19 April Friday

ഭരണഘടനയ്‌ക്ക്‌ ഒരാമുഖം

എൻ ഇ സുധീർUpdated: Sunday Feb 21, 2021

ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് വർത്തമാനകാല രാഷ്ട്രീയ ഉത്തരവാദിത്തമായി മാറിയ  കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.  ഭരണഘടന മുന്നോട്ടുവച്ചതും പൂർത്തീകരിക്കാൻ ബാക്കി നിൽക്കുന്നതുമായ ആശയങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന ഒരു ഭരണവർഗം ഇന്ത്യയിലിപ്പോൾ രാഷ്ട്രീയ സ്വാധീനം നേടിയിരിക്കുന്നു. ഈ സവിശേഷസാഹചര്യം മനസ്സിലാക്കിയാണ് ഗ്രന്ഥകാരൻ വിഷയത്തെ സമീപിച്ചിട്ടുള്ളത് 

 

1946 ഡിസംബർ ഒമ്പതിനാണ് ഭരണഘടന നിർമാണസഭ അതിന്റെ ആദ്യയോഗം ചേർന്നത്. ഗൗരവമായ  സംവാദങ്ങളിലൂടെയും തർക്കങ്ങളിലൂടെയും കടന്നുപോയി ഒടുവിൽ 1949 നവംബർ 26ന് ഇന്ത്യ‌ക്കായി ഭരണഘടന അവർ തയ്യാറാക്കി. 1950 ജനുവരി 24ന് എല്ലാ  അംഗങ്ങളും  ഒപ്പുവച്ച് അത് രാജ്യത്തിന് സമർപ്പിച്ചു. ഈ സംവാദങ്ങൾ Constituent Assembly Debates  എന്നറിയപ്പെടുന്നു. ഭരണഘടനയുടെ അന്തഃസത്ത ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ആധികാരിക റിപ്പോർട്ടാണത്.  അഞ്ച് ബൃഹദ് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള ഈ റിപ്പോർട്ടിനെ ആഴത്തിൽ പരിശോധിച്ച് ഭരണഘടനയുടെ ചരിത്രവും സ്വഭാവവും കണ്ടെത്താൻ ശ്രമിക്കുകയാണ് ‘ഭരണഘടന: ചരിത്രവും സംസ്‌കാരവും’ എന്ന പുസ്‌തകത്തിൽ  പി രാജീവ്. യഥാർഥത്തിൽ ഒരു നിയമജ്ഞനോ ഭരണഘടനാ വിദഗ്‌ധനോ ഏറ്റെടുക്കേണ്ടിയിരുന്ന വലിയ ദൗത്യമാണ് ഗ്രന്ഥകാരൻ നടത്തിയിട്ടുള്ളത്. രാഷ്ട്രീയപ്രവർത്തകരുടെ കൂട്ടത്തിൽ അങ്ങനെയൊരാളുണ്ടെന്നത്  അത്ഭുതത്തോടെയാണ് ഞാൻ കാണുന്നത്. ഭരണഘടനയിലുള്ള അറിവും വിശ്വാസവുമാണ് രാജീവിനെ ഇങ്ങനെയൊരു ദൗത്യത്തിന് പ്രേരിപ്പിച്ചത് എന്ന് ഈ കൃതി സാക്ഷ്യം പറയുന്നു.  വർത്തമാനകാലം ഇങ്ങനെയൊന്ന് ആവശ്യപ്പെടുന്നു എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവും പ്രധാനം.

 

പി രാജീവ്‌

പി രാജീവ്‌

ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത്  രാഷ്ട്രീയ ഉത്തരവാദിത്തമായി മാറിയ  കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.  ഭരണഘടന മുന്നോട്ടുവച്ചതും പൂർത്തീകരിക്കാൻ ബാക്കി നിൽക്കുന്നതുമായ ആശയങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന ഒരു ഭരണവർഗം ഇന്ത്യയിലിപ്പോൾ രാഷ്ട്രീയ സ്വാധീനം നേടിയിരിക്കുന്നു. ഈ സവിശേഷസാഹചര്യം മനസ്സിലാക്കിയാണ് ഗ്രന്ഥകാരൻ വിഷയത്തെ സമീപിച്ചത്. പൊള്ളയായ വാക്കുകൾകൊണ്ട് നേരിടാവുന്നതോ പ്രതിരോധിക്കാവുന്നതോ ആയ ഒരവസ്ഥയല്ല മുന്നിലുള്ളത്. വസ്‌തുതാപരമായ വിശകലനങ്ങളിലൂടെയും ചരിത്രപരമായ ബോധ്യങ്ങളിലൂടെയും ജനങ്ങളെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു. നുണകൾകൊണ്ടും  അർധസത്യങ്ങൾ കൊണ്ടും പണിതുയർത്തിയ പുതിയൊരാഖ്യാനം വൈറസ് കണക്കെ   പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെയാണ് ചെറുത്തു തോൽപ്പിക്കേണ്ടത്. ഇത് പുരോഗമന ചിന്താഗതിയിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിലും വിശ്വസിക്കുന്നവർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തിലാണ്  ഇത്തരമൊരു പഠനത്തിന്റെ  പ്രസക്തി. രാജീവ് സൂചിപ്പിക്കുന്നതുപോലെ ഇതൊരു അനിവാര്യ രാഷ്ട്രീയ ഇടപെടലാണ്.
 
ഈ പുസ്‌തകം വ്യക്തമാക്കുന്ന പ്രധാന കാര്യം ഇന്ന് നമ്മുടെ മുന്നിൽ  പുതിയതെന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന മിക്കവാറും പ്രശ്നങ്ങൾ  ഭരണഘടന നിർമാണ അസംബ്ലി അന്നുതന്നെ ചർച്ചചെയ്‌ത്‌ വ്യക്തത വരുത്തിയതാണ് എന്ന വസ്‌തുതയാണ്. ഉദാഹരണത്തിന് പൗരത്വ നിയമപ്രശ്നവും കശ്‌മീരിന്റെ പ്രത്യേക പദവിയെച്ചൊല്ലിയുള്ള പ്രശ്നവും. നിർഭാഗ്യവശാൽ അവയുടെ അന്തഃസത്ത ഉൾക്കൊള്ളാൻ തയ്യാറാകാത്ത  വലതുപക്ഷ രാഷ്ട്രീയം ഇന്ന് നമ്മുടെ രാജ്യത്ത് ശക്തിയാർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. അവർ ബോധപൂർവം  നിർമിച്ചെടുക്കുന്ന പ്രതിസന്ധികളാണ് പലതും. മറ്റൊന്ന്  ജനാധിപത്യത്തിലെ മൂല്യനിർമാണത്തിന്റെ തുടർച്ചയിൽ മുൻകാല ഇന്ത്യൻ ഭരണാധികാരികൾക്ക്  ചില ശ്രദ്ധക്കുറവുകൾ സംഭവിച്ചു എന്നതാണ്.  അങ്ങനെ വരാവുന്ന പ്രതിസന്ധികളെപ്പറ്റി  അംബേദ്കറിനെപ്പോലുള്ള ദീർഘദർശികൾ അന്നുതന്നെ മുൻകൂട്ടി കണ്ടിരുന്നു എന്നും രാജീവ് വ്യക്തമാക്കുന്നുണ്ട്.
 
ഭരണഘടന അസംബ്ലിയുടെ ഘടനയെപ്പറ്റിയും സംഘാടനത്തെപ്പറ്റിയും വിശദീകരിക്കുന്നുണ്ട് ഈ പുസ്‌തകത്തിൽ. 1934ൽ എം എൻ റോയിയാണ് ഭരണഘടനയ്‌ക്കു രൂപംനൽകാൻ ഭരണഘടന അസംബ്ലി രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവയ്‌ക്കുന്നത്. തുടർന്ന് അദ്ദേഹം ഒരു കരട് ഭരണഘടനയ്‌ക്കു രൂപംനൽകി.  റോയ് മുന്നോട്ടുവച്ച  ആശയം 1936ലാണ് കോൺഗ്രസ്‌ അംഗീകരിച്ചത്. 1940ൽ ബ്രിട്ടനും ഇതംഗീകരിച്ചുവെങ്കിലും 1945ലാണ്  ഭരണഘടന അസംബ്ലി രൂപീകരിക്കാമെന്ന് പ്രഖ്യാപിച്ചത്. 1946 ജൂലൈയിൽ ഭരണഘടന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. 296 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിന്റെ വിശദാംശങ്ങൾ പുസ്‌തകത്തിലുണ്ട്. ഹിന്ദുത്വശക്തികൾക്ക് അവരുടെ ലേബലിൽ മത്സരിക്കുവാനോ അസംബ്ലിയിലേക്കെത്തുവാനോ സാധിച്ചില്ല. എന്നാൽ ഹിന്ദുത്വമനസ്സുള്ള ശ്യാമപ്രസാദ് മുഖർജിയെപ്പോലുള്ള  പലരും കോൺഗ്രസ്‌ സഹായത്തോടെ അസംബ്ലിയിൽ അംഗങ്ങളായി. ബംഗാളിൽനിന്ന് കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായി സോമനാഥ് ലാഹിരി വിജയിച്ച്  ഭരണഘടന അസംബ്ലിയിലെത്തി. അദ്ദേഹത്തിന്റെ  ഇടപെടലുകൾ ഭരണഘടന നിർമാണത്തിൽ ഉണ്ടായിരുന്നുവെന്നത് ഈ ലേഖകനും പുതിയ അറിവായിരുന്നു. പ്രധാന വിഷയങ്ങളിലെല്ലാമുള്ള അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം രാജീവ് വ്യക്തതയോടെ കണ്ടെത്തുന്നുണ്ട്. പൊതുമണ്ഡലത്തിൽ   പരിചിതമല്ലാത്ത ഇത്തരം ധാരാളം അറിവുകൾ  ഈ പുസ്‌തകത്തിലുണ്ട്. അംബേദ്കർ എന്ന ഒറ്റയാൾ പട്ടാളത്തിന്റെ  അവിസ്‌മരണീയമായ പങ്കാളിത്തവും പല അധ്യായങ്ങളിലായി വിശദമാക്കുന്നുണ്ട്.
 
ഭരണഘടന നിർമാണത്തിലും ഏറ്റുമുട്ടലുകൾ നടന്നത്  പ്രധാനമായും  മതാത്മകതയും മതനിരപേക്ഷതയും തമ്മിലാണ്. മതനിരപേക്ഷതയിൽ വിശ്വസിച്ച ബഹുമുഖ സംസ്‌കാരത്തിന്റെ വക്താക്കൾ ഒരു ഭാഗത്ത്. മതാത്മകവും ഏകമുഖ സംസ്‌കാരത്തിൽ ഉറച്ചുവിശ്വസിക്കുകയുംചെയ്‌ത ഹിന്ദുക്കൾ മറുഭാഗത്തും. സംസ്‌കാരത്തെ മതമെന്ന് തെറ്റിദ്ധരിച്ചവരായിരുന്നു ഇവർ. കോൺഗ്രസിന്റെ മറവിലാണ് ഇവരിൽ പലരും അസംബ്ലിയിൽ കടന്നുകൂടിയത്. അത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെ മനസ്സിലാക്കാൻ വഴിയൊരുക്കുന്നു. നെഹ്‌റുവും അംബേദ്കറും ഇടതുപക്ഷക്കാരും ചേർന്ന് മതം ഭരണകൂടത്തിൽ ഇടപെടരുത് എന്ന നിലപാടിൽ ഉറച്ചുനിന്നു. ഭരണഘടനയിലെ ഓരോ അനുഛേദങ്ങളുടെ ചർച്ചയിലും ഇത്തരം ഏറ്റുമുട്ടലുകൾ നടന്നു. രാജ്യത്തിന്റെ പേരിനെക്കുറിച്ചും കൊടിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമൊക്കെ ഗഹനമായ ചർച്ചകൾ നടന്നു.
 
വേറിട്ട വിശ്വാസങ്ങൾ കൊണ്ടുനടക്കുമ്പോഴും രാജ്യത്തെക്കുറിച്ചുള്ള കരുതൽ നമ്മുടെ ഭരണഘടന നിർമാണസഭയിലെ അംഗങ്ങൾ വച്ചുപുലർത്തി.  പലരുടെയും  വിശാലവീക്ഷണത്തെ ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നുണ്ട്.  അതുകൊണ്ടാണ് ശക്തമായ ഒരു ജനാധിപത്യരാജ്യത്തിനുതകുന്ന ഒരു ഭരണഘടനയ്‌ക്ക്‌ രൂപംനൽകാൻ അവർക്ക് സാധിച്ചത്. ഇത് പൂർണമായും മെച്ചപ്പെട്ടതാണ് എന്ന വാദമൊന്നും ഗ്രന്ഥകാരനില്ല. ഇതിനേക്കാൾ മെച്ചമായ ഒന്ന് സാധ്യമാകുമായിരുന്നില്ലേയെന്ന ചോദ്യത്തെക്കാൾ ഇന്ന് പ്രസക്തം, ഈ ഭരണഘടനയെത്തന്നെ എങ്ങനെ സംരക്ഷിക്കുമെന്നതാണ്  എന്നാണ് രാജീവ് പറഞ്ഞുവയ്‌ക്കുന്നത്. ഭരണഘടനയുടെ ഭാവിയെപ്പറ്റിയും ജനാധിപത്യത്തിന്റെ നിലനിൽപ്പിനെപ്പറ്റിയുമുള്ള ആശങ്ക അത്രത്തോളമുണ്ട് ഇന്നത്തെ ഇന്ത്യയിൽ എന്നർഥം.  ഭരണഘടനയുടെ പ്രാധാന്യവും ആവശ്യവും  നമുക്കിപ്പോൾ ബോധ്യപ്പെട്ടതുപോലും നിലവിലെ  സാഹചര്യത്തിന്റെ ഫലമായാണ്. അതീവ പ്രാധാന്യമർഹിക്കുന്ന ഈ വിഷയത്തെപ്പറ്റിയുള്ള ഗഹനവും ഹ്രസ്വവുമായ  ഒരന്വേഷണമാണ് ഈ പഠനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top