംബങ്ങളും ആധുനിക ഉപകരണങ്ങളുമെല്ലാം ഭീതി പടർത്തുന്ന ആയുധങ്ങളാക്കുന്നത്‌ എങ്ങനെയെന്നും ബിജെപി സർക്കാരുകൾ തന്നെ അത് ഉപയോഗിക്കുന്നതെങ്ങനെയെന്നും ചരിത്രത്തിന്റെയും വർത്തമാന സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണ് ഡോ. ഷിജൂഖാൻ ‘ബുൾഡോസർ റിപ്പബ്ലിക്' എന്ന കൃതിയിലൂടെ. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ  നടപ്പാക്കുന്ന ബുൾഡോസർ രാജ്, ക്രിസ്ത്യൻ–-- മുസ്ലിം വിഭാഗങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരായ ആക്രമണം, കേന്ദ്ര സർക്കാരിന്റെ ഭരണഘടനാവിരുദ്ധ നിലപാടുകൾ,  വിദ്യാഭ്യാസ- സാംസ്കാരിക മേഖലയിലെ കാവിവൽക്കരണം, ലക്ഷദ്വീപ് ജനതയ്ക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പ്രതികരണമാണ്.  ലേഖനങ്ങൾക്ക് അനുബന്ധമായി ചേർത്ത വിവിധ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള കവിതകളും വിശകലനങ്ങളും എടുത്തുപറയേണ്ടതാണ്. ദേശീയ വിദ്യാഭ്യാസനയം, പൗരത്വ ഭേദഗതി നിയമം എന്നിവയിലൂടെ, ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പ്രയോഗത്തിലെത്തുമ്പോഴുള്ള അപകടങ്ങളും അവ പടർത്തുന്ന വിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും അനുഭവങ്ങളും പുസ്തകം ചൂണ്ടിക്കാട്ടുന്നു. മതനിരപേക്ഷ മൂല്യങ്ങളിലൂന്നിയ രാഷ്ട്രവ്യവഹാരത്തിലേക്കും സാമൂഹ്യജീവിതത്തിലേക്കും ഹിന്ദുത്വ- കോർപറേറ്റ് യന്ത്രക്കൈകൾ ആഴ്ന്നിറങ്ങുമ്പോൾ, അതിനെതിരെ പ്രവർത്തനനിരതരാകേണ്ടതിന്റെ ആവശ്യകതയെ പുസ്തകം ഓർമിപ്പിക്കുന്നു. ഫാസിസത്തിനെതിരെയുള്ള അതിജീവന സമരത്തിൽ ഈടുറ്റ സാംസ്കാരിക പ്രതിരോധമാണ് ഈ ലേഖനങ്ങൾ.

 

 

 

അഭയാർഥി പ്രശ്‌നങ്ങളുടെ സങ്കീർണതകളിലേക്ക്‌

ഷൈജൻ ശ്രീ വത്സം

വംശഹത്യയും മതഭീകരതയും കലുഷമാക്കുന്ന വർത്തമാനകാലത്തെ നിർവചിക്കുകയാണ് "അകലെ’ എന്ന ഹു സൈർ മുഹമ്മദിന്റെ നോവൽ. മ്യാൻമറിലെ രോഹിംഗ്യൻ അഭയാർഥികളുടെ ജീവിതത്തിൽനിന്നും ഒരേട് ചേർത്തുവച്ചാണ് ഈ നോവൽ മുന്നോട്ടുപോകുന്നത്.  അഭയാർഥികളായി ഓടിപ്പോരേണ്ടിവന്ന വൃദ്ധദമ്പതികളുടെ കാണാതായ മക്കൾ സാറയെയും സൈനിനെയും തേടിയുള്ള ഗൗതമെന്ന മനുഷ്യാവകാശ പ്രവർത്തകന്റെ യാത്രയിലൂടെയാണ് സമകാലീന രാഷ്ട്രീയവും ഏറെ സങ്കീർണമായ അഭയാർഥി പ്രശ്നങ്ങളും അതോടൊപ്പം ഇപ്പോഴും അന്യംനിന്നു പോകാത്ത സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും കഥ പറയുന്നത്.  അഭയാർഥികളുടെ ദുരിതങ്ങൾ എക്കാലത്തും മനുഷ്യമനസ്സുകൾക്ക് വേദനയുണ്ടാക്കുന്നതാണ്. അധികാരം നിലനിർത്താൻ ഭരണകൂടവും മതമേധാവികളും ഒന്നാകുമ്പോഴാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. അന്വേഷണവും പ്രണയവും സസ്പെൻസും  ചേർന്ന ഈ നോവൽ ഒറ്റയിരിപ്പിൽത്തന്നെ വായിക്കാനാകുന്നു.

 

 

 

വ്യസനം പൂക്കും വഴികൾ

സുരേഷ്‌ ഗോപി

മനോജ്‌ വെങ്ങോലയുടെ 11 കഥകളുടെ സമാഹാരമാണ്‌ പൊറള്‌. ആദ്യകഥയുടെ പേരുതന്നെ സമാഹാരത്തിനും നൽകിയിരിക്കുന്നു. ലിപിയില്ലാത്ത സംസാരഭാഷയാണത്‌. എഴുത്തും വായനയുമെല്ലാം ഉണർന്നുവരുന്നതിനുമുമ്പ്‌ മനുഷ്യർ ആശയ വിനിമയത്തിനുമാത്രം ഭാഷ പ്രയോഗിച്ചിരുന്ന കാലത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്ന കഥ. ഈ കഥകൾക്കെല്ലാംതന്നെ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ പ്രത്യേക ഭൂമികയുണ്ട്‌. ചില ബിംബങ്ങൾ നമ്മെ തികച്ചും അപരിചിതമായ ഇടങ്ങളിലേക്ക്‌ കൊണ്ടുപോകുന്നു. അക്ഷരനഗരം ഒരുദാഹരണം. ചില വാക്കുകൾ വായിച്ചുമറന്നതോ കണ്ടുപരിചയിച്ച ഇടങ്ങളിലേക്കോ പെട്ടെന്ന്‌ നയിക്കും. വായനക്കാരന്റെ ഉള്ളുതൊട്ടു പോകാനുള്ള മാന്ത്രികത മനോജിന്റെ കഥകളിലുണ്ട്‌. വായിച്ചുതീർന്നാലും ചിലത്‌ ഉള്ളിലെവിടെയോ തങ്ങിക്കിടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top