29 March Friday

പ്രതിമകളിലെ ധ്യാനഗുരു; ‘ഇത് നമ്മെപ്പോലെ തന്നെ ഇരിക്കുന്നു, ഇതിന് ആഹാരവും വെള്ളവുമൊന്നും വേണ്ടല്ലോ'

ബിജു മുത്തത്തി bijumuthathi@gmail.comUpdated: Sunday Sep 20, 2020

തലസ്‌ഥാന നഗരത്തിൽ സ്ഥാപിക്കാനുള്ള എട്ടടി നീളവും 850 കിലോ ഭാരവുമുള്ള ഗുരുപ്രതിമ തയ്യാറാകുകയാണ്‌. ഗുരുവിന്റെ പ്രതിമാ ശില്‍പ്പങ്ങളുടെ ചരിത്രമെടുത്താല്‍ ഏറ്റവും വലുതാണ്‌ ഈ വെങ്കല പ്രതിമ.

‘ഇത് നമ്മെപ്പോലെ തന്നെ ഇരിക്കുന്നു. ഇതിന് ആഹാരവും വെള്ളവുമൊന്നും വേണ്ടല്ലോ. 

നീണ്ടകാലം ജീവിച്ചു കൊള്ളും.’’
 
ജീവിച്ചിരിക്കെ തന്നെ തന്റെ പ്രതിമ കാണാൻ ഭാഗ്യമോ നിർഭാഗ്യമോ ലഭിച്ച നാരായണ ഗുരുവിന്റെ വാക്കുകൾ. മനുഷ്യർ മരിച്ചാലും, വെള്ളമോ ആഹാരമോ വേണ്ടാത്ത പ്രതിമകൾ ജീവിച്ചു കൊള്ളുമെന്ന ഗുരുവിന്റെ നർമം തെറ്റിയില്ല. സ്ഥാനത്തും അസ്ഥാനത്തും ലോകത്ത് ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിക്കപ്പെട്ട മഹാനായി ഗുരു.
 
എന്നാൽ, ആ ചിന്താ വിപ്ലവത്തോട് ചേർന്നു നിൽക്കുന്ന എത്ര പ്രതിമാകളുണ്ട് എന്ന ചോദ്യത്തിന്  പൂർണ ഉത്തരമാവുകയാണ് ശിൽപ്പി ഉണ്ണി കാനായിയുടെ കലാമികവിൽ പൂർത്തിയായ എട്ടടി ഉയരവും 850 കിലോഗ്രാം തൂക്കവുമുള്ള വെങ്കല ശിൽപ്പം. ഗുരുവിന്റെ പ്രതിമാ ശിൽപ്പങ്ങളുടെ ചരിത്രമെടുത്താൽ ഏറ്റവും വലുത്. ‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല, വിശേഷിച്ചും നമ്മുടെ ശിഷ്യവർഗവു'മെന്ന് ഗുരു അസന്ദിഗ്ധമായി പ്രഖ്യാപിച്ച ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായായിരുന്നു ശിൽപ്പനിർമാണം.
 
പ്രതിമകളിലൂടെ ശിഥിലീകരിക്കപ്പെട്ട ഗുരുവിനെ ആശയങ്ങളിലൂടെയും ചിന്തകളിലൂടെയും ചരിത്രാന്വേഷണങ്ങളിലൂടെയും  പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾക്ക്  പ്രസക്തിയേറെ.  സാംസ്‌കാരിക വകുപ്പിന്റെ മുൻകൈയിൽ തലസ്ഥാനത്ത് ഗുരുവിന്റെ വെങ്കല ശിൽപ്പവും അദ്ദേഹത്തിന്റെ ജീവിതപ്രതിപാദനങ്ങൾ നിറഞ്ഞ ഉദ്യാനവുമൊരുക്കുമ്പോൾ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്ക് വെളിച്ചം തെളിക്കുകയാണ് ലക്ഷ്യം. സങ്കുചിത വലയങ്ങളിൽ അടയ്‌ക്കപ്പെട്ട   ഇതുവരെയുള്ള പ്രതിമകൾക്കെല്ലാം ഉപരി ജാതിമത ഭേദമെന്യേയുള്ള ഉജ്ജ്വല കലാസൃഷ്ടി കൂടി അവിടെ ഭാവന ചെയ്യപ്പെടുകയാണ്. ആ നിയോഗത്തിന് ഉളി പിടിക്കുമ്പോൾ ഈ ശിൽപ്പിയുടെ കലായാത്രകളും മറ്റൊരു വിതാനത്തിലേക്ക് ഉയരുകയാണ്.
 
1926ൽ പ്രമുഖ ഇറ്റാലിയൻ ശിൽപ്പി പ്രൊഫ. താവറലിയാണ് ആദ്യമായി നാരായണ ഗുരുവിന്റെ പഞ്ചലോഹത്തിലുള്ള പ്രതിമ നിർമിച്ചത്. മൂന്നരയടി ഉയരത്തിൽ തലശേരി ജഗന്നാഥക്ഷേത്രത്തിൽ സ്ഥാപിച്ച  അനശ്വര കലാസൃഷ്ടിയെ പിന്തുടർന്നുള്ള വാർപ്പുമാതൃകകളായിരുന്നു പിൽക്കാലത്തെ എല്ലാ പ്രതിമകളും. മുഴുവൻ മലയാളിയുടെയും മനസ്സിലുള്ള ഗുരുരൂപം ഇപ്പോഴും പ്രൊഫ. താവറലിയുടെ ഗുരുവാണ്. ശാന്തഭാവത്തിൽ കമ്പിളി പുതച്ചിരിക്കുന്ന ധ്യാനഗുരു.
 
പ്രൊഫ. താവറലിക്ക് മോഡലായി ഗുരുവിന്റെ പല പോസിലുള്ള ചിത്രങ്ങൾ പകർത്തിയത് തലശേരിയിലെ അന്നത്തെ പ്രശസ്‌ത ഫോട്ടോഗ്രാഫർ പട്ടത്താരി ശേഖരൻ. മൂർക്കോത്ത് കുമാരനാണ് താവറലിയെ  ചുമതലപ്പെടുത്തിയത്. 1925ൽ തലശേരിയിൽ രൂപീകരിച്ച തൊഴിലാളി സംഘം പ്രതിമയുടെ നിർമാണച്ചെലവ് ഏറ്റെടുത്തു. തൊഴിലാളികൾ സംഭാവന പിരിച്ചും കുറിപ്പയറ്റ് നടത്തിയുമാണ് പണം സ്വരൂപിച്ചത്. പണി പൂർത്തിയായ ശിൽപ്പം ഇറ്റലിയിൽനിന്ന് സിലോൺ വഴിയാണ് തലശേരിയിലെത്തിച്ചത്. തന്റെ രണ്ടാം സിലോൺ യാത്രയ്‌ക്കിടെ സിലോൺ തുറമുഖത്തുവച്ചാണ് ഗുരു പ്രതിമ നേരിൽക്കണ്ടത്‌.  അപ്പോഴത്തെ ഗുരുവിന്റെ നർമ വാചകമായിരുന്നു ‘പ്രതിമയ്‌ക്ക്‌ ആഹാരവും വെള്ളവും വേണ്ടല്ലോ'യെന്നത്.
1967ൽ പ്രശസ്‌ത ബംഗാളി ശിൽപ്പി പശുപതിനാഥ മുഖർജിയുടെ കൈയുളിയിലാണ് ശിവഗിരിയിലെ വെണ്ണക്കൽ ഗുരു പിറന്നത്. പൂർത്തിയായ ശിൽപ്പത്തിന്റെ  അനാച്ഛാദനത്തിനു മുമ്പേ ശിൽപ്പി ലോകത്തോട് വിട പറഞ്ഞു. ജനലക്ഷങ്ങൾ  ശിവഗിരി ഗുരുവിനെ വണങ്ങുമ്പോൾ വണങ്ങുന്നത് ആ അനശ്വര ശിൽപ്പിയെയുമാണ്.
 
പ്രൊഫ. താവറലിക്കും പശുപതിനാഥ മുഖർജിക്കും ശേഷം മലയാളിയുടെ മനസ്സിൽ ഒരു മലയാളി തന്നെ പ്രതിഷ്‌ഠിക്കുന്ന ഉജ്ജ്വല സൃഷ്ടിയാകുന്നു ഉണ്ണി കാനായിയുടെ ഗുരു ശിൽപ്പം. വലിപ്പം കൊണ്ടു മാത്രമല്ല ഭാവംകൊണ്ടും ലക്ഷ്യംകൊണ്ടും അധ്വാനംകൊണ്ടും അർപ്പണംകൊണ്ടും അതു നമ്മുടെ കണ്ണുകളെ ഗുരുവിന്റെ യഥാർഥ ചിന്താലോകത്തേക്ക് നയിക്കുന്നു.
 
പയ്യന്നൂർ കാനായിയിലെ പണിശാലയിലാണ് ഉണ്ണി ശിൽപ്പം പൂർത്തിയാക്കിയത്. കാസർകോട് പിലിക്കോട് സ്വദേശിയായ കാനായി കുഞ്ഞിരാമന്റെയും കുടുംബത്തിന്റെ വേരുകൾ ഈ ഗ്രാമത്തിലാണ്. മലയാളിയുടെ ദൃശ്യമണ്ഡലത്തെ മാറ്റിപ്പണിയുന്ന രണ്ടാം കാനായിയായി കലാചരിത്രത്തിൽ ആഴത്തിൽ രേഖപ്പെടുത്തപ്പെടാൻ ഈ കലാകാരന് അടിവേരാകുന്ന രചനയാണ്  തലസ്ഥാനത്ത് സ്ഥാപിക്കുന്ന ഗുരു ശിൽപ്പം.
 
1926ൽ തലശേരിയിലെ പ്രതിമാ നിർമാണത്തിനായി തന്റെ ചിത്രങ്ങളെടുക്കാൻ വന്ന ഫോട്ടോഗ്രാഫർ പട്ടത്താരി ശേഖരനോട് ശിവഗിരിപ്പറമ്പിലെ മാവിലേക്ക് ചൂണ്ടി മാങ്ങയുടെ ഒരു ഫോട്ടോ എടുക്കാമോയെന്ന് ഗുരു ചോദിച്ചു. എടുക്കാമെന്ന് ശേഖരൻ  ഉത്സാഹത്തോടെ പറഞ്ഞു. ‘എങ്കിൽ നമുക്കായി ഒരു രസപ്പഴത്തിന്റെ' ഫോട്ടോയെടുക്കൂ എന്ന് ഗുരു പറഞ്ഞത്രേ. ശേഖരൻ ക്യാമറ താഴെവച്ച് നിരായുധനും നിസ്സഹായനുമായി ഗുരുവിനെ തൊഴുതു നിന്നു.
 
മാമ്പഴത്തെ ഫോട്ടോയിൽ പകർത്താം മാമ്പഴത്തിന്റെ രസത്തെ പകർത്താനാകുമോ എന്നതായിരുന്നു ഗുരുവിന്റെ ചോദ്യം. തന്നെ പ്രതിമയിൽ പകർത്തുമ്പോഴും തന്റെ  ചിന്തകളും ആശയങ്ങളും കൂടി പകർത്തപ്പെടുന്ന ഒരു ലോകമുണ്ടാകണമെന്നാണ് ഗുരു അതീവ ലളിതമായി ആ ചോദ്യത്തിലൂടെ ഓർമപ്പെടുത്തിയത്. വിഗ്രഹങ്ങൾ കൊണ്ടു വിഗ്രഹഭഞ്ജനം നടത്തിയ ഗുരുവിന്റെ മാർഗത്തിൽനിന്നും നോക്കുമ്പോൾ പുതിയ വിഗ്രഹങ്ങളുടെ ഉത്തരവാദിത്തങ്ങൾ വലുതാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top