20 April Saturday

കവിത പോലൊരു കല്യാണക്കഥ

വി കെ അനുശ്രീUpdated: Sunday Feb 21, 2021

പ്രമുഖ തമിഴ്‌ സംവിധായകൻ ഭരത്ബാല ഇടുക്കിയിലെ മുതുവാൻ വിഭാഗത്തിലെ കല്യാണത്തെക്കുറിച്ച്‌ തയ്യാറാക്കിയ മനോഹരമായ ഡോക്യുമെന്ററി യുട്യൂബിൽ ഇന്ന്‌ വൻഹിറ്റാണ്‌

 
പരമ്പരാഗത മുതുവാൻ കല്യാണത്തിന്റെ നൈർമല്യവും മനോഹാരിതയും തരിപോലും ചോരാതെ കാഴ്ചക്കാരിലേക്ക്‌ പകരുകയാണ്‌ ‘മുതുവാൻ കല്യാണം’ ഡോക്യുമെന്ററി. കേരളത്തിന്റെ വനഭംഗിയുടെ താളത്തിനും ഒഴുക്കിനുമൊപ്പം സഞ്ചരിക്കുന്ന പ്രണയകഥ. പ്രശസ്ത സംവിധായകൻ ഭരത്‌ ബാലയുടെ ‘വെർച്വൽ ഇന്ത്യ’ യുട്യൂബ്‌ ചാനലിൽ ‘ഇന്ത്യയുടെ 1000 കഥകൾ’ സീരീസിൽ അപ്‌ലോഡ്‌ ചെയ്‌ത ഏറ്റവും പുതിയ കഥ. ഒരാഴ്‌ചയ്ക്കുള്ളിൽ കണ്ടത്‌ പതിനായിരങ്ങൾ. അഞ്ചു ദിവസം കൊണ്ട്‌ ഷോൺ സെബാസ്റ്റ്യനാണ്‌  ഡോക്യൂമെന്ററി സംവിധാനംചെയ്‌തത്‌. 
 
ഭരത്‌ ബാല

ഭരത്‌ ബാല

കോതമംഗലത്തിനടുത്ത്‌ വെള്ളാരംകുത്ത്‌ ആദിവാസി കോളനിയുടെ പരിസരത്താണ്‌ ഏഴുമിനിറ്റ്‌‌ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം. കല്യാണി എന്ന സുന്ദരിയായ മുതുവാത്തി പെണ്ണിന്റെ കല്യാണക്കഥ കുടിയിലെ കാരണവർ കൊച്ചുമക്കൾക്ക്‌ പറഞ്ഞുകൊടുക്കുന്നു. കല്യാണിയെ സ്വന്തമാക്കാൻ മോഹിച്ചെത്തിയവർ നിരവധി. എന്നാൽ, മുതുവാൻ കല്യാണം സാധാരണ കല്യാണം പോലല്ല. വരൻ താൽപ്പര്യം അറിയിച്ചാൽ വധു തോഴിമാർക്കൊപ്പം നിബിഢവനത്തിനുള്ളിൽ പോയി ഒളിക്കും. വരനും കൂട്ടരും മലയും പുഴയും താണ്ടി, വന്യമൃഗങ്ങളെ നേരിട്ട്‌, ദിവസങ്ങളോളം കാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി, പെണ്ണിനെ കണ്ടെത്തണം. ‘ആശപ്പാട്ടും’ പാടിയാണ്‌ വരന്റെയും കൂട്ടരുടെയും യാത്ര. ഒടുവിൽ കണ്ടെത്തിയ ഇടത്തുവച്ചുതന്നെ കുപ്പിവളകൾ ഇടുവിച്ച്‌, കഴുത്തിൽ ചരടുകെട്ടി, വധുവിനെ സ്വന്തമാക്കുന്നു. സ്വർണവുമില്ല, സ്‌ത്രീധനവുമില്ല.  
 
വെള്ളാരംകുത്ത്‌ വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ ദൃശ്യത്തൊടെയാണ്‌ കഥ അവസാനിക്കുന്നത്‌. ‘ഇത്രയും നല്ലൊരു ഷോട്ട്‌ നിങ്ങളുടെ സിനിമയിൽപ്പോലും കാണില്ലെന്ന്‌ ഞാൻ ഗൗതം വാസുദേവ മേനോനെ വിളിച്ചു പറഞ്ഞു. അത്രയ്‌ക്ക്‌ മനോഹരമാണ്‌ ആ ദൃശ്യം’–- ഭരത്‌ ബാല പറയുന്നു. രണ്ടുവർഷം മുമ്പ്‌ മുതുവാൻ കല്യാണത്തേക്കുറിച്ച്‌ പത്രത്തിൽ വന്ന ഒറ്റക്കോളം വാർത്തയാണ്‌ മനസ്സിൽ ഉടക്കിയത്‌. കഥയും കഥാപാത്രങ്ങളും തേടി മൂന്നുതവണ ഊരിൽ പോയി.  
 

1000 കഥകൾ

 
ഇന്ത്യയുടെ മുക്കിലും മൂലയിലും പോയി ആരും കേൾക്കാത്ത കഥകൾ പറയാൻ ഒരാഗ്രഹം. അങ്ങനെയാണ്‌ ‘1000 സ്‌റ്റോറീസ്‌ ഓഫ്‌ ഇന്ത്യ’ തുടങ്ങിയത്‌. ഒരു വർഷം മുമ്പ്‌ എ ആർ റഹ്മാന്റെ അവതരണത്തിൽ, കേരളത്തിന്റെ സ്വന്തം വള്ളംകളിയുടെ  കഥ പറഞ്ഞ ‘താള’ത്തോടെയായിരുന്നു തുടക്കം. 92  തുഴക്കാർ ഒരേ മനസ്സും ശരീരവും പോലെ ഒരുമിച്ച്‌ ചലിക്കുന്നത്‌ ഇന്നും വിസ്മയിപ്പിക്കുന്നു. 57 ലക്ഷം പേരാണ്‌ അത്‌ കണ്ടത്‌. മലയാളത്തിൽനിന്നുതന്നെ ആറുമാസം മുമ്പ്‌ ‘മനു മാസ്‌റ്ററു’ടെ കഥ ചെയ്‌തു. ഭരതനാട്യം പഠിക്കാനായി ഇസ്ലാമിൽനിന്ന്‌ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്തയാളാണ്‌ അദ്ദേഹം.

ഛത്തീസ്‌ഗഢിലെ നാടോടി വൈദ്യന്മാരെക്കുറിച്ച്‌ ഒരു കഥ ചെയ്തിരുന്നു ഈ സ്ഥലവും ആളുകളെയും എങ്ങനെ കണ്ടെത്തിയെന്ന്‌ അവിടുത്തെ മുഖ്യമന്ത്രി അത്ഭുതപ്പെട്ടു. ‘മുതുവാൻ കല്യാണം’ സിനിമയാക്കണം.  പ്രണയിനിയെ തേടിയുള്ള  യാത്ര തന്നെ മനോഹരമായ ഒരു അനുഭൂതിയല്ലേ? ഇപ്പോ ൾ ഹിന്ദി സിനിമയുടെ പണിപ്പുരയിലാണ്‌. മലയാളത്തിൽ ഫഹദും ദുൽഖറുമെല്ലാം അത്ഭുതപ്പെടുത്തുന്നു. സൗബിനെ വച്ച്‌ സിനിമ എടുക്കണം ആഗ്രഹം– ബാല പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top